
കേരളത്തിൽ ഇപ്പോൾ ധാരാളം യുക്തിവാദികളുണ്ട്, യുക്തിവാദി സംഘടനകളുമുണ്ട്, യൂട്യൂബ് ചാനലുകളുണ്ട്, യുക്തിവാദി ദൈവങ്ങൾ തന്നെയുണ്ട്. ഞാനും ഒരു യുക്തിവാദിയാണ്. ദൈവ / മത വിശ്വാസമില്ല എന്നല്ലാതെ ഒരു ശരാശരി യുക്തിവാദി പക്ഷെ ചിലപ്പോഴൊക്കെ മതവാദിയെക്കാൾ ഒട്ടും മെച്ചം ആയ വ്യക്തിയാവുന്നില്ല , മാത്രമല്ല ചിലപ്പോഴൊക്കെ മതവിശ്വാസികളേക്കാൾ പ്രശ്നക്കാരായി എനിക്ക് അനുഭവപെട്ടിട്ടുമുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വംശീയതയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഞങ്ങൾ പങ്കെടുത്ത ഒരു ഫോട്ടോ എസ്സെൻസ് ഗ്ലോബലിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി യുക്തിവാദികൾ നടത്തുന്ന ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടപ്പോൾ ഒരു മലയാളി യുക്തിവാദി നൽകിയ മറുപടി താഴെ കൊടുക്കുന്നു.
“അമേരിക്ക പോലുള്ള ഒരു രാജ്യത്തെ അവസരങ്ങൾ മുതലാക്കി പഠിച്ച് നന്നാവാതെ കള്ളും കഞ്ചാവും കള്ളക്കടത്തും പെണ്ണും ഈയി നടന്നു ക്രിമിനൽസ് ആയി ജീവിച്ചിട്ട് ‘black lives matter’ എന്ന് കാറുന്നതിനോടൊപ്പം സ്വയം നന്നാവുക… “
ആഫ്രിക്കയിൽ നിന്ന് അടിമകളായി പിടിച്ചു കൊണ്ടുവന്നു നൂറുകണക്കിന് വർഷങ്ങൾ അമേരിക്കയിലെ വെള്ളക്കാർ പണിയെടുപ്പിച്ച, ഇപ്പോഴും സ്ഥാപനപരമായ വംശീയതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന (institutional racism) , പട്ടിണിയും വിദ്യഭ്യസമില്ലായ്മയും പോലീസിന്റെ വംശീയ നിലപാടും കൊണ്ട് ഇപ്പോഴും ദാരിദ്യത്തിൽ കഴിയുന്ന അമേരിക്കൻ കറുത്ത വർഗക്കാരോട് ഇതുപോലെ സഹാനൂഭൂതി ഇല്ലാതെ പറയാൻ ഒരു മതവാദിക്കു പോലും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ഇന്ത്യയിൽ സംവരണം വേണ്ട, എല്ലാവർക്കും തുല്യമായി പഠിക്കാൻ അവകാശം ഉള്ളപ്പോൾ അവർ പഠിച്ച് ജയിച്ചു കാണിക്കട്ടെ എന്ന് പറയുന്ന യുക്തിവാദികളുടെ അമേരിക്കൻ വേർഷൻ ആണിത്. അട്ടപ്പാടിയിൽ ഒരു സ്കൂളിൽ പഠിക്കുന്ന സാധാരണകാരൻ ആയ ഒരു ആദിവാസി കുട്ടിക്കും , കൊച്ചിയിൽ ഒരു സ്വകാര്യ സ്കൂളിലോ നല്ല സർക്കാർ സ്കൂളിലോ പഠിക്കുന്ന, അച്ഛനും അമ്മയും നല്ല ജോലി ചെയ്യുന്ന , എൻട്രൻസ് ട്യൂഷൻ പോകാൻ കഴിവുള്ള ഒരു കുട്ടിക്കും ഒരേ ബുദ്ധിയാണെങ്കിൽ കൂടി കൊച്ചിയിലെ കുട്ടിക്ക് കൂടുതൽ അവസരം കിട്ടുമെന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ, പക്ഷെ ചില യുക്തിവാദികൾക്ക് സമൂഹം കറുപ്പും വെളുപ്പും നിറങ്ങൾ മാത്രം അടങ്ങിയത് ആണ്, അല്ലെങ്കിൽ സ്വന്തം പ്രിവിലേയ്ജ് സംരക്ഷിക്കാം അതങ്ങിനെയാണെന്ന് അവർ വാദിക്കും. മേല്പറഞ്ഞ പോലുള്ള കമെന്റുകൾ എഴുതുന്നവരെ എതിർത്ത് അധികം ആരും ശബ്ദിക്കുന്നില്ല എന്നത് എനിക്ക് അത്ഭുതമായിരുന്നു, അതും പുരോഗമനം പറയുന്ന ആളുകൾ ഉള്ളൊരു യുക്തിവാദി ഗ്രൂപ്പിൽ.
