ശാസ്ത്രം, മതം, തർക്കം…

മതങ്ങളും ശാസ്ത്രവും തമ്മിലുള്ള തർക്കങ്ങളിൽ രസകരമായ ഒരു സംഗതിയുണ്ട്. മതപരമായ കാര്യങ്ങൾ എല്ലാം വായിച്ചുതീർക്കാൻ ഒരു മനുഷ്യന് സാധ്യമാണ്, പക്ഷെ ശാസ്ത്രത്തെ കുറിച്ചുള്ള അറിവുകൾ അങ്ങിനെയുള്ളവയല്ല. എല്ലാ ശാസ്ത്ര വിഷയങ്ങളും പോയിട്ട് ഒരു ശാസ്ത്ര ശാഖയെ കുറിച്ച് പോലും മുഴുവൻ പഠിക്കാൻ ഒരു മനുഷ്യന് കഴിയില്ല.
ശ്രീനിവാസ രാമാനുജന്റെ നൂറു പേജുള്ള “നഷ്ടപെട്ട” നോട്ടുപുസ്തകം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ തെളിവുകളും മറ്റും ഏതാണ്ട് 2500 പേജുകൾ ആയിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്, ഖുർആൻ വെറും അറുന്നൂറു പേജ് മാത്രമാണ്.

ഉദാഹരണത്തിന് ഖുർആൻ, ഹദീസ്, തസ്‌ഫീർ എന്നിവ വായിച്ചു കഴിഞ്ഞാൽ ഇസ്ലാമിനെ കുറിച്ച് ഏതാണ്ടൊരു ഐഡിയ കിട്ടും. എന്നാൽ പ്രകാശം തരംഗമാണോ കണികയാണോ എന്നോ പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവം വിശദീകരിക്കാനോ , ഡബിൾ സ്ലിറ്റ് പ്രഭാവം ( കാഴ്ചക്കാരൻ പരീക്ഷണത്തിന്റെ ഫലം സ്വാധീനിക്കുന്ന പരീക്ഷണം) വിശദീകരിക്കാനോ ഒക്കെ നോബൽ സമ്മാനം കിട്ടിയ ഒരു ശാസ്ത്രഞ്ജനോട് ചോദിച്ചാൽ പോലും പുള്ളി ഒന്നു മടിക്കും, ഒരു പക്ഷെ ഒരു ബോർഡ് നിറയെ നിങ്ങൾക്ക് മനസിലാകാത്ത കുറെ സമവാക്യങ്ങളിൽ ആയിരിക്കും കൂടുതൽ നിർബന്ധിച്ചാൽ ഉത്തരം എത്തിച്ചേരുക.

കാരണം ശാസ്ത്രം അത്ര വിപുലമാണ്, സന്ദേഹങ്ങളുടെ കൂമ്പാരവുമാണ്. ഒരു കാര്യം എങ്ങിനെ സംഭവിക്കുന്നു എന്ന് അറിയില്ല എന്നതാണ് ശാസ്ത്ര പഠനത്തിന്റെ ആദ്യപടി, എല്ലാം അറിയാം എന്നത് മതത്തിന്റെയും.

“Anyone who is not shocked by quantum theory has not understood it” എന്ന് നീൽസ് ബോറും,

“If you think you understand quantum mechanics, you don’t understand quantum mechanics” എന്ന് റിച്ചാർഡ് ഫെയിൻമാനും

ഒക്കെ പറയുന്നത് ഈ ശാസ്ത്ര രഹസ്യങ്ങൾ കണക്കിന്റെ സഹായമില്ലാതെ മനസിലാക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ്.

യാഥാർത്ഥത്തിൽ മതങ്ങളുടെ അകത്തും, മതങ്ങൾ തമ്മിലും വലിയ സംവാദങ്ങൾ നടക്കാറുണ്ട്. ബുദ്ധ ജൈന മതങ്ങളും ആയി നമ്മുടെ സ്വന്തം ആദിശങ്കരൻ നടത്തിയ സംവാദങ്ങൾ പ്രശസ്തമാണ്. തർക്കശാസ്ത്രം എന്നൊരു സംഭവം തന്നെ ഹിന്ദു തത്വശാസ്ത്രത്തിന്റെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്. ഒരാൾ ഒരു പോയിന്റ് പറയുകയും അത് ഖണ്ഡിച്ച് കൊണ്ട് മറുവാദം ഉന്നയിക്കുകയും, ചെയുന്ന പൂർവ പക്ഷ , അപര പക്ഷ എന്ന താർക്കിക രീതികളും മറ്റും ഇങ്ങിനെ ഉണ്ടായി വന്നവയാണ്.

എന്ത് അറിയുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങിനെ തർക്കിക്കുന്നു എന്നുള്ളതും. തർക്കിക്കാൻ വരുന്ന ആളുടെ വ്യൂ പോയിന്റിൽ നിന്ന് സംസാരിച്ചു തുടങ്ങി , അത് ഖണ്ഡിച്ചതിനു ശേഷം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുക എന്നത് ഇവർ പിന്തുടരുന്ന രീതിയാണ്. രവിചന്ദ്രനും ചിദാനന്ദപുരിയും തമ്മിലുള്ള സംവാദത്തിൽ ഇത് വ്യക്തമായി കാണാം. പിന്നെ രവിചന്ദ്രൻ ആയത്കൊണ്ട് പിടിച്ചു നിന്നു കുറേകൂടി അറിവുള്ള ആരെങ്കിലും ആയിരുന്നു എങ്കിൽ പണി ഇനിയും പാളിയേനെ …

കൂടുതൽ അറിവുള്ളവർക്ക് തർക്കത്തിൽ ജയിക്കാൻ കഴിയാതെ വരുന്നത് Dunning-Kruger Effect എന്ന പ്രതിഭാസം മൂലമാണ്. നമ്മൾ കുറച്ചു പഠിച്ചതോ ഈയടുത്ത പഠിക്കാൻ തുടങ്ങിയതോ ആയ വിഷയങ്ങളെകുറിച്ച് വളരെ അധികം ആത്മവിശ്വാസത്തോടെ കൂടുതൽ സംസാരിക്കും എന്നും, ആ വിഷയത്തിലുള്ള ആഴത്തിലുള്ള അറിവ് ലഭ്യം ആകുന്ന മുറക്ക് നമ്മുടെ ആത്മവിശ്വാസം കുറഞ്ഞു വരികയും, ( നമുക്ക് ഒന്നും അറിയില്ല എന്ന ഒരു വിചാരം വരും) നല്ല പോലെ ആ വിഷയത്തെ കുറിച്ച് പഠിച്ച് കഴിഞ്ഞ ഒരാൾ, എല്ലാവര്ക്കും ഇതൊക്കെ അറിയാവുന്നത് ആണല്ലോ എന്ന് കരുതി മൗനമായി ഇരിക്കുകയും ചെയ്യുന്ന ഒരു വിചിത്ര പ്രതിഭാസം ആണിത്. സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് ഒരു സെമിനാർ വച്ചാൽ, സാമ്പത്തിക ശാസ്ത്രജ്ഞൻ ആയ മൻമോഹൻ സിംഗ് വളരെ കുറച്ചു മാത്രം സംസാരിക്കും എന്നും, നോട്ട് നിരോധിച്ച നമ്മുടെ പ്രധാനമന്ത്രി മണിക്കൂറുകളോളം സംസാരിക്കും എന്നും നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

വിശ്വാസികളോടുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ലളിതമാണ്. ദൈവം നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും സൃഷ്ടിക്കുന്നതിന് പകരം നല്ല മനുഷ്യരെ മാത്രം സൃഷ്ടിച്ചിരുന്നു എങ്കിൽ ഇക്കാണുന്ന ലോക പ്രശ്ങ്ങൾ ഒന്നുമുണ്ടാകില്ലായിരുന്നു , ചെകുത്താന്റെയും നരകത്തിന്റെയും ആവശ്യം പോലും വരില്ല. ഇതുപോലുള്ള ഒരു ചോദ്യം ഇസ്ലാമിന്റെ അകത്ത് തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവം ബുദ്ധിയും വിവേകവും ഉള്ള മനുഷ്യനെ സൃഷിടിച്ചു എങ്കിൽ ആ വിവേകം ഉപയോഗിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നത് ദൈവികം തന്നെ അല്ലെ എന്നതായിരുന്നു ചോദ്യം. അതെ എന്നും ദൈവം തന്ന ബുദ്ധിയും വിവേകവും ഉപയോഗപ്പെടുത്തണം എന്നും ഉള്ള വാദമാണ് ആദ്യകാലങ്ങളിൽ വിജയിച്ചതും ബാഗ്ദാദ് പോലുള്ള നഗരങ്ങളിൽ അറിവിന്റെയും ശാസ്ത്രത്തിന്റെയും വളർച്ച വളരെ ഉയരങ്ങളിൽ എത്തിയതും, ആധുനിക ശാസ്ത്രത്തിന്റെയും, കണക്കിന്റെയും എല്ലാം അടിത്തറ പാകാൻ ഇടയാക്കപ്പെട്ടതും.

എന്നാൽ പിന്നീട് ഖുർആൻ ദൈവ വചനം ആണെന്നും, അതിലെ സൂക്തങ്ങളും ഹദീസും അതേപടി , മനുഷ്യ ബുദ്ധി ഉപയോഗിക്കാതെ പിന്തുടരണം എന്നും, ഖുർആൻ അറബിയിൽ തന്നെ പഠിക്കണമെന്നും, വിവർത്തനം ചെയ്താൽ അല്ലാഹുവിനെ നിന്ദിക്കൽ ആകും എന്നെല്ലാം പറയുന്ന ഒരു ഓർത്തഡോൿസ് ചിന്താ രീതി അഹ്മദ് ഇബ്ൻ ഹൻബാൽ അവതരിപ്പിച്ചു. തങ്ങളുടെ ഭരണം നല്ലതായാലും മോശമായാലും ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ച ഭരണാധികാരികൾ യുക്തിവാദത്തിൽ അധിഷ്ഠിതമായ ഇസ്ലാമിൽ നിന്ന് ഹൻബാലിലേക്ക് പതുക്കെ ചുവടു മാറി.

ഖുർആനിലെ ശാസ്ത്രം എന്നൊക്കെ വാദപ്രതിവാദം നടത്തുന്നവർ യാഥാർത്ഥത്തിൽ ചെയ്യുന്നത് ഖുർആനിന്റെ തന്നെ ഒരു വ്യഖ്യാനത്തിന്റെ ഫലമായി ഉണ്ടായ ഒരു സാമൂഹിക ക്രമത്തിൽ ഉണ്ടായ ശാസ്ത്ര അറിവുകളെ നിഷേധിക്കലാണ്.

നോട്ട് : ജബ്ബാർ മാഷും അക്ബർ സാഹിബും തമ്മിൽ നടന്ന വാദപ്രതിവാദം ആദ്യത്തെ കുറച്ച് സമയം മാത്രമാണ് ഞാൻ കണ്ടത്. ആഴക്കടലിൽ ഉള്ള മേഘങ്ങൾ എത്തിയപ്പോൾ നിർത്തി. നല്ല ബോറടി ആയിരുന്നത് കൊണ്ട് പിന്നീട് കാണാൻ മുതിർന്നില്ല. ഞാൻ മേല്പറഞ്ഞ ക്വാണ്ടം ഭൗതികശാസ്ത്രത്തെ കുറിച്ചോ ഡബിൾ സ്ലിറ്റ് പരീക്ഷണത്തെ കുറിച്ചോ ഒക്കെ ചോദിച്ചാലും അക്ബർ സാഹിബ് ഖുറാനിൽ നിന്ന് ഉത്തരം കൊണ്ടുവരും എന്ന് ഉറപ്പാണ്. എനിക്ക് സഹതാപം മാത്രമാണുള്ളത്, കാരണം മതം ചെറുപ്പം മുതൽ നടത്തുന്ന കണ്ടിഷനിംഗ് വലിയൊരു പ്രശ്നമാണ്. ഖുർആൻ ഹദീസ് എന്നൊക്കെയുള്ള കിണറുകളിൽ ഇറങ്ങി നിൽക്കുന്ന ഇവർ പുറത്തുള്ള ഒരു വലിയ ലോകമാണ് കാണാതെ പോകുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: