എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടുകളുടെ അതിർത്തിയിൽ വേലികളായിരുന്നു. ശീമക്കൊന്ന എന്ന അധികം വളരാതെ തരത്തിലുള്ള ഒരു തരം മരമാണ് വേലി കെട്ടാൻ ഉപയോഗിക്കുന്നത്, ചിലപ്പോൾ ഓല കൊണ്ട് വേലി മറക്കും.
വീടുകളിലെ പെണ്ണുങ്ങൾ പരസ്പരം സംസാരിക്കുന്നത് അടുക്കളയുടെ പിന്ഭാഗത്തുള്ള വേലികളുടെ അപ്പുറവും ഇപ്പുറവും നിന്നാണ്. നാട്ടിലെ ഏതാണ്ട് എല്ലാ വാർത്തകളും ഇവരുടെ ഇത്തരം സംസാരങ്ങളിലൂടെ കടന്നു പോകും. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം , വീട്ടിലെ കഷ്ടപ്പാടുകൾ തുടങ്ങി മറ്റു വീടുകളിൽ ആര് ആരെ കാണുന്നു, ഏതൊക്കെ വീട്ടിൽ ആരൊക്കെ വരുന്നു എന്നൊക്കെ കുറെ പരദൂഷണം ഈ സംസാരങ്ങളിൽ കടന്നു വരും. നാട്ടിലെ ആണുങ്ങൾക്ക് അറിയാത്ത പല കഥകളും പെണ്ണുങ്ങള്ക്ക് ഈ ചാനൽ വഴി കിട്ടും. പക്ഷെ ഒരേ ഒരു പ്രശനം മാത്രമേ ഉള്ളൂ, ഇതൊന്നും വെരിഫൈഡ് വാർത്തകൾ ആയിരിക്കില്ല. പലപ്പോഴും തങ്ങൾക്ക് ഇഷ്ടം ഇല്ലാത്ത ഒരു സ്ത്രീയെ കുറിച്ച് അപവാദം പറഞ്ഞു പരത്താൻ വരെ ഇത്തരം പരദൂഷണ കമ്മിറ്റികൾ ശ്രമിക്കും, ആരും ഇത് സത്യമാണോ എന്ന് അന്വേഷിക്കാൻ ഇല്ലാത്ത കൊണ്ട് ആരെ കുറിച്ചാണോ പരദൂഷണം പറയുന്നത് അയാൾ ഒഴിച്ച് ബാക്കി എല്ലാവരും ഇത് അറിയുകയും വിശ്വസിക്കുകയും ചെയ്യും. നാട്ടിലെ കപട സദാചാരത്തിന്റെ കാവലാളുകൾ കുറെ നാൾ ഇത്തരം പരദൂഷണ കമ്മിറ്റികൾ ആയിരുന്നു. ദിവസത്തിൽ വല്ലപ്പോഴും മാത്രമേ നല്ല വെള്ളം പൈപ്പിൽ വരുമായിരുന്നുള്ളൂ. പെണ്ണുങ്ങളും കുട്ടികളും വെള്ളം വരുന്ന സമയത്ത് കുടങ്ങളുമായി ഈ പൈപ്പിന് ചോട്ടിൽ വെള്ളം പിടിക്കാൻ പോകും, ഇതും പരദൂഷണം പറയാൻ നല്ല സമയവും സ്ഥലവും ആയിരുന്നു.
കേരള മുഖ്യമന്ത്രി അമേരിക്കയിൽ ഇരുന്നു കൊണ്ട് ഫയലിൽ എങ്ങിനെ ഒപ്പിട്ടു എന്ന് തലക്ക് വെളിവില്ലാത്ത ഒരാൾ ആരോപണം ഉന്നയിക്കുമ്പോൾ, ഇപ്പോൾ സർക്കാരിന് അതിനു കഴിയുമോ എന്ന് അടിസ്ഥാനപരമായി ഏറ്റവും ചുരുങ്ങിയ ഒരു അന്വേഷണം പോലും നടത്താതെ മുഖ്യമന്ത്രിയോട് അതിനെ പറ്റി പത്രപ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഈ പൈപ്പിന് ചോട്ടിലെ പരദൂഷണ കമ്മിറ്റിക്കാർ ആണ് ഓർമ വരുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് ഒരന്വേഷണവും നടത്താതെ പരദൂഷണം പറയുന്നതിന്റെ പേരാണോ കേരളത്തിലെ പത്രപ്രവർത്തനം എന്നത്?
ലോകത്തിൽ പത്രപ്രപ്രവർത്തനത്തിന് പല ഉത്തമ മാതൃകകൾ കാണാൻ കഴിയും. ബോസ്റ്റൺ ഗ്ലോബിൽ കിട്ടിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയിൽ ലോക വ്യാപകമായി പുരോഹിതർ കുട്ടികളെ പീഡിപ്പിക്കുന്ന വിഷയം കൊണ്ട് വന്നു ഒരു മാർപ്പാപ്പയെ സ്ഥാനത്തു നിന്ന് നീക്കുന്ന പോലുള്ള കേട്ട് കേൾവി ഇല്ലാത്ത സംഭവം വരെ എത്തിച്ചത് ബോസ്റ്റൺ ഗ്ലോബ് എന്ന ഒരു പ്രാദേശിക പത്രമാണ്. 2003 ലെ പുലിറ്റ്സർ സമ്മാനം ആ കഥയ്ക്ക് ആയിരുന്നു.
ഇതിനും മുൻപ് വാട്ടർ ഗേറ്റ് എന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ എതിർ പാർട്ടിക്കാരുടെ ഓഫീസിൽ ചാര ഉപകരണങ്ങൾ സ്ഥാപിച്ചത് കണ്ടെത്തിയതും പുറത്തു കൊണ്ടുവന്നതും വാഷിംഗ്‌ടൺ പോസ്റ്റിന്റെ അന്വേഷണാത്മക പത്രപ്രവർത്തനമാണ്. റിച്ചാർഡ് നിക്സൻറെ രാജിയിലാണ് അത് കലാശിച്ചത്.
ഈയടുത്ത് CIA നടത്തുന്ന ചില ചാരപ്രവർത്തനങ്ങളെ തുറന്നു കാണിച്ച എഡ്‌വേഡ് സ്‌നോഡനെ വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ സഹായിച്ചതും പത്രപ്രവർത്തകരാണ്. പത്രപ്രവർത്തകർക്ക് പ്രത്യേക നിയമ പരിരക്ഷ ഉള്ളതുകൊണ്ട് അന്വേഷണാത്മക പത്രപ്രവർത്തനം നടത്തി ഗവണ്മെന്റോ രാഷ്ട്രീയക്കാരോ മറ്റുള്ളവരോ നടത്തുന്ന അനീതികളെ തെളിവ് സഹിതം പുറത്തു കൊണ്ടുവരാൻ കഴിയണം.
എന്നാൽ കേരളത്തിൽ ഒരു രാഷ്ട്രീയക്കാരൻ പറയുന്നത് ഒരു ചെറിയ അന്വേഷണം പോലും നടത്താതെ നേരെ പോയി മുഖ്യമന്ത്രിയിയോട് ചോദിക്കുക എന്നതാണ് പത്രപ്രവർത്തനം എന്ന് കരുതി വച്ചിരിക്കുന്നു എന്ന് തോന്നുന്നു. ഇത് ഏറ്റവും മുതലെടുക്കുന്നത് കേരളത്തിലെ ബിജെപിയാണ്. കാരണം ജനം ഇതുവരെ കേൾക്കാത്ത, പൊതുപ്രവർത്തന പാരമ്പര്യം ഒട്ടുമില്ലാത്ത ഒരു ബിജെപി നേതാവിന് ടെലിവിഷനിലും പത്രത്തിലും വരാനുള്ള എളുപ്പവഴി ഒരു അടിസ്ഥാനവും ഇല്ലാത്ത ഒരു ആരോപണം മുഖ്യമന്ത്രിക്ക് എതിരെ ആരോപിക്കലാണ്. പത്രങ്ങൾ ഇത് മണ്ടത്തരമാണോ എന്ന് നോക്കാതെ ഉടനെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദിക്കും എന്ന് അവർക്കറിയാം. ഒരു പക്ഷെ കേരളത്തിലെ പത്രപ്രവർത്തകൻ ഇങ്ങിനെ ഉള്ള ചതിക്കുഴികളിൽ വീണുപോകുന്നതാണ്, അല്ലെങ്കിൽ അവർ പണം വാങ്ങി ബിജെപിക്ക് വിടുവേല ചെയ്യുകയാണ്.
ഇതിന്റെ മറ്റൊരു തമാശ ഇതിനു സപ്പോർട്ട് കൊടുക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ് എന്നുള്ളതാണ്. സാധാരണ ചെന്നിത്തലയാണ് ഇങ്ങിനെയുള്ള വെട്ടിൽ പോയി വീഴുന്നത്, ഇന്ന് പുള്ളി ലീവിലാണെന്ന് തോന്നുന്നു.
നോക്കൂ പത്രപ്രവർത്തകർ സമൂഹത്തിന്റെ നീതിക്കും ന്യായത്തിനും വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. സർക്കാരോ മറ്റുള്ളവരോ ചെയുന്ന അഴിമതിയും മറ്റും പുറത്തു കൊണ്ടുവരാൻ അത്യാവശ്യം വേണ്ടവരാണ് പത്രപ്രവർത്തകർ. അതിനു പക്ഷെ നന്നായി കഠിന അധ്വാനം ചെയ്യേണ്ടി വരും. പാലാരിവട്ടത്തെ പാലം പൊളിഞ്ഞു കഴിഞ്ഞു റിപ്പോർട്ട് ചെയ്യുന്നതല്ല പത്രപ്രവർത്തനം, അതിനു മുന്നെ അതിലുള്ള അഴിമതി കണ്ടെത്തി വസ്തുതകൾ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്നതാണ് പത്രപ്രവർത്തനം.
അല്ലാതെ ആരോ പറഞ്ഞത് കോതക്ക് പാട്ട് എന്ന് പറയുന്നത് പൈപ്പിന് ചോട്ടിലെ പരദൂഷണമാണ്, പത്രപ്രവർത്തനമല്ല.
Leave a Reply