
ഒരു രൂപയ്ക്ക് പത്ത് ആയിരുന്നു എന്റെ ചെറുപ്പത്തിൽ കൊവേന്ത മാർക്കെറ്റിൽ ചാളയുടെ വില. പത്തെണ്ണം എണ്ണിയിട്ട് അവസാനം ഒന്ന് കൂടി ചിലപ്പോൾ കൂട്ടി ഇടും. പക്ഷെ ചിലപ്പോൾ ബോട്ടുകാർക്ക് കുറെ ചാള കിട്ടിയാലോ ചാകര വന്നാലോ ചാളയുടെ വില ഇനിയും കുറയും. പൊരിച്ചും, കറി വച്ചും, വെറുതെ പൊള്ളിച്ചും എല്ലാം കഴിച്ചാലും ബാക്കിയാകുന്ന അത്ര ചാള കിട്ടും (അന്ന് ഫ്രിഡ്ജും ഉണ്ടായിരുന്നില്ല, കിട്ടിയത് അന്ന് തന്നെ കഴിക്കണം). പയ്യന്നൂരിൽ ഒരിക്കൽ പോയപ്പോൾ കുറെ ചാള തെങ്ങിന് വളമായി ഇട്ടു വരെ കണ്ടിട്ടുണ്ട്.
പക്ഷെ ഇപ്പോൾ ചാള കിട്ടാനില്ല. കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷെറീസ് ഇന്സ്ടിട്യുയ്റ്റിന്റെ കണക്കനുസരിച്ച് രണ്ടായിരത്തി പന്ത്രണ്ടിൽ നാലു ലക്ഷം ടൺ ചാള ലഭിച്ച സ്ഥാനത്ത് ഇപ്പോൾ സംസ്ഥാനത്ത് 2016 ൽ ലഭിച്ചത് വെറും 48000 ടൺ ചാളയാണ്. നാലു വർഷം കൊണ്ട് ചാളയുടെ ലഭ്യത എട്ടിലൊന്നായി കുറഞ്ഞു.
മത്സ്യത്തിന്റെ പ്രജനന കാലത്ത് ഉൾപ്പെടെ കണക്കില്ലാതെ മൽസ്യം പിടിച്ചാൽ മൽസ്യ സമ്പത്ത് അമ്പേ നശിച്ചുപോകുമെന്ന് കണ്ട് കേരളത്തിൽ ജൂൺ ജൂലൈ മാസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത് 1988 മുതലാണ്. പക്ഷെ ചാളയുടെ എണ്ണം എന്നിട്ടും കുറഞ്ഞു തന്നെ വരുന്നു. ഇന്ത്യയിൽ മാത്രമല്ല ഈ പ്രതിഭാസം പസിഫിക് സമുദ്രത്തിൽ 2006 ൽ 1.8 മില്യൺ മെട്രിക് ടൺ (18 ലക്ഷം ടൺ ) ചാള ലഭിച്ചെങ്കിൽ 2019 ഇത് കിട്ടിയത് വെറും 27000 ടൺ ചാളയാണ്. ഈ നമ്പറുകളിൽ നിന്ന് തന്നെ അമിത മീൻപിടുത്തം ചാളയുടെ വംശനാശത്തിലേക്ക് നയിച്ചു എന്നുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമ്മുടെ നാട്ടിൽ ട്രോളിംഗ് നിരോധനം നിലവിലുള്ള സമയത്ത് വേറെ രാജ്യങ്ങളിലെ കപ്പലുകൾ വന്നു പുറം കടലിൽ മീൻ പിടിച്ചു പോകാറുമുണ്ട്.
ഒരു ജീവജാലത്തിനു വംശനാശം വരാതെ നിലനിന്നു പോകാൻ ഒരു മിനിമം സംഖ്യ ആവശ്യമുണ്ട് ( minimum viable population ). ഇതിനു താഴേക്ക് ചാളയുടെ എണ്ണം പോയാൽ ചാള വംശനാശം വന്നു പോകാനുള്ള സാധ്യത ഏറെയാണ്. ചാള പോയാൽ പോട്ടെ നമുക്ക് കഴിക്കാൻ വേറെ മീനുകൾ ഉണ്ടല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. പ്രകൃതിയിലെ പല കണ്ണികളും പരസ്പരം ബന്ധപെട്ടു കിടക്കുന്നവയാണ്. ഉദാഹരണത്തിന് ചാളയുടെ എണ്ണം കുറഞ്ഞതോടെ ബ്രൗൺ പെലിക്കൻസ് എന്ന പക്ഷിയുടെ എണ്ണവും താഴേക്ക് വന്നു കാരണം അവയുടെ പ്രധാന ഭക്ഷണം ചാളയാണ്. ഇതുപോലെ ചാള കഴിക്കുന്ന ജീവികളാണ് തിമിംഗലങ്ങൾ. പസിഫിക് സമുദ്രത്തിൽ ചാള കുറഞ്ഞതോടെ കാലിഫോർണിയയിൽ കടൽ തീരത്ത് വന്നടിഞ്ഞത് 9500 ഓളം നീർനായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്.
ഭൂമിയിൽ ഒരു ജീവജാലം ഉത്ഭവിച്ചു വരുന്നത് ലക്ഷകണക്കിന് വർഷങ്ങളുടെ പരിണാമം കൊണ്ടാണ്. ഒരു സ്പീഷീസ് കുറ്റിയറ്റു പോകുന്നതും ഇതുപോലെ വളരെ അധികം വർഷങ്ങൾ എടുത്താണ്. പക്ഷെ ചിലപ്പോൾ ചില ജീവജാലങ്ങൾ വളരെ പെട്ടെന്ന് വംശനാശം വന്നു പോകും. ഉൽക്കാ പതനം പോലുള്ള കാരണങ്ങൾ ആണ് പണ്ടുകാലത്ത് ജീവികളുടെ നാശത്തിനു കാരണം ആയതെങ്കിൽ ആധുനിക ലോകത്ത് മനുഷ്യനാണ് പല ജീവികളുടെയും വംശനാശത്തിന് കാരണം ആയത്. അമേരിക്കയിലെ ആനകളായ ദേഹം മുഴുവൻ രോമം ഉള്ള മാമത്ത് അമേരിക്കയിൽ മനുഷ്യൻ കടന്നു വന്നു കുറച്ചു നാളുകൾക്കുള്ളിൽ വംശ നാശം വന്നു പോയ ഒരു ജീവിയാണ്. മാമത്ത് വംശനാശം വന്നിട്ട് ഏതാണ്ട് നാലായിരം വർഷങ്ങളെ ആയിട്ടുള്ളൂ, അതായത് ഈജിപ്തിൽ പിരമിഡ് പണിയുന്ന സമയത്ത് ലോകത്ത് ഉണ്ടായിരുന്ന ഒന്നാണ് ഇപ്പോൾ മ്യൂസിയത്തിൽ മാത്രം ഫോസിൽ ആയി കാണുന്ന മാമത്ത്.
പക്ഷെ മറ്റു ഉദാഹരണങ്ങൾക്ക് നാലായിരം വർഷങ്ങൾ പിന്നിലേക്ക് പോകേണ്ട കാര്യം പോലുമില്ല. പെൻഗ്വിനെ നെ പോലെ ഇരിക്കുന്ന ദി ഗ്രേറ്റ് ഓക് (The Great Oak ) എന്ന പറക്കാൻ കഴിയാത്ത പക്ഷികൾ കാനഡയിലെ ഫങ്ക് ദ്വീപിലും ഐസ്‌ലാന്റിലെ എൽഡേയ് ദ്വീപിലും പതിനാറാം നൂറ്റാണ്ട് വരെ ലക്ഷകണക്കിന് ഉണ്ടായിരുന്നു. ഇറച്ചിക്കും മുട്ടയ്ക്കുമായി മനുഷ്യൻ കൂട്ടമായി ഈ പക്ഷികളെ വേട്ടയാടി. തണുപ്പ് താങ്ങാനുള്ള ഉടുപ്പിൽ നിറക്കാൻ ഇവയുടെ തൂവൽ വളരെ അനുയോജ്യം ആയിരുന്നു. അതിനു വേണ്ടി തൂവൽ പറിച്ച ശേഷം ഈ പക്ഷികളെ കടലിൽ മുങ്ങി ചാകാൻ വിട്ടു. ചിലപ്പോൾ ഈ പക്ഷികളെ ജീവനോടെ കത്തിച്ച് തണുപ്പകറ്റുക വരെ ചെയ്യുമായിരുന്നു മനുഷ്യർ.
അവസാനം എൽഡേയ് ദ്വീപിലെ ബാക്കിയുണ്ടായിരുന്ന രണ്ടേ രണ്ടു പക്ഷികളെ അവർ മുട്ടയ്ക്ക് അടയിരിക്കുന്ന സമയത്ത് അപൂർവങ്ങളായ പക്ഷികളെ ശേഖരിക്കുന്ന ഒരാൾക്ക് വേണ്ടി ചിലർ പിടിച്ചു കൊന്നു കളഞ്ഞു. ഇപ്പോൾ ലോകത്ത് ഈ പക്ഷികൾ വംശനാശം സംഭവിച്ചവയുടെ കൂട്ടത്തിലാണ്.
ഇതുപോലെ തന്നെയാണ് മൗറീഷ്യസിലും മഡഗാസ്കറിലും ഉണ്ടായിരുന്ന ഡോഡോ എന്ന പക്ഷി. മനുഷ്യനെ കണ്ടു പരിചയം ഇല്ലാത്തത് കൊണ്ട് മനുഷ്യനെ കാണുമ്പോൾ വളരെ അനുസരണയോടെ അടുത്ത് പോയി കൗതുകത്തോടെ നോക്കി നിൽക്കുന്ന സ്വഭാവമാണ് ഈ പക്ഷിക്ക് വിനയായത്. ഈ പക്ഷിയെ തലയ്ക്കടിച്ച് കൊന്ന ഇറച്ചിക്ക് വേണ്ടി മനുഷ്യൻ ഉപയോഗിച്ചു. പതിനേഴാം നൂറ്റാണ്ട് ആയപ്പോഴേക്കും മനുഷ്യർ ഈ പക്ഷിയെ മുഴുവനായി കൊന്നൊടുക്കി. ഇപ്പോൾ പല വന്യജീവി സംരക്ഷണ സംഘടനകളുടെയും ചിഹ്നം തന്നെ ഡോഡോ പക്ഷിയാണ്. മനുഷ്യൻ പൂർണമായും വംശനാശം വരുത്തിയ അനേകം ജീവികളിൽ രണ്ടെണ്ണം മാത്രമാണ് ഇത്, വളരെ അധികം ജീവികൾ മനുഷ്യരുടെ കയ്യിലിരിപ്പ് കൊണ്ട് വംശനാശം വന്നു പോയിട്ടുണ്ട്.
പക്ഷെ എന്ന് വച്ച് കടലിൽ പോയി മീൻ പിടിക്കാതെ ഇരിക്കാൻ പറ്റുമോ എന്നുള്ളതാണ് മറ്റൊരു ചോദ്യം. പശ്ചിമ ഘട്ടം സംരക്ഷിക്കുകയും വേണം അതെ സമയം നമുക്ക് റോഡും വീടും പണിയുകയും വേണം എന്ന ചർച്ചയുടെ മറ്റൊരു വശമാണ് ഇത്. കടലിലെ മീനിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഉത്തരം കിടക്കുന്നത് നിലനിർത്താവുന്ന (sustainable) മീൻ പിടുത്തത്തിലേക്കാണ്. അമേരിക്കയിൽ 1996 ൽ തന്നെ ഇങ്ങിനെ ഒരു നിയമമുണ്ട്, കേരളത്തിൽ ട്രോളിംഗ് നിരോധനമുണ്ട്. പക്ഷെ ഒന്നോ രണ്ടോ രാജ്യങ്ങൾ മാത്രമായി കരാർ ഉണ്ടാക്കി നടപ്പിലാക്കിയിട്ട് കാര്യമില്ല. എല്ലാ രാജ്യങ്ങളും ഒരുമിച്ച് sustainable fishing രീതിയിലേക്ക് തിരിയണം. ചാളയുടെ എണ്ണം ഒരു sustainable number വരുന്നത് വരെ ചാളയുടെ മൽസ്യബന്ധനം നിർത്തിവയ്ക്കുകയോ പിടിക്കുന്ന മത്സ്യത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ കേരളത്തിലെ വരുന്ന തലമുറക്ക് ചാള ഒരു മ്യൂസിയം പീസ് മാത്രം ആയിരിക്കും.
Leave a Reply