
ഒരർത്ഥത്തിൽ നോക്കിയാൽ, ഞാൻ ഒരു ഫെമിനിസ്റ്റല്ല, എനിക്കൊരിക്കലും ഒരു ഫെമിനിസ്റ്റാകാൻ കഴിയുകയുമില്ല, എനിക്ക് ഫെമിനിസത്തോട് അനുഭാവമുള്ള പുരുഷനാകാൻ മാത്രമേ കഴിയൂ. കാരണം എനിക്ക് ഇപ്പോഴും മുണ്ടുടുത്ത് കാലും കാണിച്ച് പുറത്തിറങ്ങാം , ഷർട്ടിടാതെ വീടിന്റെ വരാന്തയിലിരിക്കാം, വേണമെന്ന് വെച്ചാൽ തിരക്കില്ലാത്ത ഒരു ഒരു റോഡിന്റെയോ ഇടവഴിയുടെയോ അരികിൽ നിന്ന് മൂത്രമൊഴിക്കുക കൂടി ചെയ്യാം. ആരും ഒന്നും പറയില്ല. പക്ഷെ സ്ത്രീകൾ ഇതൊക്കെ ചെയ്താൽ കാണാം പൂരം.
ഒരു സ്ത്രീക്ക് മാത്രമേ സ്ത്രീകളുടെ യഥാർത്ഥ പ്രശ്നം അറിയാനും അതുകൊണ്ട് തന്നെ ഒരു യഥാർത്ഥ ഫെമിനിസ്റ്റ് ആകാനും കഴിയൂ, പുരുഷന്മാർക്ക് ഇവർക്ക് പിന്തുണ കൊടുക്കുന്ന അനുഭാവം പ്രകടിപ്പിക്കുന്നവർ ആകാം എന്ന് മാത്രം. സ്ത്രീകളുടെ കഷ്ടപ്പാട് ഒരിക്കലും പൂർണതോതിൽ മനസിലാക്കാൻ പുരുഷന്മാർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ഇന്നലത്തെ സംഭവത്തിൽ ശ്രീലക്ഷ്മിയുടെയും ദിയയുടെയും ഭാഗ്യലക്ഷ്മിയുടെയും കൂടെയാണ് ഞാൻ.
ഒന്നാലോചിച്ചു നോക്കിയാൽ ഒരടിയിൽ തീരുന്ന ഒരു വിഷയമല്ല ഇത്. കാരണം പുള്ളിക്കാരന്റെ ചാനലിൽ ലൈംഗിക വൈകൃത വീഡിയോകളുടെ കൂടെ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റിംഗ് , എങ്ങിനെ സിനിമ പിടിക്കാം തുടങ്ങി വേറെ അനേകം വിഡിയോകൾ ഉണ്ട്. അതെല്ലാം എത്രപേർ കണ്ടു എന്ന് നിങ്ങൾ ഒന്ന് നോക്കണം. ലൈംഗിക വൈകൃത വിഡിയോകൾ പ്രത്യേകിച്ച് ഇൻസെസ്റ്റ് തീം ഉള്ള വിഡിയോകൾ ലക്ഷകണക്കിന് ആളുകൾ കണ്ടപ്പോൾ മ്യൂച്ചൽ ഫണ്ടിനെ കുറിച്ചുള്ള വിഡിയോകൾ ആയിരം പേര് പോലും കണ്ടിട്ടില്ല.
