
നമ്മൾ നിസാരമെന്ന് കരുതുന്ന പല ഭാഷകളുടെയും ഉത്ഭവവും വളർച്ചയും വളരെ രസകരമായ ഒരു പഠന ശാഖയാണ്. “The Gods Must Be Crazy” എന്ന പ്രശസ്തമായ ചിത്രം കണ്ടവർക്ക് (കാണാത്തവർ ഉണ്ടെങ്കിൽ എല്ലാ ഭാഗങ്ങളും തീർച്ചയായും കാണണം, അടിപൊളിയാണ്) അതിലെ ആഫ്രിക്കക്കാരായ കലഹാരി ബുഷ്‌മെൻ സംസാരിക്കുമ്പോൾ നമ്മൾ നാക്ക് വായുടെ മുകളിൽ തട്ടിച്ച് ഉണ്ടാക്കുന്ന ക്ലിക്ക് ശബ്ദങ്ങൾ സംസാരത്തിൽ വരുന്നതായി കാണാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഖൊയ്‌സാൻ എന്ന ഭാഷ പോലെ ഉള്ള ഭാഷകളാണ് അവർ സംസാരിക്കുന്നത്. ക്ലിക്ക് ശബ്ദങ്ങൾ ഈ ഭാഷകളിലെ ഒരു ആൽഫബെറ്റ് ആണ്. ഏതാണ്ട് 60,000 വർഷത്തോളം പഴക്കമുള്ള ഒരു ഭാഷയാണ് Khoisan, ലോകത്തത്തിലെ ആദ്യത്തെ ഭാഷകളിൽ ഒന്ന്. ആദ്യഭാഷകൾക്ക് സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എഴുത്തോ ലിപിയോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ആശ്ചര്യ ചിഹ്നം കൊണ്ടാണ് (!) ഈ ക്ലിക്ക് ശബ്ദത്തെ ഈ ഭാഷകളുടെ ലിപിയിൽ പ്രധിനിധീകരിക്കുന്നത്. ഈയിടെ ഇറങ്ങിയ ബ്ലാക്ക് പാന്തർ എന്ന സൂപ്പർ ഹിറ്റ് സിനിമയിലും ക്ലിക്ക് ശബ്ദം വരുന്ന Xhosa എന്ന ഭാഷ സംസാരിക്കുന്നുണ്ട്.
ഇതുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളം ഒരു ശിശുവാണ്. മലയാളം നമ്മൾ ഇന്ന് കാണുന്ന രൂപത്തിലായിട്ട് അധികം നാളായിട്ടില്ല. ആധുനിക മലയാളത്തിന്റെ പിതാവായ എഴുത്തച്ഛൻ ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. എന്ന് വച്ചാൽ പതിനഞ്ചാം നൂറ്റാണ്ടിൽ വാസ്കോ ഡാ ഗാമ കോഴിക്കോട് കപ്പലിറങ്ങുമ്പോൾ പോലും മലയാളം നമ്മൾ ഇന്ന് കാണുന്ന രൂപത്തിൽ എത്തിച്ചേരുന്നിട്ടില്ല. തമിഴ് വാക്കുകൾ പ്രധാനമായും ഉണ്ടായിരുന്ന സമയത്ത് വട്ടെഴുത്ത് ലിപികൾ ആണ് മലയാളം ഉപയോഗിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ് പത്താം നൂറ്റാണ്ടിൽ എഴുതിയ കൊച്ചിയിലെ ജൂത ശാസനകൾ നമുക്ക് ഇപ്പോൾ വായിക്കാൻ പറ്റാത്ത വട്ടെഴുത്ത് ലിപിയിൽ ഉള്ളത്, ഭാഷ മലയാളം ആണെങ്കിൽ കൂടി. പിന്നീട് മണിപ്രവാള പ്രസ്ഥാനത്തിന്റെ കൂടി സ്വാധീനം കൊണ്ട് കൂടുതൽ സംസ്കൃത പദങ്ങൾ നമ്മുടെ ഭാഷയിൽ വന്നപ്പോൾ ആണ് സംകൃതത്തിൽ ഉള്ള ചില ലിപികൾ കൂടി ഉൾപെടുത്താൻ ആയി ഗ്രന്ഥ / ബ്രാഹ്മി ലിപിയിലേക്ക് മാറുന്നതും തമിഴിനേക്കാൾ കൂടുതൽ അക്ഷരങ്ങൾ മലയാളത്തിൽ വരുന്നതും. 1970 ൽ പോലും മലയാളം അക്ഷരങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. മലയാളത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ടെന്ന് ചോദിച്ചാൽ ആളുടെ പ്രായമാനുസരിച്ച് പല ഉത്തരങ്ങൾ വരാം, അത്ര ചെറുപ്പമാണ് നമ്മുടെ മലയാളം ( ലിപികളുടെ കാര്യത്തിൽ).
ഭാഷകൾ വിവർത്തനം ചെയ്യാനുള്ള സോഫ്ട്‍വെയറുകൾ ഉണ്ടാകുമ്പോഴാണ് ഈ വ്യത്യാസങ്ങൾ ഏറ്റവും വലിയ പ്രശനക്കാരായി മാറുന്നത്. തർജമ ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് എന്തോ അതാണ് കവിത എന്നൊരു ചൊല്ല് വരാൻ തന്നെ കാരണം ഇതാണെന്ന് തോന്നുന്നു. ബഷീറിനെ പോലുള്ള ചില എഴുത്തുകാരുടെ ഗദ്യവും വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാണ്.
അതുകൊണ്ടാണ് മലയാളത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന തമിഴിലെ പ്രശസ്തമായ
“ഇൻനും കൊഞ്ചം നേരം ഇരുന്താ താൻ എന്നാ
യേൻ അവസരം എന്ന അവസരം നില്ലു പെണ്ണെ”
എന്ന പാട്ട് ഞാൻ തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഗൂഗിളിനോട് പറയുമ്പോൾ എന്റെ സ്വഭാവം മനസിലാക്കിയിട്ടെന്ന പോലെ “കുറച്ചു കാലമായി തുടരുന്ന പോൺ കാണൽ നിർത്തുക” എന്ന് ഗൂഗിൾ വിവർത്തനം ചെയ്യുന്നത് 🙂
Leave a Reply