കേരളം എന്ന ഗോത്ര സമൂഹം.
മനുഷ്യന്റെ രാഷ്ട്രീയ ഘടനയിൽ ജനാതിപത്യ രാഷ്ട്രങ്ങൾ നിലവിൽ വന്നിട് അധികം നാളുകൾ ആയിട്ടില്ല. നമ്മൾ പലരും അതിപരിചയം കൊണ്ട് അധികം ചിന്തിക്കാതെ വിടുന്ന സംസ്ഥാനം, രാജ്യം എന്നിവയൊക്കെ മനുഷ്യന്റെ ഉത്ഭവവും ആയി നോക്കിയാൽ ഈയടുത്ത് മാത്രം സംഭവിച്ച കാര്യങ്ങളാണ്.
മനുഷ്യൻ നായാടി നടക്കുന്ന കാലത്ത് ചെറു കൂട്ടങ്ങൾ ആയിട്ടായിരുന്നു താമസിച്ചിരുന്നത്. പലപ്പോഴും രക്തബന്ധം ആയിരുന്നു അവരെ കൂട്ടിയോജിപ്പിച്ച ഒരു ഘടകം. ഇതുപോലെ തന്നെ വേറെ കൂട്ടങ്ങളെ കാണുമ്പോൾ നമ്മൾ വിചാരിക്കുന്ന പോലെ സമാധാനപരമായ ഒരു കൂടിക്കാഴ്ച ആയിരുന്നില്ല അത്, പലപ്പോഴും പരസ്പരം ആക്രമിക്കുന്ന കൂട്ടങ്ങൾ ആയിരുന്നു നായാടി നടന്നിരുന്ന മനുഷ്യർ. കാരണം കൂടുതൽ ആളുകൾ പരിമിതമായ വന / ഭൂമി വിഭവങ്ങൾക്കും ജലത്തിനും എല്ലാം ഒരു ഭീഷണി ആയിരുന്നു.
വേട്ടയാടി നടക്കുന്ന കൂട്ടങ്ങൾക്ക് ചെറിയ ഗ്രൂപ്പുകൾ ഒരനുഗ്രഹമാണ്. കാരണം ഭക്ഷണ / ജല ലഭ്യത അനുസരിച്ച് അവർക്ക് പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. സ്വകാര്യ സ്വത്ത് എന്ന ആശയം ഒന്നും അവിടെ പ്രായോഗികമല്ല. കിട്ടാവുന്ന വസ്ത്രങ്ങളും കുട്ടികളെയും എടുത്തു കൊണ്ട് പുതിയ ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കും. മിക്കവാറും കൂട്ടത്തിലെ മൂത്ത പുരുഷൻ ആയിരിക്കും നേതാവ്. ആണുങ്ങൾ വേട്ടയാടാൻ പോകും സ്ത്രീകൾ കുട്ടികളെ നോക്കുകയും കായ്കനികൾ പെറുക്കുകയും ചെയ്യും. ആളുകൾക്ക് സ്വന്തമായി അഭിപ്രയം ഉണ്ടായിരുന്നില്ല. രക്തബന്ധം കൊണ്ടും ഗ്രൂപ്പിൽ നിന്ന് ഒട്ടപെട്ടാൽ ഒറ്റക്ക് ജീവിക്കാൻ സാധ്യമല്ല എന്നത് കൊണ്ട് ഇത്തരം ഗ്രൂപ്പിനുള്ളിൽ അക്രമ സംഭവങ്ങൾ വളരെ അപൂർവമായിരുന്നു.
പക്ഷെ ഒരു സംഘത്തിലെ ആരെങ്കിലു മറു സംഘത്തിലെ ഒരാളെ കൊന്നാൽ , അതിന്റെ വൈരാഗ്യം മറുസംഘം മനസ്സിൽ വച്ചുകൊണ്ട് നടക്കും. മിക്കവാറും കൊല്ലപ്പെട്ട ആളുടെ മകൻ കുറച്ച് നാൾ കഴിഞ്ഞു പകരം വീട്ടും. ഇത്തരം പാസ്പരം ഉള്ള കൊലകൾ കൊണ്ട് ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമായ ചില ഗ്രൂപ്പുകൾ ഉണ്ടെന്ന് നമ്മൾ അറിയേണ്ടതുണ്ട്.
കുറെ കൂടി കഴിഞ്ഞു, കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ നായാടൻ എളുപ്പമാണ് എന്ന് കണ്ടെത്തി കഴിഞ്ഞാണ്, കുറെ കൂടി ആളുകൾ കൂടിച്ചേർന്ന് നായാടി ഗോത്രങ്ങൾ ഉണ്ടാകുന്നത്. നൂറോളം ആളുകൾ ഇത്തരം ഗ്രൂപുകളിൽ ഉണ്ടാകും. ഇതിലും പക്ഷെ എല്ലാവര്ക്കും പരസ്പരം അറിയാൻ കഴിയും. അതുകൊണ്ട് തന്നെ ഇവരുടെ ഇടയിലും അക്രമസംഭവങ്ങൾ കുറവായിരിക്കും. എന്നാൽ ഇതുപോലെ മറ്റൊരു ഗ്രൂപ്പ് എതിരെ വന്നാൽ വലിയ അക്രമംങ്ങൾ നടക്കും. മിക്കവാറും വിഷം പുരട്ടിയ അമ്പും വില്ലും, വലിയ ദണ്ഡ് കൊണ്ട് തല അടിച്ചു പൊളിക്കുക തുടങ്ങിയ രീതികൾ ആയിരുന്നു പ്രയോഗിച്ചിരുന്നത്. (ലോഹം കൊണ്ടുള്ള ആയുധം ഇവരുടെ ഇടയിൽ നിലവിൽ വന്നിരുന്നില്ല). ഇത്തരം ഗോത്രങ്ങളിൽ ഒരു ഗോത്ര തലവൻ ഉണ്ടാകും. ഗോത്ര തലവൻ നേതാവും മറ്റുള്ളവർ ഗോത്ര തലവൻ പറയുന്നത് കേട്ട് ജീവിക്കുകയും ചെയ്യുക എന്നതായിരുന്നു ഇത്തരം ട്രിബുകൾക്ക് ഉള്ളിലുണ്ടായിരുന്ന രാഷ്ട്രീയ ഘടന.
ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകൾ , തെക്കേ അമേരിക്കയിലെ ആമസോൺ തുടങ്ങിയ അപൂർവം ചില ഇടങ്ങളിൽ മാത്രമാണ് ഇത്തരം ഗ്രൂപ്പുകൾ ഇപ്പോൾ ഉള്ളത്. രണ്ടു മൂന്ന് വർഷങ്ങൾക്ക് മുൻപ് ആന്റമാനിലെ സെന്റിനെൽ ആദിവാസി സമൂഹത്തിൽ വഞ്ചിക്കാർക്ക് കൈക്കൂലി കൊടുത്ത് കടന്നു കയറാൻ ശ്രമിച്ച ഒരു അമേരിക്കക്കാരനെ അവർ കൊന്നു കളഞ്ഞത് പാത്രത്തിൽ വായിച്ചത് ചിലരെങ്കിലും ഓർമ്മിക്കുമല്ലോ. മത പ്രചാരണത്തിന് വേണ്ടിയാണു പുള്ളി അവിടെ പോയത് എന്നൊരു വാർത്തയും കണ്ടിരുന്നു.
ഏതാണ്ട് വെറും 12000 വർഷങ്ങൾക്ക് മുൻപ് കൃഷി തുടങ്ങിയപ്പോൾ മാത്രം ആണ് മനുഷ്യൻ ഒരു സ്ഥലത്തു തന്നെ സ്ഥിരമായി താമസിക്കാൻ തുടങ്ങിയതും, സ്വകാര്യ സ്വത്ത് എന്ന ആശയം നിലവിൽ വന്നതും എല്ലാം. അങ്ങിനെ ഒരു സ്ഥലത്തു സ്ഥിര താമസം തുടങ്ങി കഴിഞ്ഞപ്പോൾ കൊയ്ത്തു കാലത്ത് ധാന്യങ്ങൾ സൂക്‌ഷിച്ചു വയ്ക്കാം എന്ന് കണ്ടെത്തിയത്. ( ഇന്ന് നമ്മൾ കഴിക്കുന്ന പല ധാന്യങ്ങളും ഈ സമയത്തെ മനുഷ്യർ തിരഞ്ഞെടുപ്പ് വഴി ജനിതകമാറ്റം വരുത്തി ഭക്ഷണ യോഗ്യം ആക്കി മാറ്റിയ വസ്തുക്കളാണ്. ഉദാഹരണത്തിന് കാട്ടിൽ ആദ്യം ഉണ്ടായിരുന്ന പഴവർഗത്തിന് അകത്ത് കൂടുതലും കുരു ആയിരുന്നു). ഇങ്ങിനെ ധാന്യം ശേഖരിച്ചു വച്ച് കഴിയുമ്പോൾ എപ്പോഴും നായാടി നടക്കേണ്ട ആവശ്യം വരില്ല. മാത്രമല്ല ചിലർക്ക് കൃഷി ചെയ്യുന്നതിന് പകരം പത്രങ്ങൾ ഉണ്ടാകുക, വസ്ത്രങ്ങൾ ഉണ്ടാകുക തുടങ്ങിയ ജോലികളിൽ ഏർപ്പെടാൻ കഴിയും. രാഷ്ട്രീയ ഘടനയിലെ വലിയ ഒരു മാറ്റം ആയിരുന്നു ഇത്. എന്നിട്ടും ഒരു നാടുവാഴിയുടെ കീഴിൽ മറ്റുള്ളവർ ജീവിക്കുക എന്ന രീതിയാണ് പിന്തുടർന്ന് വന്നത്. ഇന്ത്യയിലെ ജാതിയുടെ ഉത്ഭവം ഈ സമയത്താണ്. നാടുവാഴിക്ക് മതത്തിന്റെ മേലങ്കി ചാർത്തി കൊടുക്കാനും നാടുവാഴി ദൈവത്തിന്റെ അവതാരമാണെന്ന് വരുത്തി തീർക്കാനും വേണ്ടി ഉണ്ടാക്കിയ , വായന അറിയുന്ന ഒരു ചെറിയ കൂട്ടം ബ്രഹ്മണന്മാർ ആയും , മറ്റു തൊഴിലുകൾ ചെയ്യുന്നവർ മറ്റു ജാതികളും ആയി മാറിയിരിക്കണം.
ഗോത്ര സമൂഹങ്ങളിൽ നിന്ന് നാടുവാഴിയുടെ നേതൃത്വത്തിൽ ഉള്ള നാട്ടുരാജ്യങ്ങൾ ആയപ്പോൾ ഒരു പ്രധാന പ്രശനം ഉടലെടുത്തു. ഒന്നാമത് ഒരു ഗോത്രത്തിലെ പോലെ അങ്ങോട്ടും ഇങ്ങോട്ടും രക്തബന്ധം ഉള്ളതോ പരസ്പരം അറിയുന്നവരുമോ അല്ല ഭൂരിപക്ഷം ആളുകളും. അതുകൊണ്ട് ഒരു ഗോത്രത്തിൽ പരിചയം ഉള്ള ആളുകൾ ആയത് കൊണ്ട് പരസ്പരം വഴക്ക് ഉണ്ടാകുമ്പോൾ സമാധാനിപ്പിക്കാൻ കുടുംബം ഉണ്ടാകും, പക്ഷെ നാട്ടുരാജ്യങ്ങളിൽ പരിചയം ഇല്ലാത്ത ആളുകൾ പരസ്പരം വഴക്കടിക്കുമ്പോൾ എന്ത് ചെയ്യും? അതിനായി ചില നിയമ സംഹിതകൾ എഴുതപ്പെട്ടു. ഈ നിയമനാൽ നിലവിൽ വരുത്താനും നാടുവാഴിയെ മറ്റുള്ളവരുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനും വേണ്ടി ആയുധ ധാരികളായ ഒരു ചെറിയ കൂട്ടം ഉടലെടുത്തു വന്നു. കേരളതിലെ നായർ പട്ടാളം എന്നൊക്കെ വിളിക്കുന്ന തരം കൂട്ടം. ഇതിന്റെ വലിയ രൂപങ്ങളാണ് ഇന്നത്തെ സൈന്യങ്ങൾ.
നാട്ടുരാജ്യങ്ങൾക്ക് ഒരു പ്രധാന പ്രശ്നം ഉണ്ടായിരുന്നു. അവ നാട്ടുരാജാക്കന്മാരുടെയും അവരുടെ അടുപ്പക്കാരുടെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രധാനമായും പ്രവർത്തിച്ചത്. ഈ സമൂഹ ഘടന നിലവിൽ വരാൻ കാരണമായ കൃഷിക്കാർ തീർത്തും അവഗണിക്കപ്പെട്ടു. അവർ കൃഷി ചെയ്യുന്ന പ്രധാന ഉത്പന്നം നടുവഴിയിലേക്ക് മുതൽ കൂട്ടപ്പെട്ടു. ഉദാഹരണത്തിന് കേരളത്തിൽ നായന്മാർ “താഴ്ന്ന” ജാതിക്കാരെ കൊന്നാൽ അവർക്ക് ശിക്ഷ ഇല്ലായിരുന്നു.
കൂടുതൽ ശക്തി നേടിയ ഒരു നാട്ടുരാജ്യം മറ്റു നാട്ടുരാജ്യങ്ങൾ ആക്രമിച്ചു കീഴ്പെടുത്തി സ്വന്തം നാട്ടുരാജ്യത്തേക്ക് ചേർത്താണ് വലിയ രാജ്യങ്ങൾ രൂപപ്പെടുന്നത്. നാടുവാഴിക്ക് പകരം രാജാവും മന്ത്രിമാരും എന്നല്ലാതെ വലിയ മാറ്റങ്ങൾ അപ്പോഴും ഉണ്ടായിരുന്നില്ല.
നമ്മൾ ഇന്ന് കാണുന്ന ജനാതിപത്യം വളരെ പുതിയ ഒരു രാഷ്ട്രീയ ഘടനയാണ്. ജനങ്ങളുടെ അവകാശങ്ങളും അവരുടെ ഭാവിയും അവരാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തീരുമാനിക്കട്ടെ എന്ന ആലോചന വന്നിട്ട് ഏതാണ്ട് രണ്ടായിരം വർഷമേ ആകുന്നുള്ളൂ. അതും ലോകത്തിലെ ഒരു ചെറിയ കോണിൽ മാത്രം ആ ചിന്ത ഒതുങ്ങി നിന്നു ( ഗ്രീസിൽ). ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ജനാധിപത്യ സമൂഹവും, ജനങ്ങൾ തീരുമാനിക്കുന്ന നിയമങ്ങൾ , ആളുകളുടെ ജാതിയും മതവും സാമ്പത്തിക നിലവാരവും നോക്കാതെ നടപ്പിലാക്കാൻ തുടങ്ങിയിട്ട് നൂറു വർഷങ്ങൾ പോലും ആയിട്ടില്ല. രണ്ട് ലക്ഷം വർഷങ്ങൾ പഴക്കമുള്ള നമ്മുടെ സ്‌പീഷീസ് ഈയടുത്ത കാലത്ത് മാത്രം കാണാൻ തുടങ്ങിയ ഒരു സംഭവമാണ് ജനാധിപത്യവും, പരസ്പരം ഉള്ള തർക്കങ്ങൾ പറഞ്ഞു സമാധാനപരമായി തീർക്കുക എന്ന പ്രതിഭാസവും എല്ലാം എന്നർത്ഥം.
ലക്ഷകണക്കിന് വർഷങ്ങളായി പരസ്പരം കൊന്നു കൊണ്ടിരുന്ന ആ അഭിവാഞ്ജന ചിലപ്പോൾ ഈ ആധുനിക ജനാതിപത്യ സമൂഹത്തിലും പുറത്തു വരും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ കാണുമ്പോഴാണ് നമ്മൾ ഇപ്പോഴും ഗോത്ര സമൂഹത്തിന്റെ ചില പ്രാകൃത രീതികൾ ഇപ്പോഴും കൊണ്ട് നടക്കുന്നു എന്ന് മനസിലാകുന്നത്. ഒരിക്കൽ എത്തിച്ചേരുമായിരിക്കും എന്ന് നമ്മൾ പ്രതീകിഷിക്കുന്ന ജനാധിപത്യത്തിലേക്കുള്ള യാത്രയിൽ മാത്രമാണ് നമ്മൾ.
നോട്ട് : ട്രൈബ് എന്ന വാക്കിന്റെ മലയാളം എന്ന രീതിയിൽ ആണ് ഗോത്രം എന്നുപയോഗിച്ചിരിക്കുന്നത്. ആധുനിക രാഷ്ട്രങ്ങളിലെ ഗോത്ര സമൂഹങ്ങൾ എന്ന അർത്ഥത്തിൽ എടുക്കരുത്. ഇന്ത്യയിലെ ഉൾപ്പെടെ ഇന്നത്തെ രാഷ്ട്രങ്ങളിലെ ഗോത്ര സമൂഹങ്ങൾ ഏറ്റവും അടിച്ചമർത്തപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപെട്ട ആളുകളാണ്.
Leave a Reply