നിങ്ങൾ തീറ്റ കൊടുത്തു വളർത്തിയ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊന്നിട്ടുണ്ടോ?
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആടും, കോഴിയും, താറാവും എല്ലാം വളർത്തിയിരുന്നു, കൂടെ കുറെ പൂച്ചകളും. അഞ്ചു സെന്റ് മാത്രം സ്ഥലം ഉള്ളതിനാൽ വലിയ തോതിലുള്ള ഫാം ഒന്നും ആയിരുന്നില്ല, ആകെ നാലു ആടുകൾ, പത്തോ ഇരുപതോ കോഴികളും താറാവുകളും, മൂന്നോ നാലോ പൂച്ചകളും എന്നും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം കോഴികളും താറാവും കഴിക്കും, ബാപ്പ പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പ്ലാവിന്റെ ഇലയും കപ്പലണ്ടി പിണ്ണാക്കും ആടും ശാപ്പിടും. മുട്ടയും ആട്ടിൻ പാലും വിട്ടു കിട്ടുന്ന വരുമാനം ഉമ്മാക്ക് വലിയ ഒരാശ്വാസം ആയിരുന്നു.
മേല്പറഞ്ഞ എല്ലാ മൃഗങ്ങൾക്കും സ്വന്തമായി പേരുണ്ടായിരുന്നു. ആടിന്റെ പേര് കിങ്ങിണി എന്നോ അമ്മിണി എന്നോ ആയിരുന്നു എന്നാണോർമ. കോഴികൾക്കും അതുപോലെ ഓരോരുത്തർക്കും പ്രത്യേകം പേരുണ്ടായിരുന്നു. പേര് വിളിച്ച് ചോറ് കൊടുത്തു ശീലിപ്പിച്ചത് കൊണ്ട് പേര് വിളിച്ചാൽ ഓടി വരുന്ന കോഴികളും ആടുകളും പൂച്ചകളും ആയിരുന്നു എന്റെ വീട്ടിലുണ്ടായിരുന്നത്. കോഴി മുട്ട അടവച്ച് വിരിയിച്ച്, പെൺ ആടിനെ മുട്ടനാടുള്ള വീട്ടിൽ “ചവിട്ടിക്കാൻ” കൊണ്ടുപോയി ചെനയാക്കി പ്രസവം നോക്കി ഒക്കെ പല തലമുറകളായി ഉള്ള കോഴികളും ആടുകളും പൂച്ചകളും ഒക്കെ ആയി ഒരു ലോകം.
ആദ്യം വളർത്തിയ കോഴി വയസായപ്പോഴാണ് ഇറച്ചിക്ക് വേണ്ടി അറുക്കാം എന്നൊരു ചർച്ച വന്നത്. വീട്ടിലെ ഒരംഗത്തെ പോലെ വളർന്ന കോഴിയെ ഭക്ഷണത്തിനായി അറുക്കുന്നത് ഞങ്ങൾ കുട്ടികൾക്ക് ആലോചിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു. മാസത്തിൽ ഒരിക്കൽ എങ്കിലും ഇറച്ചി കടയിൽ നിന്ന് അരക്കിലോയോ ഒരു കിലോയോ ഇറച്ചി വാങ്ങി കറി വച്ച് കഴിക്കുന്ന ആളുകൾ ആയിരുന്നു ഞങ്ങൾ, അതുകൊണ്ട് മാംസം തിന്നുന്നത് ഒരു പ്രശ്നം ആയിരുന്നില്ല, പക്ഷെ ആരോ വളർത്തിയ മൃഗങ്ങളെ ആരോ കൊന്നിട്ട് അതിന്റെ ഇറച്ചി വാങ്ങുമ്പോൾ അത് വെറും ഇറച്ചി മാത്രമാണ്, അതിന്റെ പിറകിൽ ആരോ വളർത്തിയ ഒരു മൃഗം ഉണ്ടായിരുന്നു എന്നോ, ആ വളർത്തിയ ആളും മൃഗവും തമ്മിൽ ഞങ്ങളുടെ വീട്ടിലെ പോലെ സ്നേഹം ഉണ്ടായിരുന്നു എന്നോ ഞങ്ങൾ ഒരിക്കലും ആലോചിച്ചിരുന്നില്ല.
