
കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച് നോക്കുന്നുന്നത് കൊണ്ട് കുറച്ചു സമാധാനമുണ്ട്. അവന്റെ നിറത്തിന്റെ പേര് തന്നെയാണ് ഇട്ടിരിക്കുന്നത് , ചോക്ലേറ്റ്, ചോക്കോ എന്ന് ചുരുക്കി വിളിക്കും, അമേരിക്കൻ അക്‌സെന്റിൽ ചിലപ്പോൾ “ചാക്കോ” എന്ന് മലയാളിയായ എനിക്ക് കേൾക്കും 🙂
ഈ പട്ടിയെ ട്രെയിനിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് പോസിറ്റീവ് റീ എൻഫോഴ്‌സ്‌മെന്റ് മെത്തേഡ് എന്നൊരു വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത്. സംഭവമേ ലളിതമാണ്. നമ്മുടെ നാട്ടിൽ പട്ടിയെ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അതിനെ രണ്ടടി കൊടുത്തു ശരിയാക്കാം, എന്നാൽ ഇവിടെ ട്രെയിനിങ് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. പട്ടി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അതിനു ഒരു ട്രീറ്റ് കൊടുക്കും. ഒരു പീസ് വേവിച്ച ചിക്കൻ പീസോ മറ്റോ. പട്ടിക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഇതുപോലെ ട്രീറ്റ് ആയി മാറ്റി വെച്ചിരിക്കുക ആണ്. അത് നമ്മൾ പറയുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അതിനു ട്രീറ്റ് കിട്ടുന്നത് കൊണ്ട് അതിന്റെ മനസ്സിൽ ഈ ചെയ്യുന്ന പ്രവർത്തി വീണ്ടും അതുപോലെ ആവർത്തിക്കാൻ ഒരു ഉത്സാഹം കാണും. പുറത്തു പോയി അപ്പി ഇട്ടു കഴിഞ്ഞാൽ ഉടനെ ഒരു ട്രീറ്റ് കൊടുക്കും. വീടിനകത്ത് അപ്പി ഇട്ടാലോ മൂത്രം ഒഴിച്ചാലോ ട്രീറ്റ് ഒന്നുമില്ല. ഈ രീതിയുടെ ഒരു പ്രത്യേകത പട്ടി നമുക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ കാണിച്ചാൽ അതിനെ അടിക്കാനോ വഴക്കു പറയാനോ പാടില്ല. വേണമെങ്കിൽ “നോ” എന്നൊക്കെ ഉച്ചത്തിൽ പറയാം. ട്രീറ്റ് കിട്ടാത്തത് കൊണ്ട് ചെയ്തത് അത്ര ശരിയായ കാര്യമല്ല എന്ന് അതിനു മനസിലാകും.
ഇത് കേട്ടപ്പോൾ ശരിയാകുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു ആഴ്ചകൾ ആയി കാണുന്ന ഫലം വളരെ ആശാവഹമാണ്. പുറത്തു പോയി അപ്പി ഇട്ടാൽ ട്രീറ്റ് കിട്ടുന്നത് കൊണ്ട് ഇപ്പൊൾ അവൻ അപ്പി ഇടാനും മൂത്രം ഒഴിക്കാനും മുട്ടുമ്പോൾ കുരച്ചു കാര്യം പറയും, ഞങ്ങൾ പുറത്തു കൊണ്ടുപോയി കാര്യം സാധിച്ചാൽ ട്രീറ്റും കൊടുക്കും. അവനും ഹാപ്പി, ഞങ്ങളും ഹാപ്പി.
സിറ്റ് എന്ന് പറയുമ്പോൾ ഇരിക്കാൻ പഠിപ്പിച്ചതും ഇതുപോലെയാണ്. ചിക്കൻ പീസ് മൂക്കിന് മുകളിൽ പിടിച്ച് സിറ്റ് എന്ന് പറയും, അവൻ ചിക്കൻ കിട്ടാൻ വേണ്ടി ഒരിക്കൽ ഇരുന്നാൽ മാത്രം അവനു ചിക്കൻ കൊടുക്കും. വെറും ഒരു ദിവസം കൊണ്ട് സിറ്റ് എന്ന് പറയുമ്പോൾ ഇരുന്നാൽ ചിക്കൻ കിട്ടും എന്നവൻ പഠിച്ചു.
ഇത്രയും കഴിഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് എനിക്ക് കുട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഈ കാര്യം ആരും എനിക്ക് പറഞ്ഞു തന്നില്ലല്ലോ എന്നാണു. കാരണം എന്റെ കുട്ടികൾ ചെറുതായിരുന്നപ്പോൾ എന്തെങ്കിലും തെറ്റ് ചെയ്യതാൽ വഴക്ക് പറയുകയും അടിക്കുകയും ചെയ്തിരുന്നു ഞാൻ. മാത്രമല്ല പരീക്ഷയിൽ A+ കിട്ടുക പോലെ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ , അഭിനന്ദിക്കാൻ കുറച്ചു പിശുക്കും ഉണ്ടായിരുന്നു. ഈ പട്ടി ട്രെയിനിങ് ഒരു കാര്യം എനിക്ക് മനസിലാക്കി തന്നു. ഒരു കുട്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോഭമില്ലാതെ അവരെ അഭിനന്ദിക്കുക. അത് നല്ല കാര്യങ്ങൾ കൂടുതൽ ചെയ്യാൻ അവർക്ക് ആവേശം നൽകും. ചീത്ത കാര്യങ്ങൾ ചെയ്യുമ്പോൾ വഴക്ക് പറയാതെ എന്തുകൊണ്ട് അത് ഇനി ആവർത്തിക്കരുത് എന്ന് അവരെ പറഞ്ഞു മനസിലാക്കുക. കുട്ടി ഒരു തെറ്റ് ചെയ്ത ഉടനെ മാതാപിതാക്കൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് അവരുടെ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ പോകുന്ന ഓർമ്മയാണ്. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ഉറക്കെ ചീത്ത പറയുന്നവരും, നല്ല കാര്യങ്ങളിൽ അഭിനന്ദിക്കാൻ പിശുക്കു കാണിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ നാട്ടിൽ കുറെ ഉണ്ടെന്ന് എനിക്കറിയാം, അവർക്ക് വേണ്ടിയാണ് പ്രത്യേകിച്ച് ഞാൻ ഇതെഴുതുന്നത്.
കുട്ടികൾ ഇല്ലാത്തവർക്ക് ഒരു ഉപദേശം. ഒരു പട്ടികുട്ടിയെ വാങ്ങുക, മേല്പറഞ്ഞ പോസിറ്റീവ് റീ എൻഫോഴ്‌സ്‌മെന്റ് രീതി ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കുക. നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ ഇതൊരു വലിയ പാഠം ആയിരിക്കും.
Leave a Reply