സ്റ്റോക്ക്ഹോം സിൻഡ്രോം

1923 ഓഗസ്റ്റ് 23 , സ്റ്റോക്ക്ഹോം 

ജയിലിൽ നിന്ന് ജ്യാമത്തിൽ ഇറങ്ങി തിരിച്ചു പോകാതിരുന്ന  കുറ്റവാളിയായ ജാൻ എറിക് ഓൾസൻ, സ്റ്റോക്‌ഹോൾമിലെ പ്രശസ്തമായ ഒരു ബാങ്കിൽ കയറി, തന്റെ കയ്യിലുണ്ടായിരുന്ന മെഷീൻ ഗൺ കാണിച്ച് അന്ന് ബാങ്കിൽ ഉണ്ടായിരുന്ന നാല് തൊഴിലാളികളെ ബന്ദികൾ ആക്കി. നാല് ദിവസം നീണ്ടു നിന്ന ഒരു ബന്ദി നാടകത്തിന്റെ തുടക്കം ആയിരുന്നു അത്.

 ബന്ദികളെ വിട്ടയക്കാൻ ഓൾസൻ ആവശ്യപ്പെട്ട കാര്യങ്ങൾ ഇവയായിരുന്നു, തന്റെ ശിക്ഷാവിധി ഇളവ് ചെയ്യുക, ഏഴ് ലക്ഷം ഡോളർ കാഷ് ആയി കൊടുക്കുക, ജയിലിലെ തന്റെ സുഹൃത്തായ ക്ലാർക് ഒലോഫ്‌സനെ ജയിലിൽ നിന്ന് തന്റെ അടുത്ത് എത്തിക്കുക,  ബന്ദികളും ആയി രക്ഷപെടാൻ ഒരു കാർ ഏർപ്പാട് ചെയുക. 

ഇതിൽ ഓൾസന്റെ സുഹൃത്തിനെയും, ചോദിച്ച പൈസയും, കാറും എല്ലാം പോലീസ് ഉടനടി ഓൾസന് കൈമാറി, പക്ഷെ ബന്ദികളും ആയി രക്ഷപ്പെടണം എന്ന നിബന്ധന മാത്രം അവർ അംഗീകരിച്ചില്ല. ഓൾസൻ നാല് ബന്ദികളും ആയി ബാങ്കിലെ പണവും സാധനങ്ങളും സൂക്ഷിക്കുന്ന  വോൾട്ടിന് അകത്ത് താമസം തുടങ്ങി. ബന്ദികളുടെ സുരക്ഷാ കാരണം കൊണ്ട്, പോലീസ് ബാങ്കിനകത്തേക്ക് കയറാൻ മടിച്ചു.

സാധാരണ ഒരു ബന്ദി നാടകം ആയി മാറേണ്ട ഈ സംഭവം, പക്ഷെ ഇന്നും അറിയപ്പെടുന്നത് ഈ ബാങ്കിനകത്ത് നടന്ന ചില സംഭവങ്ങൾ കൊണ്ടാണ്.

ഒരു ബന്ധിയായ ക്രിസ്റ്റിനെ എൻമാർക് തണുത്ത് വിറക്കാൻ തുടങ്ങിയപ്പോൾ, ഓൾസൻ തന്റെ ജാക്കറ്റ് ഊരി അവരെ പുതപ്പിച്ചു. പേടിച്ചു വിറച്ച അവരെ ഓൾസൻ സമാധാനിപ്പിക്കുകയും, തന്റെ തോക്കിൽ നിന്ന് ഒരു ബുള്ളറ്റ് അവർക്ക് കയ്യിൽ ഓർമയ്ക്കായി സൂക്ഷിക്കാൻ കൊടുക്കുകയും ചെയ്തു. 

