
“നിങ്ങൾ മുസ്ലിങ്ങൾ അയോധ്യയിൽ ഞങ്ങട രാമന്റെ അമ്പലം പണിയാൻ സമ്മതിക്കുന്നില്ല എന്ന് കേട്ടല്ലോ ബീവി..” അയല്പക്കത്തെ മാധവി പണിക്കത്തി അദ്വാനിയുടെ രഥയാത്ര സമയത്ത് എന്റെ ഉമ്മയോട് ചോദിച്ചതാണ്.
ബാബ്‌റി മസ്ജിദിനെ കുറിച്ചോ ബിജെപിയെ കുറിച്ചോ ഒന്നും ഒരറിവും ഇല്ലാതിരുന്ന ആളുകളായിരുന്നു ഞങ്ങളുടെ അയൽപക്കത്ത്. കൂലിപ്പണി ചെയ്ത് ദിവസവരുമാനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഭൂരിഭാഗം ജനങ്ങൾ.
പെരുന്നാളിന് തലേന്ന് രാത്രീ ഉമ്മ ഉറങ്ങാതെ ഉണ്ടാക്കുന്ന പലഹാരങ്ങൾ രാവിലെ എല്ലാ അയല്പക്കത്തേക്കും പ്ളേറ്റുകളിൽ കൊണ്ട് പോയി കൊടുക്കുന്നത് ഞങ്ങൾ കുട്ടികളാണ്. ഉച്ചക്ക് അയല്പക്കത്തെ ഹിന്ദു കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കും. ഓണത്തിനും വിഷുവിനും പലഹാര പത്രങ്ങളും പായസവും വിഷു കഞ്ഞിയും എല്ലാം എന്റെ വീട്ടിലേക്കും എത്തും. ഉച്ചക്ക് തൊട്ടയല്പക്കത്തെ ഹിന്ദു വീട്ടിൽ ആയിരിക്കും ഞങ്ങൾക്ക് സദ്യ.
മട്ടാഞ്ചേരിയിൽ ജനിച്ച് വളർന്ന് , പതിനാലാം വയസിൽ കല്യാണം കഴിഞ്ഞ് നാലു വർഷങ്ങൾക്ക് ശേഷം രണ്ടു കുട്ടികളും ആയി പള്ളുരുത്തിയിൽ സ്ഥലം വാങ്ങി ഒരു ഓലപ്പുര കെട്ടി താമസിക്കാൻ തുടങ്ങിയ എന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും കൈത്താങ്ങായി നിന്നവർ ഈ ഹിന്ദു കുടുംബങ്ങളാണ്. ഉമ്മ ഇന്നും വയ്ക്കുന്ന പല കറികളും ഈ പണിക്കത്തിമാരുടെ കയ്യിൽ നിന്ന് പഠിച്ചതാണ്. ഞങ്ങളുടെ ഓലപ്പുര കത്തിപോയപ്പോൾ തീ കെടുത്താനും മറ്റും ഓടികൂടിയതും ഇവരാണ്. തൊട്ടയല്പക്കത്തെ ദേവകിപണിക്കത്തിയുടെ മടിയിൽ ഇരുന്ന് എന്റെ തന്നെ വീട് കത്തുന്നതും കണ്ടുകൊണ്ട് രണ്ടോ മൂന്നോ വയസുകാരനായ ഞാൻ ഇരുന്ന കഥ ഇപ്പോഴും ഉമ്മ പറയും. എനിക്ക് നാലാം ക്ലാസ്സിൽ സ്കോളര്ഷിപ് കിട്ടിയപ്പോൾ നീ മിടുക്കനാണ് നന്നായി വരും എന്നും പറഞ്ഞു തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും മിട്ടായി വാങ്ങി തന്നതും തൊട്ടയല്പക്കത്തെ കുമാരപ്പണിക്കനാണ്.
വിശ്വകർമാരായ പണിക്കന്മാർ ആയിരുന്നു അയല്പക്കത്ത് കൂടുതലും. എല്ലാവരുടെയും പേരിന്റെ കൂടെ പണിക്കൻ അല്ലെങ്കിൽ പണിക്കത്തി എന്ന് കൂടി വിളിക്കുന്നത് മട്ടാഞ്ചേരിയിൽ നിന്ന് വന്ന ഉമ്മാക്ക് അത്ഭുതം ആയിരുന്നു. അതിനേക്കാൾ അത്ഭുതം ആയിരുന്നു ഏറണാട്ട് അമ്പലം ചുറ്റി താമസിക്കുന്ന നായന്മാരെ ഇവർ തമ്പ്രാനേ എന്ന് വിളിക്കുന്നതും, നായന്മാർ ഇവരെ തൊടാതെ അയിത്തം പാലിക്കുന്നതും. കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന താലം എടുപ്പ് ഉത്സവത്തിൽ മാത്രമാണ് ഈ പണിക്കന്മാർക്ക് അമ്പലത്തിൽ എന്തെങ്കിലും തരത്തിൽ ഒരു അവകാശം ഉണ്ടായിരുന്നത്, അല്ലാത്ത എല്ലാ സമയത്തും നായന്മാർ ആയിരുന്നു അമ്പലത്തിന്റെ നടത്തിപ്പുകാർ. ഈ നായന്മാരെക്കാൾ കൂടുതൽ ഈ ഹിന്ദു കുടുംബങ്ങൾ ഇടപഴകി കഴിഞ്ഞിരുന്നത് ഞങ്ങളെ പോലുള്ള മുസ്ലിം ക്രിസ്ത്യൻ കുടുംബങ്ങളും ആയിട്ടായിരുന്നു. പാവപ്പെട്ടവർക്ക് ജാതിയില്ലല്ലോ…
അങ്ങിനെ കഴിഞ്ഞവർക്ക് ഇടയിലേക്കാണ് അദ്വാനിയുടെ രഥം ഉരുണ്ടത്. അതിന്റെ കൂടെ ക്ഷേത്ര നിർമാണത്തിന് ഒരു വീട്ടിൽ നിന്ന് ഒരു ഇഷ്ടിക എന്നൊരു പരിപാടി കൂടി വിശ്വഹിന്ദു പരിഷത്ത് കൊണ്ടുവന്നു. അതിനുവേണ്ടി എല്ലാ ഹിന്ദു വീടുകളിലും വിശ്വഹിന്ദു പ്രവർത്തകർ കയറി ഇറങ്ങി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുസ്ലിങ്ങൾ സമ്മതിക്കുന്നില്ല എന്ന കഥ പ്രചരിപ്പിച്ചു. അന്നാദ്യമായി കയ്യിൽ ചരട് കെട്ടിയ നായന്മാർ ഇവരുടെ കുടിലുകളിലേക്ക് വരുന്നത് ഞങ്ങൾ കണ്ടു. ഇതിനു വേണ്ടി മാത്രം. ഒരു തരത്തിൽ പറഞ്ഞാൽ മതേതരത്വത്തിന്റെ ചിലവിൽ ഒരു തരം ഹിന്ദു ജാതി ഐക്യം കുറച്ചു നാളത്തേക്ക് നിലവിൽ വന്നു. ഇതുപോലെ ഇഷ്ടിക ശേഖരിക്കാൻ വേണ്ടി ഒരു ശിവസേന പ്രവർത്തകൻ അയല്പക്കത്തെ വീട്ടിൽ വന്നു പോയ സമയത്താണ് തൊട്ടയല്പക്കത്തെ മേധാവി പണികത്തി ഉമ്മയോട് ചോദിച്ചത്.
“നിങ്ങൾ മുസ്ലിങ്ങൾ അയോധ്യയിൽ ഞങ്ങട രാമന്റെ അമ്പലം പണിയാൻ സമ്മതിക്കുന്നില്ല എന്ന് കേട്ടല്ലോ ബീവി..”
പള്ളികൾ പൊളിയുന്നതിനേക്കാൾ വേദനയാണ് ഹൃദയങ്ങളും കുടുംബങ്ങളും അകലുമ്പോൾ. അതും ഇനിയൊരിക്കലും കൂട്ടിച്ചേർക്കാൻ ആവാത്തവിധം.
Leave a Reply