ആട് തെക്ക് മാഞ്ചിയം മുതൽ പോപ്പുലർ ഫിനാൻസ് വരെ…

ആവശ്യമില്ലാത്തവരെ തിരഞ്ഞു പിടിച്ചു ലോൺ കൊടുക്കുകയും ആവശ്യം ഉള്ളവർക്ക് ലോൺ എങ്ങിനെ നല്കാതിരിക്കാം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് നമ്മുടെ ബാങ്കുകൾ എന്ന് ഏതാണ്ട് എല്ലാവർക്കുമറിയാവുന്ന ഒരു കാര്യമാണ്. എനിക്ക് എംസിഎ പഠനസമയത്ത് ഒരു സ്റ്റുഡന്റ് ലോൺ കിട്ടാൻ വേണ്ടി കുറെ അലഞ്ഞിട്ടുണ്ട്. സ്ഥിരവരുമാനം ഇല്ലാത്ത ബാപ്പക്ക് താരതമ്യേന സുരക്ഷിതം ആയ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയിൽ ആണ് ചുമട്ടു പണി എങ്കിലും വർഷാവർഷം പുതുക്കുന്ന കരാർ അടിസ്ഥാനത്തിൽ ആയിരുന്നു ജോലി എന്നതുകൊണ്ട് സ്ഥിരവരുമാനം കാണിക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടിയിരുന്നു. പള്ളുരുത്തി സഹകരണ ബാങ്ക് വരെ ലോൺ തന്നില്ല. പിന്നെ എന്തോ കാരണം കൊണ്ട് തോപ്പുംപടിയിലെ കാനറാ ബാങ്ക് എനിക്ക് ലോൺ അനുവദിച്ചു തന്നു. ഇന്നും നാട്ടിൽ എനിക്ക് സ്ഥിര നിക്ഷേപം ഉള്ളത് ഈ ബാങ്കിലാണ്. ന്യൂ ജെൻ ബാങ്കുകളിൽ ഒരു അക്കൗണ്ട് തുടങ്ങാൻ പാടില്ലേ എന്ന് ഈ ബാങ്കിലെ തന്നെ ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്, അവരോടെല്ലാം ആവശ്യം ഉള്ള സമയത്ത് എനിക്ക് ലോൺ തന്ന ബാങ്കിൽ തുടരാനാണ് എനിക്ക് തലപര്യം എന്ന് സ്നേഹപൂർവ്വം പറഞ്ഞിട്ടുമുണ്ട്.

ദിവസക്കൂലിക്കാരായ കോടികണക്കിന് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ബാങ്കുകൾ പോലുള്ള ഫിനാൻസ് സ്ഥാപനങ്ങൾ അവരെ അവഗണിക്കുന്നു എന്നുള്ളത്. നിക്ഷേപം വേണ്ട സമയത്ത് നമ്മളെ രാജാവിനെ പോലെ കണക്കാക്കുന്ന ഇവർ അത്യാവശ്യം പണം വേണ്ടിവരുന്ന , സ്ഥിര വരുമാനമോ , സ്വന്തം സ്ഥലമോ ഇല്ലാത്തവരെ തീർത്തും അവഗണിക്കും.

അതുകൊണ്ട് തന്നെ ഒരു ദിവസം നൂറോ ഇരുന്നൂറോ രൂപ വരുമാനം മാത്രമുള്ളവർ പലപ്പോഴും പണം കടം വാങ്ങുന്നത് പലപ്പോഴും ഒരു ഈടും കൊടുക്കാതെ തന്നെ വലിയ കൊള്ള പലിശക്ക് പണം കൊണ്ടുക്കുന്നവരുടെ കൈയിൽ നിന്നാണ്. എന്റെ ചെറുപ്പത്തിൽ പണം പിരിക്കാൻ വരുന്നത് തമിഴ്‌നാട്ടുകാർ ആയത് കൊണ്ട് പലിശ പാണ്ടികൾ എന്നാണ് ഇവരെ വിളിച്ചിരുന്നത്. പത്ത് ശതമാനം പലിശ എന്നാണ് പറയുക. നൂറു രൂപ വാങ്ങിയാൽ കയ്യിൽ 90 രൂപ കിട്ടും. പത്ത് ദിവസമോ ( അതോ ഒരു മാസമോ എന്നോർമ്മയില്ല) കൊണ്ട് നൂറു രൂപ തിരിച്ച് അടക്കണം. കുട്ടികളോ മറ്റോ ആശുപത്രിയിൽ ആയി വലിയ ചിലവ് വന്നാൽ ദിവസ വരുമാനക്കാർക്ക് ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു.
പറയുന്നത് പത്ത് ശതമാനം പലിശ എന്നാണെങ്കിലും ഒരു മാസം അടവ് വെച്ച് നോക്കിയത്‌ പോലും വാർഷിക പലിശ നിരക്ക്, കൂട്ടുപലിശ ഒഴിവാക്കി നോക്കിയാൽ പോലും 120 ശതമാനം വരും. സാധാരണ ബാങ്കുകളിൽ പത്ത് ശതമാനം പലിശ എന്ന് പറയുന്നത് ഒരു വർഷത്തേക്കാണ്. കൊള്ളപലിശക്കാർ പലിശ പറയുന്നത് ദിവസ കണക്കിലോ, മാസ കണക്കിലോ ആണ്. സാദാരണക്കാരായ ആളുകൾക്ക് ഇതിന്റെ വ്യത്യാസം മനസിലാക്കാതെയും, മനസിലാക്കിയാൽ തന്നെ ബാങ്കുകളിൽ നിന്ന് ലോൺ കിട്ടാത്തത് കൊണ്ട് ഇങ്ങിനെ കടം വാങ്ങാൻ നിര്ബന്ധിതർ ആവുകയോ ചെയ്യും.

സാദാരണക്കാർ സ്വീകരിക്കുന്ന മറ്റൊരു മാർഗം കുറികളും ചിട്ടികളുമാണ്. ഇത് കല്യാണത്തിന് പൈസ വയ്ക്കുന്ന രീതിയുടെ കുറച്ചു കൂടി വലിയ ഒരു രൂപം മാത്രമാണ്. പണ്ടൊക്കെ കല്യാണങ്ങൾക്ക് കൊടുക്കുന്ന പൈസയുടെ കണക്ക് ബാപ്പ ഒരു നോട്ട് ബുക്കിൽ കുറിച്ച് വയ്ക്കും. ഒരു കല്യാണത്തിന് പത്ത് മുതൽ അൻപത് രൂപ വരെയാണ് വയ്ക്കുക ( സ്വർണ വില അടിസ്ഥാനമാക്കി കണക്കാക്കിയാൽ ഇന്നത്തെ 200 മുതൽ 1000 രൂപ വരെ). കല്യാണ സ്ഥലത്ത് കുറി എഴുതാൻ ഒരാൾ ഇരിക്കുന്നണ്ടാകും, അല്ലെങ്കിൽ കവറിന്റെ പുറത്തു പേരെഴുതി കല്യാണം നടത്തുന്ന ആളുടെ കയ്യിൽ കൊടുക്കും. കല്യാണം നടത്തുന്ന ചിലവിന്റെ ഒരു വലിയ ഭാഗം പലപ്പോഴും വരുന്നത് ഇങ്ങിനെ കിട്ടുന്ന പണം വഴിയാണ്. വീടിന്റെ പുര പാർക്കുക്കലിനും എല്ലാം ഇത്തരം കുറി പരിപാടികൾ ഉണ്ട്. എന്റെ ഇത്തയുടെ കല്യാണം നടന്നപ്പോൾ കിട്ടിയ പൈസ ഓരോരുത്തർക്കും ബാപ്പ കൊടുത്ത പൈസയുമായി ഒത്തു നോക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ കല്യാണങ്ങൾക്ക് ഇത്രയും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ ഉള്ള ഒരു കാരണം പണ്ട് കാലത്ത് ഉണ്ടായിരുന്നു ഇത്തരം സാമ്പത്തിക സഹായ രീതികൾ ആയിരുന്നു എന്ന് തോന്നുന്നു. മരണം നടക്കുമ്പോൾ ഉള്ള ചിലവ് നേരിടാൻ പള്ളികളിലും sndp പോലുള്ള സംഘടനകൾ വഴിയും മരണ ഫണ്ടും ഉണ്ടായിരുന്നു. കുറി വയ്ക്കുമ്പോൾ ഒരു മാസം ഇടുന്ന എല്ലാ പൈസയും കൂടി ഒരു അംഗത്തിന് കൊടുക്കുക ആണ് ചെയ്യുക. കുറി നടത്തുന്ന ആൾ ഏതാണ്ട് 5 ശതമാനം പലിശ ചിലവ് ആയി എടുക്കും. ഒരു മാസത്തിൽ 5 ശതമാനം വച്ച് ഇങ്ങിനെ എടുത്താൽ ഏതാണ്ട് 60 ശതാമാനം കൂലി ഇവർക്ക് കിട്ടും. വലിയ ഒരു ലാഭം ആണിത്.

