“ഉമ്മ ഇന്ന് പുറത്തു പോയിരുന്നോ?” ഞാൻ വീട്ടിൽ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്.
“ഞാൻ അധികം ദൂരെ ഒന്നും പോയില്ല. പിന്നെ കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് കൊടുക്കുന്നു എന്നറിഞ്ഞു അത് വാങ്ങാൻ പോയി. പിന്നെ ഓണത്തിന് കിറ്റ് കൊടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ സൊസൈറ്റി ഏർപ്പെടുത്തിയ ഒരാളുടെ വീട്ടിൽ പോയി. അത്രേ ഉള്ളൂ..” ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു ഞാൻ ഫോൺ വച്ചു.
എന്ന് വിളിച്ചാലും ഇതാണ് അവസ്ഥ. ഒന്നുകിൽ വില്ലേജ് ഓഫീസിൽ പോയി, അല്ലെങ്കിൽ അത്യാവശ്യം ഇല്ലാത്ത ഏതെങ്കിലും മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോയി എന്നൊക്കെ എന്തെങ്കിലും കാരണം പറഞ്ഞു ഉമ്മ പുറത്തിറങ്ങും. ശരിക്കും ഹോമിയോ മരുന്ന് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല, കോവിഡ് കൂടുതൽ ആളുകളിലേക്ക് പടർത്താനേ ഈ “പ്രധിരോധ” മരുന്ന് വിതരണം സഹായിക്കൂ എന്ന് ഇത് ചെയ്യുന്നവർ അറിയുന്നുണ്ടോ ആവോ. കേരളത്തിൽ ഏതാണ്ട് എല്ലാവരുടെ കാര്യവും ഇതുപോലെ തന്നെയായാണ്. ആദ്യം ഉണ്ടായിരുന്ന കരുതൽ പതുക്കെ കുറഞ്ഞു വരുന്നു. ജോലി എടുക്കാതെ വേറെ വഴി ഇല്ലാതെ എല്ലാവരും ജോലിക്കു പോകുന്നു. അതിനിടയിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ചിലപ്പോൾ ഒന്നും പാലിക്കാതെ വരുന്നു. പലപ്പോഴും എന്റെ ഉമ്മയെ പോലെ പുറത്തു പോകേണ്ട ഒരുആവശ്യവും ഇല്ലാത്തവരും കുറെ നാൾ അടച്ചിരുന്ന മടുപ്പിൽ പുറത്തേക്ക് വരുന്നു.
കേരളത്തിൽ ഇന്ന് പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരം കടന്നു. അമേരിക്കയിൽ , പ്രത്യേകിച്ച് ന്യൂ യോർക്ക് കടന്നു പോയ അതെ വഴികളിലൂടെ ആണ് ഇപ്പോൾ കേരളവും സഞ്ചരിക്കുന്നത് . ആദ്യത്തെ ദിവസങ്ങളിൽ കോവിഡ് പ്രതിരോധം ലോക ശ്രദ്ധ ആകർഷിച്ച കേരളം ഇപ്പോൾ ചില ഇടങ്ങളിൽ എങ്കിലും സാമൂഹ്യവ്യാപനം നടക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ കാരണങ്ങൾ എന്ത് തന്നെ ആയാലും ഇനി എന്തൊക്കെ നടക്കാൻ ആണ് സാധ്യത എന്ന് നമുക്ക് നോക്കാം.
ന്യൂ യോർക്കിൽ കോവിഡ് കേസുകൾ രണ്ടായിരത്തിന് അടുത്ത എത്തുന്നത് മാർച്ച് 18 നു അടുത്തായിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞു ഏപ്രിൽ മൂന്നിന് പ്രതിദിന കേസുകൾ പതിനായിരം ആയി. ന്യൂ യോർക്ക് കേരളത്തിന്റെ പകുതി മാത്രം ജനസംഖ്യ ഉള്ള ഒരു സ്ഥലമാണ്. അതുകൊണ്ട് കേരളത്തിൽ വരും മാസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനായിരത്തിൽ എത്താനുള്ള സാധ്യത കാണുന്നുണ്ട്. ഇതിൽ എത്ര പേർക്ക് വെന്റിലേറ്റർ പോലെ ഉള്ള ഐസിയു അഡ്മിഷൻ വേണ്ടി വരും എന്നും അതിനനുസരിച്ച് ഉള്ള ആശുപത്രി സൗകര്യങ്ങൾ നമുക്ക് ഉണ്ടോ എന്നതും അനുസരിച്ച് മരണനിരക്ക് ഉയരാനും സാധ്യതയുണ്ട്.
ന്യൂ യോർക്കിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾക്ക് കരുതിയിരിക്കുക.
1) കോവിഡ് പ്രോട്ടോകോളുകൾ അതുപോലെ തന്നെ പാലിക്കാൻ നമുക്ക് കഴിയുന്നത് രോഗികളുടെ എണ്ണം കുറവായിരിക്കുന്നത് കൊണ്ടാണ്. രോഗികളുടെ എണ്ണം കൂടുകയും അവരെ എല്ലാം ചികിൽസിക്കാൻ നമുക്ക് ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാതാവുകയും ചെയ്താൽ ഈ പ്രോട്ടോകോളുകൾ പലയിടത്തും പാലിക്കാൻ കഴിയാതെ വരും. ആശുപത്രി വരാന്തകളിൽ ഡ്രിപ് കുപ്പിയും കയറ്റി കിടക്കുന്ന കോവിഡ് രോഗികളെ കാണാൻ ഉള്ള ഒരു സാധ്യത ഉണ്ടെന്ന് അർഥം. മാത്രമല്ല ചിലപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾക്ക് പോലും ചിലപ്പോൾ ചികിത്സ ലഭിക്കാതെ വരുന്ന അവസ്ഥയും ഉണ്ടാകും. അതിൽ ഒരു പക്ഷെ നിങ്ങൾക്ക് വേണ്ടപ്പെട്ട രക്ഷിതാക്കളോ ബന്ധുക്കളോ ഉണ്ടാകാൻ ഉള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.
2) കോവിഡ് മരണ നിരക്ക് താരതമ്യേന കുറവാണു. പക്ഷെ ആ കുറഞ്ഞ ശതമാനത്തിലും നമുക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾക്ക് സ്വകാര്യമായി അതൊരു വലിയ ദുരന്തമാണ്. പലരും കാണാതെ പോകുന്ന ഒരു വസ്തുതയാണിത്. സർക്കാർ കണക്കിൽ നൂറിൽ രണ്ടുപേരായിരിക്കും മരിക്കുന്നത് (രണ്ടു ശതമാനം), പക്ഷെ നമുക്ക് ഒരു രക്ഷിതാവിനെ നഷ്ടപ്പെട്ടാൽ നമ്മുടെ സ്വകര്യ നഷ്ടം അമ്പത് ശതമാനമാണ്.
3) ആദ്യമായി രോഗം വന്ന നാളുകളിൽ പകച്ചു നിന്ന ന്യൂ യോർക്കിനെക്കാൾ വളരെ ഫലപ്രദമായിട്ടാണ് ഇപ്പോൾ നമ്മുടെ സർക്കാർ സംവിധാങ്ങൾ പ്രവർത്തിക്കുന്നത്, പക്ഷെ രോഗികളുടെ എണ്ണം വളരെ കൂടുമ്പോൾ ഇവർ കണക്കുകൂട്ടിയിട്ടുള്ളതിനേക്കാൾ രോഗിയേക്കാൾ വന്നാൽ PPE കിറ്റിന്റെ അഭാവം മുതൽ കാര്യങ്ങൾ കൈവിട്ടു പോകാം.
4) ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചു ജോലി ചെയ്യാതെ വരുമ്പോൾ വളരെ അധികം രോഗികൾക്ക് ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഉണ്ടാകും. ഇതൊഴിവാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം സർക്കാർ ചെയ്യേണ്ടതുണ്ട്. PPE കിറ്റ് ധരിച്ച് ജോലി ചെയ്യുന്നത് ഒരു തരത്തിലും സുഖം ഇല്ലാത്ത ഒരു ഏർപ്പാടാണ്. ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ ശമ്പളം കൊടുത്തോ , കൊടുക്കേണ്ട ശമ്പളം ശരിയായ സമയത്ത് കൊടുത്തും അവരുടെ ആത്മവീര്യം ചോർന്നു പോകാതെ നോക്കണം.
5) ഡാറ്റ അനലിറ്റിക്സ് / ഇന്റലിജൻസ് എല്ലാം ഈ പ്രവർത്തികളുടെ ഭാഗമാണ്. സർക്കാർ ഭാവിയിൽ എത്ര PPE കിറ്റ് വേണം എത്ര വെന്റിലേറ്റർ വേണം , ഏതു ഭാഗം എത്ര നാളത്തേക്ക് അടച്ചിട്ടത് രോഗവ്യാപനം കുറക്കാം എന്നൊക്കെ ഡാറ്റയുടെയും അതുപയോഗിച്ചുള്ള ഇന്റലിജൻസിന്റെയും അടിസ്ഥാനത്തിൽ വേണം തീരുമാനിക്കാം. ഈ തീരുമാനങ്ങൾ മാറിവരുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് മാറ്റേണ്ട വഴികൾ കൂടി കണ്ടെത്തണം. പെട്ടെന്ന് ഒരു ലക്ഷം PPE കിറ്റുകൾ അധികമായി വേണ്ടിവന്നാൽ, അല്ലെങ്കിൽ പെട്ടെന്നു 100 വെന്റിലേറ്ററുകൾ അതിന്റെ വഴികൾ കൂടി നമ്മൾ ഇപ്പോഴേ കണ്ടു വയ്ക്കണം.
6) നിങ്ങൾക്ക് അടുത്ത അറിയാവുന്ന ബന്ധുക്കളോ , കൂട്ടുകാരോ നിങ്ങളുടെ തന്നെ രക്ഷിതാക്കളോ, നിങ്ങൾ തന്നെയോ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടും എന്നും ഒരു പക്ഷെ മരിച്ചുപോയേക്കും എന്നും അറിഞ്ഞു വയ്ക്കുക. ചില ദാരുണ സംഭവങ്ങളിൽ മരിക്കുന്നത് ചെറുപ്പക്കാരായ കുട്ടികൾ ആയിരിക്കും. വിൽപത്രം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്തു വയ്ക്കുക, കാരണം, ഞാൻ നേരത്തെ പറഞ്ഞ പോലെ നൂറിൽ രണ്ടുപേരാണ് മരിക്കുന്നത് എങ്കിൽ പോലും അത് നിങ്ങളുടെ അടുത്ത ഒരാൾ ആകുമ്പോൾ നമുക്ക് അതൊരു വലിയ സ്വകാര്യ നഷ്ടമാണ്. ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയവ ഭാര്യയുമായോ / ഭർത്താവുമായോ ഷെയർ ചെയുക. ഉളള വസ്തുവകകളുടെയും കടങ്ങളുടെയും എല്ലാം കണക്കുകൾ എഴുതി വയ്ക്കുക.
7) കൊറോണ പിടിച്ചു കെട്ടാനുള്ള ഏറ്റവും നല്ല വഴി ടെസ്റ്റിംഗും, കോൺടാക്ട് ട്രെസിങ്ങും ആണ്. കൂടുതൽ ടെസ്റ്റ് ഏർപ്പെടുത്തുക, രോഗം ഉള്ളവർ ആരൊക്കെയാണ് കോണ്ടാക്ടിൽ വന്നത് എന്നറിഞ്ഞു അവരെ ക്വാറന്റൈൻ ചെയ്യുക എന്ന പ്രോട്ടോകോൾ തന്നെയാണ് ഏറ്റവും ശരിയായത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയും ക്വാറന്റൈൻ ശരിയായി നടക്കുന്നു എന്നുറപ്പു വരുത്തിയും മാത്രമേ ഈ രോഗവ്യാപനത്തെ പിടിച്ചു കെട്ടാൻ കഴിയൂ.
8 ) ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവരും ദയവായി മാസ്ക് ധരിക്കുകയും , കൂട്ടുകാരെ കാണുമ്പോൾ ഉടനെ അത് താഴ്ത്തി വച്ച് സംസാരിക്കുന്ന പ്രവണത നിർത്തുകയും ചെയ്യണം. നമ്മൾ എല്ലാവരും നമുക്കോ നമുക്ക് അടുത്ത അറിയാവുന്നവർക്കോ ഒരിക്കലും കൊറോൻ വരില്ല എന്ന വിശ്വാസത്തിൽ നടക്കുന്നവരാണ്. ഇന്നലെ വരെ അതൊക്കെ അങ്ങിനെ ആയിരുന്നിരിക്കാം, പക്ഷെ ഇനി അങ്ങിനെ ആവണം എന്നില്ല. അത്യാവശ്യ കാര്യത്തിന് അല്ലാതെ പുറത്തിറങ്ങാതെ ഇരിക്കുക. ന്യൂ യോർക്ക് കോവിഡ് പിടിച്ചു കെട്ടിയത് മാസ്ക് ധരിച്ചും സോഷ്യൽ ഡിസ്റ്റൻസിങ് ചെയ്തുമാണ്. നമ്മൾക്കും അത് എളുപ്പത്തിൽ ചെയ്യാൻ കഴിയും. നിങ്ങൾ ഓരോരുത്തരും മനസ് വെച്ചാൽ മതി.
Leave a Reply