
എനിക്ക് ആർ എസ് എസ്സ്കാരനായ ഒരു സുഹൃത്തുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന സംഗതികൾ പോസ്റ്റ് ചെയ്യുന്ന പുള്ളി ഈയിടെ പരമ്പരാഗതമായി കൈമാറി കിട്ടിയ ഒരേക്കർ ഭൂമി വിറ്റു. വാങ്ങിയത് ഒരു കോളേജ് മുതലാളിയാണ്. നോട്ടുകൾ ആയിട്ടാണ് പണം കൊടുത്തത്. കള്ളപ്പണം വെളുപ്പിക്കലാണെന്ന് ഉറപ്പാണ് കാരണം സ്ഥലം വാങ്ങിയ പൈസയുടെ വളരെ കൂടുതൽ കാണിച്ചാണ് രെജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. പക്ഷെ പൈസ കിട്ടിയ എന്റെ സുഹൃത്ത് ഈ പണം ബാങ്കിൽ ഇടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കാരണം ചോദിച്ചപ്പോൾ പറയുന്നു ബാങ്കിൽ ഇട്ടാൽ നികുതി കൊടുക്കണമെന്ന്. വലിയ വായിൽ ദേശസ്നേഹം പറയുന്ന പലരുടെയും രാജ്യസ്നേഹം ഒരു വലിയ തുക നികുതി സർക്കാരിലേക്ക് കൊടുക്കേണ്ടി വരുന്ന വരെ മാത്രമേ ഉള്ളൂ.
ഇപ്പോൾ ഇതിന് അമേരിക്കയിൽ നിന്ന് ഒരു എതിരാളിയുണ്ട്. പണക്കാരെ പോലെ തന്നെ പാവപ്പെട്ടവരും നികുതി കൊടുത്ത് രാജ്യ നിർമാണത്തിൽ പങ്കാളികൾ ആകണമെന്ന് രാജ്യസ്‌നേഹം പറഞ്ഞ് അധികാരത്തിൽ കയറിയ പ്രസിഡന്റ് ട്രമ്പ് കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ പത്ത് വർഷത്തിലും നയാ പൈസ നികുതി കൊടുത്തിട്ടില്ല എന്ന വാർത്ത ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നികുതി കൊടുത്ത രണ്ടു വർഷങ്ങളിൽ തന്നെ വെറും $750 ഡോളറാണ് ഇത്രയും വലിയ ബിസിനെസ്സ് സാമ്രാജ്യത്തിന്റെ തലവനായ പുള്ളി നികുതി കൊടുത്തിരിക്കുന്നത്. ട്രമ്പിന്റെ വരുമാനത്തിന്റെ ലക്ഷത്തിൽ ഒന്ന് പോലും വരുമാനം ഇല്ലാത്ത ഞാനും ഗോമതിയും കഴിഞ്ഞ വർഷം കൊടുത്ത നികുതി $44,000 ഡോളറായിരുന്നു എന്നറിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും എത്ര മാത്രം നികുതിയാണ് ട്രമ്പ് വെട്ടിച്ചിരിക്കുന്നത് എന്ന്. കോർപ്പറേറ്റ് നികുതി / ട്രസ്റ്റ് നികുതി എന്നുള്ള വകുപ്പിലെല്ലാം നല്ല ടാക്സ് കൺസൽട്ടൻറ് ഉണ്ടെങ്കിൽ ഇല്ലാത്ത നഷ്ടവും മറ്റും പെരുപ്പിച്ച് കാണിച്ച് നികുതി വെട്ടിക്കാൻ പല ലൂപ്പ് ഹോൾസ് അമേരിക്കൻ നികുതി വ്യവസ്ഥയിൽ ഉണ്ട്. പലപ്പോഴും പണക്കാർക്ക് നികുതി വെട്ടിക്കാൻ പാകത്തിലാണ് ഇവിടെയുള്ള പല നികുതി വ്യവസ്ഥകളും ഉണ്ടാക്കി വച്ചിരിക്കുന്നത് തന്നെ എന്ന് തോന്നിപോകും. ഉദാഹരണത്തിന് ട്രമ്പ് തന്റെ മുടി വെട്ടാൻ ചിലവായി എഴുതി തള്ളിയിരിക്കുന്നത് $70,000 ഡോളറാണ് (ഏതാണ്ട് അൻപത് ലക്ഷം രൂപയിൽ കൂടുതൽ), ഇതിനേക്കാൾ കൂടുതൽ തന്റെ ഭരണത്തിൽ സഹായിക്കുന്ന മകൾ ഇവാങ്ക ട്രംപിന്റെ മുടി വെട്ടാൻ എന്നും പറഞ്ഞു എഴുതി തള്ളിയിട്ടുണ്ട്.
താൻ ജീവിതത്തിൽ വിജയിച്ച, ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്‌കാരൻ ആണെന്നും ആ അനുഭവം വച്ച് അമേരിക്കയിലെ ബിസിനെസ്സ് അവസരങ്ങൾ പല മടങ്ങ് വര്ധിപ്പിക്കുമെന്നെല്ലാം വീമ്പു പറഞ്ഞ് അധികാരത്തിൽ കയറിയ ഒരാളുടെ അവസ്ഥയാണിത്. മുമ്പ് പല കാരണങ്ങൾ പറഞ്ഞു തന്റെ ടാക്സ് റിട്ടേൺ പൊതുജനത്തിന്റെ മുന്നിൽ വരാതെ നോക്കിയ ട്രമ്പിന് പക്ഷെ ഇത്തവണ നികുതി വിവരങ്ങൾ ഒളിച്ചു വയ്ക്കാൻ ആയില്ല.
ഇത് കേട്ടപ്പോൾ എനിക്കോർമ്മ വന്നത് കേരളത്തിലെ ഒരു സിനിമ നടൻ നികുതി വെട്ടിക്കാൻ വേണ്ടി താൻ വാങ്ങിയ ലക്ഷുറി കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസാണ്. പുള്ളിയും രാജ്യസ്നേഹത്തിന്റെ ആളാണ്, ബിജെപിയുടെ രാജ്യ സഭാംഗമാണ്, മോഡി വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പന്തം തന്നെ കൊളുത്തി രാജ്യ സ്നേഹം പ്രകടിപ്പിച്ച ആളാണ്, നികുതിയുടെ കാര്യം വന്നപ്പോൾ രാജ്യസ്നേഹം ആവിയായിപ്പോയി എന്നുമാത്രം.
ഈ പറയുന്ന എല്ലാവരുടെയും രാജ്യസ്നേഹം വെറും അഭിനയം മാത്രമാണ്. യഥാർത്ഥ രാജ്യസ്നേഹം നിയമം അനുശാസിക്കുന്ന നികുതി രാജ്യത്തിന് കൊടുത്താണ് കാണിക്കേണ്ടത്, അല്ലാതെ പന്തം കൊളുത്തിയും പാത്രം കൊട്ടിയും, ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്നോ, ദേശീയ പതാക ഉയർത്തിയോ പോലുമല്ല. നികുതി ശരിയായി കൊടുക്കുന്ന പൗരന് തന്റെ രാജ്യസ്നേഹം മേല്പറഞ്ഞ പോലുള്ള പന്തം കൊളുത്തൽകാരോട് പലപ്പോഴും ബോധ്യപ്പെടുത്തേണ്ടി വരുന്നു എന്നുള്ളതാണ് ഇന്ന് നമ്മളുടെ രാജ്യത്തെ ഏറ്റവും വലിയ ദുരന്തം. ഈ സ്വയം പ്രഖ്യാപിത രാജ്യ സ്നേഹികളുടെ ടാക്സ് റിട്ടേൺ നോക്കിയാൽ അറിയാം ഇവരുടെയെല്ലാം യഥാർത്ഥ മുഖം.
Leave a Reply