പാവപ്പെട്ടവർക്ക് പണം പലിശക്ക് കൊടുക്കുമ്പോൾ ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശനം ലോൺ എടുക്കുന്ന ആൾ ഇത് തിരിച്ചടക്കും എന്ന് എങ്ങിനെ ഉറപ്പു വരുത്തും എന്നതാണ്. പലരും കരുതുന്നത് പാവപ്പെട്ടവർ എടുക്കുന്ന ലോണുകൾ ആണ് തിരിച്ചടവ് ഏറ്റവും മുടങ്ങുന്നത് എന്നാണ്, എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് ഇത്തരം ലോണുകളിൽ നൂറിൽ വെറും രണ്ടു പേര് മാത്രമാണ് തിരിച്ചടവ് മുടക്കുന്നത് എന്നാണ്. എങ്കിലും പാവപ്പെട്ടവർക്ക് ലോൺ കിട്ടുന്നതിൽ 52 ശതമാനവും കൊള്ളപലിശക്കാരിൽ നിന്നും , 24 ശതമാനം കൂട്ടുകാരോ അയല്പക്കക്കാരോ ആയവരിൽ നിന്നും 13 ശതമാനം ബന്ധുക്കളിൽ നിന്നുമാണ് എന്നാണ്.

പാവപ്പെട്ടവർക്ക് ബാങ്കുകൾക്ക് ലോൺ കൊടുക്കുമ്പോൾ കിട്ടാവുന്ന ഏറ്റവും നല്ല ഈട് സ്വർണമാണ്. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ കൊണ്ട് പല കുടുംബങ്ങളിലെയും അംഗങ്ങൾ, പ്രത്യേകിച്ച് കുടുംബിനികൾ ( പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വിവാഹത്തിന് വേണ്ടി) അവരുടെ കയ്യിൽ പണം വരുന്ന സമയത്ത് സ്വർണം ചെറിയ തോതിൽ എങ്കിലും വാങ്ങി വയ്ക്കുന്ന പതിവുണ്ട്. സ്വർണ വിലയുടെ 70 ശതമാനം വരെ ബാങ്കുകൾ വായ്‌പ്പ കൊടുക്കും. സ്വർണത്തിന്റെ വില വർഷം തോറും കൂടുന്നത് കൊണ്ട് പോപ്പുലർ ഫിനാൻസ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഇത്ര വലിയ ഈടു കിട്ടുമ്പോൾ തന്നെ വലിയ പലിശ ഈടാക്കി സ്വർണം വായ്പ കൊടുത്താണ് വളരുന്നത്. ചിട്ടി ഫണ്ടുകളെയും പോപ്പുലർ ഫിനാൻസ് പോലുള്ള സ്ഥാപനങ്ങളും സാധാരണക്കാർക്ക് വലിയ ദേശസാൽകൃത ബാങ്കുകൾ വലിയ പരിഗണന കൊടുക്കാത്തത് കൊണ്ട് വളർന്നു വരുന്ന സ്ഥാപനങ്ങൾ ആണ്. Non-bank financial institution എന്ന് പറയുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് അംഗങ്ങളുടെ കൈയിൽ നിന്ന് മാത്രമേ പണം സ്വീകരിക്കാൻ റിസേർവ് ബാങ്ക് അനുമതി ഉള്ളൂ, പൊതുജനത്തിന്റെ പണം ഇവർ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഇതൊന്നും അറിയാത്ത പാവപ്പെട്ടവർ വലിയ പലിശ കിട്ടും എന്ന് കരുതി ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച് പറ്റിക്കപെടും. സർക്കാരിന്റെ നോട്ടക്കുറവ് തന്നെയാണ് ഇത്തരം തട്ടിപ്പുകൾ സ്ഥിരമായി നടക്കാൻ കാരണം. ഇത്തരം സ്ഥാപനങ്ങളെ വാർഷിക/ അർദ്ധ വാർഷിക റിസ്ക് റിപ്പോർട്ടുകളിലൂടെ കൂടുതൽ മോണിറ്റർ ചെയ്യാൻ ഉള്ള നിയമങ്ങൾ റിസേർവ് ബാങ്കോ സംസ്ഥാന സർക്കാരോ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, ഉള്ള നിയമങ്ങളെ കൂടുതൽ കർശനമായി നടപ്പിലാക്കാനും ശ്രദ്ധിക്കണം.

പക്ഷെ ഈ പ്രശനങ്ങൾക്ക് കൂടുതൽ നല്ല പരിഹാരം സഹകരണ ബാങ്കുകളാണ്. എന്റെ വീടിനടുത്തു പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കുണ്ട്. പരസ്പരം അറിയാവുന്ന അംഗങ്ങൾ ( അംഗമായി ചേരാൻ മറ്റൊരു അംഗം പരിചയപെടുത്തണം) നടത്തികൊണ്ട് പോകുന്ന സഹകരണ സംഘങ്ങൾ ആണിവ. അവിടെ എപ്പോൾ ചെന്നാലും സാധാരണക്കാരായ ആളുകളെ കാണാം. പെട്ടെന്ന് പണത്തിനു അത്യാവശ്യം ഉള്ളത് കൊണ്ട് കുറച്ച് സ്വർണം വയ്പ്പ് വയ്ക്കാൻ വന്ന സ്ത്രീകളും, വീട് പണിക്ക് വായ്പ വാങ്ങാൻ വന്നവരെയും പെൻഷൻ തുക പുതുക്കി ഇടാൻ വരുന്നവരെ ഒക്കെ അവിടെ കാണാം. പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിൽ ഏതെങ്കിലും കാര്യത്തിന് ബന്ധപെടാത്തവർ പള്ളുരുത്തിയിൽ ഉണ്ടെന്ന് തോന്നുന്നില്ല. അത്രക്ക് ജനങ്ങളും ആയി ഇടപഴകി കിടക്കുന്ന ഒരു പ്രസ്ഥാനം ആണിത്.

പക്ഷെ ഇത്തരം സഹകരണ പ്രസ്ഥാനങ്ങൾ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ നിക്ഷേപം / ലോൺ എന്ന രീതിയിൽ നിന്ന് മുന്നോട്ട് പോയിട്ടില്ല. മൈക്രോ ഫിനാൻസ് ( പാവപ്പെട്ടവർക്ക് ഒരു ലക്ഷത്തിൽ താഴെ മാത്രം പണം ബിസിനസ് തുടങ്ങാനും ഉള്ള ബിസിനെസ്സ് കൂടുതൽ മെച്ചപ്പെടുത്താനും കൊടുക്കുന്ന രീതി, ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഗ്രാമീണ ബാങ്ക് വഴി തുടങ്ങിയ പദ്ധതി ) ഇവർ കൂടുതൽ സ്വീകരിച്ചു കാണുന്നില്ല. ഇപ്പോൾ മലയാളികൾക്ക് മൈക്രോ ഫിനാൻസ് എന്ന് കേട്ടാൽ വെള്ളാപ്പള്ളിയെയും തട്ടിപ്പിനെയും ഒക്കെയാണ് ഓർമ വരുന്നത്. ശരിയായി നടപ്പിലാക്കിയാൽ പാവപ്പെട്ടവരുടെ തലവര മാറ്റാൻ കഴിവുള്ള ഒന്നാണ് മൈക്രോ ഫിനാൻസ്. സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ സംരംഭകരെ കൂടി പ്രോത്സാഹിപ്പിക്കേണ്ടത് ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

എന്തായാലും സർക്കാർ ഇക്കാര്യത്തിൽ ഒരു ബോധവത്കരണം നടത്തിയില്ല എങ്കിൽ പോപ്പുലർ ഫിനാൻസ് പോലെ ആയിരക്കണക്കിന് കോടി രൂപ സാധാരണക്കാരായ ആളുകൾക്ക് നഷ്ടപ്പെടും. വലിയ ആളുകൾ വലിയ ബാങ്കുകളെ പറ്റിക്കുബോൾ അത് NPA എന്ന് എഴുതി തള്ളാൻ ആളുണ്ടാകും. പക്ഷെ പോപ്പുലർ ഫിനാൻസ് പോലുള്ള സ്ഥാപനങ്ങൾ പരാജയപ്പെടുമ്പോൾ അതിന്റെ നഷ്ടം താങ്ങുന്നത് ദിവസവരുമാനക്കാരും പെൻഷൻ വാങ്ങുന്ന ആളുകളും ഒക്കെയാണ്.

ആട് തെക്ക് മാഞ്ചിയം മുതലുള്ള കഥകൾ നമ്മോട് പറയുന്നത് മലയാളിയുടെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള അറിവ് മോശമാണ് എന്ന് തന്നെയാണ്. വലിയ ഒരു ബോധവത്കരണം ഇക്കാര്യത്തിൽ ഉണ്ടാകണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: