റെഡ് ക്രെസെന്റ് ലൈഫ് മിഷൻ പദ്ധതി വഴി കേരളത്തിൽ വീട് വെയ്ക്കുമ്പോൾ അവർ വേറെ ആളുകൾക്ക് കൈക്കൂലി കൊടുത്താൽ നമ്മൾക്ക് എന്താണ് എന്നൊരു ചോദ്യം ചിലർ ഉന്നയിച്ചു കേട്ടു. കള്ളപണം വെളുപ്പിക്കുന്നതിന്റെയും അന്താരാഷ്ട്ര സഹായത്തിൽ ഉള്ള കൈക്കൂലികളുടെയും ഉള്ളറകൾ അറിയാത്തവർക്ക് മാത്രമേ ഇങ്ങിനെ ചോദിയ്ക്കാൻ കഴിയൂ.
ക്രിസ്ത്യൻ രാജ്യങ്ങൾ റെഡ് ക്രോസ്സ് എന്നും മുസ്ലിം രാജ്യങ്ങളിൽ റെഡ് ക്രെസെന്റ് എന്നും അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയും അഴിമതി മുക്തം ഒന്നുമല്ല. പല ചാരിറ്റികളും വലിയ തുക അഡ്മിനിസ്ട്രേഷൻ ഫീ ആയി ഈടാക്കുന്നുണ്ട്. ഇവരുടെ അഴിമതിയുടെ പ്രധാന പ്രശ്നം ഈ പണം വേറെ രാജ്യങ്ങളിലെ സാധാരണക്കാരായ ആളുകൾ ഇവർക്ക് സംഭാവനയായി കൊടുക്കുന്ന പണമാണ്. ഇവരുടെ അഡ്മിനിസ്ട്രേഷൻ ഫീ കഴിഞ്ഞുള്ള പണമാണ് ഇതുപോലെ ദുരിതാശ്വാസങ്ങൾക്ക് ഉപയോഗിക്കുന്നത്. അതിൽ നിന്ന് തന്നെ കൈക്കൂലി കൊടുക്കുമ്പോൾ പാവപെട്ടവർക്ക് കിട്ടേണ്ട പണവും സഹായവുമാണ് കിട്ടാതെ പോകുന്നത്, ഉദാഹരണത്തിന് ലൈഫ് മിഷൻ പദ്ധതിക്ക് കൊണ്ടുവന്ന പണത്തിൽ നിന്ന് ഒരു കോടിയോ നാലുകോടിയോ കൈക്കൂലി ആയി പോയി എന്ന് വച്ചാൽ പത്തോളം പേർക്ക് കിട്ടേണ്ട വീട് കിട്ടാതെ പോകുന്നു എന്നോ അല്ലെങ്കിൽ ഇപ്പോൾ കിട്ടുന്നവർക്ക് തന്നെ കുറഞ്ഞ ക്വാളിറ്റിയിൽ / കുറഞ്ഞ വിസ്തീർണത്തിൽ ഉള്ള വീടുകൾ കിട്ടും എന്നാണ് അർഥം. പക്ഷെ ഇതിനേക്കാൾ വലിയ പ്രശനം ഇങ്ങിനെയുള്ള സഹായങ്ങൾ ചിലർ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ്.
ഞാൻ കഴിഞ്ഞ ഇരുപതു വർഷമായി ലോകത്തിലെ ഏറ്റവും വലിയ ചില അന്താരാഷ്ട്ര ബാങ്കുകളിലാണ് ജോലി ചെയ്തിരുന്നത്, ഇപ്പോഴും അതെ. ഇവിടെയെല്ലാം എല്ലാ വർഷവും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം എങ്ങിനെ കണ്ടുപിടിക്കാം, അഴിമതി , കൈക്കൂലി എന്നിവ നൽകാനുള്ള ശ്രമങ്ങളെ എങ്ങിനെ പരാജയപെടുത്താം , അങ്ങിനെ സംശയം തോന്നുന്ന സന്ദർഭങ്ങളിൽ എവിടെ ആരോടാണ് പരാതി പറയേണ്ടത്, സഹായം ചോദിക്കേണ്ടത് എന്നതെല്ലാം ഉൾപ്പെടുത്തിയ ഒരു ട്രെയിനിങ് നിർബന്ധം ആണ്. ഈ ട്രെയിനിങിന്റെ അവസാനം ഒരു പരീക്ഷ കൂടി എല്ലാ കൊല്ലവും പാസാക്കണം.
ഇത് ചെയ്യാൻ ഉള്ള ഒരു കാരണം വലിയ ബാങ്കുകൾ ഉപയോഗിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യാൻ ആളുകൾ ശ്രമിക്കും എന്നതാണ്. അക്കൗണ്ട് തുറക്കാൻ വരുന്നവരോ നമ്മളോട് ഇടപഴകുന്നവരോ താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവരാണോ എന്നൊരു ചെക്ക് ആണ് ഏറ്റവും പ്രാഥമികം ആയി ഞങ്ങൾ ചെയ്യുന്നത്.
എ) സ്വർണം, ഡയമണ്ട് തുടങ്ങി വിലപിടിപ്പുള്ള ലോഹങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനെസ്സ്കാർ
ബി) രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും അധികാരത്തിൽ ഇരിക്കുന്നവരും അവരുടെ ബന്ധുക്കളും. ഒരു രാജ്യത്തെ മുൻ പ്രസിഡന്റ് തുടങ്ങി അധികാരം ഉള്ള ആരും ഈ വിഭാഗത്തിൽ പെടാം.
സി) വിദേശത്തു നിന്ന് കാറുകൾ തുടങ്ങിയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നവർ
ഡി) ഹോട്ടൽ റെസ്റ്റോറന്റ് തുടങ്ങിയ ബിസിനസ് ചെയ്യുന്നവർ.
സ്വപ്ന സുരേഷ് , സന്ദീപ് നായർ തുടങ്ങി ഫൈസൽ ഫരീദും , UAE കോൺസുലേറ്റ് അറ്റാഷെ, അവിടുള്ള ജീവനക്കാരൻ എന്നിവർ വരെ ഉലപ്പെട്ട ഈ കേസിൽ, മേൽപ്പറഞ്ഞ ഏതാണ്ട് എല്ലാ റെഡ് ഫ്ലാഗുകളും തെളിഞ്ഞു കാണാൻ കഴിയും.
മുകളിൽ പറഞ്ഞ ബിസിനസുകൾ ചെയ്യുന്ന എല്ലാവർക്കും ഉള്ള ഒരു പൊതു കാര്യം എന്താണെന്നു വച്ചാൽ കൃത്യമായി നിർവചിക്കാൻ പറ്റാത്ത വരുമാന സ്രോതസുകൾ ആണ് ഇവർക്കുള്ളത് എന്നതാണ്. ഉദാഹരണത്തിന് ഒരു രത്നത്തിന്റെ വില, ഒരു ഹോട്ടലിൽ ഒരു വർഷത്തെ വരുമാനം എന്നിവ കൃത്യമായി കണക്കെടുക്കാൻ ബുദ്ധിമുട്ടുള്ളതാണ്, കാരണം അവരിൽ പലരും പണം കറൻസി ആയാണ് കൈകാര്യം ചെയ്യുന്നത്. കാഷ് ആയി കൊടുത്താൽ പൈസ കുറച്ചു തരുന്ന റെസ്റ്റോറൻസ്റ്റും ജൂവല്ലറികളും സർവ സാധാരണം ആണ്. പക്ഷെ ഈച്ച ആട്ടി ഇരിക്കുന്ന ചില ഹോട്ടലുകളും ജൂവല്ലറികളും, പൊളിഞ്ഞു പോയ സിനിമകളും വളരെ കൂടിയ വരുമാനം ആണ് കാണിക്കുന്നത്. അത് എന്ത് കൊണ്ടാണ് എന്നറിയണം എങ്കിൽ കള്ള പണം വെളുപ്പിക്കലിന്റെ ചില വഴികൾ അറിഞ്ഞിരിക്കണം.
Placement , layering , integration എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ആണ് കള്ളപ്പണം വെളുപ്പിക്കാൻ ചെയ്യുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം. നിങ്ങൾക്കു കൈക്കൂലിയായി ഒരു കോടി രൂപ കിട്ടി എന്ന് വിചാരിക്കുക. ഇത് വെളുപ്പിക്കാൻ നേരിട്ടോ ഒരു ഏജൻസി വഴിയോ ആദ്യം ചെയ്യുന്നത് ഈ പൈസ വിദേശത്തേക്ക് കടത്തുകയാണ്. സ്വദേശത്തോ വിദേശത്തോ ഒരു ഹോട്ടലിലോ, ജൂവല്ലറിയിലോ മറ്റു സ്ഥാപനങ്ങളിലോ നിക്ഷേപിക്കുന്ന പോലെയോ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യുന്ന പോലെയോ ആണ് ഇത് ചെയ്യുന്നത്. ചിലർ കാഷ് carriers വഴി നേരിട്ടും കടത്തും. Smurfs എന്നാണ് ഇവരെ പറയുക. ഇതാണ് placement. ഒരിടത്തു പണം നൽകി വേറെയിടത്തു പണം വാങ്ങുന്ന ഹവാല ആണ് കറൻസി മാറ്റാനുള്ള മറ്റൊരു വഴി.
അടുത്തതായി ഇങ്ങിനെ ഇൻവെസ്റ്റ് ചെയ്ത ബിസിനസ്സിന്റെ ലാഭം പെരുപ്പിച്ചു കാണിക്കുകയാണ്. ഉദാഹരണത്തിന് നൂറു ഡോളറിനു വിറ്റ രത്നക്കല്ലിനു അഞ്ഞൂറ് ഡോളർ എന്ന് കാണിച്ചാൽ നാന്നൂറ് ഡോളർ വെളുത്തു കിട്ടി. ആരും കേറാതെ ഇരിക്കുന്ന ചായക്കടയിൽ രണ്ടായിരം ഡോളർ ദിവസ വരുമാനം കാണിച്ചാലും സ്ഥിതി അത് തന്നെ. ലയേറിങ് എന്ന ഈ സ്റ്റേജ് പറയുന്ന ഇത്ര സിംപിൾ അല്ല, പല ട്രാന്സാക്ഷൻസിലൂടെ ആണ് ചെയ്യുന്നത്. പക്ഷെ ചുരുക്കത്തിൽ യഥാർത്ഥ വെളുപ്പിക്കൽ നടക്കുന്നത് ഇവിടെ ആണ്.
മൂന്നാമത്തെ പടി ഇന്റഗ്രേഷൻ ആണ്. ഇങ്ങിനെ അധികം ആയി കിട്ടുന്ന ലാഭം വെളുത്ത പണം ആയി ഉടമസ്ഥന് തിരിച്ചു കിട്ടിയ ശേഷം അയാൾ മറ്റു യഥാർത്ഥ ബിസിനെസ്സിലോ ബാങ്കിലോ നിക്ഷേപിക്കുന്നതിന് ആണ് ഇന്റഗ്രേഷൻ എന്ന് പറയുന്നത്. ഇങ്ങിനെ ചെയ്ത കള്ള പണം കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ് കാണിക്കുവാൻ ഉടമസ്ഥന് കഴിയും എന്നത് തന്നെ.
ഈ സ്വർണക്കടത്തു കേസിലും ലൈഫ് മിഷനിലെ കൈക്കൂലി കേസിലും ഇതുവരെ പിടിയിൽ ആയിട്ടുള്ളത് നീർക്കോലികൾ മാത്രമാണ് എന്നാണെനിക്ക് തോന്നുന്നത്. കേന്ദ്ര ഗവണ്മെന്റ് ഇടപെട്ടു UAE തന്നെ ഇക്കാര്യങ്ങൾ കുറിച്ച് അവരുടെ ഒരു ആഭ്യന്തര അന്വേഷണം NIA ആയി കൂടി സഹകരിച്ചു നടത്താൻ ആവശ്യപ്പെടണം. സംസ്ഥാന സർക്കാർ അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് പിണറായി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
എന്തുകൊണ്ടാണ് ശിവശങ്കറിനെ പോലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഇതുപോലെ വളരെ ക്ലിയർ ആയ റെഡ് ഫ്ലാഗുകൾ കാണാൻ കഴിയാതെ വന്നത്? ഇതുപോലെ വേറെ രാജ്യങ്ങളിലെ ആളുകളും ആയി ഇടപെടുന്നവർക്ക് കള്ളപ്പണം എങ്ങിനെയാണ് നമ്മുടെ ആളുകൾ വെളുപ്പിക്കാൻ ശ്രമിക്കുന്നത് എന്നതിനെ കുറിച്ച് ഒരു ട്രെയിനിങ് നിർബന്ധം ആക്കിയാൽ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു.
നോട്ട് : UAE സർക്കാർ ഇവിടെയുള്ള മന്ത്രി വഴി ഖുർആൻ വിതരണം ചെയ്തു എന്നൊക്കെ പറയുന്നത് വലിയ തമാശയാണ്. ഒരു മതേതര രാജ്യത്തെ ഗവണ്മെന്റ് മതത്തെ ഭരണത്തിൽ നിന്ന് എത്ര പുറത്തു നിർത്തുന്നുവോ അത്രയും നല്ലതാണ്. ഇത് ഒരു വശത്തു ചെയ്തിട്ട് മോഡി മാതാ അമൃതാനന്ദമയിയെ കെട്ടിപിടിക്കുന്നതിനെ വിമര്ശിക്കുന്നതിൽ കാര്യമില്ല.
Leave a Reply