ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ കരുതൽ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ വിക്‌ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസ് മലയാളം ക്ലാസ് എടുക്കുന്ന ടീച്ചർ ഒരു അഭിമുഖത്തിൽ എന്റെ ക്ലാസ്സിലെ മക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആനി ടീച്ചറെ ഓർത്തതും.
പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ് ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ആരെയും അടിക്കാത്ത ടീച്ചറെ കുട്ടികൾ എല്ലാവരും വളരെ ഇഷ്ടപ്പെട്ടു.
ആ സമയത്താണ് ചില കുടുംബ പ്രശ്നങ്ങൾ കാരണം, വീട്ടില് ബാപ്പക്കും ഉമ്മക്കും ഞങ്ങളെ ശ്രദ്ധിക്കാൻ നേരമില്ലാതെ വന്നത്. ജന്മനാ മടിയനായ ഞാൻ സന്ദർഭം മുതലെടുത്ത് സ്കൂളിൽ പോകേണ്ട എന്നാ അതി ധീരമായ ഒരു തീരുമാനം എടുത്തു. രണ്ടു ദിവസം പരമ സുഖം, വൈകി എഴുന്നേല്ക്കുക, കളിയ്ക്കാൻ പോവുക , സുഖം, സുന്ദരം.
ആരോ ഉമ്മയെ വഴക്ക് പറയുന്ന ശബ്ദം കേട്ടാണ് മൂന്നാം ദിവസം എഴുന്നേറ്റത്. ആനി ടീച്ചർ ആയിരുന്നു. എങ്ങിനെയോ എന്റെ വീട് കണ്ടു പിടിച്ചു വന്നിരിക്കുകയാണ്.
“നസീർ നന്നായി പഠിക്കുന്ന കുട്ടിയാണ്, നിങ്ങൾ കുട്ടികളെ സ്കൂളിൽ വിട്ടില്ലെങ്കിൽ പോലീസ് കേസ് ആകും എന്നറിയാമോ?”
ആ ഭീഷണിയിൽ ഞങ്ങളെ സ്കൂളിൽ ചേർക്കാൻ നേരം മാത്രം ആദ്യമായി സ്കൂളിൽ പോയ ഉമ്മ വിരണ്ടു
“അത് പിന്നെ ടീച്ചറെ, വീട്ടിലെ കാര്യങ്ങളുടെ ഇടയ്ക്കു നോക്കാൻ വിട്ടു പോയതാണ്, ഇനി ഞാൻ എല്ലാ ദിവസവും മുടങ്ങാതെ അയക്കാം “
കുറെ നാൾ വരെ ഞാനും ഉമ്മയും ടീച്ചർ പറഞ്ഞത് ശരിക്കും വിശ്വസിച്ചു , മുടങ്ങാതെ സ്കൂളിൽ പോവുകയും ചെയ്തു. സ്കൂളിൽ ഏതാണ്ട് എല്ലാ കുട്ടികൾക്കും അമ്മയെ പോലെ ആയിരുന്നു ആനി ടീച്ചർ.
സ്കൂളിൽ നിന്ന് പോയതിനു ശേഷം ടീച്ചറെ ഞാൻ അധികം കണ്ടില്ല. വര്ഷങ്ങള്ക്ക് ശേഷം, MCA പഠനമെല്ലാം കഴിഞ്ഞു, ബാംഗ്ലൂരിൽ ജോലിയും കിട്ടിയപ്പോൾ ആണ് എനിക്ക് ടീച്ചറെ കാണണം എന്ന് തോന്നിയത്. 1997 ൽ ആയിരുന്നു അത്. അപ്പോഴേക്കും ടീച്ചർ വിരമിച്ചു കഴിഞ്ഞിരുന്നു. കുന്പളങ്ങിയിലെ ടീച്ചറുടെ വീട്ടിൽ പോയി.
എന്നെ കണ്ടപ്പോൾ ടീച്ചറിന് വളരെ സന്തോഷം ആയി. ഇത്രയും കുട്ടികളെ പഠിപ്പിച്ച ഒരാൾ എന്റെ പേര് ഓർക്കും എന്ന് തന്നെ ഞാൻ കരുതിയില്ല, ടീച്ചർ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് പറഞ്ഞു അവർ ഇപ്പൊ എവിടെ ആണ് എന്നെല്ലാം എന്നോട് ചോദിച്ചു.
ചെറിയ ഒരു വീടായിരുന്നു ടീച്ചറിന്റെത്. ടീച്ചറിന്റെ പേരക്കുട്ടികൾ ആകാൻ പ്രായമുള്ള കുറെ ചെറിയ കുട്ടികൾ അവിടെയും ഇവിടെയും ഓടി കളിച്ചു കൊണ്ടിരുന്നു.
“ടീച്ചറിന്റെ മക്കൾ എല്ലാവരും എന്ത് ചെയ്യുന്നു? ” ഞാൻ ഒരു ഉപചാരത്തിനു ചോദിച്ചു .
ടീച്ചർ ഓടികളിച്ചു കൊണ്ടിരുന്ന കുട്ടികളെ എല്ലാം കൂട്ടിനിർത്തി , എന്നിട്ട് പറഞ്ഞു
“ഇവരെല്ലാം എന്റെ കുട്ടികൾ ആണ്”
അപ്പോൾ കൂട്ടത്തിൽ കുറച്ചു കുരുത്തം കേട്ടത് എന്ന് തോന്നിപ്പിച്ച ഒരു പീക്കിരി പറഞ്ഞു
“ആന്റി കല്യാണം കഴിച്ചിട്ടില്ല “
എനിക്ക് നാവ് വരണ്ടു പോയി. ടീച്ചർ കല്യാണം കഴിച്ചിട്ടില്ല എന്ന് എനിക്കറിയില്ലായിരുന്നു.
“ഇതെല്ലം എന്റെ ആങ്ങളമാരുടെ മക്കളാണ് നസീറേ”
കൂടുതൽ ചോദ്യോത്തരങ്ങൾ ഉണ്ടായില്ല. ടീച്ചർ സ്നേഹപൂർവം തന്ന ചായയും കുടിച്ചു ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.
മനസ്സിൽ അമ്മയെ പോലെ ഞങ്ങളെ നോക്കിയ ടീച്ചറുടെ രൂപം ഓർമ വന്നു. ആയിരക്കണക്കിന് കുട്ടികൾക്ക് അമ്മയായ ടീച്ചർ. രണ്ടാം ക്ലാസ്സിൽ പഠനം നിലച്ചു പോകേണ്ട എന്നെ വീട്ടിൽ വന്നു സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്ന ടീച്ചർ. ചെറുതായി കണ്ണ് നിറഞ്ഞു.
നമ്മുടെ ഇന്നത്തെ ജീവിതം ആരോടെല്ലാം ആണ് കടപ്പെട്ടിരിക്കുന്നത്?
വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസുകൾ കണ്ടപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തിലെ അദ്ധ്യാപകരെ ആണ് ഓർമ വന്നത്. അദ്ധ്യാപകർ, പ്രത്യേകിച്ചും പ്രൈമറി സ്കൂൾ അദ്ധ്യാപകരാണ് ഇന്ന് നമ്മൾ കേരളത്തിന്റെ അഭിമാനമായി പലപ്പോഴും പറയുന്ന സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ആണിക്കല്ലായി നിന്നത്. ആടിയും പാടിയും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നത് ശാസ്ത്രസാഹിത്യ പരിഷത്തിലെ ശീലം ആയിരുന്നു. അന്ന് പക്ഷെ പഠിതാക്കൾ പ്രായമുള്ളവരായിരുന്നു എന്ന ഒരു വ്യത്യാസം മാത്രം. 1991 ഏപ്രിലിൽ കേരളം സമ്പൂർണ സാക്ഷരതാ കൈവരിക്കുമ്പോൾ അനേകം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും വിയർപ്പ് അതിന്റെ പിറകിൽ ഉണ്ടായിരുന്നു.
