
എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എന്ത് നേടിയെന്നു സ്വയം ചോദിക്കുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നത് അമേരിക്ക കാണാൻ വന്ന ബാപ്പയും ഉമ്മയുമായി ഇവിടെ നടത്തിയ ചില യാത്രകളാണ്, അവരുടെ ചിരികളാണ്.
ബാപ്പ കൂലിപ്പണിക്കാരനായിരുന്നു, നാലാം ഫോറത്തിൽ പഠനം ഉപേക്ഷിച്ചതാണ്. ഉമ്മയാണെകിൽ എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാൻ ആയിട്ടാണ് ആദ്യമായി സ്കൂളിന്റെ പടി ചവിട്ടുന്നത്.
അവരാണ് നയാഗ്ര വെള്ളച്ചാട്ടവും, വൈറ്റ് ഹൗസും, സ്റ്റാച്യൂ ഓഫ് ലിബേർട്ടിയും കണ്ടത്. ന്യൂ യോർക്കിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ദിനോസറിന്റെ ഫോസിലുകൾ കണ്ടത്. മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ വച്ച് ലോകത്തിലെ പല സംസ്കാരങ്ങളുടെ തിരുശേഷിപ്പുകൾ കണ്ടത്. നാലാം ക്ലാസ് ആയിരുന്നെങ്കിലും നല്ല വായനാശീലമുള്ള ബാപ്പയ്ക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ഒരു വലിയ അനുഭവമായിരുന്നു. വായിച്ചറിഞ്ഞ പല കാര്യങ്ങളും നേരിട്ടറിഞ്ഞ അനുഭവം.
ഇവർ രണ്ടുപേരും പെർഫെക്റ്റ് ദമ്പതികളെ ആയിരുന്നില്ല. പരസ്പരം കുറെ വഴക്കടിച്ച, ബാപ്പ വേറെ വിവാഹം കഴിച്ച് , കുറെ കഴിഞ്ഞു ഞങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വന്ന ഏച്ച് കെട്ടിയ ഒരു ദാമ്പത്യമായിരുന്നു അവരുടേത്. പക്ഷെ അമേരിക്കയിൽ ഈ യാത്രകളിൽ അവർ ഒരുമിച്ച് കൈകോർത്ത് നടന്നു, ഒരു പക്ഷെ അവരുടെ വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്ന ചിരികൾ തിരികെ വന്നു.
അവർ ഉള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്വന്തം വീട് വാങ്ങി മാറിയത്. വീട്ടിലേക്ക് സാധങ്ങൾ മാറ്റുന്ന സമയത്ത് , ഏതാണ്ട് എഴുപത്തി അഞ്ച് കിലോ ഭാരമുള്ള ചാക്ക് ചുമന്നിരുന്ന പഴയ ചുമട്ടു തൊഴിലാളിയായി ബാപ്പ മാറി. സോഫയും മറ്റും ഭാരം എടുത്ത് പരിചയം ഉള്ളവർക്ക് മാത്രം പറ്റുന്ന അനായാസതയോടെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറ്റി. പണ്ട് ചാക്കിനു അറുപതു പൈസയോ മറ്റോ ആയിരുന്നു കൂലി എങ്കിൽ ഇവിടെ മകന്റെ വീട്ടിലേക്ക് വേണ്ടി ഇതൊക്കെ ചെയ്യാൻ മകനോടുള്ള സ്നേഹം മാത്രമായിരുന്നു കൂലി.
നാട്ടിലെ ചെറിയ പറമ്പിൽ തെങ്ങും, മാവും, പേരക്കയും ഒക്കെ നട്ടുപിടിപ്പിച്ച് പരിചയമുള്ള അവർ ഇവിടെയും വെറുതെയിരുന്നില്ല, അവർ നട്ട് വളർത്തിയ മത്തങ്ങ കായ്‌ഫലം വന്നപ്പോൾ ഏതാണ്ട് ഇരുപത് പൗണ്ടോളം തൂക്കമുള്ള മത്തങ്ങ ഉണ്ടായി, കുട്ടികളുടെ ഉയരുമുള്ള ചുരക്കയും. അതിന്റെ പിറ്റേ വർഷം ഞങ്ങൾ ആഞ്ഞു ശ്രമിച്ചിട്ടും അതുപോലെ കായ്‌ഫലം ഉണ്ടായില്ല.
നാട്ടിൽ ഓരോ രൂപയും പിശുക്കി വച്ച് ചിലവാകുന്ന സാധാരണ ഇന്ത്യൻ കുടുംബം ആയിരുന്നു ഞങ്ങളുടേത്. സ്‌കൂളിൽ പോകാൻ ബസിനു പത്ത് പൈസ മാത്രം ചിലവുള്ള സമയത്ത് പത്ത് പൈസയിൽ കൂടുതൽ കിട്ടിയ ഓർമയില്ല. ബാപ്പയുടെ ജോലി സ്ഥലത്ത് സമരം ഒരു വർഷത്തോളം നീണ്ട സമരം നടന്നപ്പോൾ എറണാകുളം മാർകെറ്റിൽ നിന്ന് നാരങ്ങ മൊത്തമായി എടുത്ത് സൈക്കിളിൽ മുപ്പത് കിലോമീറ്റർ ദൂരെയുള്ള ചേർത്തല വരെയ്യുള്ള പെട്ടിക്കടകളിൽ കച്ചവടം നടത്തി വീട് പോറ്റിയ ബാപ്പ ന്യൂ യോർക്ക് സബ്‌വേയിൽ യാത്ര ചെയ്യുന്നത് കണ്ട് നിൽക്കാൻ തന്നെ ഒരു സുഖമായിരുന്നു.
നാട്ടിൽ ഞാൻ കാണുമ്പോഴൊക്കെ അമ്മിയിൽ അരച്ച്, വിറകടുപ്പിൽ പുകയൂതി പാചകം ചെയ്ത്, കരിങ്കല്ലിൽ തുണി അലക്കി വീട് നോക്കിയ ഉമ്മ, മൈക്രോവേവ് ഓവൻ കൈകാര്യം ചെയ്യാൻ പഠിച്ചു , സാധാരണ ഓവനും, കുറ്റി ഇല്ലാതെ നേരിട്ട് വീട്ടിലേക്ക് പൈപ് വഴി വരുന്ന ഗ്യാസ് അടുപ്പും ഉമ്മാക്ക് പെട്ടന്ന് വഴങ്ങി.
പക്ഷെ എവിടെയൊക്കെ യാത്ര പോകുമ്പോഴും ചിലവ് കൂടുമോ എന്നൊരു ഭയവും കരുതലും അവർ എന്നും കാണിച്ചു. കിട്ടുന്ന ഓരോ അരിമണിയും പെറുക്കി മക്കൾക്ക് വേണ്ടി കരുതി വയ്ക്കുന്ന ഇന്ത്യൻ സ്വഭാവം വേണ്ടുവോളം ഉണ്ടായിരുന്ന സാധാരണക്കാരായ രണ്ടുപേർ മാത്രം ആയിരുന്നു അവരെപ്പോഴും. പൈസ എത്ര ആയാലും വേണ്ടില്ല ഒരു ഓൾ ഇന്ത്യ ടൂർ പോകണം എന്നൊക്കെ ഞങ്ങൾ എത്ര നിർബന്ധിച്ചതാണ് , പക്ഷെ ഒരു പഴയ പേപ്പർ പോലും ചുരുട്ടി സൂക്ഷിച്ചു വയ്ക്കുന്ന ഇന്ത്യൻ മാതാപിതാക്കൾക്ക് അതൊക്കെ ഒരു അധിക ചിലവായി തോന്നിക്കാണും .
എന്ത് നേടി എന്ന് ചോദിക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ടവരുടെ കൂടെ സന്തോഷത്തോടെ ചിലവഴിച്ച നേരങ്ങളെക്കാൾ പ്രിയപ്പെട്ടത് വേറെ ഒന്നുമില്ല.
പ്രവാസിയെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഒരാഴ്ചയിൽ ഒരു മണിക്കൂറോ മറ്റോ ഉള്ള ഒരു ഫോൺ കോൾ മാത്രമാണ് മാതാപിതാക്കളും സഹോദരങ്ങളും. മാതാപിതാക്കൾ എന്നും പ്രവാസി നാട്ടിൽ നിന്ന് പോന്നപ്പോൾ എങ്ങിനെ ഉണ്ടായിരുന്നുവോ അതുപോലെ തന്നെ ഇരിക്കുമെന്ന് അവർ കരുതുന്നു. ഓരോ കൊല്ലവും സന്ദർശനത്തിന് ചെല്ലുമ്പോൾ പോലും മാതാപിതാക്കൾ വയസാകുന്നത് അവർക്ക് കണ്ണിൽ പെടാതെ പോകുന്നു. മക്കളുടെ മനസ്സിൽ ചിരഞ്ജീവികൾ ആണല്ലോ ബാപ്പയും ഉമ്മയും.
പക്ഷെ അങ്ങിനെ ഒരു നാൾ ഒരു കോളിൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത വരുന്നു. നമ്മളെ ഒട്ടും ബുദ്ധിമുട്ടിക്കരുത് എന്നത് കൊണ്ട്, കുഴപ്പം ഇല്ല നീ വരേണ്ട കാര്യം ഒന്നുമില്ല എന്ന മധുരത്തിൽ പൊതിഞ്ഞ് ഒരു ഹാർട്ട് അറ്റാക്ക് ആയോ, സ്ട്രോക്ക് ആയോ രോഗങ്ങൾ അവരെ കീഴ്പെടുത്തി എന്ന് നമ്മൾ അറിയുന്നു.
ബാപ്പയ്ക്ക് സ്‌ട്രോക് വന്നപ്പോഴും വീട്ടിൽ നിന്ന് അത് തന്നെയായിരുന്നു പറഞ്ഞത്. ആ വാക്കുകളിൽ ഞാൻ വീണുപോവുകയും ചെയ്തു. പിന്നീട് ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി എന്ന് കേട്ടപ്പോൾ കുറച്ചെങ്കിലും ആശ്വാസമായി, എങ്കിലും ഒന്ന് പോകണം എന്ന് മനസ് പറഞ്ഞു. പക്ഷെ ഞാൻ ബോംബെ എയർപോർട്ടിൽ എത്തിയപ്പോഴേക്കും ബാപ്പക്ക് രണ്ടാമത്തെ സ്‌ട്രോക് വന്നു ഐസിയുവിലേക്ക് വീണ്ടും മാറ്റേണ്ടി വന്നു. വല്ലാതെ വൈകിപ്പോയിരുന്നു. ഐസിയുവിൽ ദിവസം ഒരു തവണ കയറി കാണാൻ മാത്രം ഉള്ള അഞ്ച് മിനിറ്റ സമയപരിധിയിൽ പക്ഷെ ഞാൻ ആരാണ് എന്ന് മനസിലാക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ബാപ്പ.
പിന്നീട് ഒരാഴ്ച കഴിഞ്ഞു റൂമിൽ കൊണ്ടുവന്നപ്പോഴും ചിലപ്പോൾ എന്നെ എന്റെ അനിയന്റെ പേര് വിളിച്ചു, ചിലപ്പോൾ എന്റെ പേരും. ഒരു കൊച്ചുകുട്ടിയെ പോലെ ബാപ്പയെ ശുശ്രൂഷിക്കാൻ ഒരവസരം കിട്ടി. അവസാനം കുട്ടികൾ മുതിർന്നവർ ആവുകയും മാതാപിതാക്കൾ കുട്ടികൾ ആവുകയും ചെയ്തു. ഇതിനു മുൻപുള്ള വർഷം കണ്ടപ്പോൾ പറഞ്ഞു തീർക്കാതെ വച്ച കുറെ കാര്യങ്ങൾ ഞങ്ങളുടെ ഇടയിൽ ബാക്കിയാക്കി ബാപ്പ പോവുകയും ചെയ്‌തു.
നമ്മുടെ പല ബന്ധങ്ങളും ലോകാവസാനം വരെ നമ്മളും അവരും ഉണ്ടാകും എന്ന മിഥ്യാധാരണയിൽ മുന്നോട്ട് പോകുന്നവയാണ്. ഇണക്കങ്ങളും, പിണക്കങ്ങളും, ഈഗോയും എല്ലാം നാളെ അവരും നമ്മളും ഉണ്ടാകുമെന്ന ഒരു ഉറപ്പിൽ നമ്മൾ നടത്തുന്ന കണ്ണുപൊത്തിക്കളികളാണ്. യാഥാർഥ്യം അതിൽ നിന്നും എത്ര അകലെയാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും സമയം കഴിഞ്ഞു പോകും.
നമ്മളുടെ പ്രിയപെട്ടവരോട് നാം സ്നേഹം അറിയിക്കേണ്ടത് ഇപ്പോഴാണ്, ഈ നിമിഷം.
“നാളെ ആരെന്നും എന്തെന്നും ആർക്കറിയാം…”
നൈസ് ❤❤❤
LikeLike