അമേരിക്കയിൽ ഇരുന്നു മുതലാളിത്തത്തെ വിമർശിക്കുമ്പോൾ..

“ഒരു മുതലാളിത്ത രാജ്യത്ത് ഇരുന്ന് മുതലാളിത്തത്തെ വിമർശിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം. നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് ആണെങ്കിൽ കേരളത്തിൽ ജോലി ചെയ്താൽ പോരെ എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോയി സുഖമായി ജീവിക്കുന്നത്”

ഞാൻ മുതലാളിത്തത്തിന്റെ പ്രശ്നങ്ങളെ കുറിച്ചോ സാമ്പത്തിക അസമത്വങ്ങളെ കുറിച്ചോ എഴുതുമ്പോൾ പലരും കമെന്റുകളിൽ ചൂണ്ടികാണിക്കാറുള്ള ഒരു കാര്യമാണിത്. എന്റെ യുക്തിവാദികളുടെ പരിണാമ ഘട്ടങ്ങളെ കുറിച്ചുള്ള പോസ്റ്റിനു ശേഷം രവിചന്ദ്രന്റെ ഒരു അനുയായിയും ഇത് ചോദിച്ചു കണ്ടിരുന്നു.

നമ്മളിൽ പലരും , കേരളത്തിൽ പ്രത്യേകിച്ചും എന്താണ് മുതലാളിത്തം, എന്താണ് സോഷ്യലിസം , എന്താണ് കമ്മ്യൂണിസം എന്ന് ആഴത്തിൽ അറിയാതെ, മുതലാളിമാരെ പിന്തുണക്കുന്നത് മുതലാളിത്തവും തൊഴിലാളികളെ പിന്തുണക്കുന്നതും ഫാക്ടറികൾ പൂട്ടിക്കുന്നതും കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് ആളുകളും ആണെന്ന കറുപ്പും വെളുപ്പും ആയ ഒരു മിഥ്യ ധാരണയിൽ ആണുള്ളത്. യഥാർത്ഥത്തിൽ നൂറു ശതമാനം മുതലാളിത്തമോ സ്വതന്ത്ര വിപണിയോ ഉള്ള ഒരു രാജ്യം ലോകത്തില്ല. നൂറു ശതമാനം കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് ആയ രാജ്യവും ഇല്ല. അമേരിക്കയും ചൈനയും ഉള്ള രാജ്യങ്ങളെ ഉൾെപ്പടുത്തിയാണ് ഞാൻ ഇത് പറയുന്നത്.

കൂടുതൽ വിശദീകരിക്കുന്നതിനു മുൻപ് ഒരു കഥ പറയാം.

2008 ൽ അമേരിക്കയിലെ സാമ്പത്തിക രംഗം അടിമുടി തകർന്നു വീഴുമ്പോൾ ഞാൻ മെരിൽ ലിഞ്ച് എന്ന ഒരു വാൾ സ്ട്രീറ്റ് ബാങ്കിൽ ജോലി ചെയ്യുക ആയിരുന്നു. 2007 മുതൽ 2008 വരെ 19 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഞങ്ങളുടെ മോർട്ടഗേജ് ഡിപ്പാർട്മെന്റ് വരുത്തിയിരുന്നത്. തിരിച്ചടക്കാൻ കഴിവില്ലാത്തവർക്ക് ലോൺ കൊടുത്തത് കൊണ്ട്, ഞങ്ങളുടെ ബാങ്കിന്റെ തന്നെ ആർത്തി കൊണ്ട് സംഭവിച്ച ഒരു കാര്യം ആയിരുന്നു ഈ നഷ്ടം. ഇങ്ങിനെ നഷ്ടം വരുന്നതിനു മുൻപ് ഈ ലോണുകൾ കൊടുത്തവർക്ക് വലിയ ബോണസ് കിട്ടുമായിരുന്നു.

ഓരോ ദിവസവും ആളുകളെ പിരിച്ചു വിട്ടുകൊണ്ടിരുന്നു. രാവിലെ വരുമ്പോൾ നിങ്ങളുടെ സീറ്റിന്റെ അടുത്ത ഒരു ബ്രൗൺ കാർഡ്ബോർഡ് പെട്ടി കണ്ടാൽ നിങ്ങളുടെ കാര്യം തീരുമാനം ആയി എന്ന് ചുരുക്കം. പേർസണൽ വെച്ച് കൊണ്ടുപോകാൻ ആണ് ആ പെട്ടി. സ്വാതന്ത്ര വ്യപാര സാമ്പത്തിക രീതി (free market economy ) പിന്തുടരുന്ന അമേരിക്ക യഥാർത്ഥത്തിൽ ഇങ്ങിനെ പരാജയപ്പെടുന്ന ബാങ്കുകളെ സഹായിക്കാൻ പാടില്ല. ഏതു നിമിഷവും കമ്പനി പൊളിയും എന്ന അവസ്ഥയിൽ ആയിരുന്നു.

പക്ഷെ വലിയ ഒരു ബാങ്ക് പൊളിഞ്ഞാൽ ആ ബാങ്കുമായി ബന്ധമുള്ള മറ്റു ബാങ്കുകൾ പോളിയും, മൊത്തം അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും. അതുകൊണ്ട് ബാങ്കുകൾ തകരാതിരിക്കാൻ ഫെഡറൽ ഗവണ്മെന്റ് എല്ലാ തരത്തിലും ശ്രമം നടത്തി. മെരിൽ ലിഞ്ച് ബാങ്ക് ഓഫ് അമേരിക്കയെ കൊണ്ട് ഏറ്റെടുപ്പിച്ചു. ലി മാൻ ബ്രോതേർസ് എന്ന കമ്പനിക്ക് പക്ഷെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, അവർ സെപ്റ്റംബർ 15 ആം തീയതി പാപ്പർ ഹർജി ഫയൽ ചെയ്തു. അമേരിക്ക് കണ്ട ഏറ്റവും വലിയ പാപ്പർ ഹർജി ആയിരുന്നു അത്.

ഇത്രയും കേട്ടപ്പോൾ ഞങ്ങൾക്ക് അക്കൊല്ലം ശമ്പളം കുറഞ്ഞു എന്നോ ബോണസ് കിട്ടിയില്ല എന്നോ നിങ്ങൾ കരുതിയേക്കാം. പക്ഷെ ഗവണ്മെന്റ് സഹായം കിട്ടിയത് കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ബോണസ് ഞങ്ങൾക്ക് അക്കൊല്ലം കിട്ടി. അതോടെ എനിക്കൊരു കാര്യം മനസിലായി. 100% ഫ്രീ മാർക്കറ്റ് എക്കണോമി എന്നൊരു സാധനം അമേരിക്കയിൽ ഇല്ല. ഏറ്റവും റിസ്ക് എടുത്ത് ട്രേഡ് ചെയ്യുന്നവർക്ക് ആ വഴിക്ക് ബോണസ് കിട്ടും, നഷ്ടം വന്നാൽ ഗവണ്മെന്റ് സഹായം കൊണ്ട് ബോണസ് കിട്ടും. രണ്ടായാലും ഖുശി. ഈ ഇരട്ടത്താപ്പിന് എതിരെയാണ് occupy wall street എന്ന സമരം നടന്നത്. കാരണം അവർ ഉന്നയിച്ച കാര്യങ്ങൾ ന്യായമായിരുന്നു എന്ന് എന്റെ തന്നെ അനുഭവം വഴി എനിക്ക് മനസ്സിലായിരുന്നു.

