“പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്”
വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു.
“നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി വന്നില്ലേ , അതെ റെസിപി ചെയ്യാം” ഞാൻ പറഞ്ഞു
“അത് വേണ്ട, ഞാൻ വെക്കാം. ഞാൻ മുൻപ് ചെയുന്ന പോലെ ദം ചെയ്ത് വെക്കുന്ന കോഴി ബിരിയാണി നിനക്ക് ഭയങ്കര ഇഷ്ടം അല്ലെ?”
“അതെന്താണ് ഞാൻ പാചകം ചെയ്യാം എന്ന് പറയുമ്പോൾ എല്ലാം നീ ചെയ്യാം എന്ന് പറയുന്നത്? നോൺ വെജ് നീ കുക്ക് ചെയ്യണം എന്ന് പലപ്പോഴും നീ നിർബന്ധം പിടിക്കുന്ന പോലെ എനിക്ക് തോന്നിയിട്ടുണ്ട്, നിനക്ക് എന്തെങ്കിലും ആത്മവിശ്വാസ കുറവ് വല്ലതും ഉണ്ടോ? ഞാൻ ബിരിയാണി വെച്ചാലും നന്നായി വരുന്നുണ്ടല്ലോ…. നിന്റെ ബിരിയാണി ആണെങ്കിൽ കൂട്ടുകാർക്കിടയിൽ വരെ പ്രശസ്തമാണ്”
“അതുകൊണ്ടല്ല , ഞാൻ വച്ചുണ്ടാക്കി നിനക്ക് വിളമ്പി തരുമ്പോൾ എനിക്കൊരു സന്തോഷമുണ്ട്. അത് നിനക്ക് ചിലപ്പോൾ പറഞ്ഞാൽ മനസിലാവില്ല. മനസ്സിൽ പ്രണയം ഉള്ളവർക്ക് അവരുടെ പ്രിയപ്പെട്ടവർക്ക് ഓരോ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് പ്രണയത്തിന്റെ ഒരു ഭാഷയാണ് എന്ന് നീ വായിച്ചിട്ടില്ലേ..”
ഇന്നലെ നടക്കാൻ പോയപ്പോൾ ഞാനും ഗോമതിയും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് മുകളിൽ. ഇത് സ്ത്രീവിരുദ്ധമല്ലേ എന്നതായിരുന്നു എന്റെ മനസിൽ ആദ്യം വന്ന ചിന്ത. ആണുങ്ങൾ ഇങ്ങിനെ പ്രേമത്തിന്റെയും കുടുംബത്തിന്റെയും പേരും പറഞ്ഞു കുറെ പണികൾ അവരെടുക്കാതെ പെണ്ണുങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്, പക്ഷെ ഇത് മറു പക്ഷത്തു നിന്ന് തന്നെ ഇങ്ങിനെ വരുമ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. പിന്നീട് മനസിലായി പ്രണയത്തിൽ ലോജിക് അന്വേഷിക്കുന്നത് മണ്ടത്തരമാണെന്ന്.. പ്രണയം നടപ്പിലാവുന്നത് വിചിത്രമായ വഴികളിലൂടെയാണ്, അതിൽ ചിലപ്പോൾ ഫെമിനിസം അന്വേഷിക്കാൻ പോയാൽ നടക്കില്ല. പക്ഷെ ഒന്നുറപ്പിച്ചു പറയുന്നു വീട്ടിലെ ജോലികൾ തുല്യമായി പങ്കിടുന്നവരിലെ മാത്രം കാര്യമാണ് മുകളിൽ പറഞ്ഞത്. അല്ലാത്തവരുടെ കാര്യം ഞാൻ പണ്ടെഴുതിയ ഒരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്, അതെ താഴെ വായിക്കാം.
ഒരു ഭർത്താവ് ഭാര്യയോട്, വിവാഹ മോചനം കൊടുത്ത് പറഞ്ഞു വിടാതിരിക്കണമെങ്കിൽ ചെയ്യണം എന്ന് പറഞ്ഞേൽപ്പിച്ച ചില കാര്യങ്ങൾ താഴെ.
- എന്റെ വസ്ത്രങ്ങൾ എപ്പോഴും അലക്കി തേച്ച് വൃത്തിയാക്കി വയ്ക്കണം.
- മൂന്നു നേരവും സമയം തെറ്റാതെ എനിക്ക് കഴിക്കാനുള്ള ഭക്ഷണം എന്റെ മുറിയിൽ കൊണ്ട് വന്നു തരണം.
- എന്റെ ബെഡ്‌റൂമും പഠന മേശയും ഇപ്പോഴും വൃത്തിയാക്കി വയ്ക്കണം, ഞാനല്ലാതെ വേറെ ആരും അത് ഉപയോഗിക്കാൻ പാടില്ല.
- മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ലാതെ നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല. നമ്മൾ തമ്മിൽ ഒരുമിച്ചിരിക്കണമെന്നോ, ഒരുമിച്ച് യാത്ര ചെയ്യണമെന്നോ നീ നിർബന്ധം പിടിക്കരുത്.
- ഞാനുമായി യാതൊരു അടുപ്പവും നീ കാണിക്കരുത്, കിടപ്പറയിൽ ആയാലും പുറത്തായാലും.
- ഞാൻ ആവശ്യപ്പെട്ടാണ് നീ എന്നോട് സംസാരിക്കുന്നത് അവസാനിപ്പിക്കണം.
- എന്റെ ബെഡ്‌റൂമിൽ നിന്നോ പഠനമുറിയിൽ നിന്നോ ഞാൻ ആവശ്യപ്പെടുന്ന നിമിഷം നീ ഇറങ്ങി പോകേണ്ടതാകുന്നു.
- നമ്മുടെ കുട്ടികളുടെ മുൻപിൽ എന്നെ ചെറുതാക്കിയ കാണിക്കുകയോ പറയുകയോ ചെയ്യരുത്.
ഇത്രയും വായിച്ചിട്ട് നിങ്ങൾക്ക് ഈ ഭർത്താവിനെക്കുറിച്ച് എന്ത് തോന്നുന്നു? ആത്മാഭിമാനമുള്ള ഏതെങ്കിലും ഭാര്യ ഈ നിബന്ധന എല്ലാം സഹിച്ച് അയാളുടെ കൂടെ നിൽക്കുമോ? സംസ്ക്കാരവും വിവരവും ഉള്ള ഏതെങ്കിലും ഭർത്താവ് ഇങ്ങിനെയുള്ള നിബന്ധനകൾ ഉണ്ടാക്കുമോ? പക്ഷെ മേൽപ്പറഞ്ഞ നിബന്ധനകൾ കെട്ടുകഥയല്ല, മറിച്ച് തന്റെ ആദ്യഭാര്യയായ മിലേവയെ ഡിവോഴ്സ് ചെയ്യാതിരിക്കണമെങ്കിൽ മിലേവ ചെയ്യണം എന്നാവശ്യപ്പെട്ട് ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആയ ആൽബെർട്സ് ഐൻസ്റ്റീൻ തയ്യാറാക്കിയ നിബന്ധനകൾ ആണിവ.
ആൽബെർട്സ് ഐൻസ്റ്റീൻ പ്രശസ്‌ത്ര ശാസ്ത്രജ്ഞൻ ആകുന്നതിന് മുൻപ് പഠന കാലത്ത് കണ്ടുമുട്ടി കല്യാണം കഴിച്ചതാണ് മിലേവയെ. പഠനത്തിന് ശേഷം ജോലി ഒന്നും കിട്ടാതെ സൂറിക്കിലെ പേറ്റന്റ് ഓഫീസിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന സമയത്തു ഐൻസ്റ്റീന്റെ ഭാര്യ ആയിരുന്നു മിലേവ. സൂറിക്കിലെ പേറ്റന്റ് ഓഫീസിൽ ജോലി ചെയ്യുമ്പോളാണ് e=mc2 എന്ന അതിപ്രശസ്ത സമവാക്യമുള്ള സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി കണ്ടുപിടിക്കുന്നത്. ഈ പേപ്പർ കേട്ടെഴുതി കൊടുത്തത് മിലേവ ആണെന്ന് കരുതപ്പെടുന്നു. ഫിസിക്സിൽ നല്ല ഗ്രാഹ്യം ഉള്ള ആളായിരുന്നു മിലേവ. ഗ്രാവിറ്റിയെ കുറിച്ചുള്ള പഠനവും ആയി ബന്ധപ്പെട്ട സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി ആയി പരിവർത്തനം ചെയ്യുന്ന പ്രക്രിയയും ഐൻസ്റ്റീൻ ചെയ്തത് ഇക്കാലത്താണ്.
പിന്നീട് ഐൻസ്റ്റീന്റെ രണ്ടാമത്തെ ഭാര്യയായ, ജർമനിയിൽ ഉള്ള, എൽസ എന്ന സ്ത്രീയും ആയി കത്തിടപാടുകൾ ആരഭിച്ചപ്പോഴാണ് മിലേവയും ഐൻസ്റ്റീനും ആയി തെറ്റിയതും ഡിവോഴ്സ് ചെയ്യാതിരിക്കണമെങ്കിൽ വേണ്ട കാര്യങ്ങൾ എന്ന് പറഞ്ഞു മേൽപ്പറഞ്ഞ കാര്യങ്ങൾ ഐൻസ്റ്റീൻ തയ്യാറാക്കുന്നതും.
ആത്മാഭിമാനമുള്ള ഏതൊരു പെണ്ണും എടുക്കുന്ന തീരുമാനം തന്നെ മിലേവയും എടുത്തു. ഈ നിബന്ധനകൾ ഒന്നും അംഗീകരിക്കാം പറ്റില്ല എന്നായിരുന്നു ആ തീരുമാനം. കുറച്ച് നാളുകൾക്ക് ശേഷം ഡിവോഴ്സിന്റെ ഭാഗമായി ഭാര്യയ്ക്കും കുട്ടികൾക്കും ചിലവിന് കൊടുക്കാൻ ഐൻസ്റീൻറെ കയ്യിൽ പണമുണ്ടായിരുന്നില്ല. കാരണം അന്ന് ഐൻസ്റ്റീൻ പേരുകേട്ട ശാസ്ത്രജ്ഞൻ ആയിരുന്നില്ല. അദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ പേപ്പറുകൾ ഒന്നും ഒരു ശാസ്ത്ര പ്രസിദ്ധീകരണനകളിലും അച്ചടിച്ച് വർന്നിരുന്നില്ല.
ഐൻസ്റ്റീൻ മിലേവയോട് ഒരു നിബന്ധന വച്ചു. തന്റെ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ തനിക്ക് ഒരു നോബൽ സമ്മാനം കിട്ടാൻ സാധ്യതയുണ്ട്. ഇപ്പോൾ ഡിവോഴ്സിന്റെ ഭാഗം ആയി പണം ഒന്നും തരില്ല, പക്ഷെ ഭാവിയിലെ നോബൽ സമ്മാനത്തിന്റെ പണം മിലേവായ്ക്ക് എടുക്കാം.
ഐൻസ്റ്റീൻ എന്ന വ്യക്തി മോശമായിരുന്നു എങ്കിലും പുള്ളിയുടെ കണ്ടുപിടുത്തങ്ങൾ അടിപൊളിയാണെന്നു പകർത്തി എഴുതിയ മിലേവയ്ക്ക് അറിയാമായിരുന്നു. അത്കൊണ്ട് ഈ നിബന്ധന മിലേവ സമ്മതിച്ചു. 1916 ഇൽ അവരുടെ ഡിവോഴ്സ് കഴിഞ്ഞു. അഞ്ചു വർഷത്തിന് ശേഷം ഐൻസ്റ്റീനു നോബൽ സമ്മാനം ലഭിച്ചു. ആ പണം മുഴുവൻ മിലേവയ്ക്ക് ലഭിച്ചു.
വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞരും, സാമൂഹിക പരിഷ്കർത്താക്കളും എല്ലാം ഇപ്പോഴും നല്ലത് മാത്രം ചെയ്തുകൊണ്ടിരിക്കുന്ന ആളുകളാണ് എന്നാണ് നമ്മിൽ പലരുടെയും വിചാരം. പക്ഷെ സത്യം അതല്ല. അവരുടെ മനുഷ്യരാശിക്കുള്ള സംഭാവനകൾ മാറ്റിവച്ചാൽ പലരും നമ്മളെ പോലെ സാധാരണ മനുഷ്യരോ, ചിലപ്പോൾ നമ്മളെക്കാൾ മോശം ആളുകളോ ആണ്?
ഉദാഹരണത്തിന് വേറൊരു ഭർത്താവിനെ നോക്കൂ. 1944 ൽ, രോഗം പിടിച്ച് മരിക്കാൻ കിടക്കുന്ന അമ്മയ്ക്ക് കുത്തിവയ്ക്കാൻ ആയി പെനിസിലിനും ആയി വന്ന മകനെ തടഞ്ഞ ഒരു ഭർത്താവാണ് ഈ കഥയിലെ നായകൻ. വളരെ കേണപേക്ഷിച്ചിട്ടാണ് ഒരു ഡോക്ടറെ കൊണ്ട് പോലും ഭാര്യയായെ കാണിക്കാൻ ഈ ഭർത്താവു തയ്യാറായത്. തന്റെ ചില ജീവിത പരീക്ഷണങ്ങള്ക്കും ജീവിത രീതികൾക്കും ഭാര്യയുടെ ജീവിതം ബലി കൊടുത്തു ഈ ഭർത്താവു. പെൻസിലിൻ പോലുള്ള ആധുനീക വൈദ്യ സഹായം ലഭിക്കാതെ മരിച്ച ആ സ്ത്രീ മറ്റാരുമല്ല, മഹാത്മാ ഗാന്ധിയുടെ ഭാര്യ കസ്തുർഭയാണ്. പെൻസിലിനും ആയി വന്നത് അവരുടെ മകൻ ദേവദാസ് ഗാന്ധിയും. (പ്രായമായ ഒരു സ്ത്രീയെ മനസമാധാനത്തോടെ മരിക്കാനാണ് ഗാന്ധി അങ്ങിനെ ചെയ്തത് എന്നൊരു വാദം ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്, അതവിടെ നില്ക്കട്ടെ)
ആധുനിക വൈദ്യശാസ്ത്രത്തോട് പക്ഷെ ഗാന്ധിക്ക് അത്ര വെറുപ്പില്ലായിരുന്നു, കാരണം കസ്തുർഭയുടെ മരണശേഷം മലേറിയ പിടിച്ച സമയത്ത് ഗാന്ധി ആധുനിക വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്ന മരുന്ന് കഴിക്കാൻ സന്നദ്ധനായി. ഒരു പക്ഷെ കസ്തുർഭയുടെ മരണത്തിൽ നിന്ന് പാഠം പഠിച്ചതാവാം, അല്ലെങ്കിൽ ഇരട്ടത്താപ്പാവാം.
അഹിംസ എന്ന ആധുനിക സമരമുറ കൊണ്ടുവന്ന ഗാന്ധി സ്വകാര്യ ജീവിതത്തിൽ, ജാതിവാദം, വർണാശ്രമ ധർമം എന്നിവ ഉൾപ്പെടെ ചില പൊട്ടത്തരങ്ങൾ പിന്തുണച്ചിട്ടുണ്ട്.
വ്യക്തികളെ അല്ല ആശയങ്ങളെ ആണ് നമ്മൾ പിന്തുടരേണ്ടതും പിന്തുണക്കേണ്ടതും ആരാധിക്കേണ്ടതും. കാരണം വ്യക്തികളുടെ കാര്യത്തിൽ ആങ്കറിങ് ബയാസ് എന്ന ഒരു കോഗ്നിറ്റീവ് ബയസ്സിൽ നമ്മൾ വീണുപോകും.
ഇത് ലളിതമായി വിശദീകരിക്കാം. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് മോഹൻലാലിൻറെ സിനിമകൾ വളരെ ഇഷ്ടമായിരുന്നു. ടി പി ബാലഗോപാലൻ എം എ, നാടോടിക്കാറ്റ് തുടങ്ങി കിരീടം വരെ അനേകം നല്ല സിനിമകൾ. ഇങ്ങിനെ ഞാൻ ഒരു ലാൽ ആരാധകൻ ആയി മാറി. പക്ഷെ അതിന്റെ ഒരു കുഴപ്പം എന്താണെന്ന് വച്ചാൽ പിന്നീട് കുറച്ച് പൊട്ട സിനിമകൾ ലാലിന്റേതായി വന്നത് എന്റെ മനസ് അവ നല്ല സിനിമകൾ അല്ല എന്നംഗീകരിക്കാൻ വിമുഖത കാണിച്ചു. അടുത്ത സിനിമ എന്തായാലും അടിപൊളിയാകും എന്ന മിഥ്യാധാരണയിൽ കുറെ നാൾ ഞാൻ ലാലിൻറെ ഏതാണ്ട് എല്ലാ സിനിമകളും കാണുമായിരുന്നു. കുറെ കഴിഞ്ഞാണ് അതിൽ നിന്ന് പുറത്തു കടന്നത്. ആദ്യത്തെ കുറെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ കുറിച്ച് നമ്മൾ മനസ്സിൽ ഉണ്ടാക്കുന്ന ചില വിചാരങ്ങൾ കുറെ നാളത്തേക്ക് ആ വ്യക്തിയെ കുറിച്ചുള്ള നമ്മുടെ മനോഭാവത്തെ നിയന്ത്രിക്കും എന്നുള്ളതാണ് ആങ്കറിങ് ബയാസ്. ചിലപ്പോഴെല്ലാം നിങ്ങളുടെ ചില അടുത്ത കൂട്ടുകാരെ ഒരു വഴക്കിന്റെ ഭാഗം ആയാണ് നിങ്ങൾ കണ്ടുമുട്ടുന്നത് എങ്കിൽ അവരോടുള്ള ആ വെറുപ്പ് മാറി വരാൻ കുറെ സമയം എടുക്കുന്നതും അതുകൊണ്ടാണ്.
രാഷ്ട്രീയക്കാർ ആങ്കറിങ് ബയാസ് ഉപയോഗിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നരേന്ദ്ര മോഡി. ഗുജറാത്തിലെ വികസന മാതൃകകൾ എന്ന ഫോട്ടോഷോപ്പ് പരിപാടി ഇന്ത്യക്കാരുടെ ഇടയിൽ ആങ്കറിങ് ബയാസ് ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവം ചെയ്ത ഒരു കാമ്പയിൻ ആയിരുന്നു. ഇങ്ങിനെ മോദിയുടെ കുറെ വികസന വാർത്തകളിൽ വീണുപോയ എന്റെ കുറെ കൂട്ടുകാർ ഇപ്പോഴും ഇതിൽ നിന്ന് പുറത്തു വന്നിട്ടില്ല. ഇപ്പോഴും മോഡി ആരാധകരാണവർ.
ആശയങ്ങൾക്ക് പകരം വ്യക്തികളെ ആരാധിക്കുന്നവർ ഏറെ ജാഗരൂഗരായിരിക്കേണ്ട സന്ദർഭത്തിലൂടെയാണ് നമ്മളിന്ന് കടന്നുപോയ്കൊണ്ടിരിക്കുന്നത്.
Leave a Reply