കുതിരകളുടെ ദൈവം..

“കുതിരകൾക്ക് ദൈവമുണ്ടായിരുന്നുവെങ്കിൽ അവ കുതിരകളെ പോലെയിരിക്കുകയും, കുതിരകളെ പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുമായിരുന്നു” : Xenophanes

ന്യൂ യോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ഒരു കോസ്മിക് നടപ്പാതയുണ്ട്. പ്രപഞ്ചം ഉണ്ടായിട്ടെത്ര നാളായി എന്ന് ആളുകൾക്ക് എളുപ്പം മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ 360 അടി നീളമുള്ള ഒരു പാതയാണത്. ഈ പാത തുടങ്ങുന്ന ഭാഗം നമ്മുടെ പ്രപഞ്ചം ഉണ്ടായ 13 ബില്യൺ അഥവാ 1300 കോടി വർഷങ്ങൾക്ക് മുൻപുള്ള നിമിഷം പ്രതിനിധീകരിക്കുന്നു. അവിടെ നിന്ന് നമ്മൾ വയ്ക്കുന്ന ഓരോ ചുവടും ദശലക്ഷണക്കിനു വർഷങ്ങളാണ്  പ്രതിനിധാനം ചെയ്യുന്നത്. 

സൗരയൂഥവും, സൂര്യനും ചന്ദ്രനും ഉണ്ടാകുന്ന ഭാഗങ്ങൾ കഴിഞ്ഞു, ദിനോസറുകളുടെ ഉത്ഭവവും തിരോധാനവും കഴിഞ്ഞു ഈ നടപ്പാതയുടെ ഏറ്റവും അവസാനം എത്തുമ്പോൾ ഒരു ഗ്ലാസ് പെട്ടിയിൽ ഒരു തലമുടി സൂക്ഷിച്ചിട്ടുണ്ട്. ഈ തലമുടിയുടെ വണ്ണം മനുഷ്യകുലത്തിന്റെ ചരിത്രം കുറിക്കുന്ന സമയം അളക്കാനായി വച്ചിരിക്കുന്നതാണ്. അതായത് നമ്മുടെ പ്രപഞ്ചം ഉണ്ടായ സമയം 360 അടിയിലേക്ക് ചുരുക്കിയാൽ വെറും ഒരു മുടിനാരിന്റെ കനം  മാത്രമാണ് നമ്മൾ ഈ ഭൂമിയിൽ ഉണ്ടായിക്കഴിഞ്ഞുള്ള കാലം. പാറ്റയും പള്ളിയും തുടങ്ങി അനേകമനേകം ജീവികൾ നമ്മൾക്ക് മുന്നേ ഉണ്ടായതാണ് ഒരു പക്ഷെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന്റെ അടിയിലുള്ള  സൂപ്പർ  അഗ്നിപർവതത്തിന്റെ  സ്‌ഫോടന ഫലമായോ, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന  ഒരു ഉൽക്കാപതനത്തിലോ മനുഷ്യവംശം നശിച്ചുപോയാലും ഈ പാറ്റയും പഴുതാരയും ഭൂമിയിൽ നിലനിന്നു എന്നും വരാം.

സമയത്തെ പോലെ ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം കണക്കാക്കിയാലും ഇത് തന്നെയാണ് സ്ഥിതി. ഓവർവ്യൂ എഫക്ട് എന്നൊരു സംഭവമുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും മറ്റും പോകുന്ന യാത്രികർ ഭൂമിയെ ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ അന്തരീക്ഷത്തിലെ വെറും ഒരു ചെറിയ നീല ഗോളമായി ഭൂമിയെ കാണുമ്പോൾ മനുഷ്യന്റെ നിസാരത അവർക്ക് ഓർമ വരുന്ന ഒരു വലിയ മാനസിക അനുഭവത്തെയാണ് ഓവർവ്യൂ എഫ്ഫക്റ്റ് എന്ന് വിളിക്കുന്നത്. വോയജർ സൗരയൂഥത്തിന് പുറത്തേക്ക് പോയപ്പോൾ ഭൂമിയിലേക്ക് തിരിച്ചു നിർത്തി എടുത്ത ഫോട്ടോയിൽ സൗരയൂഥത്തിൽ തന്നെ വെറും ഒരു പൊട്ടു മാത്രമായി ഭൂമിയെ കണ്ട കാൾ സാഗൻ അതിനെകുറിച്ച് ഒരു മങ്ങിയ നീല പൊട്ട് (A pale blue dot ) എന്ന വികാരഭരിതമായ പുസ്തകം എഴുതിയിട്ടുണ്ട്.

പക്ഷെ ഈ സൗരയൂധം തന്നെ നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയിലെ അഞ്ഞൂറോളം നക്ഷത്ര / ഗ്രഹ സമുച്ചയങ്ങളിൽ ഒന്ന് മാത്രമാണ്. നമ്മുടെ ആകാശ ഗംഗ പോലെ ഇരുപതിനായിരം  കോടി ഗാലക്സികൾ മനുഷ്യന് കാണാവുന്ന ഇടതു തന്നെയുണ്ട്. മനുഷ്യൻ കാണാത്ത ഇടത്ത് ഇനിയും എത്രയോ ഉണ്ടാകണം.

ഈ പറഞ്ഞ പ്രപഞ്ചത്തെ എല്ലാം സൃഷ്ടിച്ച നമ്മുടെ ദൈവങ്ങൾക്ക്  പക്ഷെ ഇത്ര വലിയ പ്രപഞ്ചത്തെ കുറിച്ച് വലിയ ഉത്കണ്ഠയൊന്നുമില്ല. എന്തിനേറെ ഈ ചെറിയ ഭൂമിയിലെ മനുഷ്യൻ ഒഴിച്ചുള്ള കോടാനുകോടി ജീവജാലങ്ങളെ കുറിച്ചുവരെ അവർക്ക് ഒരു ആശങ്കയുമില്ല. അവരുടെ ആശങ്കകകൾ  മുഴുവൻ  നമ്മുടെ മതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് നമ്മുടെ മതത്തിൽ നിന്ന് തന്നെയാണോ എന്നും, ഒരേ മതമായാലും പോലും ജാതി ഒന്ന് തന്നെയാണോ എന്നും ഒക്കെയാണ്. അതിനിടയ്ക്ക് ചില മനുഷ്യരെ കൊണ്ട് ദുഷ്ടത്തരങ്ങൾ ചെയ്യിക്കണം, അവരെ നരകത്തിൽ കൊണ്ടുപോയി ഇടണം തുടങ്ങിയ ചില്ലറപ്പണികൾ വേറെയുണ്ട്. അതിനു പകരം എല്ലാ മനുഷ്യരെ കൊണ്ടും നല്ലത് ചെയ്യിച്ചാൽ പോരെ എന്നൊന്നും ചോദിക്കരുത് അതിലൊരു ത്രില്ലില്ല.

കോടിക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പ്രപഞ്ചത്തിലെ വെറും വെറും രണ്ടു ലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രം ഉണ്ടായിവന്ന മനുഷ്യൻ എന്ന ജീവജാലത്തെകുറിച്ചാണ് ദൈവങ്ങളുടെ വിചാരം മുഴുവനും. അവർ എന്ത് കഴിക്കുന്നു, അവർ എങ്ങിനെ വിവാഹം കഴിക്കുന്നു, അവർ എങ്ങിനെ ജീവിക്കുന്നു, തനിക്ക് വേണ്ടി അവർ പുരോഹിതന്മാർക്ക് നല്ല പൈസ കൊടുക്കുന്നണ്ടോ, വലിയ പള്ളികളും അമ്പലങ്ങളും പണിയുന്നുണ്ടോ, കൊടിമരം സ്വർണം കെട്ടുന്നുണ്ടോ , ക്ഷേത്രം പണിയുമ്പോൾ പതിനായിരം ലിറ്റർ പാൽ അതിന്റെ അടിത്തറയിൽ ഒഴിക്കുന്നുണ്ടോ, തന്നെ കാണാൻ വരുന്ന സ്ത്രീക്ക് ആർത്തവം ഉണ്ടോ എന്നെല്ലാം നോക്കുന്ന ഈ ദൈവങ്ങളെ കണ്ടിട്ട് മനുഷ്യരെ പോലെ തോന്നുന്നുണ്ടെങ്കിൽ കാരണം അതാണ് യാഥാർഥ്യം എന്നതാണ്.

പല ദൈവങ്ങളുടെ രൂപങ്ങൾ പോലും മനുഷ്യന്റേതാണ്. അവരുടെ കഥകളിൽ പോലും പ്രണയവും രതിയും വിഹാരവും എല്ലാമാണ്. മറ്റു ചില ദൈവങ്ങൾക്ക് തങ്ങളുടെ സൃഷ്ടിയായ മനുഷ്യനോട്  കാര്യങ്ങൾ പറയാൻ മടിയാണ്. അവർ  കാര്യങ്ങളെല്ലാം പ്രവാചകർ വഴിയാണ് പറയുന്നത്. ദൈവം പ്രവാചകൻ വഴി മനുഷ്യരോട് സംസാരിക്കുന്നു എന്ന് പറയുന്നതും ഇതേ പ്രവാചകർ തന്നെയാണെന്നതാണ് ഇതിന്റെ വലിയ തമാശ. പക്ഷെ ഇത്ര വലിയ പ്രപഞ്ചം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന ദൈവങ്ങൾക്ക്  ഭൂമിയിലെ സ്ത്രീ സ്വാതന്ത്ര്യം, മനുഷ്യ അവകാശങ്ങൾ, സാമൂഹിക തുല്യത ഒക്കെ നടപ്പിലാക്കാൻ സമയവുമില്ല താല്പര്യവുമില്ല.

ഇത്രയും വലിയ പ്രപഞ്ചത്തിലെ ഒരു പൊടി മാത്രമായ ഭൂമിയിൽ, ഇത്രയും നാളത്തെ കാലയളവിൽ ഇങ്ങേ തലക്കലെ ഒരു മൈക്രോ സെക്കൻഡിൽ മാത്രം  നിൽക്കുന്ന മനുഷ്യരാണ് മതത്തിന്റെയും ജാതിയുടെയും അതിർത്തികളുടെയും പേരിൽ തമ്മിൽ തല്ലുന്നതും പരസ്പരം കൊല്ലുന്നതും എന്നോർക്കുമ്പോൾ, മനുഷ്യർ ഉണ്ടാക്കിയ മനുഷ്യക്കോലം ഉള്ള ദൈവങ്ങളെ ഓർത്തു എനിക്ക് സഹതാപം തോന്നുന്നു. മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങൾക്ക് മനുഷ്യരേക്കാൾ മാനസികമായി ഉയരാൻ കഴിയില്ലല്ലോ. ആദ്യം പറഞ്ഞ പോലെ കുതിരകൾക്കും കഴുതകൾക്കും ദൈവമുണ്ടായിരുന്നെങ്കിൽ  അവ കുതിരകളെയും കഴുതകളെയും പോലെ ഉണ്ടായിരുന്നേനെ, അവ കുതിരകളെയും കഴുതകളെയും പോലെ ചിന്തിക്കുകയും ചെയ്തേനേ ….

ഇത്രയും വാരി വലിച്ചെഴുതിയത് ഒരു മഹാ കവിക്ക് മാത്രം കഴിയുന്ന തരത്തിൽ  വയലാർ നാലു വരിയിൽ മനോഹരമായി ഒതുക്കിയിട്ടുണ്ട്.  

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു – മനസ്സു പങ്കു വച്ചു….”

മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പൗരത്വത്തിന്റെയും ജനിച്ച രാജ്യത്തിന്റെയും തൊലിയുടെ നിരത്തിന്റെയും എല്ലാം  പേരിൽ മറ്റൊരാളെ വിധിക്കാനും വെറുക്കാനും തുടങ്ങുന്നതിനു മുൻപ് നമ്മുക്കെല്ലാം ഒരു കാര്യമോർക്കാം , പ്രപഞ്ചത്തിലെ  വെറും പൊടി മാത്രമാണ് നമ്മൾ, വെറും ഒരു കുമിളയുടെ പോലും ആയുസില്ലാത്തവർ. സ്നേഹം കൊണ്ട് കാലത്തേ കീഴ്പ്പെടുത്താൻ എല്ലാവർക്കും  കഴിയട്ടെ…

എന്ന് സ്വന്തം സ്വാമി ഹുസൈനാനന്ദ….

ചിത്രം : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: