എട്ടാം നൂറ്റാണ്ടു വരെ കേരളത്തിൽ ഹിന്ദു മതം ഒരു ന്യൂനപക്ഷ മതമായിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. അശോകന്റെ കാലം മുതൽ ഇന്ത്യയിൽ മറ്റേതു പ്രദേശത്തും ഉണ്ടായിരുന്ന പോലെ ബുദ്ധ ജൈന മതങ്ങൾ ആയിരുന്നു കേരളത്തിലും. കൂടെ ദ്രാവിഡ വിശ്വാസ പ്രമാണങ്ങൾ കൊണ്ടുനടന്നിരുന്ന ആദിവാസികളും. ഇതിനെ കുറിച്ച് എ ശ്രീധരമേനോൻ കേരളം ചരിത്രം എന്ന പുസ്തകത്തിൽ 151 ആം പേജിൽ ഇങ്ങിനെ പറയുന്നു.
“കുലശേഖരന്മാരുടെ ഭരണകാലത്ത് കേരളത്തിൽ ജൈന ബൗദ്ധ മതങ്ങൾ ക്ഷയിക്കുകയും ഹിന്ദു മതം സുപ്രതിഷ്ഠ നേടുകയും ചെയ്തു. അക്കാലത്ത് (ആദി ശങ്കരന്റെ നേതൃത്വത്തിൽ) തെക്കേ ഇന്ത്യയിൽ പ്രചരിച്ച ഹിന്ദുമത ചൈതന്യത്തെ ഹിന്ദു മതത്തിന്റെ പുനഃസ്ഥാപനമെന്നോ നവോത്ഥാനമെന്നോ വിളിക്കാനുള്ള പ്രവണതയാണ് പണ്ഡിതന്മാർ പൊതുവെ പുലർത്തികാണുന്നത്. ഇത് തീർച്ചയായും ഒരു മിഥ്യാധാരണയാണ്. ഏതെങ്കിലുമൊന്ന് ഏറെക്കാലത്തേക്ക് നിശ്ചലമോ നിഷ്പ്രഭമോ ആയിക്കിടന്നതിനുശേഷം വീണ്ടും ശക്തി പ്രാപിച്ച് ഉയർന്നു വരുന്നതിനെ ആണല്ലോ പുനരുജ്ജീവനം എന്നോ നവോത്ഥാനം എന്നോ പറയുക. യഥാർത്ഥത്തിൽ കേരളത്തിൽ കുലശേഖര കാലഘട്ടത്തിനു മുൻപ് ഹൈന്ദവ മതത്തിനു പറയത്തക്ക പ്രാധാന്യമുണ്ടായിരുന്നില്ല. പല മതങ്ങളിലൊന്ന് എന്ന നിലയിൽ താണ പടിയിലായിരുന്നു അതിന്റെ സ്ഥാനം. ആകയാൽ കുലശേഖര ഭരണകാലത്ത് വിഘാതമായിനിന്ന ജൈന-ബൗദ്ധമതങ്ങളെയും ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളെയും കീഴ്പെടുത്തിക്കൊണ്ട്, അത് കേരളത്തിലെ പ്രമുഖ മതമെന്ന നിലയിൽ ആദ്യമായി പ്രതിഷ്ഠ നേടുകയാണ് ഉണ്ടായതു. എ.ഡി എട്ടാം ശതകത്തിൽ പ്രബലന്മാരായ ബ്രാഹ്മണരുടെ ഒരു പുതിയ സംഘം വെളിയിൽ നിന്ന് വന്നതോടെ മൂർധന്യത്തിലെത്തിയ തീവ്രമായ ആര്യവത്കരണത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നുഅന്ന് കേരളത്തിൽ ഹിന്ദു മതത്തിനുണ്ടായ വിജയം. “
യഥാർത്ഥത്തിൽ കേരളത്തിൽ കല്ലും മരവും ഉപയോഗിച്ചുള്ള ക്ഷേത്ര നിർമാണം തുടങ്ങുന്നതും എ ഡി എട്ടാം ശതകത്തിൽ മാത്രമാണ്. അതിനു മുൻപ് കേരളത്തിൽ കല്ലിൽ പണിത ജൈന ക്ഷേത്രങ്ങളും കാടുകളിൽ ഉണ്ടായിരുന്ന ബുദ്ധ ക്ഷേത്രങ്ങളും മറ്റും ആണുണ്ടായിരുന്നത്. അങ്ങിനെ ഉണ്ടായിരുന്ന പല ബൗദ്ധ ജൈന ക്ഷേത്രങ്ങൾ ഹിന്ദു ക്ഷേത്രങ്ങൾ ആയി ബലം പ്രയോഗിച്ചോ അല്ലാതെയോ മാറ്റപെടുകയാണ് ഉണ്ടായതു. ശബരിമല ഒരു ബൗദ്ധ ക്ഷേത്രം ആയിരുന്നു എന്നത് ശ്രീധരമേനോൻ ഉൾപ്പെടെ പല ചരിത്രകാരന്മാരും ഉന്നയിച്ചിട്ടുള്ള വിഷയമാണ്.
ഇന്ത്യയിൽ ബുദ്ധമതം ക്ഷയിച്ചു കഴിഞ്ഞു അവരുടെ കീഴിലുള്ള പല സ്ഥൂപങ്ങളും ഹിന്ദുമതം പിടിച്ചെടുത്ത് ശിവക്ഷേത്രം ആക്കി മാറ്റിയിരുന്നു. ശിവലിംഗം തന്നെ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ആയതിന്റെ കാരണം ഇതാണെന്നും ചില വാദങ്ങളുണ്ട്. 1600 വര്ഷങ്ങളോളം പഴക്കമുണ്ട് എന്ന് പറയപ്പെടുന്ന , കേരളത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വടക്കുംനാഥൻ ക്ഷേത്രത്തിന്റെ തുടക്കം കേരളത്തിലെ ആര്യ അധിനിവേശത്തിനു മുൻപുണ്ടായിരുന്ന ദ്രാവിഡ വിശ്വാസപ്രകാരമുള്ള ഒരു കാവിൽ നിന്നാണെന്നു ചില ചരിത്രകാരന്മാർ പറയുന്നു. (പൂരത്തിന് എഴുന്നെള്ളിക്കുന്ന പാറമേക്കാവ് ഭഗവതി എന്ന പേരിൽ തന്നെ കാവുണ്ട്) . ഇത് പണ്ട് ബുദ്ധ ക്ഷേത്രമായിരുന്നോ എന്നത് വേണമെങ്കിൽ ചികയാവുന്ന ഒരു കാര്യമാണ്, കാരണം ബുദ്ധമത ആരാധനാലയം ആയ അശോകൻ നിർമിച്ച ബോധ്ഗയ ഹിന്ദു ക്ഷേത്രം ആക്കാൻ വേണ്ടി ഒരു ശ്രമം നടന്നിരുന്നു. ബാബരി മസ്ജിദിൽ ചെയ്ത അതെ പരിപാടി ആണ് അവിടെയും നടത്തിയത്. ഒരു രാത്രി ചില വിഗ്രഹങ്ങൾ അവിടെ കൊണ്ടുപോയി വച്ചു. ഇപ്പോൾ ബുദ്ധമതസ്ഥരുടെ കയ്യിലാണ് ബോധ്ഗയ എങ്കിലും അതിന്റെ മുന്നിൽ അവർ പണ്ട് കൊണ്ട് വന്ന വിഗ്രഹങ്ങൾ ഇപ്പോഴുമുണ്ട്, അതിൽ ഹിന്ദു പ്രകാരമുള്ള പൂജയും നടക്കുന്നുണ്ട്.
ഇനി കേരളത്തിലെ ക്ഷേത്രങ്ങളുടെ കയ്യിൽ ഭൂമി ഉൾപ്പെടെ ഇത്രമാത്രം സ്വത്ത് എങ്ങിനെ കൈവന്നു എന്ന് നോക്കാം.
“ചോള-ചേര യുദ്ധം കേരളത്തിലെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തിയെ വമ്പിച്ച തോതിൽ വളർത്തുകയുണ്ടായി. ഒൻപതും പത്തും നൂറ്റാണ്ടുകളിൽ പരോൽപരതല്പരർ ആയ ജനങ്ങളും സമ്പന്നരായ കച്ചവടക്കാരും ധാരാളം ഭൂസ്വത്ത് ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട വിദ്യാശാലകൾക്കും (കളരികൾ) നല്കിയിരുന്നു. ക്ഷേത്രങ്ങളുടെ ഊരാളന്മാരായിരുന്ന ബ്രാഹ്മണർ ചോളാ-ചേര യുദ്ധകാലത് ഈ സ്വത്തൊക്കെ ദുർവിനിയോഗം ചെയ്യുകയും ആദായം സ്വന്തമാക്കുകയും ചെയ്തു. യുദ്ധത്തിന്റെ ആപത്കരമായ ഒരു ഘട്ടത്തിൽ സാധാരണ ജനങ്ങളിൽ അസംഖ്യം പേർ തങ്ങളുടെ ഭൂസ്വത്ത് മുഴുവനായും ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും കൈമാറ്റം ചെയുക ഉണ്ടായി. യുദ്ധത്തിന്റെ കെടുതികൾ ബ്രഹ്മസ്വവും ദേവസ്വവുമായ വസ്തുകകളെ ബാധിക്കുകയില്ലെന്നും നികുതിയിൽ നിന്ന് ഒഴിയാമെന്നും കരുതിയാണ് അവർ അങ്ങിനെ ചെയ്തത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ജന്മി സമ്പ്രദായം രൂപം കൊണ്ടതും ചില നമ്പൂതിരിമാർ അസാമാന്യ സ്വാധീന ശക്തിയുളള വൻകിട ജന്മികൾ ആയി തീർന്നതും.” ഏ ശ്രീധര മേനോൻ കേരളം ചരിത്രം, പേജ് 160
നോക്കൂ പാവപ്പെട്ട സാദാരണക്കാരുടെയും, കച്ചവടക്കാരുടെയും ഒക്കെ സ്വത്തുക്കൾ ആണ് ക്ഷേത്രങ്ങൾക്കും നമ്പൂതിരിമാർക്കും ലഭിച്ചത്. യുദ്ധത്തിൽ ക്ഷേത്ര ഭൂമി ആണെങ്കിൽ പരാജയപ്പെട്ടാലും ശത്രുക്കൾ അതൊന്നും ചെയ്യില്ല എന്ന വിശ്വാസത്തിന്റെ പുറത്തു ക്ഷേത്രങ്ങൾക്ക് കൊടുത്ത്. തൃശൂർ വടക്കുംനാഥക്ഷേത്രം ഉൾപ്പെടെ കേരളത്തിലെ എല്ലാ ക്ഷേത്രസ്വത്തും ഇതുപോലെ ഉണ്ടായതാണ്.
ഇപ്പോൾ ഒരു സംഘി വക്കീൽ പറയുന്നത് തൃശൂർ റോമൻ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പുത്തൻപള്ളി സ്ഥിതി ചെയ്യുന്നത് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ കൈവശമുള്ള സ്ഥലത്താണ് എന്നാണ്. തൃശൂർ സൈന്റ്റ് തോമസ് കോളേജും അതുപോലെ തന്നെ അത്രേ. പാവം ഹിന്ദുക്കളുടെ ഭൂമിയും വസ്തുവകകളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തട്ടിയെടുക്കുന്നു എന്നത് ശശികല ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ സ്ഥിരം ഉയർത്തുന്ന വാദമാണ്. വസ്തുതകൾ വച്ച് നിരത്തി തെറ്റാണെന്നു തെളിയിച്ചാലും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം. കുറച്ചു പേരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാൽ അവർക്ക് അത്രയും ലാഭം.
ബുദ്ധന്മാർക്കും മുൻപ് ഇതെല്ലം എന്തായിരുന്നു എന്നും, ദ്രാവിഡന്മാർ ( Ancestral south indians , ASI ) ഇവിടെ വരുന്നതിനു മുൻപ് ഇവിടെ ആരായിരുന്നു എന്നെല്ലാം സമയം ഉള്ളവർക്ക് ചികഞ്ഞു നോക്കാം. പക്ഷെ ഈ കൊറോണ കാലത്ത് പട്ടിണി കിടന്നാണോ കൊറോണ പിടിച്ചാണോ മണ്ണിടിഞ്ഞ് ആണോ മരിക്കുന്നത് എന്നുറപ്പില്ലാതെ ഭൂരിപക്ഷം ജനങ്ങളും ഭയപ്പാടോടെ ജീവിക്കുമ്പോൾ ഇങ്ങിനെ മതത്തിന്റെ പേരിൽ സൗര്യക്കേട് ഉണ്ടാക്കാൻ സംഘികൾക്കെ കഴിയൂ. അതൊരു വല്ലാത്ത കഴിവാണ്. ഭയപ്പാടോടെ മാത്രം നോക്കികാണേണ്ട ഒന്ന്.
Leave a Reply