ജനാധിപത്യവും കേരളത്തിലെ  മാധ്യമങ്ങളും..

നമ്മൾക്ക് ഇഷ്ടമുള്ളവരെ നമ്മൾ വോട്ട് ചെയ്ത വിജയിപ്പിച്ച് അധികാരത്തിൽ കൊണ്ടുവരുന്ന പ്രക്രിയ ആയാണ് നമ്മൾ ജനാധിപത്യത്തെ മനസിലാക്കിയിരിക്കുന്നത്. പക്ഷെ എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഒരാൾക്ക് അല്ലെങ്കിൽ ഒരു പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യാൻ തീരുമാനിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?

എന്തിനാണ് ഇങ്ങിനെ ഒരു ചോദ്യം എന്നാണ് ആലോചിക്കുന്നത് എങ്കിൽ കുറച്ച് ശാസ്ത്രം പറയേണ്ടി വരും. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനുള്ള ഫ്രോണ്ടൽ കോർറ്റെക്സ്  എന്ന ഭാഗം അല്ല മനുഷ്യന്റെ തലച്ചോറിൽ ആദ്യം വികസിച്ചു വന്നത്, പകരം വികാരപരമായി പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന അമിഗ്ദല എന്ന ഭാഗമാണ്. കാട്ടിൽ വേട്ടയാടി നടന്നിരുന്ന സമയത്ത്  ഒരു പൊന്തക്കാട്ടിൽ മഞ്ഞയും കറുപ്പും രൂപം കാണുന്ന വഴിക്ക് ഉടനെ അതൊരു കടുവയായിരിക്കുമോ എന്ന പേടിയോടെ പെട്ടെന്ന് ഓടിമാറാൻ വേണ്ടി ശരീരത്തിലെ ഹൃദയമിടിപ്പ് കൂട്ടി, പേശികളിൽ  രക്തവും ഓക്‌സിജനും എത്തിച്ച് ഓടിമാറുക അല്ലെങ്കിൽ നേരിടുക ( fight or flight)  എന്നതിലേക്ക്  ശരീരത്തെ കൊണ്ടുവരുന്ന പണിയാണ് അമിഗ്ദല ചെയ്യുന്നത്. നമ്മൾ ഒരു മുറിയിലേക്ക് കയറുമ്പോൾ മുകളിൽ നിന്ന് നീളമുള്ള ഒരു കയർ വീണാൽ അത് പാമ്പാണോ കയറണോ  എന്ന് മനസിലാക്കുന്ന അര നിമിഷത്തിനുള്ളിൽ നമ്മുടെ ഹൃദയമിടിപ്പ് കൂടുന്ന കാര്യം ഇതാണ്.  

പെട്ടെന്നുള്ള ഒരു അപകട സമയത്ത് അമിഗ്ദല നമ്മളെ രക്ഷിക്കുമെങ്കിലും തിരഞ്ഞെടുപ്പ് പോലെയുള്ള ഒരു സന്ദർഭത്തിൽ ഇത് പക്ഷെ നമുക്കൊരു ബാധ്യതയായി തീരും. കാരണം അമിഗ്ദല പ്രധാനമായും ഭയം അടിസ്ഥാനപ്പെടുത്തി എന്തിനെയും ഭയത്തോടെ കാണാൻ വേണ്ടി രൂപപ്പെട്ടു വന്ന ഒരു അവയവമാണു. നമ്മുടെ തലച്ചോറിന്റെ രൂപകൽപന തന്നെ ഭയം ജനിപ്പിക്കുന്ന കാര്യങ്ങളെ പെട്ടെന്നു ശ്രദ്ധിക്കാൻ വേണ്ടി ഉള്ളതാണ്.  അതുകൊണ്ട് തന്നെ പത്രത്തിലോ ടിവിയിലോ നല്ല ഒരു വാർത്ത വായിക്കുന്നതിനേക്കാൾ പെട്ടെന്നു നമ്മൾ ശ്രദ്ധിക്കാൻ പോകുന്നത് അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന വാർത്തകൾ ആയിരിക്കും. അത് നമ്മൾ  അറിയാതെ ചെയ്തു പോകുന്നതാണ്. കാരണം ദൗർഭാഗ്യവശാൽ  നമ്മുടെ തലച്ചോർ  ഇന്ന് നമുക്ക് കിട്ടുന്ന അത്രയും വാർത്തകൾ വിശകലനം ചെയ്യാൻ മാത്രം വികസിച്ച ഒരു അവയവം  അല്ല. 

