
ഒൻപത് വയസുകാരൻ മകനെയും കൂട്ടി നിങ്ങൾ നിങ്ങളുടെ സഹോദരിയെയും സഹോദരിയുടെ മക്കളെയും അവരുടെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിക്ക് ഒരു കാരണവുമില്ലാതെ ഒരു സംഘം പട്ടാളക്കാർ നിങ്ങളുടെ കാറിൽ നിറയൊഴിക്കുകയൂം അങ്ങിനെ മരണപ്പെടുന്ന പതിനാലു നിരപരാധികളിൽ ഒരാൾ നിങ്ങളുടെ ഒൻപത് വയസുകാരൻ മകനാണെന്ന് ഒരു നിമിഷം വിചാരിച്ചു നോക്കൂ? പിന്നീട് അന്ന് നിറയൊഴിച്ചവർ ആ രാജ്യത്തെ പട്ടാളക്കാർ പോലുമായിരുന്നില്ല, മറിച്ച് വേറെ ഒരു രാജ്യത്തെ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു എന്ന് കൂടി അറിഞ്ഞാൽ നിങ്ങൾക്ക് എന്ത് തോന്നും?
2007 സെപ്റ്റംബർ പതിനാറിന് ബാഗ്ദാദിലെ നിസൗരി ചത്വരത്തിൽ അമേരിക്കൻ സ്വകാര്യ കമ്പനിയായ ബ്ലാക്ക് വാട്ടർ സെക്യൂരിറ്റി കൺസൾട്ടിങ് എന്ന കമ്പനിയിലെ ഒരു കൂട്ടമാളുകൾ ഒരു കവചിത വാഹനത്തിനു മുകളിൽ ഘടിപ്പിച്ച ഓട്ടോമാറ്റിക്ക് തോക്കുകളിലൂടെ ഒരു കാരണവുമില്ലാതെ സാധാരണക്കാരായ ആളുകളെ പല റൌണ്ട് വെടിവച്ചതിൽ മരിച്ച പതിനാലു പേരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഒൻപത് വയസുകാരൻ അലിയായിരുന്നു. വെടിവയ്പ്പ് കഴിയുന്നത് വരെ കാറിൽ ഉണ്ടായിരുന്ന എല്ലാവരും തലതാഴ്ത്തി ഇരിക്കുകയും വെടിവയ്പ്പ് കഴിഞ്ഞു എല്ലാവരും രക്ഷപെട്ടു എന്ന് വിചാരിച്ച് മകനെ വാരിയെടുത്ത ബാപ്പ മുഹമ്മദ് കിനാനിയുടെ കാൽക്കലേക്കു വെടിയേറ്റ് പിളർന്ന തലയിൽ നിന്ന് ആ കുട്ടിയുടെ തലച്ചോർ വീഴുകയായിരുന്നു.
ആദ്യം വെടിവയ്പ്പ് നടത്തിയത് അമേരിക്കൻ പട്ടാളം ആയിരുന്നു എന്നാണ് കരുതിയത് എങ്കിലും പിന്നീട് അമേരിക്കയിൽ സ്വകാര്യ കമ്പനിയായ ബ്ലാക്ക് വാട്ടർ സെക്യൂരിറ്റീസ് ആണെന്ന് തെളിഞ്ഞു. എന്തിനാണ് വെടിവച്ചത് എന്നതിന് ആർക്കും ന്യായമായ ഒരു കാരണവും നിരത്താൻ കഴിഞ്ഞതുമില്ല. ഒരു ചെറിയ കുട്ടിയുമായി യാത്ര ചെയ്തിരുന്ന ദമ്പതികളുടെ കാർ ഇവരുടെ കവചിത വാഹനനത്തിനു മുന്നിൽ നിന്ന് പെട്ടെന്ന് തന്നെ മാറികൊടുക്കാതെ ഇരുന്നതിനു പകവീട്ടാൻ ആയി വെടിവെപ്പ് തുടങ്ങി എന്നാണ് ഇറാഖി പോലീസുകാരും അവിടെ ഉണ്ടായിരുന്ന സാധാരണക്കാരും പറയുന്നത്. അതല്ല ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഡോക്ട്ടർ ആയ അദ്ദേഹത്തിന്റെ അമ്മയും സഞ്ചരിച്ച കാർ ഇവർ കാരണമില്ലാതെ വെടിവയ്ക്കുകയും പിന്നീട് ആ കാർ നിർത്താതെ ഇവരുടെ വാഹനത്തിനു മുന്നിലേക്ക് വന്നത് കണ്ട പരിഭ്രമിച്ച് വെടിവയ്പ്പ് തുടങ്ങിയതാണെന്നും പറയപ്പെടുന്നു.
നമ്മളിൽ പലരും കരുതുന്നത് ഇറാഖിൽ അമേരിക്കൻ സൈന്യമാണ് യുദ്ധം ചെയ്യുന്നത് എന്നാണ്. ഇവർക്ക് വേണ്ടി ഭക്ഷണം, ആയുധം തുടങ്ങിയവ എത്തിക്കാൻ സ്വകാര്യ കമ്പനികളുടെ ഒരു വലിയ നിരയും ഉണ്ടാകും. പക്ഷെ ഈ സംഭവത്തോടെയാണ് അമേരിക്കൻ പട്ടാളം യുദ്ധം ചെയ്യാൻ തന്നെ സ്വകാര്യ കമ്പനികളെ ഉപയോഗിക്കുന്നുണ്ട് എന്ന് പൊതുജനത്തിന് വ്യക്തമായത്. ഇങ്ങിനെ കൊടുക്കുന്ന കരാറുകൾ പലപ്പോഴും ലേലം വിളിക്കാതെ കൊടുക്കുന്നവ ആയത് കൊണ്ട് കൊള്ളലാഭമാണ് ഇത്തരം സ്വകാര്യ കമ്പനികൾ ഉണ്ടാക്കുന്നത്. ഇറാഖ് യുദ്ധകാലത്ത് ഇത്തരം ലേലം ഇല്ലാത്ത കോൺട്രാക്ടുകൾ നിറയെ നേടിയ സ്വകാര്യ കമ്പനിയായ ഹാലിബർട്ടന്റെ മുൻ മേധാവി ഇറാക്ക് യുദ്ധകാലത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ആയിരുന്ന ഡിക്ക് ചെയ്നി ആയിരുന്നു എന്നറിയുമ്പോൾ എങ്ങിനെയാണ് രാഷ്ട്രീയം വഴി യുദ്ധം ചെയ്തു അമേരിക്കൻ രാഷ്ട്രീയക്കാർ പണമുണ്ടാക്കുന്നത് എന്നതിന്റെ ഒരു രേഖാചിത്രം നിങ്ങൾക്ക് മനസിലാകും. ഏതാണ്ട് ഏഴു ബില്യൺ ഡോളർ (അൻപത്തിഒന്നായിരം കോടി രൂപ) ആണ് ഹാലിബർട്ടൻ അമേരിക്കൻ നികുതിദായകരെ പറ്റിച്ച് സംബാധിച്ചിരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.
അന്താരാഷ്ട തലത്തിൽ അമേരിക്കയ്ക്കു വളരെ നാണക്കേട് ഉണ്ടാക്കിയ ഈ സംഭവത്തിൽ പക്ഷെ കുറ്റവാളികളെ പെട്ടെന്ന് ശിക്ഷിക്കാൻ അമേരിക്കൻ നീതിന്യായ വ്യവസ്ഥ തയ്യാറായില്ല. പല കാരണങ്ങൾ കൊണ്ട് മാറ്റി വയ്ക്കപ്പെട്ട വിചാരണയുടെ അവസാനം രണ്ടായിരത്തി പതിനേഴും പതിനെട്ടും വർഷങ്ങളിലാണ് ഈ കുറ്റവാളികൾക്ക് മുപ്പത് വർഷം വരെ ജയിൽ ശിക്ഷ വിധിക്കുന്നത്. പക്ഷെ വെറും രണ്ടു വർഷങ്ങൾ കൊണ്ട് ഇവർ പുറത്തിറങ്ങുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടത്, കാരണം പ്രസിഡന്റ് ട്രമ്പ് സ്ഥാനം ഒഴിയുന്നതിനു മുൻപ്, അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച ഇവർക്ക് മാപ്പു കൊടുത്തു, ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങി. നീതിയോടുള്ള അപമാനം എന്നാണ് ഐക്യരാഷ്ട്ര സഭ തന്നെ ഈ മാപ്പു കൊടുക്കലിനെ വിശേഷിപ്പിച്ചത്.
ഇതുപോലെ ഒരു കാരണവും ഇല്ലാതെ കൊല്ലപ്പെട്ട പതിനാലു പേരിൽ ഒരാൾ നിങ്ങളുടെ മക്കളോ സഹോദരിയിലൊ സഹോദരനോ ആയിരുന്നു എന്ന് ഒന്നാലോചിച്ചു നോക്കൂ. പരിക്ക് പറ്റിയ മറ്റു മുപ്പത് പേരിൽ ഒരാൾ നിങ്ങളുടെ സുഹൃത്ത് ആണെന്നും. ഈ കുറ്റവാളികൾക്ക് മാപ്പു കൊടുത്താൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും? ആയുധം എടുത്തു അമേരിക്കയ്ക്ക് എതിരെ പകരം വീട്ടണം എന്ന് ഒരു ഇറാഖി ആലോചിച്ചാൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. പക്ഷെ അത് തന്നെയാണ് ട്രമ്പിനു വേണ്ടതും. അനീതിയാണ് ഭീകരതയുടെ വിത്ത് എന്ന് ട്രമ്പിനു നന്നായി അറിയാം. അതിന്റെ ഫലം മിക്കവാറും അനുഭവിക്കേണ്ടി വരുന്നത് പ്രസിഡന്റ് ബൈഡൻ ആകാനുള്ള സാധ്യതയും ട്രമ്പ് മുന്നിൽ കണ്ടുകാണാൻ സാധ്യതയുണ്ട്. പോകുന്ന പൊക്കിൾ ഒരു വെടിമരുന്നുശാലയ്ക്ക് തീകൊളുത്തിയിട്ടാണ് അങ്ങേരു പടിയിറങ്ങുന്നത്.
പേർഷ്യയിൽ എന്ന കണ്ടുപിടിച്ച സമയം മുതൽ അവിടെ തങ്ങൾക്ക് ഇഷ്ടമുള്ള ഭരണാധികാരികളെ പ്രതിഷ്ഠിച്ചു കൊണ്ടും, ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയുടെ പരാജയത്തിന് ശേഷം ഇറാക്ക്, സിറിയ , ജോർദാൻ എന്നിങ്ങനെ അറേബിയയെ വെട്ടിമുറിച്ചും, ഹൌസ് ഓഫ് റഷീദിനെ പരാജയപ്പെടുത്താൻ അൽ സൗദിനെ സഹായിച്ച് സൗദിയിലെ എണ്ണക്കിണറുകൾ കയ്യടക്കുകയും ചെയ്യുകയും ഒക്കെ ചെയ്ത അനേകം അനീതിയുടെ അവസാന ഭാഗം മാത്രമാണ് ഇത്.
പലപ്പോഴും ഭീകരർ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം താടിയും മീശയും വളർത്തി കൈയിൽ തോക്കേന്തി നിൽക്കുന്ന ഒരു മുസ്ലിം ഭീകരന്റേത് ആയിരിക്കും, അൽ ക്വയ്‌ദ തുടങ്ങിയവരുടെ കാര്യത്തിൽ അത് ശരിയാണ് താനും. എന്നാൽ കോട്ടും സൂട്ടും ഇട്ട ട്രമ്പ് , ഡിക്ക് ചെയ്നി, ജോർജ് ബുഷ് തുടങ്ങിയവരും ഭീകരന്മാർ തന്നെയാണ്, അവരാണ് യഥാർത്ഥത്തിൽ ആദ്യം പറഞ്ഞ ഭീകരന്മാരെ ഉണ്ടാക്കുന്നത് തന്നെ. നക്സൽ പ്രസ്ഥാനം , എൽടിടിഇ , ഖാലിസ്ഥാൻ , കശ്മീർ തുടങ്ങി ലോകത്തിലെ ഏതു ഭീകര സംഘടനകളെ എടുത്തു നോക്കിയാലും ഏതെങ്കിലും തരതത്തിലുള്ള അനീതികളാണ് ഭീകരതയുടെ അടിസ്ഥാന കാരണം എന്ന് കാണാം. ഓർക്കുക ഭഗത് സിങ് നമുക്ക് സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു, ബ്രിട്ടീഷുകാർക്ക് ഭീകരനും. ജാലിയൻവാലാബാഗ് എന്ന ഒരു വലിയ അനീതിയാണ് ഭഗത് സിംഗിന്റെ “ഭീകരതയുടെ” പശ്ചാത്തലം. അനീതി എവിടെയുണ്ടോ അവിടെ ചെറുത്തുനിൽപ്പിന്റെ വിത്തുകൾ മുളക്കും എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്.
ഈ മാപ്പു കൊടുക്കലിന്റെ പേരിൽ കൂടുതൽ ഭീകരതയിലേക്ക് പോകാതെ ജനാധിപത്യവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഈ സ്ഥലങ്ങളിൽ കൂടുതൽ വിജയിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.
ഇറാഖിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ..
നോട്ട് : ട്രമ്പ് , മുൻപ് ആരും ചെയ്യാത്ത ഒരു കാര്യം, സ്വയം മുൻകൂർ മാപ്പ് നൽകി ഇറങ്ങാൻ കഴിയുമോ, എന്നത് കൂടി ചെയ്യാൻ നോക്കുന്നുണ്ട് എന്നാണ് വാർത്തകൾ പറയുന്നത്, കൂടെ മകൾക്കും മരുമകനും എല്ലാം മുൻകൂർ മാപ്പ് നല്കാൻ സാധ്യതയുണ്ട്. മകളുടെ അമ്മായിയച്ഛന് (ചാൾസ് കുഷ്‌നെർ ) പുള്ളി മാപ്പ് കൊടുത്തു കഴിഞ്ഞു. തനിക്ക് അടുപ്പമുള്ള കുറെ അധികം ആളുകൾക്ക് കഴിഞ്ഞ ഒന്ന് രണ്ട ആഴ്ചകളായി ട്രമ്പ് മാപ്പു കൊടുത്തുകൊണ്ടിരിക്കുകയാണ്. എന്റെ അഭിപ്രായത്തിൽ മേല്പറഞ്ഞ മാപ്പുകൾ പോലെ അമേരിക്കൻ ജനാധിപത്യത്തിലെ എല്ലാ ദൗർബല്യങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാൻ ട്രമ്പിനെ പോലെ ഒരു ബുള്ളിക്ക് കഴിഞ്ഞിട്ടുണ്ട്.
Leave a Reply