എന്ന് പറഞ്ഞാൽ പ്രശ്നം ഇങ്ങേരുടെ മാത്രമല്ല, ഇതെല്ലം കാണാൻ ആളുള്ള നമ്മുടെ സമൂഹത്തിന്റെ കൂടെയാണ്. അടിസ്ഥാനപരമായ പ്രശ്നം ആണും പെണ്ണും സംസാരിച്ചാലോ ലൈംഗിക ബന്ധത്തിൽ ഏർപെട്ടാലോ ആകാശം ഇടിഞ്ഞു വീഴും എന്ന് കരുതുന്ന, പെൺകുട്ടികളെ ആൺകുട്ടിളുടെ അടുത്ത് വിടാത്ത, സംസാരിച്ചാൽ പോലും കണ്ണ് ഉരുട്ടി കാണിക്കുന്ന മാതാപിതാക്കളും, ശരിയായി ലൈംഗിക വിദ്യാഭ്യാസം കിട്ടാതെ ഇത്തരം യൂട്യൂബ് ചാനലുകളിൽ നിന്ന് സെക്സിനെ കുറിച്ച് അറിവ് ലഭിച്ചു വളർന്നുവരുന്ന യുവാക്കളും അടങ്ങുന്ന നമ്മുടെ സമൂഹമാണ് ആദ്യം നന്നാവേണ്ടത്. ചിലപോഴെല്ലാം സദാചാരം നിലനിർത്താനുള്ള ആവശ്യമില്ലാത്ത വെമ്പലാണ് മറ്റു ചില സദാചാര പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തന്നെ.
ആണ് പെണ്ണും കൗമാരകാലത്ത് സംസാരിക്കുന്നതും ഇടപഴകുന്നതും സ്വാഭാവികമാണെന്ന പഠിപ്പിക്കുന്ന, പരസ്പര സമ്മതവും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരു സമൂഹത്തിൽ ഇത്രമാത്രം ലൈംഗിക വൈകൃതങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത കുറവാണു.
അടുത്ത പ്രധാനപ്പെട്ട കാര്യം നമ്മുടെ നിയമവ്യവസ്ഥയുടെയും നിയമപാലകരുടെയും കഴിവുകേടാണ്. ഇത്തരം വൃത്തികേടുകളെ കുറിച്ച് പരാതി പറയാൻ പോകുന്ന സ്ത്രീകളെ അശ്‌ളീല ചിരിയോടെ സ്വാഗതം ചെയ്തത് എരിവും പുളിയുമുള്ള ചോദ്യങ്ങൾ ചോദിക്കുന്ന പൊലീസുകാരുണ്ട്. ഇതുകൊണ്ട് താന്നെ സാധാരണ സ്ത്രീകൾ പലപ്പോഴും പൊതു ഇടങ്ങളിലെ പീഡനങ്ങളെ കുറിച്ച് പരാതി പറയാതെ പോകുന്നത്. കേസുകൾ കൈകാര്യം ചെയ്യാൻ വളരെ അധികം കാലതാമസം എടുക്കുകയും ചെയ്യും. പോലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ മടിയുള്ളവർ കേസ് വിട്ടിട്ട് പോരുകയും അത് ഇരകൾക്കു കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഒരു പ്രചോദനമാവുകയും ചെയ്യും. സർക്കാർ സ്ത്രീ സൗഹാർദ്ദപരമായ നടപടികൾ ഇക്കാര്യത്തിൽ എടുക്കേണ്ടതാണ്.
പല തരത്തിലുള്ള മുൻവിധികളാണ് നമ്മുടെ നാട്ടിൽ സ്ത്രീകളെ കുറിച്ചുള്ളത്. ചിലത് താഴെ.
1. മുൻവിധി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ആണ് ബലാത്സംഗം ചെയ്യുന്നത്.
വസ്തുത : ബലാത്സംഗ കേസുകൾ പരിശോധിച്ചാൽ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഒരു ഘടകമേ അല്ല എന്ന് മനസിലാകും. ദേഹം മുഴുവൻ മൂടി നടക്കുന്ന സ്ത്രീകളെ മുതൽ സാരിയും സ്കർട്ടും ചുരിദാറും ഇടുന്ന എല്ലാവരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. പെണ്ണുങ്ങളെ “ചരക്ക്” (commodity) ആയി കാണിക്കുന്ന പരസ്യങ്ങളും സിനിമകളും പുരുഷ മനോഭാവവും ആണ് മാറേണ്ടത്.
2. മുൻവിധി : ഒരു പെൺകുട്ടി ഒരാളുടെ കൂടെ ഒരിടത്തു പോയാൽ അത് അവനു അവളെ ഭോഗിക്കാൻ ഉള്ള സമ്മതം ആണ്.
വസ്തുത : ഒരു പെൺകുട്ടി ഒരാണ്കുട്ടിയുടെ കൂടെ പോകുന്നത് ഇപ്പോഴും ലൈംഗികതയ്ക്കുള്ള സമ്മതം ആവണം എന്നില്ല. ഒരു ആൺകുട്ടി വേറൊരു ആൺകുട്ടിയുടെ വീട്ടിൽ പോകാൻ ആയിരം കാരണങ്ങൾ കാണും എന്നത് പോലെ ഒരു പെൺകുട്ടിക്കും പല കാരണങ്ങൾ കാണാം. “പറ്റില്ല” എന്ന് ഒരു പെണ്ണ് പറഞ്ഞാൽ അത് മനസിലാക്കേണ്ടത് പുരുഷൻ ആണ്. ഡേറ്റിനു വന്നാൽ പോലും പെൺകുട്ടിയുടെ സമ്മതം ഇല്ലാത്ത ലൈംഗിക വേഴ്ച പുരുഷന്റെ കുറ്റമാണ്.
3. മുൻവിധി : പെൺകുട്ടി ആണിന്റെ കൂടെ മദ്യപിച്ചാലോ പുകവലിച്ചാലോ അത് ലൈംഗികതയ്ക്കുള്ള സമ്മതം ആണ്.
വസ്തുത : ഒരാൺകുട്ടി നിങ്ങളുടെ കൂടെ ഇരുന്നു മദ്യപിച്ചാലും നിങ്ങൾ ഇത് തന്നെ പറയുമോ?
4. മുൻവിധി : പരസ്പരം അറിയുന്നവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാൽസംഗം അല്ല.
വസ്തുത : ഭാര്യയും ഭർത്താവുമോ കാമുകനും കാമുകിയുമൊ പോലും ആയാലും പരസ്പര സമ്മതം ഇല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം ആണ്. ഒരു കാര്യം കൂടി, സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നത് പരിചയക്കാരിൽ നിന്നാണ്. അത് അളിയൻ മുതൽ അമ്മാവൻ വരെ ആകാം.
5. ബലാത്സംഗം ആസ്വദിക്കുന്ന പെൺകുട്ടികൾ ഉണ്ട് കാരണം, പല പെൺകുട്ടികളും തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായത് പുറത്തു പറയുന്നില്ല.
വസ്തുത : സാമൂഹിക കുടുംബ പശ്ചാത്തലങ്ങൾ ആണ് ലൈംഗിക അതിക്രമങ്ങൾ പുറത്തു പറയാത്തതിന് കാരണം. ഇന്ത്യ പോലൊരു രാജ്യത്തു “തീയില്ലാതെ പുക ഉണ്ടാകുമോ” തുടങ്ങിയ ഊള ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹത്തെ പെണ്ണുങ്ങൾ ശരിക്കും ഭയപ്പെടുന്നുണ്ട്. ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യാൻ പോയ എന്റെ ഒരു കൂട്ടുകാരിയോട് പോലീസുകാരൻ തന്നെ ചോദിച്ചത് ഒരു വൃത്തികെട്ട ചോദ്യം ആയിരുന്നു.
6. ചെറുപ്പക്കാരികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നത്
കൊച്ചു കുട്ടികളെയും പ്രായമായ മുത്തശ്ശിമാരെയും ആളുകൾ ബലാത്സംഗം ചെയ്യുന്നുണ്ട്. പ്രായവും ഒരു ഘടകമേ അല്ല.
Leave a Reply