തിരഞ്ഞെടുപ്പിൽ ഒരേ ആളുകൾ ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുകൾ ചെയ്യുന്നു എന്നത് ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പഴയ പ്രസിഡന്റ് ട്രമ്പ് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞും ഉന്നയിച്ച ഒരു ആരോപണമാണ്. ജോർജിയ സംസ്ഥാനത്ത് ഏതാണ്ട് അയ്യായിരം ആളുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നു വോട്ടു ചെയ്തു എന്നായിരുന്നു പ്രധാന ആരോപണങ്ങളിൽ ഒന്ന്.
പക്ഷെ ഓരോ കേസും പ്രത്യേകം എടുത്തു പരിശോധിച്ചപ്പോൾ ഒരു കാര്യം മനസിലായി. അവരെല്ലാം പണ്ട് ജോർജിയയിൽ താമസിച്ചിരുന്നവരും, കുറച്ചു നാൾ വേറെ സംസ്ഥാനങ്ങളിലേക്ക് ജോലിക്കോ താമസത്തിനോ പോയിട്ട് തിരികെ ജോർജിയയിൽ വന്നവരായിരുന്നു.
ട്രമ്പിന്റെ ടീം ജോർജിയയിലെ രേജിസ്റെർഡ് വോട്ടർമാരുടെ വോട്ടർ രെജിസ്ട്രേഷനും അമേരിക്കൻ തപാൽ വകുപ്പിലെ അഡ്രസ് മാറ്റത്തിന്റെ ഡാറ്റയും താരതമ്യം ചെയ്താണ് വോട്ടർ ഫ്രോഡ് എന്ന വലിയ വീരവാദം മുഴക്കിയത്, പക്ഷെ അവർ തിരികെ ജോർജിയിൽ താമസിക്കാൻ വന്നവരെ കണക്കിൽ നിന്ന് മാറ്റാൻ മറന്നുപോയി. ട്രമ്പ് ആരോപണം ഉന്നയിച്ച ഓരോ കേസും പ്രത്യേകം അന്വേഷിച്ച് അവർക്ക് യാഥാർത്ഥയിൽ ജോർജിയിൽ വോട്ടുള്ളതാണ് എന്ന് ജോർജിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി, ട്രംപിന്റെ വാദം അദേഹത്തിന്റെ പാർട്ടിക്കാർ തന്നെ തള്ളിക്കളഞ്ഞു.
ഇപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച ഒരു വ്യക്തിക്ക് പല വോട്ടുകൾ പല മണ്ഡലങ്ങളിൽ ഉണ്ട് എന്നുള്ള വാദത്തിലും ഇതേ പ്രശ്നം ഉണ്ടെന്നു തോന്നുന്നു. കാരണം കയ്പമംഗലത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തന്നെ ഇപ്പോൾ മൂന്ന് സ്ഥലങ്ങളിൽ വോട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം അനുസരിച്ച് വലപ്പാട് നിന്ന് കയ്പമംഗലത്തേക്ക് വോട്ടു മാറ്റുകയും വലപാട് വോട്ടർ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാതെ പോയതുമാണ് ഇങ്ങിനെ രണ്ടു സ്ഥലത്തു പേര് വരാൻ കാരണം . രമേശ് ചെന്നിത്തല ഈ പറഞ്ഞ സംഗതി കൂടി ഉൾപ്പെടുത്തി തന്റെ ലിസ്റ്റ് ഒന്ന് പുതുക്കിയാൽ ഒരു പക്ഷെ ഇരട്ട വോട്ടുകാരുടെ എണ്ണം കാര്യമായി കുറയാൻ സാധ്യതയുണ്ട്. എന്തായാലും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ മാത്രം കള്ളവോട്ടുകൾ കേരളത്തിൽ നടക്കുമെന്ന് എനിക്ക് വിശ്വാസമില്ല. അങ്ങിനെ നടക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വലിയ പരാജയം ആകുമത്.
അതുമല്ലെങ്കിൽ ഒരു പക്ഷെ കള്ളവോട്ട് കൊണ്ടാണ് തോറ്റത് എന്ന ഒരു വാദം ഇപ്പോഴേ ഉണ്ടാക്കി വയ്ക്കുന്നതും ആകാം. രാഷ്ട്രീയക്കാരുടെ ബുദ്ധി നമുക്കൊന്നും ഇല്ലല്ലോ…
Leave a Reply