ഫ്രീ മാർക്കറ്റ് എക്കണോമി തിയറി യഥാര്ഥത്തിൽ പറയുന്നത് ഒരു വസ്തുവിന്റെ വില നിർണയിക്കുന്നത് അതിന്റെ ആവശ്യം അനുസരിച്ച് മാർക്കറ്റ് തന്നെയാണ് എന്നാണ്. ഉദാഹരണത്തിന് ഉള്ളിയുടെ പ്രൊഡക്ഷൻ കുറവും ആവശ്യം കൂടുതലും ആണെകിൽ വില കൂടും അല്ലെങ്കിൽ വില കുറയും. പക്ഷെ അമേരിക്കയിൽ ആന്റി ട്രസ്റ്റ് നിയമങ്ങൾ എന്നൊരു സാധനം ഉണ്ട്. ബിസിനസുകൾക്ക് അവർക്ക് തോന്നിയ പോലെ ഒരു ഉൽപ്പന്നത്തിന് വിലയിടാൻ കഴിയില്ല. കുറെ ബിസിനസുകൾ ചേർന്ന് ഒരു ഉല്പന്നത്തിന്റെ വില ഉയർന്ന നിലയിൽ നിർത്താൻ കഴിയില്ല തുടങ്ങി ഗവണ്മെന്റ് നിയമങ്ങളുടെ ഒരു കൂട്ടം ഉള്ളത് കൊണ്ടാണ് അമേരിക്കയിൽ ഉലപന്നങ്ങളുടെ വില വലിയ പ്രശ്നം ഇല്ലാതെ നിന്ന് പോകുന്നത്. ചിലപ്പോൾ ചിലർ ഇതിൽ നിന്ന് ഒന്ന് കുതറി മാറാൻ നോക്കും, ഗവണ്മെന്റ് അവർക്ക് മൂക്ക് കയറിടും. 2017 ൽ മാർട്ടിൻ ശക്രേലി എന്ന ഒരു ഹെഡ്ജ് ഫണ്ട് മാനേജർ ഒരു എയ്ഡ്സ് മരുന്നിന്റെ വില 13 ഡോളറിൽ നിന്ന് 750 ഡോളർ ആയി കൂട്ടിയ ഒരു സംഭവമുണ്ട്. ഈ മരുന്നിന്റെ പേറ്റന്റ് കൈക്കലാക്കിയ ശേഷം പുള്ളി ചെയ്തതാണ്. ഫ്രീ മാർക്കറ്റ് എക്കണോമി പ്രകാരം ഇത് ശരിയായ നടപടിയാണ്, പക്ഷെ ഗവണ്മെന്റ് പുള്ളിയെ പൊക്കി ജയിലിൽ ഇട്ടു.

യഥാർത്ഥ മുതലാളിത്ത വ്യവസ്ഥിതിയിൽ പബ്ലിക് സ്കൂളുകളോ കോളേജുകളോ ഉണ്ടാകരുത്, എല്ലാം സ്വകാര്യം ആകണം. പക്ഷെ അമേരിക്കയിൽ 90 ശതമാനത്തോളം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ ആണ് പഠിക്കുന്നത്. ആളുകളുടെ നികുതി സ്കൂളുകളുടെ ആവശ്യത്തിന് ഏതാണ്ട് സമമായി വീതിക്കപെടുന്നു. സോഷ്യൽ സെക്യൂരിറ്റി ടാക്സ് എന്നൊരു നികുതി ഉണ്ട്. ശമ്പളം കിട്ടുന്നവരുടെ കൈയിൽ നിന്ന് ഭാവിയിൽ തിരികെ കൊടുക്കാൻ വേണ്ടി ഗവണ്മെന്റ് പിരിക്കുന്ന നികുതി ആണിത്. 62 വയസു മുതൽ നമുക്ക് ഗവണ്മെന്റ് സോഷ്യൽ സെക്യൂരിറ്റി എന്ന പേരിൽ പണം ഇങ്ങോട്ടു തരും, നമ്മൾ ജോലി ചെയ്ത സമയത് ഗോവെര്ന്മേന്റിനു കൊടുത്ത പണം ഇങ്ങിനെ തിരികെ കിട്ടും. പക്ഷെ നമുക്ക് കിട്ടുന്നതിൽ 62 വയസിനു മുൻപേ മരിച്ചു പോയവരുടെയും, താത്കാലിക വിസയിൽ ഇവിടെ വന്നു ജോലി പോയ ഇന്ത്യക്കാരുടെയും ഒക്കെ പൈസ ഉണ്ടാകും. ഇത് സോഷ്യലിസം അല്ലതെ വേറെ എന്താണ്. 65 വയസായവർക്കും അതിനു മുകളിൽ ഉളളവർക്കും ഇതേപോലെ തന്നെ മെഡിക്കൽ കെയർ നല്കാൻ മെഡികെയർ ടാക്സ് എന്നൊരു നികുതി കൂടി ഈടാക്കുന്നുമുണ്ട്. ഏതാണ്ട് എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളും, കാനഡയും എല്ലാം മെഡിക്കൽ കെയർ കൂടി സോഷ്യലിസ്റ്റിക് രീതിയിലാണ് നടത്തുന്നത്. ആളുകളിൽ നിന്ന് നികുതി പിരിച്ച് ആവശ്യമുള്ളവർക്ക് എല്ലാവര്ക്കും ഫ്രീ ആയി മെഡിക്കൽ സൗകര്യം നൽകുന്ന രീതിയാണിത്. ജന്മനാ വൈകല്യങ്ങളോടെയോ, രോഗങ്ങളോടെയോ വിഷമിക്കുന്നവർക്ക് മുതലാളിത്തം ഒരു പ്രതിവിധിയും കണ്ടിട്ടില്ല.