ഇങ്ങിനെയുള്ള സന്ദര്ഭത്തിലാണ് യുക്തിവാദികൾ എങ്ങിനെ ഉണ്ടാകുന്നു, അവർ കടന്നുപോകുന്ന പരിണാമ ദശാകൾ എന്തൊക്കെയാണ് എന്നൊക്കെ നമുക്ക് ചർച്ച ചെയ്യേണ്ടി വരുന്നത്. ഞാൻ ഉൾപ്പെടെയുള്ളവർ കടന്നു പോയ ചില ഘട്ടങ്ങൾ താഴെ കൊടുക്കുന്നു.
ഘട്ടം ഒന്ന്.
സ്വകാര്യമായ ഒരു അനുഭവത്തിന്റെ അടിസ്ഥാനത്തിലോ (എന്റെ കാര്യത്തിൽ ബാപ്പയുടെ വേറെ കല്യാണങ്ങൾ), അല്ലെങ്കിൽ കോളേജിലെ ഏതെങ്കിലും സംഘടനകളിൽ പ്രവർത്തിക്കുമ്പോൾ കേൾക്കുന്ന പ്രസംഗങ്ങളിൽ നിന്നോ, യൂട്യൂബിൽ നിന്നോ, വായിക്കുന്ന പുസ്തകങ്ങളിൽ നിന്നോ , അല്ലെങ്കിൽ ശാസ്ത്രം , ശാസ്ത്രീയ മാർഗം എന്നിവ പഠിച്ചുകഴിയുമ്പോൾ , നമ്മൾ അതുവരെ സത്യമാണെന്ന് കരുതിയിരുന്ന നമ്മുടെ മതത്തിലെ ചില കാര്യങ്ങൾ പൊട്ടത്തെറ്റാണല്ലോ എന്ന് സ്വയം മനസിലാവുകയാണ് ഒരു യുക്തിവാദി ഉണ്ടാകുന്ന ആദ്യപടി. ഉദാഹരണത്തിന് മുസ്ലിങ്ങളിലെ വിവാഹങ്ങളിൽ സ്ത്രീ വേറെ ഒരു മുറിയിൽ ഇരുന്നുള്ള കല്യാണം, പെണ്ണുങ്ങൾ പർദ്ദ ധരിച്ച് മൂടിപൊതിഞ്ഞു നടക്കുകയും ആണുങ്ങൾ ജീൻസ് ഇട്ടു അടിച്ചു പൊളിച്ചു നടക്കുകയും ചെയ്യുന്ന പോലുള്ള സാമൂഹിക പ്രശനങ്ങൾ മുതൽ, ക്രിസ്ത്യാനികളിൽ ആദവും ഹവ്വയും ആദ്യ മനുഷ്യരെങ്കിൽ അവരുടെ കുട്ടികളെ ആര് കല്യാണം കഴിച്ചു എന്നുളള മത പുസ്തകങ്ങളിലെ മണ്ടത്തരങ്ങളും , ഹിന്ദുക്കളിലെ ആർത്തവമുള്ള പെണ്ണുങ്ങൾ ക്ഷേത്രങ്ങളിൽ കയറരുത് എന്നുള്ള സ്ത്രീവിരുദ്ധ നിലപാടുകൾ തുടങ്ങി ഒരാൾ മത ദൈവ വിരുദ്ധനാകാൻ ഒരു കോടി കാരണങ്ങൾ കാണും. കുറെ മത പുസ്തകങ്ങൾ വായിക്കുകയും വായിക്കുംതോറും കൂടുതൽ മതവിരോധി ആവുകയും ചെയ്യുന്നതാണ് ഈ ഘട്ടത്തിന്റെ അവസാനം.
ഘട്ടം രണ്ട്.
ദൈവത്തിൽ വിശ്വസിക്കുന്ന ഏതാണ്ട് എല്ലാവരോടും പുച്ഛവും അവരോട് തർക്കിക്കാൻ പോവുകയും ചെയ്യുന്ന ഒരു ഘട്ടമാണിത്. പല യൂട്യൂബ് വിവാദങ്ങളും ഈ ഘട്ടങ്ങളിൽ ഉള്ളവയാണ്. സത്യം പറഞ്ഞാൽ ഇതുപോലെ സമയം നഷ്ടപ്പെടുത്തുന്ന ഒരു കാര്യവുമില്ല. കാരണം അത്രമേൽ സ്ഥിരതയില്ലാത്ത , ആയിരകണക്കിന് വർഷങ്ങൾ എടുത്ത് പല കാര്യങ്ങൾക്കും നേരെ വിപരീതമായി കാര്യങ്ങൾ ഉള്ള ഒന്നാണ് എല്ലാ മതങ്ങളും. ഭൂരിപക്ഷം മതവിശ്വാസികൾക്കും മതങ്ങൾ സ്ത്രീവിരുദ്ധമാണെന്നും , ദൈവം എന്നത് അത്ര ഉറപ്പില്ലാത്ത ഒരു കാര്യമാണെന്നും ഒക്കെ ഉള്ളിന്റെ ഉള്ളിൽ അറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ കാലത്തെ ആരാധനാലയത്തെ തുറക്കാൻ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറയുന്നത്. സർവ്വവ്യാപിയായ, സർവശക്തനായ ദൈവത്തിൽ കണ്ണും പൂട്ടി വിശ്വസിക്കുന്ന ഒരാൾ ഇതുപോലെ പള്ളിയോ അമ്പലമോ തുറക്കാൻ പാടില്ല എന്ന് പറയില്ല. പക്ഷെ യുക്തിവാദികൾ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തിലാണ് യുക്തിവാദികൾ പല തരത്തിലുള്ള കോഗ്നിറ്റീവ് ബയാസ്സുകൾ പരിചയപ്പെടുന്നത്. കാരണം മേൽപ്പറഞ്ഞ വാദപ്രതിവാദങ്ങളിലെ ഒരു പ്രധാന കാര്യമാണ് എന്ത് ബയാസ് ആണ് എതിരാളി പ്രയോഗിക്കുന്നത് എന്നത്.
ഘട്ടം മൂന്ന്.
മേൽപ്പറഞ്ഞ കോഗ്നിറ്റീവ് ബയാസുകളെ ആഴത്തിൽ പഠിച്ചുകഴിയുമ്പോൾ യുക്തിവാദികൾ ഒരു കാര്യം മനസിലാക്കുന്നു. എല്ലാ മതവിശ്വാസികളും നമ്മുടെ മത വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഇരകളാണ്. കാരണം ജനിച്ച് ഓർമ്മ വയ്ക്കുന്ന കാലം മുതൽ ചിലപ്പോഴൊക്കെ സ്കൂളിൽ പോലും പോകുന്നതിനു മുൻപ് മതത്തിൽ ഇടപെട്ടു വിശ്വാസം തുടങ്ങുന്നവരാണ് ഭൂരിഭാഗവും. മാത്രമല്ല തങ്ങൾ സ്വാഭാവികമായി ചെയ്യുന്ന നന്മകൾ പോലും മത വിശ്വാസം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കുന്നവർ കൂടിയാണിവർ. ഈ ഘട്ടത്തിൽ മേല്പറഞ്ഞ തർക്കങ്ങൾ കുറഞ്ഞുവരികയും മതവിശ്വാസികളോട് ഒരുതരം അനുകമ്പ വരികയും, എല്ലാ മതവിശ്വാസികളും കുഴപ്പക്കാരാണ് എന്ന ചിന്ത ഇല്ലാതെയാവുകയും ചെയ്യും. പക്ഷെ മതത്തിനോടുള്ള എതിർപ്പ് കുറയും എന്ന് ഇതിനർത്ഥമില്ല. മതവിശ്വാസികളും മതവും രണ്ടും രണ്ടാണ് എന്ന തിരച്ചറിവുണ്ടാകും. ( മുസ്ലിം ഐഡന്റിറ്റി , ഇസ്ലാം മതം എന്നിവ തമ്മിലുള്ള വ്യത്യാസം പോലെ).
ഈ ഘട്ടത്തിലും സംവരണം പോലുള്ള വിഷയങ്ങളിൽ യുക്തിവാദികൾ വിശ്വാസത്തിന്റ അടിസ്ഥാനത്തിൽ ഉള്ള മത / ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് ഒക്കെ എതിരായിരിക്കും. എല്ലാവരും മതം ഉപേക്ഷിക്കുന്ന, പരീക്ഷയിലും നിയമനത്തിലും എല്ലാവര്ക്കും തുല്യ അവസരങ്ങൾ ലഭിക്കുന്ന ഒരു സങ്കൽപ്പ ലോകത്തിലായിരിക്കും അവർ.
ഘട്ടം നാല്.
ഈ ഘട്ടത്തിലാണ് physics , കെമിസ്ട്രി, ജീവശാസ്ത്രം തുടങ്ങിയ ഹാർഡ് സയൻസ് മാറ്റിവച്ച് കുറച്ചു സാമൂഹിക ശാസ്ത്രവും ചരിത്രവും സാമ്പത്തിക ശാസ്ത്രവുമൊക്കെ യുക്തിവാദികൾ വായിച്ചു തുടങ്ങുന്നത്. എന്തുകൊണ്ട് ഇന്നത്തെ സമൂഹം ഇങ്ങിനെ ആയിത്തീർന്നു. എന്താണ് രാജസ്വം , ദേവസ്വം തുടങ്ങിയ ഭൂമികൾ, എന്താണ് ഭൂപരിഷകരണ നിയമം. ക്യാപിറ്റൽ എന്താണ്, മുതലാളിത്തം എങ്ങിനെയാണ് മനുഷ്യനെ തന്നെ ചരക്ക് ആയി കണ്ട് മനുഷ്യനെ അടിമപ്പണി ചെയ്യിക്കുന്നത്, അതിനു എങ്ങിനെയാണ് ബൈബിൾ പോലുള്ള മത ഗ്രന്ധങ്ങളെ മുതലാളിത്തം ഉപയോഗിച്ചത്. സ്ത്രീ വിമോചന ചരിത്രം എന്താണ് തുടങ്ങി അനേകം ചരിത്ര വായനകളിലൂടെ യുക്തിവാദി കടന്നു പോകുന്നു. കേരളത്തിലെ ആദിവാസി ചൂഷണം ചെയ്യപ്പെടുന്നത് എന്തുകൊണ്ട് എന്നും അതും അമേരിക്കയിലെ കറുത്ത വർഗക്കാരുടെ ചരിത്രവും എന്തുകൊണ്ട് ഒന്നു തന്നെയാണെന്നും ഇന്ത്യയിലെ ജാതിയും അമേരിക്കയിലെ വംശീയതയും എങ്ങിനെ ഒന്നാകുന്നു എന്നും മറ്റുമുള്ള വസ്തുതകൾ മുന്നിലേക്ക് തെളിഞ്ഞു വരും. poor economics എന്ന പുസ്തകത്തിൽ വിശദമായി കൊടുത്തിരിക്കുന്ന പാവപ്പെട്ടവരുടെ കണക്കുകൾ അയാളുടെ കണ്ണ് നിറയ്ക്കും.
യുക്തിവാദം വെറും ദൈവ നിരാസമല്ലെന്നും, വെറും ശാസ്ത്ര പ്രചാരണം മാത്രം അല്ലെന്നും വസ്തുതകളുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗത്തോടുള്ളത് സഹാനുഭൂതി ആണെന്നും ഉള്ള തിരിച്ചറിവിലായിരിക്കണം യുക്തിവാദി വന്നെത്തേണ്ടത്.
പക്ഷെ നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോൾ വലതുപക്ഷ യുവക്തിവാദം വേരുറപ്പിക്കുകയാണ്. വലതുപക്ഷെ സാമ്പത്തിക സിദ്ധാന്തങ്ങളെ എങ്ങിനെയാണ് യുക്തിവാദികൾ ഉപയോഗിച്ച് വലതുപക്ഷെ രാഷ്ട്രീയക്കാർക്ക് വളം വെച്ചുകൊടുക്കുന്നത് എന്ന് ഡോക്ടർ വിശ്വനാഥൻ ഒരു വീഡിയോ ചെയ്തു കഴിഞ്ഞു. കാണാത്തവർ കാണേണ്ട ഒന്നാണത്. സംവരണ വിരുദ്ധത, ഇസ്ലാമോഫോബിയ തുടങ്ങി അനേകം കാര്യങ്ങൾക്ക് യുക്തിവാദികൾ അവരുടെ വേദികൾ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞു.
ചരിത്രം ചവിട്ടിത്തേച്ച മനുഷ്യരോട് സഹാനുഭൂതി ഇല്ലാത്ത യുക്തിവാദിയുടെ കൂടെയല്ല മറിച്ച് മതവിശ്വാസി ആണെങ്കിൽ കൂടി അതിന്റെ ഫ്രെയിംവർക്കിനു പുറത്തു വന്നു സ്ത്രീകളോടും , അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളോടും സഹാനുഭൂതി കാണിക്കുന്നവരുടെ കൂടെയായിരിക്കും ഞാൻ നിലകൊള്ളുക.
ഇതിനർത്ഥം യുക്തിവാദികൾ എല്ലാവരും മേൽപ്പറഞ്ഞ പോലെയുള്ള ആളുകളാണെന്നല്ല. വൈശാഖൻ തമ്പിയെ പോലെ ഒക്കെ ആയിരകണക്കിന് ആളുകൾ യുക്തിവാദികൾക്ക് അഭിമാനമായി ഏറെ ശാസ്ത്രീയവും സാമൂഹികവും ആയ അറിവുകൾ ആളുകൾക്ക് പകർന്നു നൽകുന്നുണ്ട്. ഇന്നും മതത്തിൽ വിശ്വസിക്കുന്ന , അതിന്റെ പേരിൽ അക്രമം കാണിക്കുന്ന ആളുകളും ആയി തട്ടിച്ചുനോക്കുമ്പോൾ തുലോം തുച്ഛമാണ് യുക്തിവാദികളിലെ കുഴപ്പക്കാർ, പക്ഷെ കരുതിയിരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
Personally,Most enlightened post for a confused agnost me who was being religious in solidarity against far right-wing things in atheism❤️
LikeLike