
നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി അമേരിക്കയിൽ താമസിക്കുന്നു എന്നറിയുമ്പോൾ പലർക്കും അത്ഭുതമാണ്. ഞാൻ ഇങ്ങിനെ പഠിച്ച് നല്ല നിലയിൽ എത്തിയത് കൊണ്ട് എന്റെ കുടുംബത്തിൽ ഇനി വരുന്ന തലമുറ ഇതുപോലെ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച് സർക്കാർ ജോലിയോ അല്ലെങ്കിൽ ഐടി മേഖലയിലോ മറ്റോ എത്തും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷെ എന്റെ അനിയൻ പത്താം ക്ലാസ് പാസ്സായില്ല, വിവാഹം എല്ലാം കഴിഞ്ഞു കുട്ടികളും ആയിക്കഴിഞ്ഞാണ് കഴിഞ്ഞു വിദൂര വിദ്യാഭ്യാസത്തിലൂടെ അവൻ പത്താം ക്ലാസും, +2 വും പാസായത്. ഇനി ഡിഗ്രി പഠിക്കണം എന്ന് ആണ് ആഗ്രഹം. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയും കഴിഞ്ഞു കുടുമ്ബവും നോക്കിക്കഴിഞ്ഞുള്ള സമയത്താണ് ഇപ്പോൾ അവന്റെ പഠനം.
+2 കഴിഞ്ഞ ഉടനെ എൻട്രൻസ് പരീക്ഷയ്ക്ക് ചേരാൻ ഞാൻ തന്നെ പൈസ കൊടുത്ത എന്റെ പെങ്ങളുടെ മകൻ ഇപ്പോൾ തിരുപ്പൂരിൽ നിന്ന് തുണികൾ എടുത്തു നാട്ടിൽ കൊണ്ടുവന്നു വിൽക്കുന്ന ജോലിയാണ്. മറ്റൊരു മകൻ ഞാൻ പൈസ കൊടുത്തു എഞ്ചിനീയറിംഗ് പഠിക്കാൻ ചേർത്തിട്ട് അത് പൂർത്തിയാക്കാതെ വേറെ എന്തോ ജോലി ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ എന്റെ കുടുംബത്തിൽ ഞാൻ ഒഴികെ ഒരാൾ മാത്രമാണ് നഴ്സിംഗ് പഠിച്ച് ഒരു ജോലി നേടിയത്. വേറെ എല്ലാവരും പഠനം പാതിവഴിക്ക് ഉപേക്ഷിച്ചു.
പക്ഷെ സൗജന്യ പൊതു വിദ്യാഭ്യസം ഉള്ള കേരളത്തിൽ എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എന്ന് നമ്മൾ ആലോചിച്ചു നോക്കണം. അതിന്റെ കാരണം അറിയണമെങ്കിൽ എന്റെ ചെറുപ്പത്തിൽ ഉള്ള സർക്കാർ വിദ്യാലയങ്ങളുടെ ഗതി അറിയണം. പള്ളുരുത്തിയിൽ ഉള്ള സർക്കാർ സ്കൂളിൽ പണമോ വിദ്യാഭ്യസമോ ഉള്ള ആരും കുട്ടികളെ ചേർക്കുമായിരുന്നില്ല. അത്ര ശോചനീയമായിരുന്നു അതിന്റെ സ്ഥിതി. പൊളിഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. അദ്ധ്യാപകർ വന്നാൽ തന്നെ പഠിപ്പിക്കുന്നത് കണക്കായിരുന്നു. എസ്ഡിപിവൈ വക സ്കൂളിലോ മറ്റോ അഡ്മിഷൻ കിട്ടാത്ത കുട്ടികൾ ആയിരുന്നു സർക്കാർ സ്കൂളിൽ ചേർന്നിരുന്നത്. എസ്ഡിപിവൈ സ്കൂൾ പോലെയുള്ള എയ്ഡഡ് സ്കൂളുകൾ കുറച്ചു മെച്ചം ആയിരുന്നു എങ്കിലും പണം വാങ്ങി അദ്ധ്യാപക നിയമനം നടത്തുന്നത് കൊണ്ട് പഠിപ്പിക്കാൻ ഏറ്റവും ഇഷ്ടം ഉള്ള അദ്യാപകരോ ഏറ്റവും മിടുക്കരായ അദ്യാപകരോ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. രസതന്ത്രം പഠിപ്പിക്കുന്ന ടീച്ചർ ശനിയാഴ്ച കൂടി വന്നു ക്ലാസ് എടുത്തു തരുമ്പോൾ കുട്ടികളോട് എങ്ങിനെ പെരുമാറണം എന്നറിയാത്ത ചരിത്ര അദ്ധ്യാപികയും, പ്രൈവറ്റ് ട്യൂഷൻ എടുക്കുന്നത് കൊണ്ട് ക്ലാസ്സിൽ രാഷ്ട്രീയം മാത്രം പറയുന്ന ഹിന്ദി അദ്ധ്യാപകനും എല്ലാം ആ സ്കൂളിൽ ഉണ്ടായിരുന്നു. ജയമാതാ എന്ന പേരിൽ പ്രൈവറ്റ് ട്യൂഷൻ നടത്തുന്ന എബ്രഹാം സാറാണ് എന്റെ പതതാം ക്ലാസ്സിലെ ഫസ്റ്റ് ക്ലാസ്സിന്റെ പ്രധാന കാരണം എന്ന് നിസംശയം പറയാം.
എന്തുകൊണ്ടാണ് സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകർക്ക് കുട്ടികളെ പഠിപ്പിക്കാൻ അധികം ഉത്സാഹം ഇല്ലാതിരുന്നത് എന്ന് അന്വേഷിച്ചു പോയാലാണ് മാതാപിതാക്കളുടെ വിദ്യാഭ്യസവും, വരുമാനവും എങ്ങിനെയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയുക. ഒരു കുട്ടിയുടെ വിദ്യഭ്യാസത്തിൽ അദ്ധ്യാപകരെ പോലെ തന്നെ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. ഒരു പാഠം പഠിക്കാൻ കൊടുത്തുവിട്ടിട്ടോ, ഒരു ഹോം വർക്ക് കൊടുത്തിട്ടോ കുട്ടികൾ ചെയ്യാതെ വരുന്നത് കാണുമ്പോൾ അദ്ധ്യാപകരുടെ തലപര്യം കുറയും. സ്ഥിരം ഇതുപോലെ സംഭവിക്കുമ്പോൾ ഗവണ്മെന്റ് സ്കൂളുകളിലെ നിലവാരം വളരെ താഴുന്ന അവസ്ഥ ആണ് മുന്പുണ്ടായിരുന്നത്. പിടിഓ കോൺഫറൻസ് വച്ചാൽ അതിൽ പങ്കെടുക്കാൻ വരുന്ന മാതാപിതാക്കൾ തുലോം കുറവായിരുന്നു താനും.
ഇതിൽ മാതാപിതാക്കളെ കുറ്റം പറയാനും കഴിയില്ല. ദിവസവരുമാനക്കാരായ മാതാപിതാക്കൾ അന്നന്നത്തെ അന്നത്തിനു വേണ്ടി ഓടി നടക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ ഒരു മുൻഗണന വിഷയം ആയിരുന്നില്ല. പലരും വലിയ പഠിപ്പില്ലാത്തവർ ആയിരുന്നത് കൊണ്ട് വിദ്യഭ്യാസത്തിന്റെ പ്രാധാന്യം അവർക്ക് മനസ്സിലായതും ഇല്ല. പക്ഷെ അതിനേക്കാൾ വലിയൊരു കാര്യം ഹൈ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ജോലിക്ക് പോയാൽ ഉടനെ കിട്ടുന്ന വരുമാനം അവർക്കൊരു ആശ്വാസം ആയിരുന്നു എന്നതാണ്. ഒരു കുട്ടിക്ക് ഡിഗ്രി വരെ വിദ്യഭ്യാസം കൊടുക്കുമ്പോൾ പതിനഞ്ച് വയസു മുതൽ കിട്ടാൻ സാധ്യത ഉള്ള ഒരു വരുമാനം പാവപെട്ട ഒരു കുടുംബം ഭാവിയിലേക്ക് കൂടുതൽ ലാഭം ഉണ്ടാകും എന്ന പ്രതീക്ഷയിൽ മാറ്റി വയ്ക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. കയ്യിൽ പൈസ ഉള്ള അല്ലെങ്കിൽ സർക്കാർ വരുമാനം പോലെ സ്ഥിര വരുമാനം ഉള്ള ഒരു കുടുംബത്തിന് ഇത് ചെയ്യാൻ രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യമില്ല, പക്ഷെ ദിവസ വേതനക്കാരായ മാതാപിതാക്കൾക്ക് അത്ര നാൾ തിരിച്ചു കിട്ടും എന്നുറപ്പില്ലാതെ വരുമാനം മാറ്റിവയ്ക്കുന്നത് ചിലപ്പോൾ ആത്മഹത്യയപരം ആയ കാര്യമാണ്. തോപ്പുംപടി ഫിഷിങ് ഹാർബറിൽ ഐസ് പൊട്ടിക്കാൻ പോയാൽ അപ്പോൾ തന്നെ കിട്ടുന്ന അമ്പത് രൂപ ആയിരിക്കും ഇരുപത് അഞ്ച് വയസു വരെ പഠിപ്പിച്ചിട്ടു കിട്ടാൻ സാധ്യത ഉള്ള ആയിരം രൂപയെക്കാൾ പാവപെട്ട മാതാപിതാക്കൾ കാര്യമായി കണക്കാക്കുന്നത്. ഇരുപത്തി അഞ്ചു വയസു വരെ എന്നെ എങ്ങിനെ എന്റെ ബാപ്പ പഠിക്കാൻ വിട്ടു എന്നത് എനിക്ക് അത്ഭുതമാണ്. പുള്ളിയുടെ വായനയിൽ കൂടിയുള്ള ലോകപരിചയവും വിവരവും കൊണ്ടായിരിക്കാം. മാത്രമല്ല ഒന്നിൽ കൂടുതൽ കുട്ടികൾ ഉള്ള പാവപെട്ട കുടുംബങ്ങൾ കൂട്ടത്തിൽ മിടുക്കൻ ആയ ഒരാളെ പഠിക്കാൻ വിട്ടിട്ട് മറ്റുള്ളവരെ നേരത്തെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന് Poor Economics എന്ന പുസ്തകത്തിൽ അഭിജിത് ബാനർജി അഭിപ്രായപ്പെടുന്നുണ്ട്.
സ്വകാര്യ സ്കൂളുകൾ നല്ല വിദ്യാഭ്യാസം കൊടുക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ സത്യം സ്വകാര്യ സ്കൂളുകളിൽ പോകുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്ഥിരാവരുമാനക്കാരോ അല്ലെങ്കിൽ കുട്ടികളുടെ പഠനത്തിൽ താല്പര്യം ഉള്ളവരോ ആയതുകൊണ്ടാണ് അവരുടെ നിലവാരം കൂടുന്നത് എന്നാണ് കൂടുതൽ ആയ യാഥാർഥ്യം.
ഇതിന്റെ ഒരു പ്രതിവിധി ദിവസവേതനക്കാരായ മാതാപിതാക്കളുടെ കുട്ടികളെയും സ്ഥിരാവരുമാനക്കാരായ മാതാപിതാക്കളുടെ കുട്ടികളെയും ഒരേ ക്ലാസ്സിൽ കൊണ്ടുവരിക എന്നതാണ്. ഇസ്രായേൽ 1991 ൽ ആഡിസ് അബാബയിൽ നിന്ന് 15000 ഓളം ജൂതന്മാരെ ഇസ്രായേലിലേക്ക് ഒറ്റദിവസം കൊണ്ട് കൊണ്ടുവന്നപ്പോൾ അന്ന് വന്ന കുട്ടികളുടെ മാതാപിതാക്കൾ പലരും അക്ഷര അഭ്യാസം ഇല്ലാത്തവർ ആയിരുന്നു. ഇസ്രായേൽ ഈ കുട്ടികളെ മറ്റു ഇസ്രായേൽ പൗരന്മാരുടെ കുട്ടികളും ആയി ഇടകലർന്ന ഇരുന്നു പഠിപ്പിച്ചു ( ശരാശരി ഇസ്രായേൽ രക്ഷിതാവിനു 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം ഉണ്ട്) . ഫലം ഇങ്ങിനെ ആഡിസ് അബാബയിൽ നിന്ന് വന്ന കുട്ടികൾ മാതാപിതാക്കൾ നിരക്ഷരൻ ആണെങ്കിലും മറ്റു കുട്ടികളെ പോലെ തന്നെ സ്കൂളിൽ പഠനത്തിൽ മികവ് കാട്ടി.
കേരളത്തിലെ സർക്കാർ സ്കൂളുകളുടെ നിലവാരം വളരെ ഏറെ മെച്ചപ്പെട്ടു എന്ന് ഏതാണ്ട് എല്ലാവര്ക്കും അറിയാം. മുൻപ് ഉണ്ടായിരുന്ന പൊളിഞ്ഞു വീഴാറായ കെട്ടിടമില്ല മറിച്ച് ഏതൊരു സ്വകാര്യ സ്കൂളും ആയി കിടപിടിക്കുന്ന കെട്ടിടങ്ങളും സൗകര്യങ്ങളും സർക്കാർ സ്കൂളുകളിൽ വന്നു കഴിഞ്ഞു. അവിടെ നടക്കുന്ന പുരോഗതി കണ്ടു പല സ്വകാര്യ സ്കൂളുകളിൽ നിന്നും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ തുടങ്ങി. വിടി ബൽറാം എംഎൽഎ തുടങ്ങി അനേകം പ്രമുഖർ തങ്ങളുടെ കുട്ടികളെ ഇതുപോലെ ഗവണ്മെന്റ് സ്കൂളുകളിൽ മാറ്റുന്നതായി ഞാൻ കണ്ടിട്ടുണ്ട്.
ഇതിന്റെ ഒരു നല്ല വശം എന്നത് കേരളത്തിൽ വിദ്യാഭ്യാസം കുറവായ മാതാപിതാക്കളുടെ കുട്ടികൾ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മാതാപിതാക്കളുടെ കുട്ടികളുടെ കൂടെ ഇരുന്നു പഠിക്കും എന്നതാണ്. ഇതൊരു വലിയ നിശബ്ദ വിപ്ലവമാണ്. കേരളത്തിന്റെ നാളെയെ മാറ്റിമറിക്കാൻ പോകുന്ന ഒരു നല്ല മാറ്റം. ഇത്തരം സ്കൂളുകളിൽ ഇനി പിടിഎ മീറ്റിംഗുകൾ വെച്ചാൽ കൂടുതൽ രക്ഷിതാക്കൾ എത്തും എന്നത് ഉറപ്പാണ്.
ഇത്തരം മാറ്റങ്ങൾ പക്ഷെ വെറുതെ സംഭവിക്കുന്നതല്ല. മറിച്ച് വിദ്യാഭ്യാസത്തെ കുറിച്ച് ആഴത്തിൽ ഉള്ള ആശയങ്ങൾ പുലർത്തുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയുടെ കൂടി കഴിവാണ്. എന്ത് പഠിക്കണം , എങ്ങിനെ പഠിക്കണം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ഈയടുത്ത് ALA (Art lovers of america ) എന്ന സംഘടന സങ്കടിപ്പിച്ച ഒരു പ്രഭാഷണത്തിൽ എന്റെ പ്രിയ സുഹൃത് ബോബിയുടെ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങിനെ പറഞ്ഞു.
“കേരളം വിദ്യാഭ്യാസത്തെ ജനകീയം ആക്കാൻ നോക്കുമ്പോൾ ന്യൂ എഡ്യൂക്കേഷൻ പോളിസി വിദ്യാഭ്യാസത്തെ കമ്പോളവൽക്കരിക്കാൻ ആണ് നോക്കുന്നത്, വർഗീയവൽക്കരിക്കാൻ ആണ് ശ്രമിക്കുന്നത്. പഠിച്ചു കഴിഞ്ഞാൽ ഒരു തൊഴിൽ വേണം എന്നത് നമുക്ക് ആർക്കും സംശയം ഇല്ലാത്ത കാര്യമാണ്, എന്നാൽ വിദ്യഭ്യാസം എന്നത് ഒരു തൊഴിലാളിയെ ഉണ്ടാക്കാൻ ഉള്ളതല്ല. അത് മുതലാളിത്ത സങ്കല്പമാണ്. മുതലാളിത്തത്തിന് ആവശ്യം മുതലാളിത്തത്തിന് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണ്, എന്നാൽ കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസം ലക്‌ഷ്യം വെക്കുന്നത് ആദ്യം തന്നെ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കുക എന്നതാണ്. അങ്ങിനെ നല്ലൊരു മനുഷ്യനെ സൃഷ്ടിച്ച ശേഷം ആ മനുഷ്യന്റെ സർഗ്ഗ ശേഷി അനുസരിച്ചു ഉള്ള തൊഴിലിലേക്ക് അവനെ ലീഡ് ചെയ്യുക എന്നുള്ളതാണ്.” ബോബി എഴുതിയ പോലെ പല മാനങ്ങൾ ഉള്ള ഒരു ഉത്തരം ആണിത്. (മുഴുവൻ ഉത്തരത്തിന്റെ ലിങ്ക് കമന്റിൽ)
കേരളത്തിൽ കൊറോണകാലത്ത് നമ്മൾ കാണാതെ പോകരുത് ഈ നിശബ്ദ വിപ്ലവം. നാളെ ആരധികാരത്തിൽ വന്നാലും സാമുദായിക സമവാക്യങ്ങളിൽ മുങ്ങിപോകാതെ ഇതുപോലെ ആഴത്തിലുള്ള ധാരണയുള്ള വിദ്യാഭ്യാസ മന്ത്രിമാർ വരുമെന്നും ഈ വിപ്ലവം തുടരുമെന്നും ഞാൻ പ്രത്യാശിക്കുന്നു. ഈ വിപ്ലവത്തിന്റെ പിറകിൽ പ്രവർത്തിക്കുന്ന സി രവീന്ദ്രനാഥിനും എല്ലാ അദ്ധ്യാപിക അനദ്ധ്യാപിക പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.. കേരളത്തിലെ ഭാവി തലമുറ നിങ്ങളെ എന്നും ഓർക്കും.
Leave a Reply