
ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം കാണുമെന്നും ഉള്ള വിശ്വാസം. വിദ്യാസമ്പന്നരായ ആളുകൾ വരെ ഈ നുണ വിശ്വസിച്ചിരിപ്പാണ്. ചില സമുദായങ്ങളിൽ ഇപ്പോഴും ആദ്യരാത്രിയിൽ രക്തം കണ്ടില്ലെങ്കിൽ അത് വിവാഹമോചനത്തിന് വരെ മതിയായ ഒരു കാരണമാണ്. ചില സമുദായങ്ങൾ രണ്ടു വിരലിട്ട് കന്യക പരിശോധന വരെ നടത്തുന്ന ആചാരം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്, ബലാത്സംഗം ഉണ്ടാകുന്ന കേസിൽ ചില ഡോക്ടർമാർ വരെ ഇത്തരം പരിശോധന നടത്തിയതായി ഞാൻ വായിച്ചിട്ടുണ്ട്, സുപ്രീം കോടതി ഇരയുടെ സ്വകാര്യത ലംഖിക്കും എന്ന കാരണത്താൽ ഇത് നിരോധിച്ചിട്ടുണ്ട്.
കന്യാചർമം പലരും കരുതുന്ന പോലെ യോനീമുഖത്തെ മുഴുവനായി പൊതിഞ്ഞിരിക്കുന്ന ഒരു ചർമം അല്ല. അങ്ങിനെയാണെങ്കിൽ പെൺകുട്ടികൾക്ക് എങ്ങിനെയാണ് ആർത്തവ രക്തം പുറത്തേക്ക് വരുന്നത് എന്നാലോചിച്ചു നോക്കൂ. പെൺകുട്ടികൾ ജനിക്കുന്ന സമയത്ത് യോനീ കവാടത്തെ ഭാഗികമായി മറച്ചിരിക്കുന്ന ഈ ചർമം കൗമാര പ്രായം ആകുമ്പോഴേക്കും ഹോർമോൺ പ്രവർത്തനങ്ങൾ കൊണ്ടും അല്ലാതെയും സ്വാഭാവികമായി വളരെ അധികം നേർത്ത് ഏതാണ്ട് ഇല്ലാതെയാകുന്നു. യോനിയുടെ അടിഭാഗത്തായി ഒരു ചന്ദ്രകല പോലെ കാണുന്ന ഈ ചർമം വളരെ അധികം ഇലാസ്റ്റിക് സ്വഭാവം ഉള്ളത് കൊണ്ട് ലിംഗപ്രവേശം നടക്കുമ്പോൾ ഈ ചർമം പൊട്ടാനുള്ള സാധ്യത വളരെ കുറവാണു , മാത്രമല്ല ഇനി സംഭോഗം നടന്നതിന്റെ ഫലമായി കുറച്ചെങ്കിലും മുറിവ് സംഭവിച്ചാൽ പോലും ബെഡ് ഷീറ്റിൽ കാണാൻ മാത്രം രക്തം വരാൻ മാത്രം രക്തകുഴലൊന്നും കന്യാചർമത്തിൽ ഇല്ല. ഇങ്ങിനെ സംഭവിക്കുന്ന മുറിവുകൾ നമ്മുടെ വിരൽ മുറിഞ്ഞത് ഉണങ്ങി പൂർവ സ്ഥിതിയിൽ ആകുന്ന പോലെ ഉണങ്ങുകയും ചെയ്യും. ഓർക്കുക സൈക്കിൾ ചവിട്ടിയാലോ വ്യായാമം ചെയ്താലോ ഓടിയാലോ ഒക്കെ സംഭവിക്കുന്ന ഒരു കാര്യമാണ് കന്യാചർമത്തിൽ ചെറിയ മുറിവുകൾ ഉണ്ടാകുന്നത്, അതിനു ലൈംഗിക ബന്ധം തന്നെ വേണം എന്നില്ല. വിവാഹം നടക്കുന്ന പ്രായം ആകുമ്പോഴേക്കും കന്യാചർമം ലിംഗപ്രവേശനത്തിനു പാകമായ അളവിൽ ചുരുങ്ങുകയും ഇലാസ്റ്റിക് ആവുകയും ചെയ്തിരിക്കും.
പിന്നെ എങ്ങിനെയാണ് ആദ്യരാത്രിയിൽ ബന്ധപ്പെടുമ്പോൾ പലർക്കും രക്തം വരുന്നത്. കാരണം ലളിതമാണ്. പത്തു മിനിറ്റ് കണ്ടു ചായ കുടിച്ചു കഴിഞ്ഞു , വീട്ടുകാർ ഉറപ്പിച്ച് നടക്കുന്ന നമ്മുടെ വിവാഹങ്ങളിലെ ആദ്യരാത്രിയിലെ സംഭോഗങ്ങൾ പലപ്പോഴും സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന ബലാത്സംഗങ്ങൾ ആണ്. സ്ത്രീകൾക്ക് പലപ്പോഴും പേടിയും ആണുങ്ങൾക്ക് പരിചയക്കുറവും കൊണ്ട് യോനിയിൽ ഒരു തരത്തിൽ ഉള്ള ലൂബ്രിക്കേഷനും നടക്കാതെയാണ് സംഭോഗം നടക്കുന്നത്. ഇതിന്റെ ഫലമായി യോനിക്കുള്ളിൽ ഉണ്ടാകുന്ന ചെറു പോറലുകളിൽ നിന്ന് വരുന്ന രക്തമാണ് പലപ്പോഴും നമ്മൾ കന്യാചർമം പൊട്ടിയ രക്തം ആണെന്ന് തെറ്റിദ്ധരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്ന , പരിചയമുള്ള, ലൈംഗികതയെ കുറിച്ച് അറിവുള്ള സ്ത്രീയും പുരുഷനും ബന്ധപ്പെട്ടാൽ ഈ രക്തം വരവൊന്നും ഉണ്ടാകില്ല.
ഓർക്കുക കല്യാണം കഴിഞ്ഞു പിറ്റെ ദിവസം ബെഡ്‌ഷെറ്റിൽ ചോര കണ്ടാൽ അത് പെണ്ണിന്റെ കന്യകാത്വത്തിന്റെ തെളിവല്ല അല്ല മറിച്ച് ആണിന് പെൺകുട്ടിയെ ലൈംഗികമായി ഉത്തേജിപ്പിക്കാൻ കഴിഞ്ഞില്ല എന്ന കഴിവുകേടിന്റെ തെളിവ് മാത്രമാണ്.
പക്ഷെ ആദ്യരാത്രിയിൽ രക്തം കണ്ടില്ലെങ്കിൽ പല ആണുങ്ങൾക്കും പെണ്ണ് പിഴച്ചു പോയവൾ ആണെന്ന വിചാരമാണ്. ആദ്യരാത്രിയിൽ രക്തം കണ്ടില്ല എന്ന കാരണവും, ലൈംഗിക കാര്യത്തിൽ സ്ത്രീ മുൻകൈ എടുത്തു എന്ന കാരണവും പറഞ്ഞു ഡിവോഴ്സ് ആയ കൂട്ടുകാരി വരെ എനിക്കുണ്ട്. അത്രക്ക് അപകർഷതാ ബോധത്തോടെയാണ് നമ്മുടെ പുരുഷന്മാർ ജീവിക്കുന്നത്. സ്ത്രീകൾ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകൾ ആണെന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്താഗതിയിലാണ് നമ്മുടെ പല പുരുഷന്മാരും ഇപ്പോഴും ജീവിക്കുന്നത്. കന്യാചർമം പൊട്ടാൻ സാധ്യതയുണ്ട് എന്ന കാരണം പറഞ്ഞ് കല്യാണം കഴിക്കാത്ത കുട്ടികൾ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കരുത് എന്ന് പറയുന്നവരും ഈ അബദ്ധ ധാരണ പുലർത്തുന്നവരാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ വിചാരങ്ങൾ മാറാൻ സമയമെടുക്കും. (കല്യാണത്തിന്റെ അന്ന് രാത്രി മണിയറയിൽ പോകുന്നതിനു മുൻപ് അമ്മ ഒരു ചെറിയ പാക്കറ്റ് താക്കളി സോസ് കൊടുത്ത ഒരു പെൺകുട്ടിയെ എനിക്കറിയാം. അതുപോലെ തന്നെ ആമസോണിൽ ഇപ്പോൾ കന്യക രക്തം വരെ ക്യാപ്സ്യൂൾ ആയി വാങ്ങിക്കാൻ കിട്ടുമെന്ന് കേട്ടു, i-virgin capsule എന്ന് ഇൻറർനെറ്റിൽ സേർച്ച് ചെയ്താൽ മതി 🙂 )
നോട്ട് : ഇന്ന് ഞാൻ നടത്തിയ zoom സെഷനിൽ കടന്നു വന്ന ഒരു കാര്യമാണ് മേലെ എഴുതിയത്. ഇതും ഓർഗാസം, സ്ക്വിർട്ടിങ്, വൈബ്രേറ്റർ തുടങ്ങി പല അറിവുകൾ പങ്കു വച്ച ഒരു സെഷൻ ആയിരുന്നു. ചോദ്യം ചോദിക്കുന്നവരുടെ സ്വകാര്യത മാനിക്കാൻ വേണ്ടി സെഷൻ റെക്കോർഡ് ചെയ്തില്ല. അതിന്റെ ഭാഗമായി നടത്തിയ ഒരു അനോണിമസ് സർവ്വേ താഴെ കൊടുക്കുന്നു. സാധ്യമായവർ പൂരിപ്പിക്കുക. നിങ്ങളുടെ ഒരു തരത്തിൽ ഉള്ള സ്വകാര്യ വിവരവും ശേഖരിക്കുന്നതല്ല. ഇതിലെ പല ചോദ്യങ്ങളും നിങ്ങൾക്ക് നിങ്ങളുടെ ലൈംഗികതയെ കുറിച്ച് ഒരു അറിവ് നൽകും.
https://docs.google.com/forms/d/e/1FAIpQLSdOitZsAVHA2Fm42PBcRahKZ_ddhEInM7E2P8ePEd4m7uHeOg/viewform
Leave a Reply