
നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും.
ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും.
നിങ്ങൾക്ക് എതിരെ സാക്ഷി പറഞ്ഞ ഒരേ കാരണം കൊണ്ട് മേൽപ്പറഞ്ഞ കൊടും കുറ്റവാളിക്ക് പോലീസും കോടതിയും ശിക്ഷയിൽ ഇളവ് കൊടുത്തുന്നു എന്ന് കേട്ടാൽ നിങ്ങൾക്ക് എന്ത് തോന്നും? സമൂഹത്തോടും സർക്കാരിനോടും വ്യവസ്ഥിതിയോടും എല്ലാം വെറുപ്പ് തോന്നും.
വധശിക്ഷ കാത്ത് , കൂടെ ഉള്ളവരുടെ വധശിക്ഷയ്ക്ക് സാക്ഷിയായി നീണ്ട മുപ്പതു വർഷത്തോളം ജയിലിൽ കഴിയുമ്പോൾ നിങ്ങൾക്ക് ജീവിതത്തിനെ കുറിച്ചുള്ള ആശ തന്നെ തീരും.
നിങ്ങൾ ഉൾപ്പെട്ട ഒരു ഒറ്റപ്പെട്ട കേസ് ആണ് ഇത് എങ്കിൽ ഇതൊരു സ്വകാര്യ പ്രശനം മാത്രമാണ്, നിങ്ങളെയും നിങ്ങളുടെ കുടുംബത്തിന്റെയും ബാധിക്കുന്ന ഒരു പ്രശ്നം.
പക്ഷെ ഇനി നിങ്ങളുടെ വർഗ്ഗത്തിൽ പെട്ട ആളുകളെ കരുതിക്കൂട്ടി പോലീസ് ഇങ്ങിനെ സ്ഥിരമായി കൊലപാതക കേസുകളിൽ പെടുത്തുകയും, കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്യുമ്പോൾ അത് സ്വകാര്യ പ്രശ്നന്തിൽ നിന്ന് ഒരു സമൂഹത്തിന്റെയും സർക്കാരിന്റെയും വംശീയ പ്രശ്നമായി മരുന്ന്. അമേരിക്കയിൽ വധശിക്ഷയ്ക്ക് ഇരയാക്കിയ പത്ത് കറുത്ത വർഗക്കാരിൽ ഒരാൾ എങ്കിലും പോലീസ് തൊലി നിറത്തിന്റെ പേരിൽ ജയിലിൽ അടച്ചവരാണ്.
ജയിലുകൾ നടത്തിക്കൊണ്ടു പോകുന്നത് സ്വകാര്യ കമ്പനികൾക്ക് ഏൽപ്പിച്ചു കൊടുത്ത് ആ ജയിലുകൾ ലാഭത്തിലാക്കാനായി ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ അത് മുതലാളിത്തത്തിന്റെ പ്രശനം കൂടിയായി മാറുന്നു. മനുഷ്യൻ തന്നെ ഒരു കമ്മോഡിറ്റി ആയി മാറുന്ന പേടിപ്പെടുത്തുന്ന അവസ്ഥ.
ആന്റണി റേ ഹിന്റൺ ഇതുപോലെ ചെയ്യാത്ത തെറ്റിന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു 30 വർഷങ്ങൾ ജയിലിൽ കിടന്ന ആളാണ്. ഇപ്പോൾ ആക്ടിവിസ്റ് ആയ അദ്ദേഹം ജയിലിൽ കിടക്കാൻ ഉള്ള ഒരേ ഒരു കാരണം അദ്ദേഹം ഒരു കറുത്ത വർഗക്കാരൻ ആയിരുന്നു എന്നതാണ്.
അദ്ദേഹത്തിന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്ന വാൾട്ടർ മാക്മില്ലൻ എന്ന ആളെ കുറിച്ചാണ് ഈയടുത്ത ഇറങ്ങിയ ജസ്റ്റ് മേഴ്‌സി എന്ന സിനിമ.
വാൾട്ടർ മാക്മില്ലൻ ഒരു വെളുത്ത വർഗക്കാരിയുടെ കൊലപാതകവും ആയി ബന്ധപെട്ടു അറസ്റ്റിൽ ആയതാണ്. വളരെ പണ്ടൊന്നുമല്ല 1987 ൽ, ഞാൻ പള്ളുരുത്തിയിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ആ സമയം ഒരു ക്രിസ്ത്യൻ പള്ളിയിൽ ഇദ്ദേഹം ഉണ്ടായിരുന്നു എന്ന സാക്ഷി മൊഴികൾ വെള്ളക്കാർ മാത്രം അടങ്ങിയ ജൂറി പരിഗണിക്കാതെ , വേറൊരു കുറ്റവാളിയുടെ കൊലപാതക സമയത്ത് മാക്മില്ലൻ സംഭവ സ്ഥലത്തു ഉണ്ടായിരുന്നു എന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ വധ ശിക്ഷ വിധിച്ചു. ഈ കുറ്റവാളിക്ക് ഈ സാക്ഷിമൊഴി നൽകാൻ ശിക്ഷയിൽ ഇളവ് ചെയ്തു കൊടുത്തു.
പിന്നീട് ഒരു കറുത്ത വർഗക്കാരനായ വക്കീൽ ആയ ബ്രയാൻ സ്റ്റീവൻസൻ കേസെടുത്തു നടത്തിയാണ് ഇദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചത്. ഈ വക്കീൽ സ്ഥാപിച്ച ഈക്വൽ ജസ്റ്റിസ് ഇനിഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ച സംഘടന ഇതുവരെ അനേകം ആളുകളെ നിരപരാധിത്വം തെളിയിച്ച് വധശിക്ഷയിൽ നിന്ന് പുറത്തു കൊണ്ടുവന്നിട്ടുണ്ട്. innocence project എന്നത് ഇതുപോലെ ജയിലിൽ കുറ്റം ചെയ്യാതെ കഴിയുന്നവരെ രക്ഷിക്കാൻ ഉള്ള വലിയൊരു പ്രൊജക്റ്റ് ആണ്.
മേൽപ്പറഞ്ഞ പോലെ ആയിരക്കണക്കിന് കേസുകൾ അമേരിക്കയിൽ ഉണ്ട്. ഇപ്പോഴും ഇതുപോലെ നടക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
അമേരിക്കയിൽ വെള്ളക്കാരും കറുത്ത വര്ഗക്കാരും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ തന്നെ അവരുടെ സാമൂഹിക വ്യത്യാസം നമുക്ക് മനസിലാക്കാം. വെള്ളക്കാർ കൂടുതൽ ചെയ്യുന്ന ടാക്സ് വെട്ടിക്കുന്നത് ശരാശി രണ്ടു ലക്ഷത്തോളം ഡോളർ ആണ്, അവർക്ക് കിട്ടുന്ന ശിക്ഷ വെറും ഏഴു മാസവും. എന്നാൽ കറുത്ത വർഗക്കാർ കൂടുതൽ നടത്തുന്ന കാർ മോഷണത്തിൽ നഷ്ടം സംഭവിക്കുന്നത് ഏതാണ്ട് ആയിരം ഡോളർ ആണ്, ശിക്ഷ ശരാശരി പതിനെട്ടു മാസവും. നമ്മളിൽ പലരും വിചാരിക്കുന്നത് കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങൾ അഴിമതിയെക്കാൾ ഗുരുതരം ആണെന്നാണ്. എന്നാൽ അഴിമതി പോലുള്ള കുറ്റകൃത്യങ്ങൾ പരോക്ഷമായി വ്യക്തികൾ ചെയ്യുന്ന കൊലപാതകങ്ങളെക്കാൾ കൂടുതൽ ആളുകളുടെ മരണത്തിൽ കലാശിക്കുന്നുണ്ട്. ( ഇതിനെ കുറിച്ച് വിശദമായി പിന്നെ എഴുതാം.)
അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പ്രശനം താഴെ കാണുന്ന ചില കണക്കുകളിൽ വ്യക്തമാകും. ഇതൊക്കെ അടുത്ത് തന്നെ ശരിയാകും എന്നൊരു പ്രതീക്ഷ എനിക്കില്ല കാരണം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൽ സമയം മുതൽ കറുത്ത വർഗക്കാർ ഉയിർത്തെഴുന്നേൽക്കുമ്പോൾ ഒക്കെ ആ സമരം അടിച്ചമർത്തുന്ന സമീപനം ആണ് സർക്കാർ കൈകൊണ്ടിട്ടുള്ളത്. ഇപ്പോൾ കാണുന്ന ഒരു വ്യത്യാസം ഈ സമരങ്ങളിൽ കറുത്ത വർഗക്കാർ മാത്രമല്ല, ഇന്ത്യക്കാർ ഉൾപ്പെടെ പല വംശങ്ങളിൽ പെട്ട യുവാക്കൾ അണിചേരുന്നു എന്നതാണ്.
വെള്ളക്കാരുടെ ശരാശരി കുടുംബ സമ്പത്ത് ( median networth) : 171,000 ഡോളർ , കറുത്ത വർഗ്ഗക്കാരുടേത് വെറും 17,600
വെള്ളക്കാരുടെ ശരാശരി വരുമാനം : 71,000 ഡോളർ കറുത്ത വർഗ്ഗക്കാരുടേത് : 41,000
ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ള വെള്ളക്കാർ : 8 ശതമാനം, കറുത്ത വർഗക്കാർ : 20 ശതമാനം.
ഇതെല്ലം മാറി വംശീയ തുല്യതയുള്ള ഒരു ലോകം വരാൻ ഇനിയും എത്ര നാളെടുക്കും എന്നതാണ് പ്രസ്കതമായ ചോദ്യം. അത് പക്ഷെ ട്രമ്പിനെ പോലെ പ്രതിഷേധക്കാരെ പട്ടിയെ കൊണ്ട് കടിപ്പിക്കും എന്ന് പറയുന്ന ഭരണകർത്താവിനെ തിരഞ്ഞെടുക്കുന്ന ഒരു ജനതയിൽ നിന്ന് അടുത്തൊന്നും പ്രതീക്ഷിക്കാൻ വയ്യ..
Photo : ആന്റണി റേ ഹിന്റൺ now.
Leave a Reply