
17 കുട്ടികൾ ഉൾപ്പെടെ അൻപത്തിഅഞ്ചു പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മുന്നാറിലെ തേയില തോട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂറും പൂഞ്ഞാറും ഉൾപ്പെടെയുള്ള ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷുകാരോട് ചേർന്ന് ഇന്ത്യയിലെ പാവപ്പെട്ടവരെ എങ്ങിനെ കൊള്ളയടിച്ചു എന്നും അതിന്റെ ആത്യന്തിക ഫലമാണ് ഇന്നും അവർക്ക് സ്വന്തം ആകേണ്ടിയിരുന്ന സ്ഥലത്തു മുന്നാറിലെ ആദിവാസികളും ദളിതരും ഭൂമിയുടെ അവകാശം ഇല്ലാതെ ലായങ്ങളിൽ കഴിയേണ്ടി വരുന്നതും എന്നും നമുക്ക് കാണാൻ കഴിയും.
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ കാണുമ്പോൾ ചരിത്രാതീത കാലം മുതൽ അവ അങ്ങിനെ ഉണ്ടായിരുന്ന പോലെ തോന്നുമെങ്കിലും, അവിടെ പണ്ട് മുഴുവൻ കാടായിരുന്നു. അത് വെട്ടിത്തെളിച്ചു തേയില തോട്ടങ്ങൾ സ്ഥാപിക്കാൻ ഉള്ള ആശയം 1870 തുകളിൽ തിരുവതാംകൂർ ദിവാനായിരുന്ന മൺറോ സായിപ്പിന്റേതാണ്. മൺറോയ്ക്ക് അന്നത്തെ പൂഞ്ഞാർ അധികാരി ആയിരുന്ന രോഹിണി തിരുനാളിന്റെ കയ്യിൽ നിന്ന് 3000 രൂപ വാർഷിക വാടകയ്ക്ക് ഒരു ലക്ഷത്തി മുപ്പത്തി ആറായിരം ഏക്കർ ഭൂമി പാട്ടത്തിനു കൊടുത്തത്. ഇവിടെ താമസിക്കുന്നവരുടെ അഭിപ്രയമൊന്നും ആരും കേട്ടില്ല. കണ്ണൻ തേവർ എന്ന ആദിവാസി മൂപ്പൻ ആയിരുന്നു പ്രാദേശിക സഹായങ്ങൾ മൺറോയ്ക്ക് ചെയ്ത് കൊടുത്തെ എന്ന് പറയപ്പെടുന്നു. 1879 ത്തിൽ മൺറോ പൂഞ്ഞാർ രാജ കുടുംബത്തിൽ നിന്ന് ഈ ഭൂമി വിലക്ക് വാങ്ങി.
ഇത് കേൾക്കുമ്പോൾ പൂഞ്ഞാർ രാജവംശം കേരളത്തിൽ പണ്ട് മുതലേ ഉണ്ടായിരുന്നത് ആണെന്ന് തോന്നും. പക്ഷെ പൂഞ്ഞാർ രാജവംശം മധുരയിൽ നിന്നും വന്നവരാണ്. തെക്കുംകൂർ രാജാവിന്റെ കയ്യിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് അവർ വാങ്ങിയ ഭൂമിയാണ് അവർ പൂഞ്ഞാർ രാജ്യമാക്കി ഭരണം നടത്തിയത്. എന്ന് വച്ചാൽ ഇതൊന്നും അവരുടെ ജന്മ അവകാശ ഭൂമി ആയിരുന്നില്ല. പ്രാദേശിക ആദിവാസികളെയും ദളിതരെയും കണക്കിൽ എടുക്കാതെ ചില രാജാക്കന്മാർ പണത്തിനു വെച്ച് മാറിയ ഭൂമി ആയിരുന്നു ഇതെന്ന് ചുരുക്കം.
2010 ൽ പൂഞ്ഞാർ രാജവംശം മുന്നാറിലെ ഭൂമി തങ്ങളുടെ ജമാവകാശം ആണെന്ന് ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തിരുന്നു എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നും.
മേല്പറഞ്ഞ പോലെ പൂഞ്ഞാർ വലിയ രാജാവായിരുന്ന കേരളവര്മയും ഇംഗ്ലീഷ് തോട്ടം ഉടമയായിരുന്നു ജോൺ ഡാനിയേൽ മൺറോയും തമ്മിൽ 1877 ജൂലൈ പതിനൊന്നിന് ചെയ്ത ഒരു കരാറിൽ നിന്നാണ് കണ്ണൻ ദേവൻ കമ്പനി നിലവിൽ വന്നത്.
1947 ൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ തേയിലത്തോട്ടങ്ങളുടെ ഉടമസ്ഥാവകാശം അവിടെ താമസിക്കുന്ന പ്രാദേശികവാസികളുടെ പേരിലേക്ക് മാറ്റേണ്ടതായിരുന്നു ന്യായം. പക്ഷെ 1964 ൽ ടാറ്റ ആണ് അന്നത്തെ ഉടമകൾ ആയ ഫിൻലേയും ആയി കരാർ ഉണ്ടാക്കി ഈ തേയിലത്തോട്ടങ്ങളുടെ ഉടമസ്ഥ അവകാശം ഏറ്റെടുത്ത്. പൂഞ്ഞാർ രാജാക്കന്മാർക്കോ ടാറ്റയ്‌ക്കോ പ്രാദേശികവാസികളുടെ സുരക്ഷതത്വമോ അവരുടെ വിദ്യാഭ്യാസ സാമ്പത്തിക ഉയർച്ചയോ ഒരു പ്രധാന കാര്യമായി തോന്നിയില്ല എന്നത് ആണ് ഇന്നും ഒരു വർഷം നാലു കോടി രൂപ ലാഭവിഹിതം ഉണ്ടാകുന്ന ഈ കമ്പനിയുടെ തൊഴിലാളികൾ വെറും ലായങ്ങളിൽ താമസിക്കേണ്ടി വരുന്നത്. 2005 ൽ മാത്രമാണ് തൊഴിലാളികൾക്ക് ഒരു ചെറിയ ഉടമസ്ഥാവകാശം കൊടുത്തുകൊണ്ട് കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി എന്ന KDHPC നിലവിൽ വന്നത്.
അനധികൃത ക്വാറികൾ നടത്തുന്ന പ്രവർത്തനങ്ങൾ ആണ് ഈ അതിലോല പരിസ്ഥിതി മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാക്കുന്നത് എന്ന് ഗാഡ്ഗിൽ പറയുന്നു. ഇതൊക്കെ തടയണം എങ്കിൽ ഒന്നുകിൽ ഈ ആദിവാസി / ദളിത് സമൂഹത്തിൽ നിന്ന് നല്ല വിദ്യാഭ്യാസവും അവകാശ ബോധവും ഉള്ളവർ ഉയർന്നു വരണം. അല്ലെങ്കിൽ സർക്കാർ ഈ ഭൂമി മുഴുവനായി ഏറ്റെടുത്ത ഇവിടെയുള്ളവർക്ക് കൊടുക്കണം. കേരളത്തിൽ അച്യുതാന്ദനും സുരേഷും ഒക്കെ മാത്രമാണ് ഇക്കാര്യത്തിൽ കുറച്ചെങ്കിലും താല്പര്യം കാണിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. മറ്റു ഒരു രാഷ്ട്രീയക്കാരും ഇതിനെപറ്റി മിണ്ടി കാണുന്നില്ല. ഒരു മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ മാത്രം ഭൂമി കൊടുക്കാം എന്ന് ആശ്വസിക്കപ്പെടേണ്ടവർ അല്ല ഇവർ.
ഒരു രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു ഹാരിസൺ, ടാറ്റ എന്നിവരുടെ കയ്യിലുള്ള ഇത്തരം ഭൂമികൾ ന്യായമായ അളവിൽ പ്രാദേശിക ആദിവാസി / ദളിത് സമൂഹത്തിനു വിതരണം ചെയ്യണം. പാരമ്പരകളായി അവരുടെ സമൂഹത്തോട് രാജാക്കന്മാരും സർക്കാരുകളും ചെയ്ത അനീതിക്ക് അതായിരിക്കും ന്യായം.
Leave a Reply