ജോലി മാറാനായി ഞാൻ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തത് ഈ വർഷം മാർച്ചിലാണ്. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉള്ള ബാക് ഗ്രൗണ്ട് ചെക്കിന് വേണ്ടി എല്ലാ വിവരങ്ങളും ഓൺലൈനിൽ നൽകുകയും ചെയ്തു. ഈയടുത്ത കാലത്ത് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ചെക്ക് ചെയ്യാൻ മുടിയും രക്തവും ഒക്കെ ലാബിൽ കൊടുക്കുന്ന സ്റ്റെപ് പക്ഷെ ഇത്തവണ കൊറോണ കാരണം നടന്നില്ല.
സാധാരണ രണ്ടാഴ്ച കൊണ്ട് തീരുന്ന ബാക്ക് ഗ്രൗണ്ട് ചെക്ക് പക്ഷെ ഇത്തവണ മൂന്നു മാസം എടുത്തിട്ടും കഴിഞ്ഞില്ല. കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസിൽ ഓൺലൈൻ ചെക്ക് ചെയ്യാൻ സെക്യൂരിറ്റി ഏജൻസിക്ക് കഴിയും. പക്ഷെ ഞാൻ കൊടുത്ത ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജം അല്ലെന്നു തെളിയിക്കാൻ കേരളം യൂണിവേഴ്‌സിറ്റിക്ക് അയച്ച ഈമെയിലോ , അവരുടെ ഓൺലൈൻ സംവിധാനമോ കൊറോണ അടച്ചുപൂട്ടൽ മൂലം ശരിയായ ജോലി ചെയ്തില്ല എന്ന് തോന്നുന്നു.
മൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്കും കമ്പനിക്കും ക്ഷമ നശിച്ചു. ഡിഗ്രി സെർട്ടിഫിക്കറ് ശരിയല്ല എന്ന് യൂണിവേഴ്സിറ്റി വിധിച്ചാൽ രാജി വയ്ക്കണം എന്നൊരു ക്ലോസ് നിയമന ഉത്തരവിൽ എഴുതി ചേർത്ത് ഞാൻ ഓഗസ്റ്റിൽ പുതിയ കമ്പനിയിൽ ജോലി തുടങ്ങി. ഇതൊരു സർക്കാർ ജോലിയല്ല, സ്വകാര്യ ജോലിയാണ്. എന്നിട്ടും എല്ലാ വിധത്തിലുമുള്ള ബാക് ഗ്രൗണ്ട് ചെക്കിങ് കഴിഞ്ഞാണ് ഇവിടെ ഒരാൾക്ക് ജോലി തുടങ്ങാൻ കഴിയുക.
കേരളത്തിലും കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസുകൾ ഉണ്ടോ എന്നെനിക്കറിയില്ല. ഒരാളെ സർക്കാർ ജോലിക്ക് എടുക്കുമ്പോൾ പോലീസ് വെരിഫിക്കേനും നടത്താറുമുണ്ട്. പക്ഷെ സ്വാകാര്യ കമ്പനിക്കാർ ജീവനക്കാരെ നിയമിക്കുമ്പോൾ ഇത് ഫലപ്രദമായി ചെയ്യുന്നണ്ടോ എന്നുള്ളത് സംശയാസ്പദമായ കാര്യമാണ്. കുറ്റവാളികളെ ജീവനക്കാരായി നിയമിക്കുമ്പോൾ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ഒക്കെ ഒറ്റക്ക് കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറെ പോലെ ഒരു സ്ഥാനം ആകുമ്പോൾ. ആംബുലൻസ് ഡ്രൈവർ ഒരു പെൺകുട്ടിയ ബലാൽക്കാരം ചെയ്ത സംഭവം കേരളം ഇത്രയും നാൾ ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും റദ്ദ് ചെയ്യുന്ന ഒരു സംഭവമായിപ്പോയി.
ഒരു പ്രൈവറ്റ് ഏജൻസിക്ക് പറ്റിയ പിഴവാണ് എന്ന് സർക്കാരിന് കൈ കഴുകാൻ പറ്റാത്ത ഒരു കേസാണിത്, കാരണം സ്വകാര്യ ഏജൻസികൾ ഇത്തരം ജീവനക്കാരെ നിയമിക്കുമ്പോൾ അവർ ശരിക്കും ഇത്തരം പശ്ചാത്തല കുറ്റകൃത്യ / ലഹരി മരുന്ന് ഉപയോഗ അന്വേഷങ്ങൾ നടത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഉള്ള ബാധ്യത സർക്കാരിനുണ്ട്. സ്വപ്നയുടെ (വ്യാജ?) ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലും ഇതേ വാദമാണ് നമ്മൾ കേട്ടത്.
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാക് ഗ്രൗണ്ട് അന്വേഷിക്കാൻ വേണ്ടുന്ന സംവിധാനം ഏർപ്പെടുത്തുന്ന പോലെ തന്നെ പ്രധാനമാണ് കുട്ടികളുടെ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ടു പുറത്തിറങ്ങുന്നവരെ നമുക്ക് കണ്ടെത്തേണ്ട ഒരു സംവിധാനം. ഇവിടെ നാഷണൽ സെക്സ് ഒഫൻഡർ രജിസ്ട്രി എന്നൊരു ഓൺലൈൻ സംവിധാനം ഉണ്ട്. നമ്മുടെ വീടിനടുത്ത് ഇത്തരം കുറ്റവാളികൾ താമസിക്കുന്നുണ്ടോ എന്ന് സെക്കന്റുകൾക്കകം മനസിലാക്കാം. അത്തരം വീടുകളിൽ പോകരുത് എന്ന് കുട്ടികളോട് പ്രത്യകം പറയാം. നാട്ടിൽ ഇപ്പോൾ ഈ സംവിധാനം ഇല്ലെങ്കിൽ അത്യാവശ്യമായി ഏർപ്പെടുത്തേണ്ട ഒന്നാണ്.
സർക്കാർ സംവിധാനം പൂർണമായും പരാജയപ്പെട്ട ഇതിൽ നിന്നും പാഠം പഠിച്ചുകൊണ്ട് ആവശ്യമുള്ള മാറ്റങ്ങൾ ഇത്തരം സംവിധാനങ്ങളിൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികൾ വരുത്തേണ്ടത് സമൂഹം എന്ന നിലയ്ക്ക് നമുക്ക് അത്യാവശ്യമാണ്.
Leave a Reply