ഞാൻ ഇപ്പോൾ ഇവിടെ അമേരിക്കയിൽ എന്റെ വീട്ടിൽ ഏതാണ്ട് 25 കുട്ടികൾക്ക് മലയാളം പഠിപ്പിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യസം പലപ്പോഴും നമ്മൾ കരുതുന്ന പോലെ എളുപ്പമല്ല. ശാസ്ത്ര സാഹിത്യ പരിഷത്തിൽ എന്തുകൊണ്ട് എന്തുകൊണ്ട് എന്നൊരു പരിപാടിയുടെ ഇടയ്ക്ക് ഒരു കൊച്ചു മിടുക്കൻ എന്നോട് പൂവൻ കോഴിയുടെ തലയിൽ ഉള്ള പൂവിന്റെ ഉപയോഗം എന്താണെന്നും അത് ശത്രുക്കളെ ആകർഷിക്കുന്നത് കൊണ്ട് പരിണാമ സിദ്ധാന്തത്തിനു എതിരല്ലേ എന്നും ചോദിച്ചതിന്റെ ഉത്തരം തേടിയാണ് ഞാൻ ഡാർവിന്റെ ആൺമയിലിനെ കുറിച്ചുള്ള sexual selection നിരീക്ഷണത്തിലും മറ്റും എത്തിച്ചേർന്നത്. കുട്ടികളുടെ ചോദ്യങ്ങൾ പലപ്പോഴും നമ്മൾ കരുതുന്ന പോലെ ആയിരിക്കില്ല. അവരെ പഠിപ്പിക്കേണ്ടതും ആടിയും പാടിയും അവരുടെ അഭിരുചിക്ക് ഒത്തു തന്നെ ആവണം. അദ്ധ്യാപകർ ദൈവങ്ങൾ ആണെന്ന അഭിപ്രയക്കാരൻ ഒന്നുമല്ല ഞാൻ, പക്ഷെ മുകളിൽ പറഞ്ഞ പോലെ ചില പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് കുട്ടികളുടെ ഭാവി തന്നെ തിരിച്ചുവിടാൻ കഴിയും.
വിക്‌ടേഴ്‌സ് ചാനലിന് അഭിനന്ദനങ്ങൾ. ഖാൻ അക്കാഡമിയിലും മറ്റും ഉള്ള പോലെ കുട്ടികൾക്ക് ഫീഡ്ബാക്ക് കൊടുക്കാനും അവരുടെ അറിവ് ടെസ്റ്റ് ചെയ്യാനും ഉള്ള പരിപാടികൾ പിറകെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. വിക്‌ടേഴ്‌സ് ചാനലിന്റെയും അത് നടത്തുന്ന മുമ്പ് ഐ ടി അറ്റ് സ്കൂളിന്റെയും ഇപ്പോൾ KITE ഇന്റെയും സിഇഒ അൻവർ സാദത്ത് എന്റെ ക്‌ളാസിൽ ഒരുമിച്ച് എംസിഎ പഠിച്ചത് ആണെന്നും ഉള്ള കാര്യം അഭിമാനം ഇരട്ടിപ്പിക്കുന്നു.
ഈ വീഡിയോയുടെ ഇടയിൽ എല്ലാം വന്നു അശ്ലീലം ഇടുന്ന എല്ലാവരെയും പൊക്കി ജാമ്യം ഇല്ലാതെ അകത്തിടാൻ അധികം വൈകിക്കരുത്. അമേരിക്കയിൽ ജനിച്ചു വളർന്ന അമേരിക്കൻ പൗരത്വമുള്ള എന്റെ കുട്ടികളോട് എന്നും അഭിമാനത്തോടെ ആണ് കേരളത്തെ കുറിച്ച് സംസാരിക്കുന്നത്. ഇതുപോലെ കമെന്റുകൾ ഇട്ട് ദയവായി കേരളത്തെ കുറിച്ച് പറയുമ്പോൾ നാണം കെടാനുള്ള അവസ്ഥ ഉണ്ടാക്കി വെക്കരുത്.
Leave a Reply