ഞങ്ങളുടെ പ്രതിഷേധം കാരണം കുറെ നാൾ മാറ്റിവച്ചു എങ്കിലും വീട്ടിൽ അപ്രതീക്ഷിതമായി ഒരതിഥി വന്ന ദിവസം ഉമ്മ ആ കോഴിയെ അറുക്കുക തന്നെ ചെയ്തു. ഒരു മരണവീട് പോലെ ആയിരുന്നു വീട്ടിലെ അന്തരീക്ഷം. ഉമ്മ ഉൾപ്പെടെ ആരും കോഴിക്കറി കഴിച്ചില്ല. ബാപ്പയ്ക്ക് ആ പ്രശ്നം ഒന്നും ബാധിക്കാത്ത പോലെ തോന്നി, ഒരുപക്ഷെ കൊല്ലാതെ ഭക്ഷിക്കാൻ ആവില്ല എന്ന പ്രാഥമിക പാഠം പുള്ളിക്ക് അപ്പോഴേക്കും മനസിലായി കാണണം.
ഞങ്ങളുടെ ആട് പ്രസവം ഒക്കെ മതിയാക്കി പാൽ കറവ വറ്റി കഴിഞ്ഞപ്പോൾ ഒരു അറവുകാരനു വിറ്റപ്പോഴും ഇതേ അനുഭവത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയത്. ഞങ്ങളുടെ എതിർപ്പ് മൂലം പലപ്പോഴും പ്രായാധിക്യം മൂലം കോഴികൾക്ക് സ്വാഭാവിക മരണം സംഭവിക്കുന്ന ഒരു ഒരിടമായി ഞങ്ങളുടെ വീട് മാറി.
മനുഷ്യർ വേട്ടയാടിയും കായ്കനികൾ പെറുക്കി നടന്നപ്പോഴും കൊന്നു തിന്നുന്നതിൽ ഇതുപോലെ ഒരു കുറ്റബോധത്തിന്റെ പ്രശ്‌നം ഉണ്ടായിരിക്കാൻ സാധ്യതയില്ല, കാരണം അവനു പരിചയം ഇല്ലാത്ത, കാട്ടിലെ ഏതോ മൃഗത്തെ കൊന്നു തിന്നുന്നതിൽ എന്ത് കുറ്റബോധം, മാത്രമല്ല, കൊന്നില്ല എങ്കിൽ കൊല്ലപെടുന്നവൻ താൻ ആയിത്തീരാനും സാധ്യതയുള്ള ഒരു സമയം ആയിരുന്നിരിക്കണം അത്. കാട്ടിൽ വേട്ടയാടി നടക്കുകയും കായ്കനികൾ പെറുക്കി നടക്കുകയും ചെയ്ത സമയത് എഴുതിയ വേദങ്ങളിൽ കുതിരകളെ ബലി കൊടുത്തുള്ള യാഗങ്ങളും, ഇറച്ചി ഭക്ഷിക്കുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളും ഇതാവണം സൂചിപ്പിക്കുന്നത്.
പക്ഷെ കൃഷി തുടങ്ങുകയും ഒരിടത്ത് സ്ഥിരതാമസം ആവുകയും ചെയ്തപ്പോഴാണ് ഞാൻ മേലെ പറഞ്ഞ പോലുള്ള പ്രശനങ്ങൾ ഉത്ഭവിച്ചത്. തനിക്ക് പാല് തന്ന പശുവിനെയും , തന്റെ നിലം ഉഴുത കാളയെയും ഭക്ഷണത്തിനു വേണ്ടി കൊല്ലാൻ അവനു മനസ് വന്നു കാണില്ല. എന്നാൽ കൊല്ലാതെ ഭക്ഷിക്കാൻ കഴിയുകയും ഇല്ല. ഇന്ത്യയിൽ മനുഷ്യൻ കൃഷി തുടങ്ങി സ്ഥിരതാമസം ആയി വന്ന സമയത്തുള്ള ബുദ്ധ ജൈന മതങ്ങളിൽ അഹിംസയും വെജിറ്റേറിയൻ ഭക്ഷണവും കൂടുതൽ ശുപാർശ ചെയ്യപ്പെടാൻ കാരണം ഇതായിരിക്കാം. ഏതാണ്ട് അക്കാലത്തു തന്നെ വന്ന ഉപനിഷത്തുക്കൾ ഇതേ പാത പിന്തുടർന്നതിൽ അത്ഭുതമില്ല. പക്ഷെ അരിയും ഗോതമ്പും പോലെ അരിവാള് കൊണ്ട് മുറിച്ചെടുക്കുന്ന ചെടികളുടെ കാര്യത്തിലും കൊലപാതകം തന്നെയാണ് നടക്കുന്നത്. ഒരു പക്ഷെ നമുക്ക് മനസിലാകാത്ത രീതിയിൽ ആകാം അവയുടെ സ്ട്രെസ് പ്രകടിപ്പിക്കുന്നത്. മൃഗങ്ങളുടെ കാര്യത്തിൽ നമുക്ക് പെട്ടെന്നു മനസിലാകുന്ന തരത്തിലാണ് അവയുടെ ഭാവങ്ങൾ എന്നത് കൊണ്ട് നമുക്ക് മൃഗങ്ങളെ കൊല്ലുന്നത് കൂടുതൽ പ്രശനമായി തോന്നുന്നു എന്നെ ഉള്ളൂ. ഈ പ്രശ്നം ചില ഹിന്ദു മതവിശ്വാസികൾ പരിഹരിച്ചത് ഭക്ഷണം ആദ്യം ഒരു ദൈവത്തിന് പ്രസാദമായി സമർപ്പിച്ച ശേഷം കഴിക്കുക എന്ന വഴിയാണ്. മനുഷ്യന്റെ കുറ്റബോധം മാറ്റാനുള്ള കുറുക്കുവഴി ആയി ദൈവത്തെ മാറ്റി. ഹരേ രാമ ഹരേ കൃഷ്ണ ഇപ്പോഴും പിന്തുടരുന്ന ഒരു വഴിയാണിത്.
പക്ഷെ വലിയ തോതിലുള്ള കൃഷി സാധ്യമല്ലാതിരുന്ന അറേബിയയിൽ ഇതേ പ്രശനം ഉയർന്നു വരുമ്പോൾ ഇറച്ചിക്ക് പകരം പച്ചക്കറി കഴിക്കാൻ പറയാൻ കഴിയില്ല. അതുകൊണ്ട് അബ്രഹാമിക് മതങ്ങൾ സ്വീകരിച്ച വഴി ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുമ്പോൾ ദൈവത്തോടു പ്രാർത്ഥിച്ചതിന് ശേഷം ചെയുക എന്ന ഒരു വഴി കൊണ്ടുവന്നു. ഇതും നമ്മുടെ കുറ്റബോധം മാറ്റാനുള്ള ഒരു വഴി മാത്രമാണ്. അങ്ങിനെയാണ് ജൂതന്മാർ കോഷർ എന്നും മുസ്ലിങ്ങൾ ഹലാൽ എന്നും വിളിക്കുന്ന ഭക്ഷണ സമ്പ്രദായത്തിന്റെ തുടക്കം.
നമ്മൾ വളർത്തിയ ഒരു മൃഗത്തെ ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം ചെയ്യുക എന്നത് ഖലീൽ ജിബ്രാൻ അതിമനോഹരമായി അദേഹത്തിന്റെ പ്രവാചകൻ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
“നിങ്ങൾ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊള്ളുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ഇങ്ങിനെ പറയുക
നിന്നെ അറുക്കുന്ന അതെ ശക്തി കൊണ്ട് ഞാനും അറുക്കപെടുന്നു.. ഞാനും ഒരു ദിവസം ഭക്ഷണം ആകും…
നിന്നെ എന്റെ കയ്യിൽ എത്തിച്ച അതെ ശക്തി ഒരിക്കൽ എന്നെ മറ്റൊരു ശക്തിയുള്ള കൈകളിൽ എത്തിക്കും.
സ്വർഗ്ഗത്തിലെ മരത്തിനു വളമായി മാറുന്ന ഒരേ ചാറ് മാത്രമാണ് നിന്റെയും എന്റെയും രക്തം..
നിങ്ങൾ ഒരു ആപ്പിൾ എടുത്ത് വായിൽ വച്ച് കടിച്ച് മുറിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ഇങ്ങിനെ പറയുക
നിന്റെ കുരു എന്റെ ശരീരത്തിൽ വളരും
നിന്റെ നാളെയുടെ മുകുളങ്ങൾ എന്റെ ഹൃദയത്തിൽ മുളക്കും
നിന്റെ സുഗന്ധം എന്റെ ശ്വാസത്തിലൂടെ പടരും
നമുക്ക് ഒരുമിച്ച് ഋതുക്കളെ ആഘോഷിക്കാം..”
ആധുനിക മനുഷ്യന്റെ കാര്യത്തിൽ പക്ഷെ കാര്യങ്ങൾ വളരെ വ്യത്യസ്‍തമാണ്. കാരണം ഭക്ഷണ ഉത്പാദനം ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. ഇന്നത്തെ കാലത്തേ ഏതോ ഒരു ഫാമിൽ കൂട്ടിലടച്ച വളർത്തപ്പെടുന്ന മൃഗങ്ങൾ , ആരാലോ കൊല്ലപ്പെട്ട് , ഒരു പക്ഷെ ഒരു യന്ത്രത്തിലെ ബെൽറ്റുകളിൽ കൂടി കടന്നു നമ്മുടെ മുന്നിൽ എത്തിച്ചേരുമ്പോൾ ഭക്ഷണത്തിന്റെ ഉല്പാദനവും നമ്മളും തമ്മിലുള്ള ദൂരം മറ്റേതൊരു കാലഘട്ടത്തിനേക്കാളും കൂടുതലാണ്. അത് ഹലാൽ ആണോ എന്ന് നോക്കുന്നതിൽ ഒരു കാര്യവുമില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മളും തമ്മിൽ ഒരു തരത്തിലുമുള്ള മാനസിക ബന്ധം ഇന്നത്തെ കാലത്തില്ല. ബലിപെരുന്നാളിന് ആരോ വളർത്തിയ ആടിന് ഒരു പിടി പുല്ലു കൊടുത്തു താൻ വളർത്തിയ ആടെന്ന നിലയിൽ ബലി നൽകുന്നത് പോലും ഇന്നത്തെ കാലത്തെ കാപട്യങ്ങളിൽ ഒന്നാണ്.
പലപ്പോഴും റംസാൻ നോമ്പിനും ബലി പെരുന്നാളിനും നടക്കുന്നത് ഭക്ഷണത്തിന്റെ ധാരാളിത്തമാണ്. നമുക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം ഉണ്ടാകുക, കഴിക്കുക എന്നതാണ് ബിസ്മി ചൊല്ലിയാണോ ഒരു മൃഗത്തെ അറുത്തത് എന്നതിനേക്കാൾ ഹലാലായ കാര്യം. ഓർക്കുക നിങ്ങൾ ആവശ്യമില്ലാതെ വലിച്ചെറിഞ്ഞു കളയുന്ന ഭക്ഷണം ഒരു ജീവനാണ്. മാത്രമല്ല അനേകായിരങ്ങൾ പട്ടിണി കിടക്കുന്ന ഒരു ലോകത്ത് ഏറ്റവും ഹറാമായ കാര്യം കൂടിയാണ്.
ഞാൻ വളർത്തിയ ഒരു മൃഗത്തെയും ഞാൻ കൊന്നു തിന്നിട്ടില്ല. പക്ഷെ എന്റെ അടുക്കള തോട്ടത്തിൽ ഉണ്ടായ തക്കാളിയും , വെണ്ടക്കയും, പച്ചമുളകും, വേപ്പിലയും കാരറ്റും എല്ലാം കൊണ്ട് സാമ്പാർ ഉണ്ടാക്കുമ്പോൾ എന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന പ്രാർത്ഥന മുകളിൽ പറഞ്ഞതാണ്. ഇസ്ലാമിന്റെ വാക്കുപയോഗിച്ചാൽ ഞാൻ കഴിക്കുന്നത് ഒരു ഹലാൽ സാമ്പാറാണ്. ഈയടുത്ത് ഒരു പട്ടിയെ വാങ്ങിയതിൽ പിന്നെ ഇറച്ചി കഴിക്കാൻ ഒരു വൈമനസ്യം ഉള്ള കൂട്ടത്തിലാണ് ഞാൻ, ശീലങ്ങൾ പലപ്പോഴും ആ ചിന്തകളെ പരാജയപെടുത്താറുണ്ടെങ്കിലും.
നമ്മൾ വളർത്തിയ മൃഗത്തെ കൊന്നു തിന്നാത്തിടത്തോളം ഹലാൽ ഭക്ഷണം എന്നത് കഴിക്കാൻ ഭക്ഷണം കിട്ടുന്നവന്റെയും, അതിനു ഒരു ചോയ്സ് ഉള്ളവന്റെയും പ്രിവിലേജ് മാത്രമാണ്. ഇതിന്റെ പേരിൽ പ്രശ്ങ്ങൾ ഉണ്ടാക്കുന്നവർ ഒരു കാര്യവുമില്ലാതെ മനുഷ്യരെ തമ്മിൽ തെറ്റിക്കാൻ നടക്കുന്നവരും. ഹിന്ദുക്കൾ ഹിന്ദുക്കളുടെ കടകളിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാൻ പാടുള്ളൂ എന്ന് പറയുന്ന ലോക ഹിന്ദു ഇക്കണോമിക് ഫോറം പോലുള്ള സംഘി സംഘടനകൾ കുറെ നാളായി കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു കാര്യമാണിത്.
നമുക്ക് ചെയ്യാവുന്ന ഏറ്റവും ഹലാലായ കാര്യം ഭക്ഷണം ആവശ്യമില്ലാതെ വേസ്റ്റ് ആക്കാതിരിക്കുക എന്നതാണ്. 80 ബില്യൺ പൗണ്ട് ഭക്ഷണം ആണ് അമേരിക്കയിൽ ഓരോ കൊല്ലവും വേസ്റ്റ് ആകുന്നത്. ആയിരം എമ്പയർ സ്റ്റേറ്റ് കെട്ടിടങ്ങൾ നിറക്കാനുള്ള അത്ര ഭക്ഷണം വരും അത്.
നോട്ട് : ഹലാലായ പോർക്ക് കഴിക്കുന്ന മുസ്ലിം യുവാവ് ഹറാമായ ബീഫ് കഴിക്കുന്ന ഹിന്ദു യുവതിയെ ജീവിതപങ്കാളിയാക്കിയാൽ ഒരു ഉപകാരമുണ്ട്, നരകത്തിലും ഒരുമിച്ച് ജീവിക്കാം 🙂
Leave a Reply