“തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും”
ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ മലയാളികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പിണറായി വിജയൻറെ ചിത്രവുമായി വന്ന ഒരു കാർട്ടൂൺ ആണ്. ജന്മഭൂമിയിലോ മറ്റോ വന്നതാണ് എന്ന് തോന്നുന്നു. സവർണ ജാതിബോധം ഇന്നും കൊണ്ടുനടക്കുകയും അതിൽ മിഥ്യാഭിമാനം കൊള്ളുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ഇടയിൽ നന്നായി ഓടിയ ഒരു കാർട്ടൂൺ ആയിരുന്നു അത്. അത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഡോകട്ർ പൽപ്പുവിനെ ആണ്.
“ഈഴവർ ചെത്താൻ പോയാൽ മതി” എന്ന് തിരുവിതാംകൂർ രാജവംശം ഇദ്ദേഹത്തോടാണ് പറഞ്ഞത്. 1891 ൽ ആയിരുന്നു അത്.
ഡോക്ട്ടർ പല്പുവിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് സാനു മാഷോ സുകുമാർ അഴീക്കോടോ പറഞ്ഞ ഒരു കഥയിലൂടെയാണ്. ഒരു ചെറുപ്പക്കാരൻ നാരായണ ഗുരുവിന്റെ അടുത്ത് വന്നു തനിക്ക് സന്യാസിക്കണം എന്ന് പറഞ്ഞു എന്നും, ഇപ്പോൾ സന്യാസികൾ അല്ല നമ്മുടെ സമുദായത്തിന് ആവശ്യം ഡോക്ട്ടർമാരെ ആണെന്നും പറഞ്ഞു ഗുരു അദ്ദേഹത്തെ മെഡിസിൻ പഠിക്കാൻ അയച്ചു എന്നും ആയിരുന്നു ആ കഥ. പിന്നീട് ഗുരു മദ്രാസ് സന്ദർശിച്ചപ്പോൾ അദ്ദേഹം സഞ്ചരിച്ച റിക്ഷ വലിച്ചിരുന്നത് പല്പു ആയിരുന്നു എന്നും കേട്ടിരുന്നു.
കഥ സത്യം ആണെങ്കിൽ അല്ലെങ്കിലും പൽപ്പു മെഡിസിൻ പഠിച്ചത് മദ്രാസിലാണ്. തിരുവിതാംകൂർ സർക്കാർ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാമത് എത്തിയത് പൽപ്പു ആയിരുന്നു. പക്ഷെ പൽപ്പു ഡോകട്ർ ആയാൽ ഒരു ഈഴവ ഡോക്ട്ടർ കൊടുക്കുന്ന മരുന്ന് തങ്ങൾ കഴിക്കേണ്ടി വരുമെന്നുള്ള സവർണരുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ പൽപ്പുവിന് മെഡിസിൻ പഠിക്കാൻ അനുമതി കൊടുത്തില്ല (കാരണമായി പറഞ്ഞത് പ്രായക്കൂടുതൽ ആയിരുന്നു, തന്റെ ജാതകം വരെ ഹാജരാക്കിയിട്ടും സർക്കാർ അനങ്ങിയില്ല, കാരണം അവരുടെ യഥാർത്ഥ കാരണം വേറെ ഒന്നായിരുന്നുവല്ലോ). അങ്ങിനെയാണ് പലരുടെ സഹായത്തോടെയും അമ്മയുടെ ആഭരണങ്ങൾ വിറ്റും അദ്ദേഹം മദ്രാസിൽ പോയി പഠിച്ചത്.
അതിനുശേഷം മെഡിക്കൽ ബിരുദവുമായി തിരിച്ചെത്തി സർക്കാർ സർവീസിൽ അപേക്ഷ കൊടുത്തെങ്കിലും ഇദ്ദേഹത്തെ എടുത്തില്ല. മറിച്ച് മെഡിക്കൽ ബിരുദം ഇല്ലാതിരുന്ന ചില സവർണർക്ക് തിരുവിതാംകൂർ നിയമനം കൊടുക്കുകയും ചെയ്തു.
മദ്രാസിലും പിന്നീട് മൈസൂരിലും ജോലി ചെയ്ത അദ്ദേഹം പകർച്ചവ്യാധികൾക്ക് വാക്‌സിനേഷൻ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ മൈസൂരിലും മദ്രാസിലും സ്ഥാപിക്കാൻ മുൻകൈ എടുത്തു. മൈസൂരിൽ പ്ളേഗ് പടർന്നു പിടിച്ചപ്പോൾ സ്പെഷ്യൽ ഓഫീസർ ആയി ചുമതലയേറ്റ ഇദ്ദേഹം കുറച്ചു കഴിഞ്ഞു ഇംഗ്ലണ്ട് ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ കമ്മ്യൂണിറ്റി മെഡിസിനിൽ ഉപരിപഠനം നടത്തി.
സാമൂഹിക രംഗത്തും മാറ്റങ്ങൾ ഉണ്ടാക്കാൻ അക്ഷീണം പ്രയത്നിച്ച ഒരാൾ ആയിരുന്നു ഡോക്ടർ പല്പു. അന്നത്തെക്കാലത്ത് തിരുവിതാംകൂറിലെ ഏതാണ്ട് എല്ലാ സർക്കാർ ഉദ്യോഗസ്ഥ പദവികളും തമിഴ് ബ്രാഹ്മണർ ആണ് വഹിച്ചിരുന്നത്. കേരളത്തിൽ നായർ / ഈഴവർ തുടങ്ങിയ മറ്റ് ജാതിക്കാർക്കും തിരുവിതാംകൂറിൽ സർക്കാർ ഉദ്യോഗസ്ഥം നൽകണം എന്ന് അപേക്ഷിക്കുന്ന, പതിനായിരത്തോളം ആളുകൾ ഒപ്പ് വച്ച മലയാളി മെമ്മോറിയൽ എന്ന ഹർജിയിൽ മൂന്നാമത്തെ ഒപ്പ് ഡോക്ടർ പല്പുവിന്റെ ആയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് തിരുവിതാംകൂർ രാജവംശം “ഈഴവരിൽ വിദ്യഭ്യാസമുള്ളവർ ഇല്ല, അവർ ചെത്തത് കൊണ്ട് തൃപ്തിപ്പെടണം” എന്ന് മറുപടി കൊടുത്തത്. തിരുവിതാംകൂർ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ഉണ്ടായിട്ടും ജാതി മൂലം പ്രവേശനം നിഷേധിച്ച അതെ ആളുകൾ തന്നെ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് ഈഴവർ ചെത്താൻ പോട്ടെ എന്ന് പറയുന്ന വിരോധാഭാസം. 1896 ൽ ഈഴവ മെമ്മോറിയൽ എന്നൊരു ഹർജിയിലേക്ക് പല്പുവിനെ നയിച്ചത് ഇതാണ്.
നമ്മളിൽ പലരും വിവേകാനന്ദൻ “കേരളം ഒരു ഭ്രാന്താലയമാണ്” എന്ന് നടത്തിയ പ്രസംഗത്തെ കുറിച്ച് കെട്ടുകാണും. ഈ പ്രസംഗത്തിന് തൊട്ടുമുൻപ് സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചിരുന്നു. അപ്പോൾ ഡോകട്ർ പല്പുവും ആയി ദീർഘ നേരം അദ്ദേഹം സംഭാഷണം നടത്തുകയുണ്ടായി. പല്പുവിന്റെ അനുഭവങ്ങൾ ഒരു പക്ഷെ വിവേകാനന്ദനത്തെ അഭിപ്രായത്തെ സ്വാധീനിച്ചിരിക്കണം. സിസ്റ്റർ നിവേദിത വഴി ബ്രിട്ടീഷ് പാർലിമെന്റിൽ വരെ കേരളത്തിലെ ജാതി പ്രശ്‌നം ഉന്നയിക്കാൻ ഡോകട്ർ പല്പു ശ്രമിച്ചു. ഇതൊക്കെ തിരുവിതാകൂർ രാജവംശത്തെ നന്നായി പ്രകോപിപ്പിച്ചു. മൈസൂർ ദിവാൻ സ്വാധീനിച്ചു ഡോക്ടർ പല്പുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യിക്കാൻ വരെ അവർ തുനിഞ്ഞു.
“നമ്മെളെല്ലാം പൊതു സേവകരാണ്. അതിനാല്‍ സാമൂഹിക സേവനത്തിനുവേണ്ടി ജീവിക്കാന്‍ കടപ്പെട്ടവരുമാണ്. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഞാനെന്റെ എല്ലാ സ്വത്തുക്കളും ഭാവിയില്‍ ഉണ്ടാകാവുന്ന സമ്പാദ്യങ്ങളും എന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും അര്‍ഹതപ്പെട്ട സ്വത്തുക്കളും സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി നീക്കിവെയ്‌ക്കുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ മരണപത്രം. ശ്രീനാരായണഗുരുവിന്റെ ആശീർവാദത്തോടെ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ചത് ഇദ്ദേഹമാണ്. നിത്യ ചൈതന്യയതിയുടെ ഗുരുവായ നടരാജഗുരു ഡോക്ടർ പല്പുവിന്റെ മകനാണ്.
നൂറ്റാണ്ടുകൾ അടിമകളാക്കി ജീവിച്ച ആളുകളുടെ ഉന്നമനത്തിന്നാണ് , തുല്യ നീതിക്കാണ് , തുല്യ അവകാശത്തിനാണ് സംവരണം. സമുദായത്തെയും ജാതിയെയും അടിസ്ഥാനം ആക്കിയായിരുന്നു ഈ അടിമത്വം എന്നത് കൊണ്ടാണ് സംവരണം ജാതി / സമുദായ അടിസ്ഥാനത്തിൽ ആയിരിക്കുന്നത്.
പത്തുശതമാനം സാമ്പത്തിക സംവരണം സവർണർക്ക് നൽകുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഡോക്ടർ പല്പു കല്ലറയിൽ കിടന്ന് ഉരുളുന്നുണ്ടാകും.
Leave a Reply