ഇതുപോലെ ഗവണ്മെന്റ് നിയന്ത്രണത്തിൽ ഉള്ള ഫ്രീമാർക്കറ്റ് എക്കണോമി, വിദ്യാഭ്യാസം , ചികിത്സ, വയോജന സംരക്ഷണം എന്നിവ സർക്കാർ ഏറ്റെടുത്തു നടത്തുക തുടങ്ങി ഒരു മിക്സഡ് എക്കണോമി ആണ് അമേരിക്കയിലും യൂറോപ്പിലും നമ്മൾ മുതലാളിത്ത രാജ്യങ്ങൾ എന്ന് വിളിക്കുന്ന എല്ലാ രാജ്യങ്ങളിലും ഉള്ളത്. നൂറു ശതമാനം മുതലാളിത്ത രാജ്യം എന്നൊന്നില്ല. സോഷ്യൽ ഡെമോക്രസി എന്ന് വിളിക്കാവുന്ന സാമ്പത്തിക രീതികളാണ് അവർ പിന്തുടരുന്നത്.

കമ്മ്യൂണിസ്റ്റ് സാമ്പത്തിക മികവിന്റെ ഉദാഹരണമായി കാണിക്കുന്ന ചൈനയിലും കാര്യങ്ങൾ ഇതുപോലെയാണ്. ചൈനയിലെ കയറ്റുമതികൾ നടക്കുന്നത് ഗവണ്മെന്റ് അധികം ഇടപെടൽ നടത്താത്ത സ്പെഷ്യൽ എക്സ്പോര്ട് സോൺ വഴിയാണ്. ഇവിടെ തുടങ്ങുന്ന കമ്പനികൾക്ക് പല ഇളവുകളും നൽകുന്നുണ്ട്. സ്റ്റേറ്റ് എല്ലാ സ്വത്തും കൈവശം വച്ച് ഭരണം നടത്തിയ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച വളരെ കുറവായിരുന്നു. വടക്കൻ കൊറിയ, പോളണ്ട് തുടങ്ങിയ പല രാജ്യങ്ങളിലും സ്വകാര്യ സ്വത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അധികാര കേന്ദ്രങ്ങൾ സ്വന്തമായി കൈവശം വയ്ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. ചൈനയിലെ ഏറ്റവു വലിയ ഓൺലൈൻ കമ്പനി ആയ ആലി ബാബ ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റിൽ തന്നെ ലിസ്റ്റ് ചെയ്തു കഴിഞ്ഞു.

സ്വകാര്യ സ്വത്തും അത് കൈവശം വച്ച് വ്യക്തികൾക്ക് സ്വതന്ത്രമായി ലാഭം ഉല്പാദിപ്പിക്കാനും, സ്വത്ത് വിനിമയം ചെയ്യാനും സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളിലാണ് സാമ്പത്തിക വളർച്ച നിരക്ക് കൂടുതലുള്ളത്. ഇന്ത്യ ഉൾപ്പെടെ പണ്ട് സോഷ്യലിസ്റ്റ് സാമ്പത്തിക നിലപാട് ഉണ്ടായിരുന്ന പല രാജ്യങ്ങളും ഇത്തരം ഒരു സോഷ്യൽ എക്കണോമിയിലേക്ക് മാറുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. പക്ഷെ പലപ്പോഴും ഇത്തരം രാജ്യങ്ങളിൽ ഉള്ളവർ കാണാതെ പോകുന്നത് മുതലാളിത്തം എന്നത് അഴിച്ചു വിട്ട ഫ്രീ മാർക്കറ്റ് എക്കണോമി അല്ലെന്നുള്ള കാര്യമാണ്.

കറുപ്പും വെളുപ്പും മാത്രമായി മുതലാളിത്തത്തെയും മറ്റു സാമ്പത്തിക രീതികളെയും നോക്കികാണരുത്. പലരും ഇതിനിടയിൽ എവിടെയോ ഒക്കെ ആണ്. അമേരിക്കയും ചൈനയും എല്ലാം മിക്സഡ് എക്കണോമി ആണ് പൂർണമായും മുതലാളിത്ത / സ്വതന്ത്ര വിപണി / കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് രാജ്യങ്ങൾ അല്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: