
എന്റെ ഉമ്മ വയ്ക്കുന്ന ഏറ്റവും രുചിയുള്ള കറികളിൽ ഒന്ന് കടച്ചക്കയും ചെമ്മീനും മല്ലിയും തേങ്ങയും വരുത്തരച്ച് വച്ച കറിയാണ്. ചേനയും ചെമ്മീനും ഇതുപോലെ വയ്ക്കാറുണ്ട്, പക്ഷെ കടച്ചക്ക മരം വീട്ടിൽ തന്നെയുള്ളത് കൊണ്ട് കൂടുതലും കടച്ചക്കയാണ് വയ്ക്കുന്നത്.
ചക്ക കേരളത്തിൽ ഉണ്ടായ അത്ഭുത പഴം ആണെങ്കിൽ കടച്ചക്ക ന്യൂ ഗിനിയയിൽ ഉണ്ടായതാണ്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന കടച്ചക്കയ്ക് ബ്രിട്ടീഷ് കോളനിവത്കരണവുമായി ബന്ധപെട്ടു ഒരു കഥ പറയാനുണ്ട്. ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ ഹൈ സ്കൂൾ കാലഘട്ടത്തിൽ എറണാകുളം ഷേണായീസിലെ വിസ്താരമ സ്‌ക്രീനിൽ Mutini in the Bounty എന്ന മനോഹരമായ സിനിമ കണ്ടപ്പോളാണ്. (ചരിത്രത്തിൽ ആകൃഷ്ടൻ ആയല്ല മറിച്ച് തഹിതി ദ്വീപിലെ സ്ത്രീകളെ മേൽവസ്ത്രം ഇല്ലാതെ ആ സിനിമയിൽ കാണിക്കുന്നുണ്ട് എന്ന് കേട്ടിട്ട് പടം കണ്ടതാണ് എന്ന് ഈയവസരത്തിൽ ഓർമിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാൽ സീൻ കാണാൻ വേണ്ടി കേറിയതാണെന്ന് അർഥം :))
ബ്രിട്ടീഷുകാർ പിടിച്ചടക്കിയ ജമൈക്കയിൽ ആഫ്രിക്കയിൽ നിന്നുള്ള അടിമകളെ കൊണ്ട് കരിമ്പ് കൃഷി ചെയ്യിച്ചിരുന്നു. അവർക്ക് കൂടുതൽ ഊർജം നൽകാൻ കൂടുതൽ കാർബോഹൈഡ്രേറ്റ് ഉള്ള ഒരു ഭക്ഷണം നൽകാനായി ബ്രഡ് ഫ്രൂട്ട് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന കടച്ചക്ക വളർത്താൻ തീരുമാനിച്ചു. അടിമകളുടെ വിശപ്പ് മാറ്റാൻ ആണെന്ന് തെറ്റിദ്ധരിക്കരുത്, അവർ കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ പണിയെടുക്കും, ഈ കരിമ്പിൽ നിന്നുള്ള പഞ്ചസാര ചൈനയിലേക്ക് കയറ്റി അയച്ചാൽ അവിടെ നിന്നുള്ള ചായപ്പൊടിയുടെ ഇറക്കുമതിക് ചിലവാകുന്ന പൈസ ലാഭിക്കാം എന്ന ശുദ്ധ മുതലാളിത്ത ബോധത്തിൽ നിന്ന് ഉണ്ടായ തീരുമാനമാണ് ഇത്.
പക്ഷെ ജമൈക്കയിൽ കടച്ചക്ക ഇല്ല. അത് പസിഫിക് മഹാസമുദ്രത്തട്ടിൽ താഹിതി ദ്വീപിൽ നിന്ന് കൊണ്ടുവരാനായി ക്യാപ്റ്റൻ വില്യം ബ്ലൈ യുടെ നേതൃത്വത്തിൽ ഒരു കപ്പൽ തഹിതിയിലേക്ക് അയച്ചു. ന്യൂ ഗിനിയയിൽ നിന്ന് പോളിനേഷ്യൻ സമുദ്ര യാത്രക്കാരാണ് കടച്ചക്ക താഹിതിയിലും ഹവായിയിലും മറ്റും എത്തിച്ചത്. ഒരു വർഷം അൻപത് മുതൽ 250 വരെ വളരെ പോഷകസമൃദ്ധമായ ചക്കകൾ ഉണ്ടാകുന്ന കടച്ചക്ക മരം ദൈവത്തിന്റെ വരദാനമായിട്ടാണ് പോളിനേഷ്യക്കാർ കരുതിയിരുന്നത്. ക്യാപ്റ്റൻ ബ്ലൈ ഒരു കടുപ്പക്കാരൻ ആയിരുന്നു. പല നാവികർക്കും പുള്ളിയെ ഇഷ്ടം അല്ലായിരുന്നു. അവർക്ക് കൂടുതൽ ഇഷ്ടം സെക്കന്റ് ഇൻ കമാൻഡ് ആയിരുന്ന ഫ്ലെച്ചർ ക്രിസ്ത്യാനി ആയിരുന്നു.
താഹിതിയിൽ കടച്ചക്ക ചെടി കയറ്റാൻ കിടന്ന അഞ്ചു മാസത്തിൽ പക്ഷെ ഒരു കാര്യം സംഭവിച്ചു. താഹിതി ദ്വീപിലെ തനത് സംസ്കാരം അനുസരിച്ചു അവിടെ ഉള്ള സ്ത്രീകൾ നാവികരെ നന്നായി പരിലാളിച്ചു. അതിൽ ആകൃഷ്ടരായ നാവികർ തിരികെ ജമൈക്കയിലേക്ക് പോകാൻ വിസമ്മതിച്ചു. കടച്ചക്കയുടെ ചെടികൾ നശിപ്പിച്ചു കളഞ്ഞ അവർ ക്യാപ്റ്റൻ ബ്ലൈയെയും അയാൾക്ക് അനുകൂലമായി നിന്ന 18 നാവികരെയും ഒരു ബോട്ടിൽ കടലിലേക്ക് അയച്ചു.
അസാധാരണ കഴിവുള്ള നാവികന് ആയിരുന്നു ബ്ലൈ അത്ഭുതകാര്യമായി ആ ബോട്ടിൽ കരയ്ക്കടുത്തു. പിന്നീട് വേറൊരു കപ്പലിൽ താഹിതിയിൽ വരികയും മുൻപ് കടച്ചക്ക ചെടി ജമൈക്കയിലേക്ക് കൊണ്ടുവരികയും ചെയ്തു. കടച്ചക്ക വെറുതെ പുഴുങ്ങി കഴിച്ചാൽ ഒരു രുചിയും ഇല്ലാതിരുന്നത് കൊണ്ട് ജമൈക്കയിലെ കറുത്ത വർഗ്ഗക്കാരായ അടിമകൾ അത് പന്നിക്കും മറ്റും തീറ്റയായി കൊടുക്കാനാണ് ഉപയോഗിച്ചത് എന്നത് ആണ് ഇതിന്റെ വിരോധാഭാസം.
താഹിതിയിൽ തന്നെ താമസിച്ച ബൗണ്ടി എന്ന കപ്പലിലെ നാവികർ താഹിതി സ്ത്രീകളെ വിവാഹം കഴിക്കുകയും അതിൽ കുറെ പേര് കുറച്ചകലെ ഉള്ള പിക്റ്ററിൻ എന്ന ദ്വീപിലേക്ക് താമസം മാറ്റുകയും ചെയ്തു. താഹിതിയിൽ തന്നെ തങ്ങിയ നാവികരെ ബ്രിട്ടീഷുകാർ പിടിച്ച് ലണ്ടനിൽ തിരികെ കൊണ്ടുവന്നു കുറ്റവിചാരണ നടത്തി. മൂന്നു പേരെ തൂക്കിലേറ്റി, മറ്റുള്ളവരെ വെറുതെ വിട്ടു.
നമ്മൾ നിസാരമെന്ന് കരുതുന്ന കടച്ചക്കയ്ക്ക് ഇത്രയും വലിയ ഒരു കഥ പറയാനുണ്ടെന്ന് ആരെങ്കിലും കരുതുമോ?
ഇന്ന് വൈകുന്നേരം ചിക്കൻ കറിയും ചോറും ആണ് ഞാൻ കഴിച്ചത്. രണ്ടും ചൈനയിൽ ഉത്ഭവിച്ചതാണ്. നമ്മൾ ദേശീയ ഭക്ഷണം എന്ന് പറയുന്ന കപ്പ ബ്രസീലിൽ നിന്ന് വന്നതാണ്. പൊറോട്ട ഉണ്ടാക്കുന്ന ഗോതമ്പ് ടൈഗ്രിസ് / യൂഫ്രട്ടീസ് നദീ തീരത്തു മനുഷ്യൻ വളർത്തിയെടുത്തത് ആണ്. അവിടെ ഫെർട്ടിലെ ക്രെസെന്റ് എന്നറിയപ്പെടുന്ന ഒരു ഭൂവിഭാഗത്തിൽ ആയിരുന്നു ഇന്ന് നമ്മൾ കഴിക്കുന്ന പല ഭക്ഷണ സാധനങ്ങളും , ആടു പോലെ മൃഗങ്ങളും മനുഷ്യൻ മെരുക്കിയെടുത്തത്. കുരുമുളക് നമ്മുടേത് ആണെങ്കിലും നമ്മൾ ഇന്ന് കുറെ ഏറെ ഉപയോഗിക്കുന്ന പച്ച / ഉണക്ക മുളക് പോർട്ടുഗീസുകാരാണ് ഇന്ത്യയിൽ കൊണ്ടുവന്നത്, അതുണ്ടായത് മെക്സിക്കോയിൽ ആണെന് കരുതുന്നു. തക്കാളി തെക്കേ അമേരിക്കയിൽ ഉണ്ടായതാണ്. അത് യൂറോപ്പിൽ എത്തിയത് പോലും പതിനാറാം നൂറ്റാണ്ടിൽ മാത്രമാണ്. ഇറച്ചിക്കറിയിൽ ഇടുന്ന ഉരുളക്കിഴങ്ങ് തെക്കേ അമേരിക്കയിലെ പെറുവിൽ ഉണ്ടായതാണ്. പോർക്ക് വിന്താലു ഉണ്ടാക്കുന്ന പോർക്ക് ചൈനയിൽ നിന്നും അതിന്റെ റെസിപി പോര്ടുഗീസുകാരിൽ നിന്നും കിട്ടിയതാണ്. കാബ്ബജും കോളി ഫ്ലവറും, പരിപ്പും പയറും എല്ലാം പുറത്തു നിന്ന് വന്നതാണ്. നമ്മൾ ഇന്ത്യൻ കറികൂട്ട് എന്ന് പറയുന്നതിൽ ഉള്ള പല സാധനങ്ങളും പതിനെട്ടാം നൂറ്റാണ്ടിൽ മാത്രം ഇന്ത്യയിൽ എത്തിച്ചേർന്നതാണ്.
പറഞ്ഞു വന്നാൽ ഭക്ഷണത്തിന്റ കാര്യം വരുമ്പോൾ ആണ് ലോകത്തിൽ അതിർത്തികൾ ഏറ്റവും കൂടുതൽ മാഞ്ഞു പോകുന്നത്. നമ്മൾ നമ്മുടെ രാജ്യം, അതിന്റെ അതിർത്തികൾ എന്നൊക്കെ എല്ലാവരും ഊറ്റം കൊള്ളുമ്പോൾ ഓർക്കേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണം പോലും ലോകത്തിന്റെ കൂട്ടായ ഒരു യത്നത്തിന്റെ ഫലമാണ് എന്നതാണ്. വസുധൈവ കുടുംബകം എന്ന ഉപനിഷദ് വാക്യം ഏറ്റവും ശരിയായി വരുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്.
Leave a Reply