ഓരോ മിനിറ്റിലും ടിവി, ഓൺലൈൻ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവ വഴി അനേകം വാർത്തകൾ ആണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.  ഓരോന്നിന്റെയും വസ്തുത പരിശോധിക്കൽ പ്രായോഗികമല്ല.ടിവി ഇന്റർനെറ്റ് ഒക്കെ വരുന്നതിനു മുൻപ്  ചുരുക്കം ചില പത്രങ്ങളും , റേഡിയോയും  ആണുണ്ടായിരുന്നത്. ഇതിൽ തന്നെ വാർത്തകളുടെ ഉറവിടം ശരിയാണോ എന്ന് പരിശോധിച്ചാണ്  പല എഡിറ്റര്മാരും വാർത്തകൾ കൊടുത്തിരുന്നത്.  അന്നത്തെ സ്ഥിതിയിൽ നിന്നും വളരെ അധികം വ്യത്യാസപ്പെട്ട ഒരു സന്ദർഭം ആണിപ്പോൾ. മനുഷ്യൻ ഉണ്ടായിട്ട് ഇതുവരെ ഉണ്ടായ എല്ലാ ഡാറ്റകളിലും തൊണ്ണൂറു ശതമാനം ഉണ്ടായത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആണ്. 2.5 quintillion bytes ഡാറ്റ ആണ് ഓരോ ദിവസവും ഇന്റർനെറ്റിൽ ഉണ്ടാകുന്നത്. (ഒന്ന് കഴിഞ്ഞു 18 പൂജ്യം ഉള്ള സംഖ്യ ആണ് ഒരു quintillion)

അമ്പത് മില്യൺ ട്വീറ്റുകൾ, 100 മില്യൺ മണിക്കൂര് കാണാൻ മാത്രമുള്ള വീഡിയോ, 350 മില്യൺ ഫോട്ടോസ്, 300 ബില്യൺ ഇമെയിലുകൾ , ഒരു ലക്ഷത്തനിനോടടുത്ത് വാർത്തകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഓരോ വർഷവും ഇങ്ങിനെ ഉണ്ടാകുന്ന ഡാറ്റ കൂടി വരികയും ചെയ്യും.

ഇനി നിങ്ങൾ ഒരു പത്ര മുതലാളി ആണെന്ന് കരുതുക. നിങ്ങൾക്ക് കൂടുതൽ വായനക്കാരും അതുവഴി കൂടുതൽ പരസ്യവും കിട്ടാൻ നിങ്ങൾ എന്ത് ചെയ്യും? മേല്പറഞ്ഞ നരവശം ശാസ്ത്രം അറിയുന്നവർ ആയാലും, മാധ്യമ രംഗത്ത് കുറച്ചു നാൾ പരിചയം ഉള്ള ആളുകൾ ആയാലും ആളുകളെ ആകാംക്ഷഭരിതർ ആക്കുന്ന വാർത്തകൾ പെട്ടെന്ന് വിറ്റുപോകും എന്ന് നിങ്ങൾക്ക് മനസിലാകും. അതുകൊണ്ട് തന്നെ തങ്ങളുടെ പത്രത്തിൽ ലോകം കീഴ്മേൽ മറിയാൻ  പോകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ കൊടുക്കാൻ ആയിരിക്കും നിങ്ങൾ താല്പര്യപ്പെടുക. 

പക്ഷെ യാഥാർഥ്യം എന്താണ് എന്ന് പരിശോധിച്ചാൽ ആളുകൾ  ഭൂരിഭാഗം സമയത്തും എങ്ങിനെ ദൈനം ദിന ജീവിതം  നയിക്കുന്നുവോ അങ്ങിനെ തന്നെ ലോകം നടന്നുപോകുന്നു എന്ന് കാണാൻ കഴിയും. മാത്രമല്ല ലോകത്തു എല്ലായിടത്തും, നമ്മുടെ നാട്ടിലും  മനുഷ്യർക്ക് ഉപയോഗപ്രദമായ രീതിയിൽ വലിയ മാറ്റങ്ങൾ നടക്കുന്നുണ്ട്. അത് പക്ഷെ വാർത്ത ആക്കിയാൽ വായനക്കാർ ( അവരുടെ തലച്ചോറിന്റെ പ്രവർത്തനം അങ്ങിനെ ആയതുകൊണ്ട്) അത് ശ്രദ്ധിക്കാതെ പോകും. 

ഞാൻ മേല്പറഞ്ഞ പോലെ ഇന്നുള്ള പോലെ വിവര വിസ്ഫോടനത്തെ താങ്ങാനുള്ള ശേഷി നമ്മുടെ തലച്ചോറിനില്ല. ഉദാഹണത്തിനു നമ്മൾ മുൻപ് ചർച്ച ചെയ്ത ചില വാർത്തകൾ നോക്കാം.

കുറച്ചു നാൾ മുൻപ് ബിജെപി നേതാണ് കെ സുരേന്ദ്രന്റെ മകളെ കുറിച്ച് സമൂഹ മാധ്യമത്തിൽ മോശമായ പരാമർശം നടത്തിയ ആളെ കണ്ടെത്തിയോ? കുറച്ചു നാൾ ഫേസ്ബുക്കിൽ നിന്ന് വിട്ടു നിന്നതു കൊണ്ട്  അതിന്റെ കൂടുതൽ വാർത്തകൾ ഞാൻ കണ്ടില്ല, അറിയാവുന്നവർ കമന്റ് ചെയ്യൂ. ഇനി പുതിയ വിവരം ഒന്നുമില്ലെങ്കിൽ എന്തുകൊണ്ടാണ് ആദ്യത്തെ ആവേശം ഇപ്പോൾ ഇല്ലാത്തത്?

സ്വർണക്കടത്തിൽ ദുബായിയിൽ നിന്ന് സ്വർണം അയച്ചു എന്ന് ഞങ്ങളാണ് ആദ്യം ഇന്റർവ്യൂ ചെയ്തത് എന്നൊക്കെ പറഞ്ഞു വാർത്ത കൊടുത്ത ഫൈസൽ ഫരീദിനെ കേരളത്തിൽ കൊണ്ടുവന്നു ചോദ്യം ചെയ്തുവോ? സ്വർണം എവിടെ നിന്ന് ആർ അയച്ചു അത് ആർക്ക് കൊടുക്കാൻ ആണ് കൊണ്ടുവന്നത് എന്ന് കണ്ടെത്തി അവരെ അറസ്റ്റ് ചെയ്തോ? ഒരു മലയാളി വിദേശകാര്യ സഹമന്ത്രി ഒക്കെ ആയിരിക്കുമ്പോൾ ഇത് വളരെ എളുപ്പം ചെയ്യാവുന്ന ഒരു കാര്യമല്ലേ. 

ഇതുപോലെ അനേകം ഉദാഹരണങ്ങൾ നമുക്ക് കണ്ടുപിടിക്കാൻ കഴിയും. മലയാളത്തിലെ ഒരു പത്രം വായിച്ചാലോ, ടിവിയിലെ അന്തി ചർച്ചകൾ കണ്ടാലോ ഇന്ന് വൈകിട്ട് തന്നെ ലോകം അവസാനിക്കും എന്ന് നമുക്ക് തോന്നും. അതിനിടയിൽ കൂടി പക്ഷെ, നമ്മൾ കാണാതെ പോകുന്നത് കുറെ നല്ല കാര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന്  കേരളത്തിൽ കോവിഡ് സമയത്ത് മുൻ വർഷത്തേക്കാൾ പത്ത് ശതമാനം കുറവ് മരണങ്ങൾ ആണ് നടന്നത്. ഇത് ഏതാണ്ട് ഇരുപത്തി ആറായിരം ജീവനുകൾ വരും. യഥാർത്ഥത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള കേരളത്തിൽ മരണ നിരക്ക് വളരെ അധികം കൂടേണ്ടതായിരുന്നു. ഇത് പക്ഷെ വാർത്ത ആക്കിയാൽ ആളുകൾ വായിക്കണം എന്നില്ല. എന്നാൽ കേരളത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കൊറോണ രോഗികൾ കൂടുതൽ ആണെന് വാർത്ത കൊടുത്തു നോക്കൂ, ആളുകൾ വായിക്കും, ഘട്ടം ഘട്ടമായി സമൂഹം പൂർവ സ്ഥിതിയിലേക്ക്  വരുമ്പോൾ   ഇത് പ്രതീക്ഷിച്ച ഒന്നാണ് എന്ന് ആളുകളെ വസ്തുതകൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നമ്മൾ കുറച്ചു പാടുപെടും. അതുപോലെ സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ  തുടങ്ങി ആളുകൾക്ക് പ്രത്യക്ഷമായി കാണാവുന്ന മാറ്റങ്ങൾ കേരളത്തിൽ തന്നെ നടക്കുന്നുണ്ട്. പക്ഷെ ഇതിനൊന്നും പത്ര ദൃശ്യാ മാധ്യമ രംഗത്ത്  വാർത്താ മൂല്യം ഇല്ലാത്തതിന് കാരണം ഞാൻ മേല്പറഞ്ഞതാണ്.  

അതുകൊണ്ട് മലയാളം പത്രങ്ങളും, അവരുടെ ഓൺലൈൻ എഡിഷനുകളും, നമ്മുടെ ടിവിയിലെ അന്തി ചർച്ചകളും ലോകം അവസാനിക്കാൻ പോകുന്നു എന്ന മട്ടിൽ വാർത്തകൾ കാണിക്കുമ്പോൾ ഒന്നോർക്കുക, അവർ അവരുടെ വയറ്റിൽ പിഴപ്പിനു വേണ്ടി ചെയ്യുന്നതാണ്. നമ്മൾ ഈ തിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർത്ഥിക്കും ഏതു രാഷ്ട്രീയപാർട്ടിക്കും  വോട്ട് ചെയ്യുന്നതിന് മുൻപും അവരുടെ പ്രകടനപത്രിക വായിച്ചു നോക്കുക, അവർ എത്ര മാത്രം മുൻപ് അവരുടെ പ്രകടനപത്രികയോട് നീതി പുലർത്തിയിട്ടുണ്ട് എന്ന് നോക്കുക, അടുത്ത ഇരുപത്തി അഞ്ചു വർഷങ്ങളിൽ കേരളം എങ്ങിനെ ആയി തീരണം എന്നൊരു വീക്ഷണം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടോ എന്ന് നോക്കുക, മനുഷ്യരെ ജാതിയും മതവും പറഞ്ഞു വിഭജിപ്പിക്കാൻ ആണോ അതോ അതിനുപരിയായി ഒരുമിപ്പിക്കാൻ ആണോ അവർ ശ്രമിക്കുന്നത് എന്ന് വസ്തുതകളുടെ അടിസ്ഥാനനത്തിൽ നോക്കി വോട്ട് ചെയ്യുക. 

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, പാർപ്പിടം, തൊഴിൽ, മനുഷ്യ അവകാശം, അഴിമതി ഇല്ലാതെയാക്കൽ  തുടങ്ങിയ വിഷയങ്ങളിൽ  കേരളം അടുത്ത പതിനഞ്ച് – ഇരുപത്  വർഷങ്ങൾക്ക് ഉള്ളിൽ  ഒരു സിംഗപ്പൂർ ആയി മാറണം എന്നാണ് എന്റെ ആഗ്രഹം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും  അത് സാധ്യമായ ഒരു കാര്യമാണ്. അതിനെ കുറിച്ച് വിശദമായി പിന്നെ എഴുതാം. (ഇത്തവണ ഇരു മുന്നണികളും വിശദമായി പഠനം നടത്തി തന്നെ  പ്രകടനപത്രികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങൾ ഇല്ലാത്ത  സമയം ഉണ്ടാക്കി വായിച്ചു നോക്കുക. കാരണം നമ്മുടെ നാടിൻറെ ഭാവിയുടെ കാര്യമാണ്. )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: