ഹിന്ദു ക്ഷേത്രങ്ങളായി മാറുന്ന ക്രിസ്ത്യൻ പള്ളികൾ.

ഈ ഫോട്ടോയിൽ കാണുന്ന കെട്ടിടം എന്താണെന്നു പിടികിട്ടിയോ?

ഞങ്ങൾ താമസിക്കുന്ന ന്യൂ ജേഴ്സിയിൽ ഉള്ള ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രമാണിത്. ഞങ്ങൾ ഇടക്ക് ഫ്രീ ആയി കിട്ടുന്ന ഫുഡ് കഴിക്കാനും, വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഡാൻസ് പരിപാടി കാണാനും എല്ലാം പോകാറുണ്ട്. പുറത്തു നിന്ന് കണ്ടാൽ ഇത് ഒരമ്പലം ആണെന്ന് തോന്നുകയേ ഇല്ല. കാരണം ഇത് മുൻപ് ഒരു ഗ്രീക്ക് ഓർത്തഡോൿസ് പള്ളിയായിരുന്നു. പള്ളിയിൽ ആളുകൾ കുറഞ്ഞപ്പോൾ നടത്തികൊണ്ടുപോകുന്നത് നഷ്ടം ആണെന് കണ്ട പള്ളി അധികാരികൾ ന്യൂ ജേഴ്സിയിൽ വളർന്നു വരുന്ന വിഭാഗമായ ഹിന്ദുക്കൾക്ക് ഈ പള്ളി വിൽക്കുകയായിരുന്നു. ഒരമ്പലം പുതിയതായി പണിയുന്നതിനേക്കാൾ ചിലവ് കുറവാണു പള്ളി വാങ്ങി അമ്പലം ആക്കി മാറ്റിയാൽ. വലിയ പള്ളികൾക്കും ഇതുപോലെ വേറെ മുസ്ലിം പള്ളി ആയോ ഹിന്ദു അമ്പലം ആയോ മാറ്റാൻ വേണ്ടി നടക്കുന്നവർക്ക് വില്കുന്നതാണ് നല്ലത്. പലപ്പോഴും നഗരഹൃദയത്തിൽ നിന്ന് മാറി നിർമിച്ചിരിക്കുന്ന ഇത്തരം വലിയ പള്ളികൾ ഒരു ബാർ ആക്കി മാറ്റാൻ ഒക്കെ ബുദ്ധിമുട്ടാണ്. പാർക്കിംഗ് സൗകര്യങ്ങൾ എല്ലാം കിട്ടുന്നത് കൊണ്ട് മറ്റൊരു ആരാധനാലയം ആക്കി മാറ്റുന്നതിന് വലിയ ബുദ്ധിമുട്ടില്ല.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഒരു വർഷത്തിൽ അനേകം ക്രിസ്ത്യൻ പള്ളികൾ ഇതുപോലെ ഹിന്ദു ക്ഷേത്രങ്ങൾ ആയി മാറുന്നുണ്ട്. ന്യൂ ജേഴ്സിയിൽ തന്നെ പ്ലെയിൻഫീൽഡിൽ ഉള്ള 2015 ൽ ഉത്ഘാടനം ചെയ്യപ്പെട്ട ഹരേ രാമ ഹരേ കൃഷ്ണ അമ്പലം 2014 ൽ 1.4 മില്യൺ ഡോളർ കൊടുത്ത് വാങ്ങിയ ഒരു ക്രിസ്ത്യൻ പള്ളിയാണ്. ഡെലാവെയറിലെ സ്വാമി നാരായൺ അമ്പലവും പഴയ പള്ളിയാണ്. വിർജിനിയയിലെ അൻപത് വര്ഷം പഴക്കമുള്ള ഒരു ചർച്ച് ഈയടുത്ത് സ്വാമിനാരായൺ ക്ഷേത്രം ആക്കി മാറ്റിയിരുന്നു. അമേരിക്കയിൽ അങ്ങോളമിങ്ങോളം കുറഞ്ഞത് അമ്പത് ക്രിസ്ത്യൻ പള്ളികൾ എങ്കിലും ക്ഷേത്രങ്ങൾ ആയി മാറിക്കാണണം. നിസ്കരിക്കുന്ന ദിശ പ്രധാനപ്പെട്ട ഒരു കാര്യം ആയതുകൊണ്ട് മാത്രം ആയിരിക്കണം മുസ്ലിങ്ങൾ ക്രിസ്ത്യൻ പള്ളികൾ വാങ്ങാത്തത്, അല്ലെങ്കിൽ അവരും വാങ്ങിയേനെ. ചില ചർച്ചുകൾ ബുദ്ധിസ്റ്റ് കേന്ദ്രങ്ങൾ ആയും മാറിയിട്ടുണ്ട്.

ഇതെല്ലം കേട്ടിട്ട് ഇവിടെ ആരുടേയും മതവികാരം വൃണപ്പെടുകയോ രക്തം തിളക്കുകയോ ചെയ്യാറില്ല. കാരണം ലോകത്തിലെ ഏറ്റവും ലാഭകരമായ, എളുപ്പം നടത്തികൊണ്ടുപോകാവുന്ന ബിസിനെസ്സ് മാത്രമാണ് മതം. ലോകത്ത് ആകമാനം 1.2 ട്രില്യൺ ഡോളർ ബിസിനെസ്സ് ആണ് മതം. ഇന്ത്യയുടെ ജിഡിപിയുടെ പകുതി വരും ഈ സംഖ്യ. കത്തോലിക്കാ സഭയ്ക്ക് കണക്കാക്കാൻ കഴിയാത്ത അത്ര വരുമാനവും സ്വത്തും ഉണ്ടെന്നാണ് പറയപ്പെടുന്നത്. പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കൾ കൃത്യമായി ഓഡിറ്റ് ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്.

അമേരിക്കയിൽ കൊറോണ കാരണം ബുദ്ധിമുട്ടിലായി ബിസിനെസ്സ്കാർക്ക് ഇവിടെ ഉള്ള സർക്കാർ ധനസഹായം നൽകിയപ്പോൾ ആദ്യം തന്നെ അപേക്ഷ കൊടുത്ത് നികുതിദായകരുടെ എട്ട് മില്യൺ ഡോളർ സർക്കാരിൽ നിന്ന് വാങ്ങിയത് ഏതാണ്ട് പത്ത് ബില്യൺ ഡോളർ ക്യാഷ് ആയി കൈയിൽ ഉണ്ടായിരുന്ന ഷാർലറ്റ് അതിരൂപതയാണ്. പുരോഹിതന്മാർ കുട്ടികളെ പീഡിപ്പിച്ച കേസിൽ വലിയ സംഖ്യ നഷ്ടപരിഹാരം നൽകേണ്ടി വന്ന ന്യൂ യോർക്ക് അതിരൂപതയും സർക്കാരിന്റെ കൊറോണ റിലീഫ് ഫണ്ടിൽ നിന്ന് 1.5 ബില്ല്യൻ ഡോളേഴ്‌സ് നേടിയെടുത്തു.
ഇവ ബിസിനസുകളാണെന്ന് കാണാൻ ഇതിലും വലിയ തെളിവുകൾ വേണ്ട. മുഹമ്മദിന്റെ മുടി കാണിച്ചു പണം തട്ടുന്ന കേരളത്തിലെ പുരോഹിതൻ മുതൽ കെട്ടിപ്പിടിക്കാൻ പൈസ വാങ്ങുന്ന അമ്മ വരെ കോടികൾ ആസ്തിയുള്ള ബിസിനസ്സുകൾ നടത്തിക്കൊണ്ടു പോകുന്നവരാണ്. ഇവരുടെ ആശുപത്രിയിൽ പൈസ വാങ്ങാതെ കുറെ ഡോക്ടർമാർ വിദേശത്തു നിന്നും മറ്റും ജോലി ചെയ്യുന്നുണ്ട്, പക്ഷെ സൗജന്യമായി ചികിത്സ എത്ര പേർക്ക് ലഭിക്കുന്നു എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം ആവശ്യമുള്ള ആളുകൾക്ക് സൗജന്യ ചികിത്സ കൊടുക്കുന്ന ഒരു സ്ഥാപനങ്ങൾക്കും ഇതുപോലെ സമ്പത്ത് വർധിപ്പിക്കാൻ കഴിയില്ല. ( അമ്മ ന്യൂ യോർക്കിൽ വരുമ്പോൾ ഒരു കെട്ടിപിടുത്തതിന് $250 ആയിരുന്നു കൊറോണ വരുന്നതിനു മുൻപുള്ള റേറ്റ്, അതും കെട്ടിപ്പിടുത്തം കിട്ടും എന്ന് ഉറപ്പൊന്നും ഇല്ല, കൊറോണ കഴിഞ്ഞു റേറ്റ് കൂടുമോ എന്നറിയില്ല. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ചോദിച്ചാൽ ചൂടാകുന്ന സദ്ഗുരുവും ഇരുന്നൂറ്റി അമ്പത് ഡോളർ തന്നെയാണ് വാങ്ങുന്നത്, ഇവർ മാർക്കറ്റ് സ്റ്റഡി ഒക്കെ നടത്തി തീരുമാനിച്ച റേറ്റ് ആണെന്ന് തോന്നുന്നു )

പക്ഷെ അമേരിക്കയിലും യൂറോപ്പിലും ക്രിസ്ത്യൻ മതവിശ്വാസികൾ കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ പല പള്ളികളും മേല്പറഞ്ഞ പോലെ ഉള്ള ഇളവുകൾ കിട്ടിയിട്ട് പോലും ലാഭകരമായി നടത്തികൊണ്ട് പോകാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് വലിയ തുകയ്ക്ക് പള്ളികൾ മറ്റുളളവർക്ക് വിൽക്കുന്നത്. പള്ളി പണിയാൻ വിശ്വാസി പൈസ കൊടുക്കണം എങ്കിലും പള്ളി വിറ്റാൽ വിശ്വാസിക്ക് പൈസ കിട്ടുമോ എന്നെനിക് വലിയ ഉറപ്പൊന്നും ഇല്ല. പക്ഷെ അമ്പലം പള്ളി ആകുന്നതോ , പള്ളി അമ്പലം ആകുന്നതു നമ്മൾ പേടിക്കേണ്ട കാര്യമില്ല, അത് വെറും ഒരു റിയൽ എസ്റ്റേറ്റ് കൈമാറ്റം മാത്രമാണ്. അതിൽ വിശ്വാസികൾക്ക് രക്തം തിളക്കേണ്ട കാര്യമില്ല.

മതം അധികാരത്തിനു വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുകയും, രാഷ്ട്രീയം അധികാരം കിട്ടാൻ മതം ഉപയോഗിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ആണ് നമ്മൾ പേടിക്കേണ്ടത്. കേരളത്തിലെ ചില രാഷ്ട്രീയപാർട്ടികൾ ശബരിമലയുടെ പേരിൽ നടത്താൻ നോക്കുന്ന അതെ രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് തുർക്കിയിൽ ദീർഘകാല (കുഴഞ്ഞു മറിഞ്ഞ) ചരിത്രമുള്ള , യുനെസ്കോ ചരിത്ര സ്‌മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഹാഗിയ സോഫിയ വിഷയത്തിൽ എർദോഗാനും പയറ്റുന്നത്. മതത്തെ അധികാരത്തിനു വേണ്ടി ഉപയോഗിക്കുന്ന വൃത്തികെട്ട നീക്കം. അതിന്റെ അനുരണനങ്ങൾ ഇപ്പോൾ കേരളത്തിലെ പല സമുദായങ്ങൾക്കും അകത്തു നടക്കുന്നുണ്ട്. വിശ്വാസികളെ മണ്ടന്മാരാക്കി , മതം ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നിലനിർത്താൻ പുരോഹിതൻമാർ നടത്തുന്ന ശ്രമങ്ങളെ നമ്മൾ തോൽപ്പിക്കേണ്ടതുണ്ട്. അരമനകൾ കയറി ഇറങ്ങുന്ന, സ്വാമിമാരെയും, തങ്ങൾമാരെയും കാണാൻ പോകുന്ന രാഷ്ട്രീയക്കാരെ തീർച്ചയായും വോട്ടു ചെയ്‌തു തോൽപിക്കണം. പുരോഹിതന്മാർക്ക് ഏറ്റവും ലാഭകരമായ ബിസിനെസ്സ് നടത്താനായി വിശ്വാസികൾ എല്ലാക്കാലവും നിന്ന് കൊടുക്കരുത്.

മുസ്ലിം ക്രിസ്ത്യൻ പള്ളികൾ നഷ്ടത്തിൽ ആകുമ്പോൾ അമ്പലങ്ങൾ ആവുകയും അമ്പലങ്ങൾ ഇതുപോലെ നഷ്ടത്തിലാകുന്ന സമയത്ത് മുസ്ലിം ക്രിസ്ത്യൻ പള്ളികൾ ആവുകയും രണ്ടും നഷ്ടത്തിൽ ആകുമ്പോ അവ മ്യൂസിയങ്ങളോ, ലൈബ്രറികളോ, പറ്റിയാൽ ഡാൻസ് ബാറുകളോ ഒക്കെ ആകുന്ന ഒരു കിനാശ്ശേരി ആണ് ഞാൻ സ്വപ്നം കാണുന്നത്. ഡാൻസ് ബാർ ആണെങ്കിൽ പ്രാർത്ഥിക്കാൻ ഞങ്ങൾ എന്തായാലും കാണും 🙂

One thought on “ഹിന്ദു ക്ഷേത്രങ്ങളായി മാറുന്ന ക്രിസ്ത്യൻ പള്ളികൾ.

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: