“ആരാ?” അയാൾ ചോദിച്ചു
“പിച്ചക്കാരൻ”
ഒരു കുട്ടി പറഞ്ഞു.
“ചോറ് വേണമത്രേ” മറ്റേ കുട്ടി വിശദീകരിച്ചു.
ഹൌ തിരുവോണമായിട്ട് ഭിക്ഷയോ! ശിവ ശിവാ!” ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭാഷണമാണ്, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സമരണയിൽ നിന്ന്.
“ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന”
പ്രണയപരാജയം ജീവിതത്തിൽ ഏറ്റുവാങ്ങിയ മലയാളികൾ ഒരിക്കലെങ്കിലും നെഞ്ചിലേറ്റിയ ഈ വരികൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഞാൻ കൂടുതൽ അടുത്തറിയുന്നത് ചിദംബര സ്മരണകൾ വഴിയാണ്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ ആണ് മലയാളം വാരികയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥാംശം അടങ്ങിയ ചിദംബര സ്മരണകൾ വായിക്കാൻ തുടങ്ങിയത്. ഓരോ ലക്കവും കാത്തിരുന്ന് വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തായിരുന്നു. കവിക്ക് ഗദ്യം അസാധ്യമായി വഴങ്ങും എന്ന് എല്ലാവരെയും മനസിലാക്കി കൊടുത്ത അനുഭവ കഥകൾ. അതിൽ ഒന്നാണ് ഇരന്നുണ്ട ഓണം എന്ന അനുഭവ വിവരണം.
കോളേജിൽ പഠിക്കുമ്പോഴേ നക്സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടനായി വീട് വിട്ടിറങ്ങിയ കവി മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ആയിരുന്നു താമസം. ഓണത്തിന് ഹോസ്റ്റൽ അടച്ചപ്പോൾ കവിക്ക് പോകാൻ വീടുണ്ടായിരുന്നില്ല. അവസാനമായി ഹോസ്റ്റലിൽ ഉണ്ടായിരുന്ന കെ എസ് രാധാകൃഷ്‌ണനും (ഇപ്പോൾ ബിജെപി യിൽ ചേർന്ന പഴയ കോൺഗ്രസ്കാരൻ, കാലടി സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ആൾ) വീട്ടിൽ പോയി കഴിഞ്ഞ് ആരുമില്ലാത്ത ഹോസ്റ്റലിൽ നിന്ന പുറത്തിറങ്ങി പോകാൻ ഒരിടമില്ലാതെ , രാത്രി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയും പകൽ കായലോരത്തും തെരുവുകളിലും ലക്ഷ്യമില്ലാതെ അലഞ്ഞു തിരിഞ്ഞും കഴിച്ചു കൂട്ടിയ കവിയുടെ കയ്യിൽ ഉണ്ടായിരുന്ന പണം ഉത്രാടം ആയപ്പോഴേക്കും തീർന്നു. അന്ന് പൈപ്പ് വെള്ളം കുടിച്ച് കിടന്നുറങ്ങിയ ബാലൻ തിരുവോണത്തിന്റെ അന്ന് വിശപ്പ് സഹിക്കാതെ ഒരു വീട്ടിലേക്ക് കയറി ചെന്നു. കവിയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ
“തുമ്പയും കുരുത്തോലയും കൊത്തിയരിഞ്ഞതും ചെത്തിപൂവും കൂടി ഗേറ്റു മുതൽ അകത്തേക്ക് വരിയായി ഇരിട്ടിക്കുന്നു. തൃക്കാക്കരയപ്പൻ. കുരുത്തോല തോരണം. പഴയ വലിയ വീട്. മുറ്റത്ത് ഒരു വൃദ്ധ. ഓണക്കോടിയുടുത്ത രണ്ടാൺകുട്ടികൾ കളിക്കുന്നു.
ഞാൻ അറിയാതെ ഗേറ്റ് തുറന്നു അകത്തു കയറി.
“ആരാ? എന്താ?”
വൃദ്ധ ചോദിച്ചു.
“അമ്മൂമ്മേ ഞാൻ വളരെ ടൂറെന്ന വര്വാ. ഹോട്ടലുകളൊക്കെ പൂട്ടിരിക്കണു. വിശന്നിട്ട് വയ്യ” കുട്ടികൾ കാളി നിർത്തി എന്നെ കൗതുകത്തോടെ നോക്കി നിന്നു.
ഏമ്പക്കം വിട്ടുകൊണ്ട് ഒരു മധ്യവയ്സക്കൻ അകത്തു നിന്നും ഇറങ്ങി വന്നു.
“ആരാ?” അയാൾ ചോദിച്ചു
“പിച്ചക്കാരൻ”
ഒരു കുട്ടി പറഞ്ഞു.
“ചോറ് വേണമത്രേ” മറ്റേ കുട്ടി വിശദീകരിച്ചു.
ഹൌ തിരുവോണമായിട്ട് ഭിക്ഷയോ! ശിവ ശിവാ!”
അയാൾ അകത്തേക്ക് കയറിപ്പോയി.
വൃദ്ധ ദയയോടെ എന്നെ വിളിച്ചു വീടിന്റെ വടക്കു വശത്തേക്ക് കൊണ്ടുപോയി.
പലതരം കറികളുടെയും പപ്പടം കാച്ചിയതിന്റെയും ഒക്കെ മണങ്ങൾ കട്ടിൽ എന്റെ വായിൽ വെള്ളമൂറി. എന്തെല്ലാം കറികളുണ്ടാവും?
“ദേവൂ” വൃദ്ധ അകത്തേക്ക് നോക്കി വിളിച്ചു. വേലക്കാരിയാവണം. ഒരു മെലിഞ്ഞ സ്ത്രീ പുറത്തു വന്നു.
“ഒരേല ഇബടെ ഇട്ടോളൂ”
തിണ്ണയിലേക്ക് ചൂണ്ടി വൃദ്ധ പറഞ്ഞു. വേലക്കാരി ഒന്ന് സംശയിച്ച പോലെ ന്നെ നോക്കി.
“തിരുവോണമല്ലേ. വിശക്കണൂത്രേ. ഈശ്വര ആർക്കാ ഈ ഗതി വരമ്പാടില്ലാത്തെ”
വൃദ്ധ ആത്മഗതം പോലെ പറഞ്ഞു.
ഞാൻ ഭവ്യതയോടെ തിണ്ണയിൽ ഇരുന്നു.
തുണിസഞ്ചി അടുത്ത ഒതുക്കിവച്ചു. വൃദ്ധ അകത്തു പോയി.
വേലക്കാരി ചോറും ഒരു ഇലയും ഒരു മോന്ത വെള്ളവും കൊണ്ട് വന്നു. ഞാൻ കയ്യും മുഖവും കഴുകി. കുറച്ചു വെള്ളം കുടിച്ചു. നല്ല തണുത്ത കിണറ്റുവെള്ളം. ഹാവൂ. ഉള്ളൊന്നു തണുത്തു.
വേലക്കാരി ചോറും കറികളും വിളമ്പി. സാമ്പാറും വിയലുക്കൊക്കെ കണ്ട കാലം മറന്നു. ഞാൻ ആർത്തിയോടെ വാരി ഉണ്ട്. എന്തൊരു സ്വാദ്.
ഒരു ചിലമ്പൊലി കേട്ട് ഞാൻ തല ഉയർത്തി നോക്കി. കടും പച്ച നിറത്തിൽ സ്വർണവരകളുള്ള പട്ടുപാവാടയും തൂവെള്ള ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി. നെറ്റിയിൽ ചന്ദനക്കുറി.
ആ പെൺകുട്ടി എന്നെ സൂക്ഷിച്ചു നോക്കി.
“അയ്യോ, ഇത് ബാലചന്ദ്രൻ ചുള്ളിക്കാടല്ലേ— കവി!”
അവൾ അമ്പരപ്പോടെ അകത്തേക്കോടി.
“അമ്മെ അത് പിച്ചക്കാരനല്ല. ആ ബാലചന്ദ്രൻ ചുള്ളിക്കാടാ. കവി. ഞങ്ങടെ കോളേജിൽ കവിതചൊല്ലാൻ വന്നിരുന്നു ഇന്നാള്. കടമ്മനിട്ടയുടെയും സുഗതകുമാരിയുടെയും ഒക്കെ കൂടെ”
അകത്തുനിന്ന് പെൺകുട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം.
ഈശ്വരാ, പകുതി ഉണ്ടില്ല. എണീറ്റോടിയാലോ.
വേണ്ട. ഒരെല ചോറ് കളയാനോ ? അഭിമാനത്തേക്കാൾ വലുത് അന്നം തന്നെ. ഞാൻ ഊണ് തുടർന്നു.
അകത്തുനിന്നും സ്ത്രീകളും കുട്ടികളും ഇറങ്ങിവന്നു ഒരത്ഭുത ജീവിയെ കാണുംപോലെ എന്നെ നോക്കി നിന്നു.
“ഇവള് പറയണത് ശര്യാണോ?” കസവുമുണ്ടുടുത്ത ഒരു സ്ത്രീ ചോദിച്ചു.
നുണ പറഞ്ഞാലോ? എന്തിനു? എന്തഭിമാനമാണ് ഇനി ബാക്കി?
വിശപ്പാണ് പരമസത്യം. ബാക്കിയെല്ലാം വെറും പൊങ്ങച്ചമാണ്.
വളിച്ച ഒരു ചിരിയോടെ ഞാൻ തലയാട്ടി.
“അയ്യോ അറിഞ്ഞില്യട്ടോ, ഇങ്ങട് അകത്ത് ഇരിക്കാമായിരുന്നു”
ആ സ്ത്രീ ഭംഗിവാക്ക് പറഞ്ഞു.
“സാരല്യ. ഞാൻ ദൂരേന്നു വര്വാ. ഹോട്ടലൊന്നും ഓണായിട്ട് തുറന്നിട്ടില്ല. അതോണ്ടാ.. “
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരെയും നോക്കാതെ തല കുനിച്ചിരുന്ന മുഴുവൻ ഉണ്ട് തീർത്തു. കായ് വായും കഴുത്തി മോന്തയിലെ ബാക്കി വെള്ളം ഇണ്ട് ഇരുന്നിടം തളിച്ച് ശുദ്ധമാക്കി. തുണിസഞ്ചി എടുത്ത് അതിന്റെ അറ്റം കൊണ്ട് ചിരി തുടച്ചു.
“പായസം”
പെൺകുട്ടി എന്റെ നേരെ ഗ്ലാസ് നീട്ടി.
“വേണ്ട മധുരം കഴിച്ചാൽ ഉറക്കം വരും. കൊറേ ദൂരം പോകാനൊള്ളതാ”
ഞാൻ താഴ്മയോടെ നോരസിച്ചു. വീട്ടുകാർ നിശബ്ദം എന്റെ ചലങ്ങൾ നോക്കി നിൽക്കുകയാണ്.
ഞാൻ എല്ലാവരെയും തലകുനിച്ചു തൊഴുതു. തിരിഞ്ഞു തെരുവിലേക്ക് നടന്നു”
ഇതാണ് ചിദംബര സ്മരണകളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത്. വായിച്ചു കരയാനും അത്ഭുതപെടാനും ഇതുപോലെയും ഇതിനേക്കാൾ ആത്മസ്പർശിയായും അനേകം അനുഭവക്കുറിപ്പുകൾ. കവിയെ കുറിച്ച് പലരുടെയും അഭിപ്രായങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ ഞാൻ ഓർക്കും നമ്മുടെ നിസാരമായ അനുഭവങ്ങൾ വച്ച് നമ്മൾ ആരെയാണ് അളക്കുന്നത് എന്ന്.
പറഞ്ഞു വന്നത് വേറെ ഒന്നാണ്. ഈ കൊറോണ കാലത്ത് നമ്മൾ ഓണം ആഘോഷിക്കുമ്പോൾ ഓണം പല കാരണങ്ങളാൽ ആഘോഷിക്കാൻ കഴിയാതെ വരുന്ന കുറെ ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാകും. നമുക്ക് കരുണയോടെ അവരെ കൂടെ നമ്മുടെ ആഘോഷങ്ങളിൽ പങ്കു ചേർക്കാം. മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം എന്ന ഓണപ്പാട്ടിനെ നമുക്ക് നമുക്ക് ചുറ്റുമുള്ളവരെ കൂടെ കൂട്ടി ഓണം ആഘോഷിച്ചു പ്രവർത്തികമാക്കാം. ഒരുപക്ഷെ നിങ്ങൾ ഊട്ടുന്നത് ഒരു ബാലചന്ദ്രനെ ആയിരിക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Leave a Reply