മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..

“നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?”

എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി  മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം. ഒരിക്കലും ഭർത്താവിനെ കുറിച്ച് സംസാരിച്ചു കേട്ടിട്ടില്ല, ഇവിടെ ഒറ്റക്ക് ജീവിക്കുന്ന അമ്മമാർ സാധാരണമായത് കൊണ്ട് ഞാൻ അതിന്റെ കുറിച്ച് ചോദിക്കാനും പോയില്ല. 

പക്ഷെ അപ്രതീക്ഷിതമായി മേല്പറഞ്ഞ ചോദ്യം കേട്ടപ്പോൾ ഞാൻ കുറച്ചൊന്നു ഡിഫെൻസിവ് ആയി. ഒന്നുമില്ലെങ്കിലും ഇപ്പോഴും  പാമ്പാട്ടികളുടെ നാടാണ് ഇന്ത്യയെന്നൊക്കെ വിചാരിക്കുന്ന ആളുകളുടെ ഒരു പ്രതിനിധിയാണോ എമ്മയെന്ന് ഞാൻ സംശയിച്ചു.ആദ്യ ഭർത്താവു മരിച്ചുപോകും എന്ന ജാതക ദോഷം മാറ്റാൻ  ഒരു പട്ടിയെ കല്യാണം കഴിച്ച ഇന്ത്യൻ പെൺകുട്ടിയുടെ ഫോട്ടോ കുറച്ചു വർഷങ്ങൾക്ക് മുൻപ് കണ്ടത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു.  

“പണ്ടൊക്കെ അങ്ങിനെ ഉണ്ടായിക്കാണും. പക്ഷെ ഇപ്പോൾ അതുപോലെയുള്ള നോണ്സെന്സ് ഒന്നും ഇന്ത്യയിൽ നടക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ചന്ദ്രനിലേക്ക് റോക്കറ്റ് വിടുന്ന ഒരു രാജ്യമാണ് ഇപ്പോൾ ഇന്ത്യ.. “

എന്റെ മറുപടിയിലെ കടുപ്പം മനസിലാക്കിയത് കൊണ്ടാവണം എമ്മ സംഭാഷണം അവിടെ അവസാനിപ്പിച്ചു. ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും ഇങ്ങിനെയൊക്ക കരുതുന്ന അമേരിക്കക്കാർ ഉണ്ടെന്ന് ഉള്ള അറിവ് എന്നെ കുറച്ച്‌  ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. ഇനി എമ്മയോട് സംസാരിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം എന്നും മനസ്സിൽ ഉറപ്പിച്ചു. 

വൈകിട്ട് കാപ്പി കുടിക്കാൻ ചെന്നപ്പോൾ അവിടെ എമ്മ ഉണ്ടായിരുന്നു. വേറെ ആരും ഉണ്ടായിരുന്നില്ല. സാധാരണ അങ്ങോട്ട് കയറി വർത്തമാനം പറയുന്ന ഞാൻ ഒന്നും മിണ്ടാൻ പോയില്ല.  എന്റെ മൗനം കണ്ടു കൊണ്ടാവണം എമ്മ എന്റെ അടുത്തേക്ക് വന്നു.

“ഞാൻ അങ്ങിനെ ചോദിച്ചത് നസീറിന് വിഷമം ആയോ? ? “

“അങ്ങിനെ ഒന്നുമില്ല…” എന്ന് ഞാൻ താല്പര്യം ഇല്ലാത്ത പോലെ മറുപടി കൊടുത്തു.

“നസീർ എന്റെ മകനെ കണ്ടിട്ടുണ്ടോ?” എന്നും ചോദിച്ചു എമ്മ ഫോൺ തുറന്ന് അവരുടെ മൂന്ന് വയസുള്ള മകന്റെ ഫോട്ടോ കാണിച്ചു തന്നു. അത് കണ്ട ഞാൻ ഞെട്ടി. കാരണം  കണ്ടാൽ എന്റെ മക്കളെ പോലെ ഇരിക്കുന്ന ഒരു ഇന്ത്യൻ കുട്ടിയുടെ ഫോട്ടോ.

നീലക്കണ്ണുകളുള്ള ഒരു വെള്ളക്കാരൻ കുട്ടിയുടെ ഫോട്ടോ പ്രതീക്ഷിച്ച ഞാൻ ചെറുതായി ഒന്ന് ഞെട്ടി. 

“ഈ കുട്ടിയെ എമ്മ ദത്തെടുത്തതാണോ?” ഞാൻ ചോദിച്ചു.  

“അല്ല ഞാൻ പ്രസവിച്ചതാണ്..”

“അപ്പോൾ എമ്മയുടെ ഭർത്താവ് ഇന്ത്യകാരൻ ആണോ? ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“അല്ല, ഞാൻ സിംഗിൾ മദർ ആണ്, എന്റെ ബോയ്‌ഫ്രണ്ട്‌ ഇന്ത്യക്കാരൻ ആയിരുന്നു. ഒരു രാജസ്ഥാനി…, എട്ടു വര്ഷം ഡേറ്റ് ചെയ്തു. ഞാൻ ഗർഭം ആയപ്പോൾ ഗൗരവമായി വിവാഹത്തെ കുറിച്ച് ആലോചിച്ചതാണ്…”

“എന്നിട്ട് എന്ത് പറ്റി, വീട്ടിൽ സമ്മതിച്ചില്ലേ ? ” ഞാൻ ഉത്കണ്ഠയോടെ ചോദിച്ചു..

“എന്റെ വീട്ടിൽ ഒരു ഇന്ത്യക്കാരനെ വിവാഹവും കഴിക്കുന്നതിൽ പ്രശ്നമൊന്നും ഉണ്ടയായിരുന്നില്ല. എന്റെ ബോയ്‌ഫ്രണ്ട്‌ ആയ രാജ് കുറെ തവണ എന്റെ വീട്ടിൽ വന്നിട്ടുണ്ട്, അമ്മയ്ക്കും അനിയത്തിമാർക്കും എല്ലാം അവനെ അറിയാം. പക്ഷെ രാജിന്റെ വീട്ടിൽ ഒരു തരത്തിലും ഒരു വെള്ളക്കാരിയെ കല്യാണം  കഴിക്കാൻ സമ്മതിച്ചില്ല. പ്രത്യേകിച്ച് അവന്റെ ‘അമ്മ. അവരുടെ സംസ്കാരം അറിയാത്ത, ഒരു പെണ്ണിനെ അവർക്ക് സ്വീകരിക്കാൻ തയ്യാർ അല്ല എന്ന്. മാത്രമല്ല വെറും ലൈംഗിക കാര്യങ്ങൾക്ക് വേണ്ടി അവനെ വളച്ചെടുത്തതാണ് ഞാൻ എന്നും പറഞ്ഞു. അതെനിക്ക് സഹിച്ചില്ല നസീർ. സെക്സിനു വേണ്ടി ഓടിനടക്കുന്നവരാണ് വെള്ളക്കാരായ സ്ത്രീകൾ എന്നൊക്കെ ആ സ്ത്രീ പറഞ്ഞു.  ഞങ്ങൾ കോളേജ് കാലത്ത് പരസ്പരം കണ്ടു മുട്ടിയതാണ്. അമേരിക്കയിൽ രണ്ടു പേര് വിവാഹം കഴിക്കുന്നത് അവരുടെ മാത്രം ഇഷ്ടവും ഉത്തരവാദിത്വവുമാണ് , വീട്ടുകാർക്ക് അതിൽ ഒരു പങ്കുമില്ല. പക്ഷെ ഇന്ത്യയിൽ അങ്ങിനെയല്ല എന്ന് എനിക്കറിയില്ലായിരുന്നു.  ലൈംഗിക സ്വാതന്ത്ര്യം ഉണ്ടെങ്കിലും പ്രണയവും വിവാഹാവറും കുടുംബവും  എല്ലാം വേറെ എല്ലാവരെയും പോലെ കൊണ്ടുനടക്കുന്ന സാധാരണ മനുഷ്യരാണ്  ഞങ്ങളും നസീർ”  പറഞ്ഞു വന്നപ്പോൾ എമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“എന്നിട്ട് രാജ് എന്ത് പറഞ്ഞു? “

“അവനു അവനെ അമ്മയെ വേദനിപ്പിക്കാൻ വയ്യത്രെ. എന്നോട് അബോർഷൻ ചെയ്യാൻ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഒരു മാസത്തിനു ശേഷം വീട്ടുകാർ കണ്ടെത്തിയ ഒരു ഇന്ത്യൻ പെൺകുട്ടിയെ അവൻ കല്യാണം കഴിക്കുകയും ചെയ്തു. ഞങ്ങൾ കുടുംബപരമായി കത്തോലിക്കാ വിശ്വാസികളാണ്  നസീർ. അബോർഷൻ തെറ്റാണെന്ന് വിശ്വസിക്കുന്നവർ. അതുകൊണ്ട് ഞങ്ങളുടെ കുട്ടിയെ ഞാൻ  പ്രസവിച്ചു. അവന്റെ അച്ഛന്റെ അതെ വാർപ്പ്. എന്റെ ഇന്നത്തെ സന്തോഷം എല്ലാം അവൻ മാത്രമാണ്. എന്റെ അമ്മയും കുടുംബവും അവനെ വളർത്താൻ എന്റെ കൂടെ നിൽക്കുന്നു. കഴിഞ്ഞ ദിവസം രാജിന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു, അതിന്റെ ചിത്രങ്ങളുടെ കൂടെ ആ കുട്ടി ഒരു മരത്തിനെ  താലി ചാർത്തുന്ന ഒരു ഫോട്ടോ കണ്ടത് കൊണ്ടാണ് ഞാൻ നസീറിനോട് ആ ചോദ്യം ചോദിച്ചത്. തെറ്റായി വിചാരിക്കരുത്. “

ഒന്നും പറയാതെ തല കുനിച്ചു ഞാൻ നിന്നു. ഒരാളെ കുറിച്ച് ഒന്നും അറിയാതെ ഒരു മുൻധാരണ മനസ്സിൽ ഉണ്ടായതിൽ ഞാൻ മനസ് കൊണ്ട് എമ്മയോട് മാപ്പ് പറഞ്ഞു. 

യഥാർത്ഥ ജീവിതത്തിലോ സോഷ്യൽ മീഡിയയിലോ നമ്മൾ പരിച്ചയപെടുന്ന പലരുടെയും വ്യക്തിത്വം രൂപപ്പെടുന്നത് അവരുടെ മുൻ അനുഭവങ്ങൾ കൊണ്ടും ജീവിത സാഹചര്യങ്ങൾ  കൊണ്ടുമാണ്. നമ്മളോട് ആശയപരമായി വിയോജിക്കുന്നവരെ കൂടി  മുൻധാരണകൾ ഇല്ലാതെ എല്ലാവരെയും മനുഷ്യരായി കണ്ടു കൂടെ നിർത്താൻ ഞാൻ എന്നും ശ്രമിക്കുന്നതിന്റെ കാരണവും മേല്പറഞ്ഞ പോലുള്ള അനുഭവങ്ങളാണ്, ചിലപ്പോൾ ഞാൻ അതിൽ പരാജയപെടാറുണ്ടെങ്കിൽ കൂടി. 

നോട്ട് : മണിയറയിലെ അശോകൻ എന്ന ചിത്രം കണ്ടപ്പോഴാണ് എമ്മയും ആയുള്ള പഴയ സംഭാഷണം ഓർമ വന്നത്. അക്കരക്കാഴ്ചകളിലെ ഗ്രിഗറിയോടുള്ള ഇഷ്ടം കൊണ്ട് കണ്ടതാണ്. ദൗർഭാഗ്യവശാൽ ചിത്രം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: