ആരുടെ അമേരിക്ക?

എല്ലാ ദേശങ്ങൾക്കും രണ്ടു ചരിത്രങ്ങളുണ്ട്. ഒന്നാമത്തെത് നമ്മൾ പാഠപുസ്തകങ്ങളിൽ പഠിക്കുന്ന, രാജാക്കന്മാരുടെയും, യുദ്ധവിജയങ്ങളുടെയും വെട്ടിപ്പിടിക്കലുകളുടെയും കഥകളാണ്. ഭൂരിഭാഗത്തിനും അറിയുന്ന കഥകളും ഇവ തന്നെയാണ്.

മറ്റൊന്ന് സാധാരണക്കാരന്റെ ചരിത്രമാണ്. തോറ്റുപോയവന്റെ, പലപ്പോഴും ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ കഥകൾ. ചവിട്ടിയരക്കപെട്ട ആദിവാസികളുടെയും , സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും , നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവന്റെയും കഥകൾ.

ആദ്യത്തെ ചരിത്രം പല പുസ്തകങ്ങളിലായി നമ്മുടെ മുന്നിൽ എത്തുന്നുണ്ടെങ്കിൽ രണ്ടാമത്തേത് വളരെ അപൂർവമാണ്. കേരളത്തിൽ ശ്രീധര മേനോന്റെ കേരളം ചരിത്രം വായിച്ചു കഴിഞ്ഞു , പി കെ ബാലകൃഷ്ണന്റെ “ജാതി വ്യവ്യസ്ഥിതിയും കേരളം ചരിത്രവും” വായിക്കുമ്പോഴാണ് രാജാക്കന്മാരുടെ കഥകൾക്ക് അപ്പുറം ഭൂരിപക്ഷം ജനങ്ങളും എങ്ങിനെയാണ് കേരളത്തിൽ കഴിഞ്ഞിരുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കുക.

വെള്ളക്കാരൻ കീഴടക്കിയ അമേരിക്കയ്ക്കും അതുപോലെ രണ്ടു ചരിത്രങ്ങളുണ്ട്. കൊളംബസ് മുതൽ ഡൊണാൾഡ് ട്രമ്പ് വരെയുള്ളവരുടെ വെട്ടിപിടുത്തങ്ങളുടെ ചരിത്രം നിങ്ങൾക്ക് എവിടെ വേണമെങ്കിലും കിട്ടും. പക്ഷെ സ്വന്തം ഭൂമി നഷ്ടപെട്ട അമേരിക്കൻ ആദിമ നിവാസികളുടെ, അടിമ വേല ചെയ്യിക്കാനായി ആഫ്രിക്കയിൽ നിന്ന് പിടിച്ചു കൊണ്ടുവന്നു, ഇന്നും വെള്ളക്കാരൻ പരോക്ഷമായി അടിമപണി ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്ന കറുത്ത വർഗക്കാരുടെ, കുറച്ചു നാൾ മുൻപേ മാത്രം വോട്ടവകാശം കിട്ടിയ സ്ത്രീകളുടെ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ, ഏതാണ്ട് മാർട്ടിൻ ലൂതർ കിങ്ങിന്റെ അതെ തലയെടുപ്പുള്ള മാൽകം എക്സിന്റെ ഒക്കെ കഥകൾ പലരും അധികം കേൾക്കാറില്ല.

ജോർജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തിന്റെ കാര്യത്തിൽ അമേരിക്കയിലെ കറുത്ത വർഗക്കാർ എന്തിനാണ് ഇങ്ങിനെ അക്രമം പരക്കെ കാണിക്കുന്നത് എന്നൊക്കെ ചോദ്യങ്ങൾ ഉയരുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു സംഗതി, ഇത് ആദ്യമായല്ല ഭരണകൂടവും പോലീസും വെളുത്ത വർഗ്ഗക്കാരായ വർണ വേറിയന്മാരും കറുത്ത വർഗക്കാർക്കെതിരെ ഇത്തരം അക്രമങ്ങൾ നടത്തുന്നത് എന്നതാണ്. ക്ഷമയുടെ അവസാനം ഏതൊരു ജനതയും എത്തിച്ചേരുന്ന അക്രമത്തിന്റെ ഏഴയലത്തു പോലും അമേരിക്കയിലെ കറുത്ത വർഗക്കാർ ഇതുവരെ എത്തിയിട്ടില്ല. അവരെ കുറ്റപ്പെടുത്തുന്നത് ചരിത്രത്തിന്റെ അറിവില്ലായ്മ കൊണ്ടാണ്.

1931 ൽ രണ്ടു വെള്ളക്കാരായ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു എന്ന തെറ്റായ കുറ്റാരോപണത്തിനു വിചാരണ നേരിട്ട ഒൻപത് ആണ്കുട്ടികൾ ആണ് സ്കോറ്റ്‌സ്‌ബറോ ബോയ്സ് എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. അലബാമയിൽ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ ഈ കറുത്തവർഗക്കാരായ യുവാക്കളും വെളുത്തവർഗക്കാരായ യുവാക്കളും തമ്മിൽ കശപിശയുടെ അവസാനം രണ്ടു വെളുത്ത വർഗ്ഗക്കാരായ പെൺകുട്ടികൾ തങ്ങളെ ഒൻപത് കറുത്ത വർഗ്ഗക്കാരായ ആൺകുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ എന്നായിരുന്നു പരാതി നൽകിയത്. ഈ ആണ്കുട്ടികൾക് 13 മുതൽ 19 വയസു വരെ മാത്രമാണ് പ്രായം ഉണ്ടായിരുന്നത്.

അന്നത്തെ കാലത്ത് അമേരിക്കയിലെ ദക്ഷിണ സംസ്ഥാനങ്ങളിൽ ജിം ക്രോ നിയമങ്ങൾ എന്ന പേരിൽ കറുത്ത വർഗക്കാരെ അവരുടെ തൊലി നിറത്തിന്റെ പേരിൽ മാറ്റി നിർത്തുന്ന നിയമങ്ങൾ ഉണ്ടായിരുന്നു. അവരെ ബസിലും ട്രെയിനിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും വെള്ളക്കാരുടെ കൂടെ ഇരിക്കാൻ സമ്മതിച്ചിരുന്നില്ല (ദക്ഷിണാഫ്രിക്കയിൽ ഗാന്ധി നേരിട്ടതും ഇതേ പ്രശനമാണ്, ഓർക്കുക ആഫ്രിക്കയിൽ അവിടെ ഉള്ള കറുത്ത വർഗക്കാരെ തന്നെ അടികകളായി വയ്ക്കുക എന്നതിനേക്കാൾ കൂടുതൽ വംശവിവേചനം ഒന്നും മനുഷ്യ സാധ്യമേ അല്ല) . കറുത്ത വർഗക്കാർ വെള്ളക്കാർ കൊന്നു കെട്ടിത്തൂക്കുന്നത് പതിവായിരുന്നു.

മേൽപ്പറഞ്ഞ കേസിലും ഈ യുവാക്കളെ കൊന്നു കെട്ടിത്തൂക്കുവാൻ വെള്ളക്കാർ ജയിലിനു മുന്നിൽ കൂട്ടം കൂടി. പട്ടാളത്തെ വിളിച്ചതിനു ഈ ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. പക്ഷെ മെഡിക്കൽ എക്‌സാമിനർ പരിശോധിച്ചപ്പോൾ ഈ പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് വെളിപ്പെട്ടു. എന്നിട്ടും ഇവരെ കുറ്റവിചാരണ നടത്തുകയും ഇതിൽ എട്ടു കുട്ടികളെ വധ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തു.

വംശീയതയ്‌ക്കെതിരെ ഉള്ള ജന അഭിപ്രായം ഉയർത്താൻ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ( അതെ നിങ്ങൾ ശരിയായി ആണ് വായിച്ചതു, അമേരിക്കയിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നു) ഈ സംഭവത്തെ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അവരാണ് പിന്നീട് ഈ കുട്ടികളുടെ കേസുകൾ സുപ്രീം കോടതി വരെ എത്തിച്ചത്. കോടതിയിലെ പ്രധാന വാദം ഈ കുട്ടികൾക്ക് വേണ്ടി ആരും വാദിച്ചിരുന്നില്ല എന്നതാണ്. അന്നത്തെ ഒരു പരിപാടി കറുത്ത വർഗക്കാർ കുറ്റം ആരോപിക്കുകയും, അവർക്ക് വാദിക്കാൻ അവസരം കൊടുക്കാതെ വെളുത്ത വർഗക്കാർ ഉള്ള ജൂറി ശിക്ഷ വിധിക്കുകയും ആയിരുന്നു.

ഈ കേസ് ആണ് കറുത്ത വർഗക്കാർക്ക് കൂടി തങ്ങളുടെ ഭാഗം വാദിക്കാൻ അവസരം നൽകണം എന്ന ചരിത്ര വിധി ന്യായത്തിലേക്ക് അമേരിക്കൻ സുപ്രീം കോടതിയെ നയിച്ചത്. (Powell v. Alabama 1932 ). ഇതിനിടെ ആദ്യം ആരോപണം ഉന്നയിച്ച ഒരു പെൺകുട്ടി തൻ നുണ പറഞ്ഞത് ആണെന്ന് പബ്ലിക് ആയി പറഞ്ഞു.

എന്നിട്ടും മുഴുവൻ വെള്ളക്കാർ ഉള്ള ജൂറി ഒരു ആൺകുട്ടിയെ വധശിക്ഷയ്ക്ക് വിധിച്ചു. അമേരിക്കയിൽ പൊതു ജനങ്ങൾ ഉൾപ്പെടുന്ന ജൂറി ആണ് പ്രതി കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും, ജഡ്ജിക്ക് അത് ശരി വയ്ക്കാം , അല്ലെങ്കിൽ ഏതെങ്കിലും കാരണം കൊണ്ട് വിചാരണ ശരിയായി നടന്നില്ല എന്ന് തോന്നിയാൽ തള്ളി കളയാം. ഇവിടെ ജഡ്ജി വിചാരണ ശരിയായില്ല എന്ന പേരിൽ ഈ വിധിന്യായം തള്ളിക്കളഞ്ഞു.

