
സ്കൂൾ കോളേജ് ഓഫീസ് തുടങ്ങി സകല കൂട്ടായ്‍മയ്ക്കും ഒരു വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവിടെയെല്ലാം നിഷ്പക്ഷത നടിക്കുന്ന ചിലരുണ്ടാകും. പിണറായി വിജയനു തെങ്ങു കയറാൻ പൊയ്ക്കൂടേ എന്നൊക്കെ ഒരു കാർട്ടൂൺ വന്നാൽ, അല്ലെങ്കിൽ തീർത്തും വസ്തുതാവിരുദ്ധമായി (ഈയിടെ മോദിയാണ് പെട്രോൾ റിസേർവ് ഇന്ത്യയിൽ തുടങ്ങിയത് എന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞത് പോലെ) മോഡിയേയോ ബിജെപിയെയോ അനുകൂലിക്കുന്ന ഒരു പോസ്റ്റ് വന്നാൽ, അല്ലെങ്കിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു അനുകൂലമായി ഇടതുപക്ഷത്തെ തെറിപറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് വന്നാൽ ,അല്ലെങ്കിൽ പിണറയി വിജയനും സ്വപ്ന സുരേഷും നിൽക്കുന്ന ഒരു ഫോട്ടോ വന്നാൽ ഒക്കെ ഒരു സ്മൈലി ഇടുകയോ ഒരു പക്ഷെ നിശ്ശബ്ദരായിരിക്കുകയോ ചെയ്യുന്ന ഇവർ പക്ഷെ തീർത്തും വസ്തുതാപരമായി ഇന്ത്യൻ ജിഡിപി വളർച്ച താഴോട്ടാണ് എന്നോ, ഇന്ത്യൻ രൂപയ്ക്ക് വാല്യൂ കുറഞ്ഞു എന്നോ ചൈന ഇന്ത്യൻ അതിർത്തി കയ്യേറി എന്നോ , മന്ത്രി മുരളീധരന് സ്വര്ണക്കടത്തിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട് അല്ലെങ്കിൽ സ്വർണം വന്നത് ഡിപ്ലോമാറ്റിക് പെട്ടിയിൽ അല്ലെന്ന് പുള്ളി എന്തിനു പറഞ്ഞു എന്നോ പറഞ്ഞു മോഡിയേയോ ബിജെപിയെയോ വിമർശിക്കുന്ന ഒരു പോസ്റ്റ് വന്നാൽ ഉടനെ ഗ്രൂപ്പിൽ രാഷ്ട്രീയം പാടില്ല എന്നോ, നമ്മുടെ രാജ്യത്തെയോ പ്രദാനമന്ത്രിയെയോ വിമര്ശിക്കരുത് എന്നും പറഞ്ഞു വരും.ഞാൻ സങ്കിയല്ല പക്ഷെ എന്ന നാടകത്തിലെ പ്രധാന നടന്മാരാണ് ഇവർ. എന്നാൽ ബിജെപിക്ക് അനുകൂലമായ എന്ത് വൃത്തികേടുകളും ശരിയോ തെറ്റോ നോക്കാതെ ഇവർ ഫോർവേഡ് ചെയ്യുകയും ചെയ്യും.
നിഷ്പക്ഷരായ പലരും ഒന്നുകിൽ മിണ്ടാതെ ഇരിക്കുകയോ അല്ലെങ്കിൽ ഈ ഗ്രൂപ്പുകൾ നോക്കാതെ ഇരിക്കുകയോ, ഗ്രൂപ്പിൽ നിന്ന് പുറത്തു വരികയോ ചെയ്യും. അവരുടെ ആവശ്യവും ഇത് തന്നെയാണ്.
ഞാൻ ഉണ്ടായിരുന്ന pgdca ഗ്രൂപ്പിൽ ഇതുപോലെ പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട് “കേരളത്തിലെ കാക്കന്മാർ…” എന്ന് തുടങ്ങുന്ന ഒരു വോയിസ് ക്ലിപ്പ് ഫോർവേഡ് ചെയ്തത് എന്റെ ഒരു ഉറ്റ സുഹൃത്താണ്. കേട്ടിട്ട് ഞാൻ ഞെട്ടി പോയി. ചോദിച്ചപ്പോൾ മുഴുവൻ കേൾകാതെയാണ് ഫോർവേഡ് ചെയ്തത് എന്നാണ് വിശദീകരണം. ഇവർ ഫോർവേഡ് ചെയ്യുന്ന പലതും നമ്മൾ തിരഞ്ഞു പോയി കണ്ടുപിടിച്ചു തെറ്റാണെന്നു തെളിയിച്ചു കൊടുത്താലും ഇവർക്ക് ഒരു നാണക്കേടും ഇല്ല, ഒരു സോറി പോലും ഇല്ല. കുറച്ചു കഴിഞ്ഞു ഇതേപോലെ മറ്റൊരു ഫോർവേഡ് വരും. ഇങ്ങിനെ സത്യം നോക്കി നോക്കി നമുക്ക് മടുക്കും എന്ന് ഇവർക്ക് നന്നായി അറിയാം.
അമേരിക്കയിൽ ഇതുപോലെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ഞാൻ അംഗം ആയിരുന്നു. അവിടെയാണ് പിണറായി വിജയനെ ജാതിപരമായ അപമാനിക്കുന്ന പോസ്റ്റ് കുറെ പേര് സ്മൈലി ഒക്കെ ഇട്ടു സ്വീകരിച്ചത്. ക്രിസ്ത്യൻ പുരോഹിതന്മാർ കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ കുറിച്ചും അവിടെ വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഹിന്ദു ക്ഷേത്രങ്ങളിൽ കാന്തിക ശക്തി ഇല്ല എന്നും ശബരി മലയിൽ സ്ത്രീകളെ കയറ്റണം എന്നതിനെ അനുകൂലിച്ചും പോസ്റ്റുകൾ വന്നപ്പോൾ ഉടനെ ആളുകൾ മത വിശ്വാസത്തെ വിമർശിക്കരുത് എന്ന് പരാതി ഉയർന്നു. മേല്പറഞ്ഞ രണ്ടു ഗ്രൂപ്പിൽ നിന്നും ഞാൻ ഇറങ്ങിപ്പോന്നു, കാരണം ഭൂരിപക്ഷം ആളുകളും ഒരു തർക്കത്തിന് പോകാതെ മിണ്ടാതിരിക്കും ഇത്തരം കാര്യങ്ങൾ വരുമ്പോൾ. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവർ എന്നും ന്യൂനപക്ഷം ആയിരിക്കും. ഇവരുടെ മണ്ടത്തരങ്ങൾക്ക് ചിലവാക്കാൻ നമുക്ക് നേരവുമില്ല.
എന്റെ ഒരു പോസ്റ്റിൽ Arshad Kollath ഇട്ട കമന്റ് ആണ് താഴെ. പൂർണമായും ശരിയായ നിരീക്ഷണം.
“നിഷ്പക്ഷ ഗ്രൂപ്പിൽ നുഴഞ്ഞു കയറി അവിടെ പാർട്ടി അജണ്ടയും സംഘ അജണ്ടയും പതുക്കെ പ്രചരിപ്പിക്കാൻ ശ്രമിക്കുക എന്നത് പലയിടത്തും കണ്ടിട്ടുണ്ട്. പൂർവ വിദ്യാർത്ഥി കൂട്ടങ്ങൾ അല്ലെങ്കിൽ IMA, ഇട ഒക്കെ പോലെ ഉള്ള professional കൂട്ടായ്മ ഓഫീസുകളിലെ ഗ്രൂപ്പുകൾ ലോക്കൽ charity ഒക്കെ പോലെ ഉള്ള രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത ഗ്രൂപ്പുകൾ ഇവയിൽ ഒക്കെ ആണ് ഈ തന്ത്രം പൊതുവെ കാണാൻ കഴിയുക. Pro modi pro സംഘി കമന്റ് കൾക്കും സന്ദേശങ്ങൾക്കും, എതിർപക്ഷ രാഷ്ട്രീയത്തെ എതിർക്കുന്ന പോസ്റ്റുകൾക്കും ഒട്ടും പ്രതികരിക്കാത്തവർ ചെറിയ ഒരു modi വിമർശനം വന്നാൽ ഉടനെ “ഗ്രൂപ്പിൽ രാഷ്ട്രീയം പാടില്ല” എന്ന് പറഞ്ഞു വരുന്നത് കാണാം. അത് പോലെ അമ്പലങ്ങളുടെ സ്വത്തുകൾ പോകുന്ന വിഷമം, മുസ്ലിങ്ങൾക്ക് കൊടുക്കുന്ന ‘നമ്മൾ അറിയാത്ത’ ആനുകൂല്യങ്ങൾ, convent സ്കൂളിലെ മതം മാറ്റൽ എന്നൊക്കെ പറഞ്ഞു ‘forwaded as received’ മെസ്സേജുകൾ വരും ഇടയ്ക്കിടെ. ഒന്നോ രണ്ടോ നിഷ്കു കൾ വസ്തുത അന്വേഷിക്കാതെ അത് തൊണ്ട തൊടാതെ വിഴുങ്ങും. പിന്നീട് സമാന ചിന്താഗതി ഉള്ളവരെ കൂട്ടി ഉപ ഗ്രൂപ്പുകൾ ഉണ്ടാക്കും. ഭക്തി, ആത്മീയത ഒക്കെ ആണ് ആദ്യം വരിക പിന്നീട് രാഷ്ട്രീയം വരും അവസാനം വർഗീയത, പിന്നെ തീവ്ര വർഗീയത. വർഗീയത വന്നപ്പോൾ കാര്യം മനസ്സിലായി ചാടി പോന്നവരെ അറിയാം.ചാടി പോന്നാൽ എന്ത് തോന്നും എന്ന് ധരിച്ചു അവിടെ തുടരുന്ന പലരും പിന്നെ പതുക്കെ ആ പിടിയിൽ അമർന്നു പോകുന്നതാണ് പൊതുവെ കാണാറുള്ളത്.
ഓഫിസ് ഗ്രൂപ്പിൽ എല്ലാത്തിനും കടുത്ത മറുപടി കൊടുത്തു ഞാൻ പിടിച്ചു നിൽക്കുന്നു. വേറെ അഞ്ചാറു പേർ സഹികെട്ടു exit അടിച്ചു.
അവർ കൃത്യമായ പദ്ധതിയോടെ തന്നെ ആണ് നീങ്ങുന്നത്. ചെറിയ ഒരു പ്രതിരോധം പോലും അതിനെതിരെ ഇല്ല എന്നതാണ് ഏറ്റവും വലിയ വിഷമം.”
ഇത്തരം ഫോർവേഡുകൾ വെറുതെ സംഭവിക്കുന്നതല്ല, മറിച്ച് ഇവ മനപ്പൂർവം സൃഷ്ടിക്കപ്പെട്ട വിതരണം ചെയ്യപെടുന്നവയാണ്. എന്റെ കൂടെ പഠിച്ച ഒരു സുഹൃത്ത് ഇൻഫോസിസിലെ ജോലി രാജിവച്ച് ഇപ്പോൾ മുഴുവൻ സമയ ബിജെപി ഐടി സെൽ പ്രവർത്തകൻ ആണ്. കോൺഗ്രസ്സ്, ഇടതുപക്ഷം തുടങ്ങിയ പാർട്ടികൾ ഇതുവരെ സോഷ്യൽ മീഡിയ ബിജെപി യുടെ അത്ര സീരിയസ് ആയി എടുത്തു കണ്ടിട്ടില്ല. ഇടക്ക് അനിൽ ആന്റണി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ആയി എന്നൊക്കെ വാർത്ത കണ്ടത് അല്ലാതെ , പ്രത്യേകിച്ച് ഒരു മാറ്റവും ഇപ്പോഴും ഇല്ല. ഇടതുപക്ഷവും, കോൺഗ്രെസും സോഷ്യൽ മീഡിയ എഞ്ചിനീയറിംഗ് വളരെ ഗൗരവം ആയി എടുക്കേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു.
ഇനി നിങ്ങളുടെ ഗ്രൂപ്പിൽ ആരാണ് നിഷ്പക്ഷൻ ആയ സങ്കി എന്നറിയണമെങ്കിൽ മോദിയെ വിമർശിച്ച് ഒരു പോസ്റ്റ് ഗ്രൂപ്പിൽ ഇട്ടു നോക്കൂ, ഗ്രൂപ്പിൽ രാഷ്ട്രീയം പാടില്ല എന്നും പറഞ്ഞു ഇവർ അപ്പോൾ തന്നെ വരും. ഓർക്കുക രാഷ്ട്രീയം പാടില്ല എന്നതിൽ ഒളിഞ്ഞിരിക്കുന്നത് വലതു പക്ഷ രാഷ്ട്രീയമാണ്. രാഷ്ട്രീയം പറഞ്ഞു തന്നെയാണ് നമ്മൾ മുന്നേറേണ്ടതു. രാഷ്ട്ര നന്മയ്ക്ക് വേണ്ടി ചെയ്യുന്നത് എന്തോ അതാണ് യഥാർത്ഥ രാഷ്ട്രീയം.
Leave a Reply