കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്.
” എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…” : ഇവിടെ അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ ഒരു മലയാളി ചെറുപ്പക്കാരൻ തനിക്ക് കൊറോണ ഉണ്ടെന്ന് സംശയം വന്നപ്പോൾ ആംബുലൻസ് വിളിച്ചതാണ്. മൂന്നു മിനിറ്റ് കൊണ്ട് ആംബുലൻസ് വന്നു. പക്ഷെ …
“നിങ്ങൾ പറയുന്നത് ശരിയാണ്, നിങ്ങൾക്ക് കൊറോണ ആകാൻ എല്ലാ സാധ്യതയും ഉണ്ട്. പക്ഷെ താങ്കൾക്ക് രണ്ടു വാക്യം മുഴുവൻ ആയി പറയാൻ കഴിയുന്നത് കൊണ്ടും, താങ്കൾ ചെറുപ്പക്കാരൻ ആയതു കൊണ്ടും തത്കാലം ആശുപത്രിയിൽ ഞങ്ങൾ കൊണ്ടുപോകുന്നില്ല, കാരണം ആശുപത്രിയിൽ സ്ഥലമില്ല. മാത്രമല്ല ആശുപത്രിയിൽ വന്നാൽ നിങ്ങൾക്ക് കൊറോണ ഇല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ആശുപത്രിയിൽ നിന്ന് കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇന്ന് ടെസ്റ്റ് ചെയ്യാൻ സ്വാബ് എടുത്താലും, പത്ത് ദിവസം കഴിഞ്ഞു മാത്രമേ ഫലം കിട്ടൂ. പരിശോധിക്കുന്നതിൽ പത്തിൽ ഏഴു പേർക്കും കൊറോണ സ്ഥിരീകരിക്കുന്നത് കൊണ്ട്, ഞങ്ങൾ ഇപ്പോൾ ലക്ഷണം ഉള്ളവർക്ക് , ടെസ്റ്റ് ഫലം വരുന്നതിനു മുൻപ് തന്നെ ചികിത്സ തുടങ്ങുന്നുണ്ട്. താങ്കൾക്ക് നല്ല ന്യൂമോണിയ ഉണ്ട്, തല്ക്കാലം ആന്റി ബയോട്ടിക് നൽകാം. ഇത് കഴിക്കാൻ തുടങ്ങുക, രണ്ടു ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങൾ കുറഞ്ഞില്ലെങ്കിലോ, നിങ്ങൾ മരിക്കും എന്ന് കരുതുന്ന സ്ഥിതിയിലോ ഞങ്ങളെ വീണ്ടും വിളിക്കുക” എന്നും പറഞ്ഞു ആന്റി ബയോട്ടിക് പ്രിസ്‌ക്രിപ്‌ഷൻ കൊടുത്തിട്ട് ആംബുലൻസ് തിരിച്ചു പോയി.
ഇതാണ് അമേരിക്കയിലെ അവസ്ഥ. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഈ കൊറോണക്കാലത്ത് മനുഷ്യന് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കേരളം ആണെന്ന്. കേരളത്തിലെ ചിലർക്ക് ഒഴിച്ച് ലോകത്തിലെ ഏതാണ്ട് എല്ലാവർക്കും അത് ബോധ്യം ആയിട്ടുണ്ട്..
ചില മലയാളി മാധ്യമ പ്രവർത്തകർക്ക് മാത്രം നേരം വെളുത്തിട്ടില്ല..
Leave a Reply