കറുത്ത വർഗക്കാർ ഇല്ലാതെ വെളുത്ത വർഗക്കാർ മാത്രം വച്ച് ജൂറി ഉണ്ടാക്കുന്നത് ആണ് ഇതിലെ അടിസ്ഥാന പ്രശനം എന്ന് കണ്ടെത്തിയ The National Association for the Advancement of Colored People (NAACP : ഇന്നും വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്) എന്ന സംഘടന മറ്റൊരു കേസ് ഫയൽ ചെയ്തു. ഏതാണ്ട് ഇരുപതു വർഷങ്ങളോളം ഈ കേസ് നടന്നു. ചിലർ ജയിൽ വിമോചിതരായി, ചിലരെ 20 വർഷത്തോളം ജയിലിൽ ഇട്ടു, ചിലർ വിചാരണ സമയത്ത് തന്നെ മരിച്ചു പോയി.

ഇത് പഴയ കഥ ആണെങ്കിൽ ഒരു പുതിയ കഥ പറയാം. കഴിഞ്ഞ ആഴ്ച ന്യൂ യോർക്കിലെ പ്രശസ്തമായ സെൻട്രൽ പാർക്കിൽ, എയ്മി കൂപ്പർ എന്ന വെള്ളക്കാരി ഒരു പട്ടിയും ആയി നടക്കാൻ ഇറങ്ങി. പട്ടിയെ നടത്താൻ പാടില്ലാത്ത ഒരിടത്തിൽ നടത്തിയ സമയത്ത് അവിടെ പക്ഷി നിരീക്ഷണം നടത്തിയ ഒരു കറുത്ത വർഗക്കാരൻ അങ്ങിനെ ചെയ്യരുത് എന്ന് അവരോട് പറഞ്ഞു. കുറച്ചു മാറി വേറൊരു സ്ഥലത്തു വേണമെങ്കിൽ അവർക്ക് ഇതുപോലെ ചെയ്യാം എന്നും കൂടി കൂട്ടിച്ചേർത്തു. പക്ഷെ വെളുത്ത വർഗക്കാരോട് ഇങ്ങിനെ പറയാൻ കറുത്തവർഗക്കാർക്ക് എന്തവകാശം. വെള്ളക്കാരിയുടെ രക്തം തിളച്ചു, അവർ ഉടനെ പോലീസിനെ വിളിച്ചു, തന്നെയും തന്റെ പട്ടിയെയും ഒരു കറുത്ത വർഗക്കാരൻ ആക്രമിക്കാൻ ശ്രമിക്കുന്നു ഉടനെ വരണം എന്ന് അവർ പോലീസിനെ വിളിച്ചു പറഞ്ഞു. പറയുന്ന സമയത്ത് ആരോ അവരെ ആക്രമിക്കാൻ വരുന്ന പോലെ പേടി ഒക്കെ ശബ്ദത്തിൽ ഉൾപ്പെടുത്തിയാണ് അവർ സംസാരിച്ചത്. കേൾക്കുന്നവർ വിചാരിക്കും ആരോ അവരെ ശാരീരികം ആയി അക്രമിക്കുകയേ ആണെന്. പക്ഷെ ചരിത്രം അറിയാവുന്ന കറുത്ത വർഗക്കാരൻ നടന്ന കാര്യങ്ങൾ എല്ലാം തന്റെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.

ആ വീഡിയോ പബ്ലിക് ആയി പോസ്റ്റ് ചെയ്തപ്പോൾ ആണ് ഈ സ്ത്രീയുടെ ഉള്ളിൽ എത്ര മാത്രം വംശീയ വിഷമുണ്ടെന്ന് ആളുകൾക്ക് മനസിലാകുന്നത്. ഇവർ ചെയ്തത് വംശീയ വിദ്വേഷം ആണെന്ന് മനസിലായ ഫ്രാങ്കിളിന് ടെംപ്ളേട്ടൻ എന്ന കമ്പനി അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്ന വരെ കാര്യങ്ങൾ എത്തി. പക്ഷെ വീഡിയോ ഇല്ലായിരുന്നു എങ്കിൽ കഥ മാറിയേനെ. ഏതാണ്ട് നൂറു വർഷങ്ങൾക്ക് അപ്പുറവും ഇപ്പുറവും അമേരിക്കയിലെ കറുത്ത വർഗക്കാർ നേരിടുന്ന പ്രശനങ്ങൾ ഏതാണ്ട് ഒന്ന് തന്നെയാണ് എന്നുള്ളത് അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: