പാല് കുടിക്കാത്ത ശ്രീധരൻ

“ഞാൻ ഒരു വെജിറ്റേറിയൻ ആണ്, മുട്ട പോലും കഴിക്കാറില്ല, മറ്റുളളവർ മാംസം കഴിക്കുന്നതും എനിക്കിഷ്ടമല്ല.. ” ഇ ശ്രീധരൻ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയാണിത്.

ശ്രീധരൻ പാല് കുടിക്കാറുണ്ടോ? തൈരും മോരും കൂട്ടി ചോറ് കഴിക്കാറുണ്ടോ? തുകൽ ഷൂസ് ഇടാറുണ്ടോ? ഇതൊക്കെ ചെയ്യാറുണ്ടെങ്കിൽ താങ്കളും മാംസം കഴിക്കുന്നവരും തമ്മിൽ വലിയ വ്യത്യാസമില്ല.

പാൽ കുടിക്കുന്നത് എങ്ങിനെയാണ് ഹിംസ ആകുന്നത് എന്ന് ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചേക്കാം. പശു കിടാവിനെ ‘അമ്മ പശുവിന്റെ അടുത്ത് നിന്ന് മാറ്റുന്നു എന്നത് ശരി തന്നെ , പക്ഷെ മാംസ ആഹാരികളെ പോലെ പശുക്കളെ കൊല്ലുന്നില്ലല്ലോ എന്ന് നിങ്ങൾ വിചാരിക്കാം.

പക്ഷെ ഒന്നോർത്തു നോക്കൂ, ഒരു പശു പ്രസവിക്കുമ്പോൾ കുട്ടി പശുക്കിടാവോ കാളകിടാവോ ആകാനുള്ള സാധ്യത ഒരേ പോലെയാണ്. നൂറു പശുക്കൾ പ്രസവിച്ചാൽ അമ്പത് പശുക്കളും അമ്പത് കാളകളും ഉണ്ടാകും.

ഇതിൽ പശുകിടാങ്ങളെ കർഷകർ വളർത്തും. ഇവ വലുതായി പാല് തരും. പക്ഷെ കാള കുട്ടികളെ എന്ത് ചെയ്യും? ഒരു ഉപകാരവും ഇല്ലാതെ തീറ്റ കൊടുത്ത് കാളകളെ വളർത്തുന്നത് കര്ഷകന് നഷ്ടമാണ്. പ്രജനനത്തിനു ഒന്നോ രണ്ടോ കാളകളെ നിർത്തിയാൽ മതി. പണ്ടായിരുന്നു എങ്കിൽ പാടാത്തെ പണിക്ക് കാളയെ ഉപയോഗിക്കാം, ഇപ്പോൾ പക്ഷെ ട്രാക്ടർ വന്നത് കൊണ്ട് അതിന്റെ ആവശ്യമില്ല.

അമേരിക്കയിൽ ഇങ്ങിനെയുള്ള കാളകുട്ടികളിൽ കുറച്ച് എണ്ണത്തിനെ ബീഫിന് വേണ്ടി വളർത്തും. ബാക്കി ഉള്ളതിനെ ചെറുപ്പത്തിലേ തന്നെ കൊന്നു കളയും . കുറച്ച് ചില മൃഗസ്നേഹികൾ ഇങ്ങിനെയുള്ള കാളക്കുട്ടികളെ ദത്തെടുത്ത വളര്ത്തുന്ന ഒരു സംഘടനാ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവർക്ക് രക്ഷിക്കാൻ കഴിയുന്ന കാളകളുടെ എണ്ണം തുലോം തുച്ഛമാണ്.

പക്ഷെ പശുഹത്യ നിയമം മൂലം ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിരോധിച്ച ഇന്ത്യയിൽ എന്ത് ചെയ്യും? മിക്ക കർഷകരും കാളകളെ പട്ടിണിക്ക് ഇട്ടു കൊല്ലും. അല്ലെങ്കിൽ തെരുവിലേക്ക് ഇറക്കി വിടും, വണ്ടി ഇടിച്ചോ , ഭക്ഷണം കിട്ടാതെയോ അവ മരണപ്പെടും. നൂറു പശുക്കൾക്ക് ഇന്ത്യയിൽ അൻപതിൽ താഴെ കാളകൾ മാത്രമേ ഉള്ളൂ എന്ന കണക്ക് ഇതാണ് കാണിക്കുന്നത്.

ഈ കാളകളുടെ മരണത്തിനു കാരണം പശുവിൻ പാല് കുടിക്കുന്നവരാണ്. അതുകൊണ്ട് ബീഫ് കഴിക്കുന്നവർ ചെയ്യുന്ന അതെ പ്രവർത്തി തന്നെയാണ് പാലും തൈരും വെണ്ണയും കഴിക്കുന്നവരും ചെയ്യുന്നത്.

