
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാർ ഒരു പണി കൊടുത്തിട്ടാണ് പോയത്. സ്വതന്ത്ര ഇന്ത്യയിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്ക് നൽകി. അഞ്ഞൂറിൽ കൂടുതൽ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ പല നാട്ടുരാജ്യങ്ങളെയും പ്രിവി പേഴ്സ് എന്ന പേരിൽ രാജാക്കന്മാർക്ക് കൈക്കൂലി നൽകി അനുനയിപ്പിച്ചും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും നെഹ്രുവും പട്ടേലും വിപി മേനോനും ചേർന്ന ഇന്ത്യൻ യൂണിയനിൽ ചേർത്തു.
ഹൈദരാബാദ് പോലെ ഇന്ത്യൻ യൂണിയനിൽ ചേരാതെ ബലം പിടിച്ചു നിന്ന നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു സിപി രാമസ്വാമി അയ്യർ ദിവാനായിരുന്ന തിരുവിതാംകൂർ. കമ്മ്യൂണിസ്റ്റ് രാജ്യമായ റഷ്യയുമായി ഒക്കെ നയതന്ത്ര ബന്ധം ഉണ്ടാക്കുന്ന സ്വതന്ത്ര ഇന്ത്യയിൽ ഒരു കാരണവശാലും ചേരില്ല എന്നതായിരുന്നു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായ അയ്യരുടെ നിലപാട്. അന്നത്തെ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരമ വർമയുടെ അമ്മ സേതു പാർവതീ ഭായിയും ആയി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം മഹാരാജാവിനെ ഒരു പാവയാക്കി നിർത്തിക്കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിനു അധികാരം നൽകിയിരുന്നു എന്ന മനു പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിന്റെ വരികൾക്കിടയിൽ വായിച്ചാൽ മനസിലാക്കാം.
പക്ഷെ തിരുവിതാംകൂർ സ്വതന്ത്ര നാട്ടുരാജ്യമായി നിലകൊള്ളാൻ ഒരു പ്രശ്നമുണ്ട്. തിരുവിതാംകൂർ ഒരു വശത്തു കടലും മറ്റു എല്ലാ ഭാഗങ്ങളിലും ഇന്ത്യൻ യൂണിയനും ആയി ചുറ്റപ്പെട്ടു കിടക്കുകയാണ്. ഒരു രാജ്യം എന്ന നിലക്ക് ഒറ്റക്ക് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ സർക്കാർ വിചാരിച്ചാൽ ഒരു തരത്തിലുള്ള ഇറക്കുമതിയും നടക്കില്ല. അതിന് സിപി രാമസ്വാമി അയ്യർ കണ്ടുപിടിച്ച വഴി ഇന്ത്യയിൽ നിന്ന് വിഭജിച്ചു പോകാൻ തീരുമാനിച്ച പാകിസ്ഥാനും ആയി ഒരു കരാർ ഒപ്പിടുക ആയിരുന്നു. സ്വാതന്ത്ര്യ ചർച്ചകൾ നടക്കുന്ന സമയത്ത് പരസ്പരം സഹായിക്കുന്നതിന് സ്വതന്ത്ര രാജ്യം ആകാൻ പോകുന്ന തിരുവിതാംകൂർ പാകിസ്താനുമായി നയതന്ത്ര ബന്ധത്തിന് തയ്യാറാണെന്ന് മുഹമ്മദലി ജിന്നയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി. ജിന്നയുടെ അടുത്തേക്ക് ഇതിനായി സിപി ഒരു ദൂതനെ അയക്കുക വരെ ചെയ്തു.
കേരളത്തിലെ കോൺഗ്രസ് നഖശികാന്തം എതിർത്ത ഒരു നീക്കമായിരുന്നു ഇത്. ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂർ ചേരണമെന്ന് അവർ ആഗ്രഹിച്ചു. പക്ഷെ ഇന്ത്യയിൽ തങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു ഹിന്ദു രാജ്യം നിലവിൽ വരാൻ പോകുന്നതിനെ സർവാത്മനാ സ്വാഗതം ചെയ്ത് ഒരാളുണ്ടായിരുന്നു. ഇന്നത്തെ ദേശീയവാദികൾ പൊക്കിപ്പിടിച്ചു കൊണ്ട് നടക്കുന്ന സാക്ഷാൽ വിഡി സവർക്കർ. മതേതര ഇന്ത്യയുടെ അകത്ത് ഒരു ഹിന്ദു രാഷ്ട്രമായി തിരുവിതാംകൂർ നിലനിർത്തുന്നതിന് അദ്ദേഹം ദിവാൻ സിപിക്ക് അല്ല വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇനി തിരുവിതാംകൂർ ഭരിച്ചിരുന്നത് ഒരു മുസ്ലിം രാജകുടുംബം ആയിരുന്നു എന്ന് കരുതൂ, അവർ ഇതുപോലെ ഇന്ത്യയുടെ അകത്ത് സ്വതന്ത്ര രാജ്യമായി നിൽക്കാൻ തീരുമാനിക്കുകയും പാകിസ്താനുമായി കരാർ ഉണ്ടാകുകയും ചെയ്തു എന്ന് കരുതുക. ആ രാജകുടുംബത്തെ ഇന്ന് മനോര ഇതുപോലെ പൊക്കിപിടിക്കാൻ സാധ്യതയുണ്ടോ? ആദ്യമായി സ്വയം ഭക്ഷണം ഉണ്ടാക്കി തിന്നുന്നതിന്റെ ആഹ്ലാദം മനസിലാക്കാം, അതിനെ റോയൽ ആയി അവതരിപ്പിക്കുന്ന മനോരമ കാണിക്കുന്നത് അശ്ലീലമാണ്.
നോട്ട് : തിരുവിതാംകൂറിലെ കടപ്പുറത്ത് സുലഭം ആയി കാണുന്ന തോറിയം (മോണോസൈറ്റ് ), ഇല്മനൈറ്റ് തുടങ്ങിയ ധാതുക്കൾ ഖനനം ചെയ്ത കയറ്റുമതി ചെയ്യാൻ അമേരിക്കയും ജർമനിയും ആയി ഒക്കെ കരാറിൽ ഏർപ്പെടാനും അദ്ദേഹത്തിന് പദ്ധതി ഉണ്ടായിരുന്നു. പഴയ പെട്രോമാക്സിന്റെ മാന്റിൽ നിർമാണത്തിന് ഒക്കെ ഉപയോഗിക്കുന്ന ഈ ധാതുക്കൾക്ക് വലിയ ഡിമാൻഡ് ആയിരുന്നു അക്കാലത്ത്. കെസിഎസ് മണി ദിവാനി വെട്ടി പരിക്കേൽപ്പിച്ചതിലൂടെ അവസാനിപ്പിച്ചില്ലായിരുന്നു എങ്കിൽ കേരളം ഇന്ന് മറ്റൊരു കശ്മീർ ആയി മാറിയേനെ.
Leave a Reply