
1945 ൽ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക ആറ്റം ബോംബ് ഇടുകയും അതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയൂം ചെയ്തു എന്നാണ് നമ്മൾക്കു പലരും സ്കൂൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ജപ്പാനും ജർമനിയും പരാജയത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്ന സമയത്ത് തങ്ങൾ നിർമിച്ച ബോംബുകൾ ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണു അമേരിക്ക ജപ്പാനിൽ ബോംബിട്ടത്. രണ്ടു ബോംബുകളും വ്യത്യസ്ത ഡിസൈനുകൾ ആയതു കൊണ്ടാണ് രണ്ടു ബോംബുകൾ ഇട്ടത്. ഹിരോഷിമയിൽ ഇട്ട ബോബിൽ Uranium-235 മൂലകവും, നാഗസാക്കിയിലും ഇട്ട ബോംബിൽ Plutonium-239 മൂലകവുമാണ് ഉപയോഗിച്ചത്. മൻഹാട്ടൻ പ്രൊജക്റ്റ് എന്ന പേരിൽ കാലിഫോർണിയയിലെ മരുഭൂമിയിൽ രഹസ്യമായി നിർമിച്ച ആറ്റം ബോംബുകൾ ടെസ്റ്റ് ചെയ്യാൻ അമേരിക്കയ്ക്ക് ഒരു അവസരവും സ്ഥലവും വേണമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ പ്രധാന കക്ഷിയായ ജർമനിയിൽ ബോംബിടാതെ ജപ്പാനിൽ ഇടാനുള്ള പ്രധാന കാരണം പേൾ ഹാർബറിൽ ജപ്പാൻ സൈന്യം 1941 ൽ നടത്തിയ മിന്നലാക്രമണമാണ്. ഹവായിയിലെ പേൾ ഹാർബറിൽ അന്നുണ്ടായിരുന്ന മിക്ക വിമാനവാഹിനി കപ്പലുകളും വിമാനങ്ങളും ജപ്പാൻ അന്ന് തകർത്തു. അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഒരു കക്ഷിയായി നേരിട്ടിറങ്ങാൻ പ്രേരിപ്പിച്ച ഒരു സംഭവം ആയിരുന്നു ഇത്. അമേരിക്ക ഒട്ടും പ്രതീക്ഷിക്കാതെ നടന്ന, അവർക്ക് വളരെ നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം. അതിനു പകരം വീട്ടാൻ ആയിരുന്നു, ബോംബിട്ടില്ലെങ്കിലും ജപ്പാൻ പരാജയപ്പെടും എന്നുറപ്പായിട്ടും ഒരു ലക്ഷത്തി അമ്പതിനായിരത്തോളം സാധാരണക്കാർക്ക് നേരിട്ടും അതിന്റെ പതിന്മടങ്ങ് ആളുകൾക്ക് പരോക്ഷമായും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ആറ്റം ബോംബ് ഹിരോഷിമയിലും നാഗസാക്കിയിലും ഇടാൻ പ്രസിഡന്റ് ഹാരി ട്രൂമാൻ കല്പിച്ചത്.
ആറ്റം ബോംബ് ഇട്ടില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ , ഫ്രാൻസ് ചൈന എന്നീ രാജ്യങ്ങൾ അടങ്ങിയ സഖ്യ കക്ഷികൾ വിജയികുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും വലിയ വിജയങ്ങൾ നോക്കിയാൽ ഇത് മനസിലാകും. രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും വലിയ പോരാട്ടം സ്റാലിൻഗ്രാഡ് പിടിച്ചെടുക്കാൻ വേണ്ടി ജർമനിയും റഷ്യയും തമ്മിൽ നടത്തിയതാണ്. സ്റാലിൻഗ്രാഡ് ഉപരോധിച്ച ജർമനിയെ കീഴ്പ്പെടുത്താൻ റഷ്യൻ സൈന്യവും അതെ പോലെ തന്നെ ജർമ്മൻ സൈന്യത്തിന് അധികം പരിചയമില്ലാത്ത വളരെ കഠിനമായ റഷ്യൻ ശൈത്യകാലവും തുണച്ചു. പക്ഷെ അഞ്ചു മാസത്തെ ഉപരോധം കഴിഞ്ഞു സ്റ്റാലിൻ ഗ്രേഡ് തിരികെ പിടിച്ചെടുക്കുബോഴേക്കും ഇരുപതു ലക്ഷം ആളുകളാണ് മരിച്ചു വീണത്.
രണ്ടാം ലോകമഹായുദ്ധത്തിൽ രണ്ടാമത്തെ വലിയ ഏറ്റുമുട്ടൽ ജപ്പാന്റെ നാവികസേനയുടെ നടുവൊടിച്ച ബാറ്റിൽ ഓഫ് മിഡ്‌വെ ആണ്. അമേരിക്കയാണ് ജപ്പാന്റെ ഏതാണ്ട് എല്ലാ വിമാനവാഹിനി കപ്പലുകളും വിമാനങ്ങളും തകർത്തു കളഞ്ഞത്. അതിൽ നിന്ന് പിന്നെ ജപ്പാന്റെ നാവികസേനാ കരകയറിയില്ല.
ജർമനിയുടെ ആധിപത്യത്തിൽ ഉണ്ടായിരുന്ന ഫ്രാൻസിലെ നോർമൻഡി കടൽ തീരത്ത് അമേരിക്ക അയ്യായിരം കപ്പലുകളുടെ സഹായത്തോടെ ഒരു വലിയ സൈന്യത്തെ ഇറക്കി ഫ്രാൻസ് ജർമനിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത D-DAY എന്നറിയപ്പെടുന്ന 1944 ജൂൺ ആറിലെ വിജയം അമേരിക്ക ഇന്നും ആഘോഷിക്കുന്ന ഒന്നാണ്. വളരെ അധികം സിനിമകൾ ഈ വിഷയത്തെ അധികരിച്ച് ഇതിനകം ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ഇങ്ങിനെ രണ്ടാം ലോകമഹായുദ്ദത്തിലെ ഏതൊരു വലിയ സംഘട്ടനം (battle ) എടുത്താലും ജപ്പാനിലെ ബോംബ് സ്ഫോടനം അതിൽ വരില്ല. കാരണം മേല്പറഞ്ഞ കാരണങ്ങൾ കൊണ്ട് ജർമനിയും ജപ്പാനും കീഴടങ്ങാൻ തയ്യാറായി നില്കുമ്പോളാണ് ഹിരോഷിമയിൽ ആറ്റം ബോംബ് സ്ഫോടനം. ജപ്പാനിലെ ചക്രവർത്തിയുടെ മാനം കാക്കുന്ന തരത്തിലുള്ള ഒരു കീഴടങ്ങൽ കരാർ മാത്രമാണ് ബാക്കിയിരുന്നത്. ഹിരോഷിമയിൽ ബോംബ് സ്‌ഫോടനത്തിനു അടുത്ത ദിവസം (ഓഗസ്റ്റ് 9) തന്നെ റഷ്യ ജപ്പാൻ കൈവശം ഉണ്ടായിരുന്ന മഞ്ചുരിയ വലിയ എതിർപ്പുകൾ ഇല്ലാതെ പിടിച്ചെടുത്തു എന്നതിൽ നിന്ന് തന്നെ ജപ്പാൻ തങ്ങളുടെ ശക്തി ക്ഷയിച്ചു നിൽക്കുന്ന ഒരു സമയമായിരുന്നു അതെന്ന് കാണിക്കുന്നു. പക്ഷെ എന്നിട്ടും അമേരിക്ക നാഗസാക്കിയിലും മറ്റൊരു ബോംബ് വർഷിച്ചു.
ഇതിൽ നിന്ന് ഒരുപക്ഷെ ലാഭം ഉണ്ടായത് ജപ്പാന് തന്നെയാണ്. കാരണം യുദ്ധത്തിൽ പരാജയപ്പെട്ട പല രാജ്യങ്ങളും സോവിയറ്റ് റഷ്യയ്ക്കും അമേരിക്ക / ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കും ആയി പങ്കുവയ്കപെടുകയുണ്ടായി. ദക്ഷിണ / വടക്കൻ കൊറിയകൾ , രണ്ടായി പിരിക്കപ്പെട്ട വിയറ്റ്നാം ( പിന്നീട് ഹോചിമിൻ അമേരിക്കയുമായി യുദ്ധം ചെയ്ത് ഒന്നായി കൂട്ടിച്ചേർക്കുകയുണ്ടായി) , ഈസ്റ്റ് /വെസ്റ്റ് ജെർമനികൾ എന്നിങ്ങനെ വിഭജിക്കപ്പെട്ട രാജ്യങ്ങളുടെ ഗതി വരാതെ , റഷ്യ കടന്നു കയറി ആധിപത്യം ഉറപ്പിക്കാതെ ഒരേ രാജ്യമായി നിലകൊള്ളാൻ ഒരു പക്ഷെ ജപ്പാനെ സഹായിച്ചത് ഈ ബോംബ് സ്‌ഫോടനങ്ങൾ ആണ്. ആകെ തകർന്ന് തരിപ്പണമായ രാജ്യത്തിന് ലോകത്തിന്റെ സഹാനുഭൂതി പിടിച്ചുപറ്റാൻ കഴിഞ്ഞു. ചക്രവർത്തിയുടെ കീഴിലുള്ള ഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് വളരാനും ഇതുമൂലം അവർക്ക് കഴിഞ്ഞു. അല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ അവർ ഇന്നും ചക്രവർത്തി ( സൂര്യ വംശത്തിൽ നിന്ന് നേരിട്ട് വന്നതാണ് ഹിരോഹിതോ ചക്രവർത്തി എന്നാണ് അവാര്ഡ് വിശ്വാസം) അവരെ ഭരിച്ചേനെ.
യുദ്ധങ്ങൾ എന്നും വിനാശകാരികളാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ നിലവിലുണ്ടാകാൻ കാരണം തന്നെ ഇത്തരം ഭ്രാന്തന്മാരായ ഭരണാധികാരികൾ യുദ്ധം ചെയ്യുമ്പോൾ സാധാരക്കാരായ ആളുകളുടെ ജീവൻ അധികം നഷ്ടപ്പെടാതെ നോക്കാനാണ്. പക്ഷെ ചില സന്ദർഭങ്ങളിൽ ചില ഭരണാധികാരികളുടെ ഈഗോ ലക്ഷകണക്കിന് സാധാരണക്കാരുടെ ജീവൻ നഷ്ടപെടുന്നതിൽ കലാശിക്കും.
ചിത്രത്തിൽ കാണുന്നത് ആറ്റം ബോംബ് സ്‌ഫോടനത്തിൽ അച്ഛനും അമ്മയും അനുജനും മരിച്ച ഒരു കുട്ടി തന്റെ അനുജന്റെ മൃതദേഹം ദേഹത്ത് കെട്ടിവച്ചു കൊണ്ട് ഒരു ശ്മാശാനത്തിന്റെ പുറത്ത് മൃതശരീരം അടക്കാനുള്ള അടുത്ത ഊഴത്തിനായി കാത്തിരിക്കുന്നതിന്റെയാണ്.
ഇതുപോലെ ഒരു വിധി ആർക്കും ഇനി ഉണ്ടാകാതിരിക്കട്ടെ.
Leave a Reply