നമ്മുടെ നാട്ടിലെ വെജിറ്റേറിയയൻ ആളുകളിൽ ഭൂരിപക്ഷവും ജനിച്ചു വളർന്ന വീട്ടിൽ സസ്യാഹാരം മാത്രം കഴിക്കുന്നത് കൊണ്ട് വെജിറ്റേറിയൻ ആയവരാണ്. പക്ഷെ അമേരിക്കയിൽ ഒരു വിഭാഗം ആളുകൾ മൃഗസ്നേഹം കാരണം വെജിറ്റേറിയൻ ആയവരാണ്. വീഗൻ എന്നാണ് അവരെ വിളിക്കുന്നത്. മേല്പറഞ്ഞ പ്രശനം മനസിലാക്കിയത് കൊണ്ട് അവർ മാംസം കഴിക്കാതിരിക്കുക മാത്രമല്ല, പശുവിൻ പാലും കുടിക്കില്ല. തുകൽ ഉത്പന്നങ്ങൾ ഉപയോഗിക്കില്ല. ഞാൻ പല തവണ വീഗൻ ആകാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരാളാണ്. പാൽ കുടി ഏതാണ്ട് പൂർണമായും നിർത്തി , ചിക്കൻ ബീഫ് ഒക്കെ കുറെ നാൾ നിർത്തും, പിന്നെയും ഒരിക്കൽ പിടി വിട്ടുപോകും, പ്രത്യേകിച്ച് വീട്ടിൽ രണ്ടു വ്യത്യസ്ത ഭക്ഷണം ഉണ്ടാക്കേണ്ട അവസ്ഥ വരുമ്പോൾ. കുട്ടികൾക്ക് ചിക്കനും, ഗോമതിക്ക് ബീഫും ആണ് ഏറ്റവും പ്രിയം. എനിക്ക് തൈരും മോരും ഉപയോഗിച്ച് ഉണ്ടാക്കുന്ന കേരളം വെജിറ്റേറിയൻ ഭക്ഷണവും, പാലില്ലാതെ തൈരും മോരും ഉണ്ടാവില്ലല്ലോ.

ഞാൻ പാല് കുടിക്കാറില്ല എന്നത് കൊണ്ട് പാല് കുടിക്കുന്നവർ എനിക്കിഷ്ടമില്ല എന്ന് പറഞ്ഞാൽ ശ്രീധരന് എന്ത് തോന്നും?

ഇൻവിക്റ്റസ് എന്നൊരു കിടിലൻ സിനിമയുണ്ട്. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ വർണവിവേചനത്തിനു എതിരെ ഇരുപത്തി ഏഴു വർഷത്തെ തടവിന് ശേഷം മോചിപ്പിക്കപെട്ട് തിരഞ്ഞെടുപ്പിലൂടെ ദക്ഷിണ ആഫ്രിക്കയുടെ പ്രസിഡന്റ് ആയപ്പോൾ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം അതുവരെ കറുത്തവർഗക്കാരെ വര്ണവിവേചനത്തിന്റെ പേരിൽ ദ്രോഹിച്ചിരുന്ന വെള്ളക്കാരെയും കറുത്തവർഗക്കാരെയും ഒരുമിച്ച് ചേർത്ത് ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ റഗ്ബി എന്ന കളിയായിരുന്നു അവരുടെ ദേശീയ വിനോദമായി കണ്ടിരുന്നത്, കറുത്ത വർഗക്കാർ ഫുട്‍ബോളും. മണ്ടേല പ്രസിഡന്റ് ആയതിന്റെ തൊട്ടടുത്ത വർഷം (1995) നടന്ന റഗ്ബി ലോകകപ്പ് മത്സരം കറുത്ത വർഗക്കാരും വെളുത്തവരും തമ്മിലുള്ള അകലം കുറക്കാനും, അവരെ തമ്മിൽ കൂടുതൽ അടുപ്പിച്ച് റഗ്ബി ഒരു ദേശീയ വികാരമായി ഉയർത്തിക്കൊണ്ടു വരാനും മണ്ടേല പ്ലാൻ ചെയ്തു. സ്വന്തം പാർട്ടിയിലെ ആളുകൾക്ക് തന്നെ മണ്ടേല പറയുന്നത് മനസിലായില്ല. തന്നെ 27 വര്ഷം തടവിലിട്ട വെള്ളക്കാരുടെ കളി മണ്ടേല എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതായിരുന്നു അവരുടെ ചോദ്യം. അതിനു മണ്ടേലയുടെ മറുപടി ഒരു ക്ലാസിക് ആണ്.

“നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ ആത്മാവിനെ സ്വാതന്ത്രമാക്കുന്നു. അത് ഭയം നീക്കം ചെയ്യുന്നു. അതുകൊണ്ടാണ് ക്ഷമ ഒരു ശക്തിയുള്ള ആയുധം ആകുന്നത്. നിങ്ങൾ നിങ്ങളുടെ സ്വകാര്യ വികാരങ്ങളെ ആണ് അഭിസംബോധന ചെയ്യുന്നത് , അത് സ്വാർത്ഥമായ ചിന്തയാണ്.” (“Forgiveness liberates the soul. It removes fear. That is why it is such a powerful weapon. You seek only to address your own personal feelings. That is selfish thinking.”)

ആ ലോകകപ്പ് ദക്ഷിണാഫ്രിക്ക വിജയിച്ചു. അവസാനത്തെ മത്സരത്തിൽ കറുത്തവരും വെളുത്തവരും ഒരേ പോലെ നിന്ന് പുതിയ ദക്ഷിണാഫ്രിക്കയുടെ ദേശീയ ഗാനം ആലപിച്ചു.

മണ്ടേല മനസിലാക്കിയത് പോലെ ഒരു രാഷ്ട്ര നിർമാണം മനസുകൾ തമ്മിലുള്ള പാലം നിർമിക്കലാണ്, സ്വന്തം സ്വാർത്ഥതയെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കൽ അല്ല. കോൺക്രീറ്റ് പാലങ്ങൾ പണിയാൻ ആർക്കും കഴിയും, പക്ഷെ മനുഷ്യ മനസുകൾ തമ്മിലുള്ള പാലങ്ങൾ പണിയാൻ വളരെ ചുരുക്കം പേർക്കേ കഴിയൂ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: