ഇന്ന് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു അമേരിക്കയിൽ രാഷ്ട്രീയമായി എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ആദ്യത്തേത് ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു, രണ്ടു സീറ്റ് ഡെമോക്രറ്റുകൾക്ക് കിട്ടിയാൽ ജോ ബൈഡനു മനസമാധാനത്തോടെ ഭരിക്കാം. രണ്ടു സീറ്റിലും ഡെമോക്രറ്റുകൾ ജയിച്ച് സെനറ്റിലെ അധികാരം പിടിച്ചെടുക്കുന്നത് കണ്ട ആശ്വാസത്തിൽ ആയിരുന്നു ഞാൻ.
അടുത്തത് ട്രമ്പ് അനുകൂലികൾ വാഷിംഗ്‌ടൺ ഡിസിയിൽ നടത്താൻ പ്ലാൻ ചെയ്തിരുന്ന റാലി ആയിരുന്നു. എന്റെ ടൌൺ ആയ എഡിസണിൽ നിന്ന് റിപ്പബ്ലിക്കൻ അനുകൂലികൾ ബസ് എല്ലാം ഏർപ്പാട് ചെയ്തിരുന്നു, എനിക്ക് ജോലി ഉണ്ടായിരുന്നത് കൊണ്ട് പോകാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ഇതുപോലെ ഉള്ള സംഭവങ്ങൾ നേരിട്ട് കാണാൻ താല്പര്യം ഉള്ള ഒരാളാണ് ഞാൻ.
ട്രമ്പ് ഈ റാലിയെ അഭിസംബോധന ചെയ്യുന്നത് ഞാൻ കുറച്ചു നേരം ടിവിയിൽ കേട്ടിരുന്നു. കളവാണ് പറയുന്നത് എന്ന ഒരു ഭാവവും ഇല്ലാതെ സംസാരിക്കുന്ന ട്രമ്പ് എന്റെ എന്നത്തേയും ഒരു സ്പെസിമെൻ ആണ്. പക്ഷെ ആ പ്രസംഗം കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ ആണ് സെനറ്റ് കൂടുന്ന US ക്യാപിറ്റൽ കെട്ടിടത്തിൽ ട്രൂമ്പ് അനുകൂലികൾ ഇരച്ചു കയറി എന്നും ഒന്നോ രണ്ടോ പൈപ്പ് ബോംബുകൾ കണ്ടെടുത്തു എന്നും വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചു എന്നതും എല്ലാം വാർത്തയിൽ കാണുന്നത്. വാർത്ത കണ്ട് ജോലി എല്ലാം തത്കാലം നിർത്തിവച്ച് ടിവിയുടെ മുന്നിൽ ഇരുന്ന ഞാൻ നോക്കിയപ്പോൾ എന്റെ കുട്ടികൾ ഇതൊന്നും ശ്രദ്ധിക്കാതെ വേറെ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടികളെ വിളിച്ചു നടക്കുന്നതൊക്കെ ടിവിയിൽ കാണിച്ചു കൊടുത്തു. വലിയ താല്പര്യം ഇല്ലാതെ കണ്ടിട്ട് അഞ്ച് മിനിറ്റ് കഴിഞ്ഞു അവരെഴുന്നേറ്റു പോയി.
നിങ്ങളിങ്ങനെ ടിവി കണ്ടിരിക്കാതെ നമുക്ക് പട്ടിയെ നടത്താൻ കൊണ്ടുപോകാം എന്ന് ഭാര്യ. അമേരിക്കൻ ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടലാണ് വാഷിംഗ്‌ടൺ ഡിസിയിൽ നടന്നു കൊണ്ടിരിക്കുന്നത് എന്നും, ഇത് എന്തായാലും എനിക്ക് കാണണം എന്നൊക്കെ പറഞ്ഞിട്ട് ഫലമുണ്ടായില്ല, അതൊക്കെ അങ്ങിനെ നടക്കും, പട്ടിയെ നടത്താൻ കൊണ്ടുപോയില്ലെങ്കിൽ പിന്നെ ഇരുട്ടിയാൽ ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു അവളെന്നെ പട്ടിയെ നടത്താൻ കൂടെ കൊണ്ടുപോയി.
എന്തുകൊണ്ടായിരിക്കും ചിലർ രാഷ്ട്രീയത്തിൽ അമിതമായി ആവേശം കാണിക്കുമ്പോൾ മറ്റുള്ള പലരും അതിൽ ഒരു താല്പര്യവും കാണിക്കത്തത്? അതിനെകുറിച്ച് ആലോചിക്കുന്നത് വളരെ രസകരമായ കാര്യമാണ്. പ്രത്യേകിച്ചും കൊച്ചിയിൽ വി ഫോർ കൊച്ചി പോലുള്ള സംഘടനകൾ പരമ്പരാഗതമായ രാഷ്ട്രീയ പാർട്ടികൾക്ക് ബദലായി വളരുന്നു വരുന്ന ഈ സാഹചര്യത്തിൽ.
ആദ്യമായി നമുക്ക് മനസിലാക്കേണ്ട കാര്യം രാഷ്ട്രീയം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല എന്നതാണ്. നമ്മൾ കൊടുക്കുന്ന നികുതി എങ്ങിനെ സമൂഹത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് നിങ്ങളുടെ ജീവിത സാഹചര്യങ്ങളെയും നിലവാരത്തെയും അവകാശങ്ങളെയും എല്ലാം ബാധിക്കുന്ന ഒരു കാര്യമാണ്. പലരും അരാഷ്ട്രീയത പറയുന്നത് അവർക്ക് വേണ്ടതെല്ലാം നന്നായി നടക്കുന്നത് കൊണ്ടുമാത്രമാണ്. അതിനു നല്ല ഒരുദാഹരണമാണ് ഇന്ന് ക്യാപിറ്റൽ ഹില്ലിൽ നടന്ന സമരം, ഇവിടെ പഠിക്കുന്ന എന്റെ കുട്ടികൾക്കും , ജോലി ചെയ്യുന്ന ഭാര്യയ്ക്കും അതൊരു പ്രശ്നമേ അല്ല. ആര് ഭരിച്ചാൽ എന്താണ് നമുക്ക് ശമ്പളം കിട്ടിയാൽ മതി.
പക്ഷെ അമേരിക്കയിൽ വെള്ളക്കാരായ പോലീസുകാരുടെ വംശവെറിക്ക് ദിവസേന ഇരയാകുന്ന കറുത്ത വർഗക്കാർക്ക് ഏതു സർക്കാർ വരുന്നു എന്നത് ഒരു വലിയ പ്രശ്നമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ജനാധിപത്യ മാർഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരത്തിൽ കയറണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചുരുക്കി പറഞ്ഞാൽ സ്വന്തം ചോരയിൽ മണ്ണ് വീഴുന്നത് വരെ മാത്രമേ ഉള്ളൂ ആളുകളുടെ അരാഷ്ട്രീയത. ഇത് പരീക്ഷിച്ചു നോക്കണമെങ്കിൽ അരാഷ്ട്രീയനാണ് എന്ന് പറയുന്ന ഒരു “മേൽ” ജാതിക്കാരനോട് സംവരണത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു നോക്കൂ, പെട്ടെന്ന് പുള്ളിയുടെ രാഷ്ട്രീയം പുറത്തേക്ക് ചാടുന്നത് കാണാം.
പട്ടിണി കിടക്കുന്നവനും, ഭൂമി രഹിതനും, കോളനിയിൽ താമസിക്കുന്നവയും, ആദിവാസിക്കും , സർക്കാർ കോളേജിൽ പടിക്കുന്നവനും എല്ലാം രാഷ്ട്രീയം വളരെ പ്രധാനപെട്ടതാണ്. കാരണം രാഷ്ട്രീയക്കാർ എടുക്കുന്ന തീരുമാനങ്ങൾ അവരുടെ ദൈനം ദിന ജീവിതത്തെ വളരെ അധികം ബാധിക്കും. നല്ല സ്വത്തും വരുമാനവും ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം പക്ഷെ സർക്കാരിന്റെ തീരുമാനങ്ങൾ മേല്പറഞ്ഞ കൂട്ടരോളം ബാധിക്കില്ല എന്നത് കൊണ്ട് അവർ അരാഷ്ട്രീയത എന്ന മേനി നടിക്കും. ഇങ്ങിനെയുള്ളവരുടെ രാഷ്ട്രീയം പലപ്പോഴും അവരുടെ മതവും ജാതിയും ആയി ബന്ധപെട്ടായിരിക്കും പുറത്തു വരിക. പൗരത്വ ബില്ല് പോലുള്ള പ്രശനങ്ങൾ വരുമ്പോൾ ചിലർ അരാഷ്ട്രീയ വാദികൾ ആകുന്നതും, അവർ തന്നെ ശബരിമല പ്രശ്നത്തിൽ പെട്ടെന്ന് രാഷ്ട്രീയമായി ഉൽബുദ്ധരാകുന്നതും ഇതേ കാരണം കൊണ്ടാണ്.
ഇങ്ങിനെ അല്ലാതെ സ്വന്തം കാര്യത്തിനല്ലാതെ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരുമുണ്ട്, അത് ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയ പ്രസ്ഥനങ്ങളിലൂടെ പ്രവർത്തിച്ചു വന്നവരുടെ ഒരു സ്വഭാവ സവിശേഷതയാണ്. ഉദാഹരണത്തിന് എന്റെ വീടിന്റെ അടുത്തുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് സഖാവ് മാത്യു ചേട്ടൻ. എന്റെ വീടിനടുത്തുള്ള മിക്കവരും ഒരു പ്രശ്നം വരുമ്പോൾ പുള്ളിയെ ആണ് സമീപിക്കുക, എന്റെ ചെറുപ്പം മുതൽ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് സ്വന്തം കാര്യം നോക്കാതെ ഓടിനടക്കുന്നത് ഒരാളായി മാത്രമാണ് മാത്യു ചേട്ടനെ കണ്ടിട്ടുള്ളത്. അങ്ങനെയുള്ളവർ ഏതു പാർട്ടിയിൽ ആയാലും മറ്റുള്ളവരുടെ പ്രശനങ്ങൾ സ്വന്തം പ്രശ്നങ്ങൾ ആയി മനസിലാക്കാൻ കഴിവുള്ളവരാണ്. അരാഷ്ട്രീയക്കാർ ആകട്ടെ സ്വന്തം ഇറച്ചിയിൽ മണ്ണ് പറ്റുമ്പോൾ മാത്രം രാഷ്ട്രീയം പറയുന്നവരും.
രാഷ്ട്രീയം പറയുക, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു ലോക പരിചയവും, വായിച്ചുള്ള അറിവും, ഒരു സമൂഹം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന ബോധവും എല്ലാം വേണം, കുറഞ്ഞത് ദിവസേന പത്രം വായിച്ചുള്ള പരിചയം എങ്കിലും വേണം. അത് പലർക്കും ഉണ്ടാകണമെന്നില്ല. അങ്ങിനെയുള്ളവരുടെ എളുപ്പവഴിയാണ് അരാഷ്ട്രീയ വാദം. ഇങ്ങിനെയുള്ള അരാഷ്ട്രീയ വാദവും ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്, തന്നെ ബാധിക്കാത്ത കാര്യങ്ങളെ തങ്ങൾ അവഗണിക്കുന്നു എന്ന ചോയ്സ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അരാഷ്ട്രീയ വാദം ഒരു തരത്തിലുള്ള രാഷ്ട്രീയം തന്നെയാണ്.
ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഏതാണ്ട് എല്ലാ ദിവസവും ഉള്ള പഠിപ്പു മുടക്കി സമരവും ബസിനു കല്ലെറിയാലും മറ്റുമായി വൃത്തികെട്ട ഒരു രാഷ്ട്രീയ സംസ്കാരം കേരളത്തിലെ ക്യാമ്പസുകളിൽ ഉണ്ടായിരുന്നു. അതിനെതിരെ ഉള്ള ജനരോഷം ഉണ്ടായിരുന്നു. അവസാനം കാമ്പസുകളിലെ രാഷ്ട്രീയ നിരോധനത്തിലെത്തിലേക്കാണ് കാര്യങ്ങൾ എത്തി നിന്നത്. ഒരു വ്യക്തി അയാളുടെ രാഷ്ട്രീയ പക്വത കൈവരിക്കേണ്ട ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുക എന്നത് ആന മണ്ടത്തരമാണ്. ക്യാമ്പസുകളിൽ പക്വതയാർന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയാണ് വേണ്ടത്. അമേരിക്കയിലെ ഏറ്റവും നല്ല പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നായ UC ബെർക്കിലിയിൽ ആണ് വിയറ്റ്നാം യുദ്ധത്തിനെതിരെ ഉള്ള സമരങ്ങൾ നടന്നത്.
പലപ്പോഴും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ മനം മടുക്കുന്ന ചിലർ ചില അരാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുന്നത് കാണാം. ഡൽഹിയിൽ നിർഭയ കേസും ആയി ബന്ധപെട്ടു നടന്ന സമരങ്ങളും, അണ്ണാ ഹസാരെ നടത്തിയ സമരങ്ങളൂം അത്തരത്തിലുള്ളവ ആയിരുന്നു. പക്ഷെ കുറെ കഴിഞ്ഞാണ് ഇതിന്റെ പിറകിൽ ഫണ്ട് ചെയ്യുന്നത് സംഘപരിവാർ ആണെന് തിരിച്ചറിയുന്നത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു, കുറെ അധികം ആളുകൾ സംഘപരിവാർ പാളയങ്ങളിൽ എത്താൻ അണ്ണാ ഹസാരെ നിമിത്തമായിട്ടുണ്ട്.
കേരളത്തിൽ പല പ്രദേശങ്ങളിലും ഇത്തരം പുതിയ രാഷ്ട്രീയ പാർട്ടികൾ ഉദയം ചെയ്തു വന്നിട്ടുണ്ട്. അവയൊന്നും അരാഷ്ട്രീയം എന്ന് ഞാൻ വിളിക്കില്ല, കാരണം പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും പല കാര്യങ്ങളിലും അഭിപ്രായം പറയുകയും എല്ലാം ചെയ്യുന്ന ജനാതിപത്യ പ്രക്രിയകളി പങ്കെടുക്കുന്ന സംഘടനകൾ ആണവ. പക്ഷെ അത്തരം സംഘടനകൾ മനസിലാക്കേണ്ട ഒരു കാര്യം രാജ്യത്ത് ഒരു ജനാതിപത്യ സർക്കാരും അതിന്റെ ചട്ടകൂടുകളും നിയമങ്ങളും നിലവിലുണ്ടെന്നും അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ആണ്. അല്ലാതെ നിയമം കൈയിലെടുത്താൽ , നിങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ മറ്റുള്ളവർ ഇതുപോലെ ചെയ്താൽ നിങ്ങൾക്ക് മറുപടി ഉണ്ടാവില്ല.
ഈയടുത്ത് മാത്രം നിർമാണം കഴിഞ്ഞ, ലോഡ് ടെസ്റ്റ് ഒക്കെ കഴിഞ്ഞു അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഉത്ഘാടനം തീരുമാനിച്ച ഒരു പാലം വി ഫോർ കൊച്ചി തുറന്നു കൊടുക്കുന്നത് പക്വതയില്ലായ്മയാണ്. ട്രോളുകൾ വരാനുള്ള കാരണവും അതാണ്. വി ഫോർ കൊച്ചി പോലുള്ള സംഘടനകൾക്ക് ചെയ്യാവുന്ന വളരെ പ്രധാനപ്പെട്ട മറ്റു രണ്ടു കാര്യങ്ങൾ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉള്ള ശ്രമങ്ങളും, പാലാരിവട്ടം പാലത്തിലെ അഴിമതിയിൽ യഥാർത്ഥ കാരണക്കാരെ പുറത്തു കൊണ്ടുവരികയും മറ്റുമാണ്.
ഓർക്കുക, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ആണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് വഴി അധികാരത്തിൽ വരിക എന്നതാണ് നിങ്ങൾ ചെയ്യേണ്ട ആദ്യ പടി. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ക്ഷേമത്തിന് നിങ്ങൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നെല്ലാം ഒരു ധവള പത്രമോ മാനിഫെസ്റ്റോയോ ഒക്കെ ഇറക്കിയാൽ ആളുകൾക്ക് നിങ്ങളുടെ ആശയങ്ങൾ മനസിലാക്കാൻ അത് സഹായിക്കും. പാലം തുറക്കുന്നത് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളിലെ പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിപ്പോകേണ്ട ഒന്നാവരുത് ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. മേല്പറഞ്ഞ പോലെ അരാഷ്ട്രീയ വാദമാണ് നിങ്ങളുടെ പ്രധാന മുഖം എങ്കിൽ അത് വലിയ കുഴപ്പത്തെ ഒന്നുമില്ലാതെ ജീവിതം നടന്നുപോകുന്നവന്റെ ഒരു പ്രിവിലേജ് മാത്രമാണ്.
പുതിയ ആശയങ്ങളുമായി പുതിയ പാർട്ടികൾ വരുന്നത് നല്ല കാര്യമാണ് , അതിന്റെ പിറകിൽ അരാഷ്ട്രീയതയിൽ ഒളിപ്പിച്ച് വച്ച് സംഘപരിവാർ ഇല്ലാത്ത കാലത്തോളം….
Leave a Reply