മറ്റൊരു ബന്ധിയായ ബ്രിഗിറ്റയ്ക്ക് വീട്ടുകാരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ പ്രതീക്ഷ കൈവിടരുത് വീണ്ടും വീണ്ടും ശ്രമിക്കൂ എന്ന് പറഞ്ഞ ഓൾസൻ പ്രോത്സാഹിപ്പിച്ചു. മറ്റൊരു ബന്ധിയായ എലിസബേത്തിന് അടച്ചിട്ട മുറിയിൽ ഇരിക്കുന്നത് പേടിയായിരുന്നു ( ക്ലോസ്ട്രോഫോബിയ), അവരുടെ കഴുത്തിൽ ഒരു കയർ കെട്ടിയിട്ട് കുറച്ച് ദൂരം നടക്കാൻ ഓൾസൻ അനുവദിച്ചു. ഇങ്ങിനെ  തന്നെ അങ്ങിനെ അനുവദിച്ചത് ഓൾസന്റെ നല്ല മനസ് കൊണ്ടാണ് എന്ന് എലിസബേത് പിന്നീട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. ഇങ്ങിനെ പതുക്കെ ഓൾസണും ബന്ദികളും തമ്മിൽ ഒരു മാനസിക അടുപ്പം ഉണ്ടാകാൻ തുടങ്ങി.

ഓൾസൻ ഞങ്ങൾക്ക് ദൈവത്തെ പോലെ ആയിരുന്നു. ബന്ദികളിൽ ഉണ്ടായിരുന്ന ഒരേ ഒരു ആണായ സ്വേൻ പറഞ്ഞു. ഈ സ്വെനിന്റെ കാലിൽ ആണ്, പൊലീസിന് ഒരു മുന്നറിയിപ്പ് കൊടുക്കാൻ വേണ്ടി ഓൾസൻ നിറയൊഴിക്കാൻ പോയത്. കാലിൽ മാത്രം നിറയൊഴിച്ചു തന്റെ ജീവൻ എടുക്കാത്തതിന് ഓൾസണ് സ്വെൻ നന്ദി പറഞ്ഞു. 

രണ്ടാമത്തെ ദിവസം ബന്ദികളുടെ ആരോഗ്യം പരിശോധിക്കാൻ, സ്റ്റോക്ക്ഹോമിലെ പോലീസ് ചീഫിനെ ഓൾസൻ അനുവദിച്ചു. ബന്ദികൾ പോലീസ് ചീഫിനോട് ഒരു ശത്രുവിനെ പോലെ ആണ് പെരുമാറിയത്. ഒരു ബന്ധിയായ ക്രിസ്റ്റിൻ എൻമാർക്, സ്വീഡിഷ് പ്രധാനമന്ത്രിയെ ഫോൺ ചെയ്തു പറഞ്ഞത്, ഞങ്ങൾക്ക് ഓൾസനെ ഭയം ഇല്ല, പക്ഷെ പോലീസ് ഞങ്ങളെ എന്തെങ്കിലും ചെയ്യുമോ എന്ന ഞങ്ങൾ ഭയപ്പെടുന്നു എന്നാണ്. 

നാലാം ദിവസം പോലീസ് കണ്ണീർ വാതക ഷെല്ലുകൾ ബാങ്കിനകത്തേക്ക് എറിഞ്ഞു പ്രതികളെ കീഴ്പെടുത്തി. ഗ്യാസ് മാസ്കും ധരിച്ച് വന്ന പോലീസുകാരിൽ നിന്ന് ഓൾസനെയും ക്ലാർക്കിനെയും രക്ഷിക്കാൻ കൈ വട്ടം പിടിച്ചു നിന്നു. പ്രതികളെ കൊണ്ടുപോകുമ്പോൾ “അവരെ ഒന്നും ചെയ്യരുത്, അവർ ഞങ്ങളെ ഒന്നും ചെയ്തില്ല” എന്ന് ബന്ദികൾ  ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. നമുക്ക് വീണ്ടും കാണാം എന്നാണ് ബന്ധികളിൽ ഒരാൾ ഓൾസനോട് പറഞ്ഞത്. പിന്നീട് ഓൾസന്റെ കേസ് നടത്താൻ ബന്ദികൾ പണപ്പിരിവ് നടത്തുന്നത് വരെ എത്തി കാര്യങ്ങൾ.

പോലീസിനെയും പൊതുജനത്തെയും, മനഃശാസ്ത്രജ്ഞരെയും ചുറ്റിച്ചു കളഞ്ഞ ഒരു സംഭവം ആയിരുന്നു അത്. സാധാരണയായി ബന്ദികൾ ആക്കപ്പെടുന്നവർ കുറ്റവാളികൾക്കെതിരെ അമർഷത്തോടെ പെരുമാറുമ്പോൾ ഇവിടെ ബന്ദികൾ ആക്കിയവരെ ബന്ദികൾ ആക്കപ്പെട്ടവർ സംരക്ഷിക്കാം ശ്രമിച്ചത് അന്ന് വരെ നടക്കാത്ത ഒരു കാര്യം ആയിരുന്നു.

പിന്നീട് ഇത് പോലെ നൂറുകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏതാണ്ട് എല്ലാത്തിനും ഉള്ള പൊതു സ്വഭാവം ബന്ദികൾ ആക്കപെടുന്നവർ കുറെ നാളത്തേക്ക് കുറ്റവാളികളുടെ കൂടെ കഴിയേണ്ടി വന്നു എന്നതാണ്. പ്രത്യകിച്ചും ഒരു സ്ത്രീയെ തട്ടിക്കൊണ്ട് പോയി  കൂടുതൽ നാൾ തടങ്കലിൽ വച്ച് ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കേസുകളിൽ ഇത് വലിയ തോതിൽ ശ്രദ്ധയിൽ പെടാൻ തുടങ്ങി. മനശ്ശാസ്ത്രത്തിൽ സ്റ്റോക്ക് ഹോം സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു മാനസിക അവസ്ഥ ആണിത്.

ഇത് മനുഷ്യ മനസിന്റെ ഒരു അതിജീവന പ്രക്രിയയുടെ (survival mechanism) ഭാഗം ആണെന്ന് പഠനങ്ങൾ കാണിക്കുന്നു. ബന്ദികൾ ആക്കുന്നവരോട് കയർക്കുന്നത് ബന്ധിയുടെ ജീവൻ അപകടത്തിൽ പെടുത്താൻ സാധ്യത കൂട്ടും എന്നുള്ളത് കൊണ്ട്, കുറെ നാൾ ബന്ദികൾ ആക്കപ്പെടുന്നവരുടെ മനസ്  അവർ  അറിയാതെ തന്നെ ബന്ദികളോടെ ഒരു ഐക്യപ്പെടൽ പ്രഖ്യാപിക്കും. കുറച്ച ദിവസം കഴിയുമ്പോൾ ഈ ഇഷ്ടം യഥാർത്ഥത്തിൽ ഉള്ളത് ആണെന്ന് ബന്ദികൾക്ക് തോന്നുകയും അവർ അത് വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യും. അതിൽ നിന്ന് പുറത്ത് കടക്കാൻ ഈ ഇരകൾക്ക് വളരെ ബുദ്ധിമുട്ടാണ്. വളരെ നാളത്തെ അധ്വാനവും, കുടുംബാങ്ങങ്ങളുടെ സഹായവും, മെഡിക്കൽ കൗൺസിലിംഗും ചെയ്‌താൽ ആണ് ഈ അവസ്ഥ മാറ്റാൻ കഴിയുക.

ഇന്ത്യയിലെ സ്ത്രീകൾ കാലാകാലങ്ങൾ ആയി പുരുഷ മേധാവിത്തത്തിന് അടിമകൾ ആണ്.  സ്ത്രീ സ്വാതന്ത്ര്യത്തിന് വലിയ വില കൽപ്പിക്കുന്ന ഒരു സമൂഹം അല്ല നമ്മുടേത്. ജനിച്ചത് മുതൽ പുരുഷന്റെ അടിമകൾ ആയി കഴിയേണ്ടി വരുന്ന സ്ഥിതിയാണ് ഭൂരിപക്ഷം സ്ത്രീകളുടേതും. സാമ്പത്തികവും സാമൂഹികവും ആയ വിലക്കുകളുടെ  ഒരു ലോകം. അങ്ങിനെ ഉള്ള ഒരു ലോകത്ത് ചെറിയ അപ്പക്കഷ്ണങ്ങൾ നല്കുന്ന പുരുഷനെ ഇന്ത്യൻ സ്ത്രീ ദൈവത്തെ പോലെ ആരാധിക്കുന്നു. 

ഇങ്ങിനെ ഒരു പശ്ചാത്തലത്തിൽ ആണ്, സ്ത്രീകൾക്കെതിരെ  നൂറ്റാണ്ടുകൾ നീണ്ട വിലക്കുകൾ സുപ്രീം കോടതി പെട്ടിച്ചെറിയുമ്പോൾ സ്ത്രീകൾ തന്നെ അതിനെതിരെ ശബ്‍ദം ഉയർത്തുന്നതും സമരം നടത്തുന്നതും കാണേണ്ടത്. നമ്മൾ കുലസ്ത്രീകൾ എന്ന് വിളിച്ചു കളിയാക്കുന്ന ഈ സ്ത്രീകൾ യഥാർത്ഥത്തിൽ ഇരകളാണ്, അവർ അത് മനസിലാക്കുന്നില്ല എന്നെ ഉള്ളൂ. എവിടെയോ കേട്ട പോലെ  മുന്നോട്ട് നീങ്ങുമ്പോൾ മാത്രമാണ് കാലിൽ ചങ്ങലകൾ ഉള്ളത് അവർ മനസിലാക്കാൻ പോവുന്നത്, ഇന്നല്ലെങ്കിൽ നാളെ അതവർ പൊട്ടിച്ചെറിയുക തന്നെ ചെയ്യും. 

സ്ത്രീകളെ ശബരിമലയിൽ കയറ്റരുത് എന്നു പറയുന്ന ഹിന്ദു സ്ത്രീകളെയും , തങ്ങൾക്ക് പർദ്ദ ഇഷ്ട വസ്ത്രം ആണെന്നും തങ്ങൾക്ക് പള്ളിയിൽ കയറണ്ട , വീട്ടിൽ നിസ്കരിച്ചാൽ മതി എന്ന് പറയുന്ന മുസ്ലിം സ്ത്രീകളെയും, ബിഷപ് ഫ്രാങ്കോയെ വെറുതെ വിടണം എന്ന് പറയുന്ന ക്രിസ്ത്യൻ സ്ത്രീകളെയും നമുക്ക് കുറച്ച് കരുണയോടെ കാണാം. പാവങ്ങൾ, അവർ അറിയാതെ സ്റ്റോക്ക് ഹോം സിൻഡ്രോം പ്രകടിപ്പിക്കുകയാണ്.      

വാൽ കഷ്ണം : ഓൾസനെ ജയിലിൽ അടച്ചു കഴിഞ്ഞും പല ബന്ദികളും ഇയാളെ ജയിലിൽ സന്ദർശിച്ചിരുന്നു. 1980 വരെ ഓൾസൻ ജയിലിൽ കഴിഞ്ഞു, ജയിലിലേക്ക് പ്രണയ ലേഖനങ്ങൾ അയച്ച ഒരു സ്ത്രീയെ ഇയാൾ വിവാഹം കഴിക്കുകയും തായ്‌ലൻഡിൽ സെറ്റിൽ ചെയ്യുകയും ചെയ്തു. 2009 ൽ സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന പേരിൽ ഇയാൾ ഒരു ആത്മകഥ ഇറക്കുകയും ഉണ്ടായി. 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: