വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്.
മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു.
“നിനക്കെന്നെ മനസിലായില്ല അല്ലെ”
ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന മനസാണെന്നു ഞാൻ വായിച്ചു. കൂടെ വന്ന, അവരുടെ കൈ പിടിച്ചിരുന്ന ആൾ എന്നെ നോക്കി നിസ്സഹായതയോടെ ചിരിച്ചു.
“നിനക്ക് മനസ്സിൽ ആയില്ലെങ്കിൽ എന്താ നിന്റ മോന് മനസ്സിൽ ആയി, ഏതു ക്ലാസ്സിൽ ആയി മോനിപ്പോൾ?” അവർ ഹാരിസിനെ നോക്കി ചോദിച്ചു, കുറച്ചു അന്താളിപ്പോടെ അവൻ ചിരിച്ചു.
കാണുന്നവരിൽ പകുതി ബന്ധുക്കൾ ആണെന്ന് അവൻ അതിനുള്ളിൽ മനസിലാക്കിയിരുന്നു, ഇതും അങ്ങിനെ ആരെങ്കിലും എന്ന് അവൻ കരുതിക്കാണും.
“നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ മോളെ” ഇത്തവണ ഗോമതിയോടായി കുശലം.
“എനിക്ക് മനസിലായി ഉമ്മയെ, ഇങ്ങേർക്കു ഓർമ്മ കുറവാണു അത് കൊണ്ടാണ് ഉമ്മയെ മനസ്സിൽ ആവാതിരുന്നത്” അവൾ എന്നെ നോക്കി പറഞ്ഞു.
ലിഫ്റ്റ് താഴെ എത്തിയപ്പോഴേക്കും ഏതാണ്ട് എല്ലാവരോടും കുശലം ചോദിച്ചു കഴിഞ്ഞിരുന്നു അവർ. എല്ലാവരോടും പരിചയമുള്ള പോലെ.
ചിരി നിർത്താതെ അവർ ഇറങ്ങി പോയി, കൂടെ കുട്ടികളും, പേരക്കുട്ടികളും എല്ലാം.
ഇങ്ങിനെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുമെങ്കിൽ, ഓർമ്മകൾ എന്തിനാണ് ?
ഇന്നാണ് ഓർമ നഷ്ടപ്പെട്ടവരുടെ ദിവസം. സെപ്റ്റംബർ 21, World Alzheimer’s Day.
ഓർമ നഷ്ടപ്പെട്ടവർ നമുക്ക് നൽകുന്ന സ്നേഹം അതേപോലെ നമുക്ക് അവർക്കും തിരികെ നൽകാം. പ്രായം ചെല്ലുന്തോറും കുറച്ചു വാശിക്കാരായ കുട്ടികളായി മാറുന്ന നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ സ്നേഹം നൽകുന്നത് പോലെ…
Leave a Reply