ശ്രീധന്യ IAS

ഞാൻ താമസിക്കുന്ന ടൗണിൽ നിന്ന് ഏതാണ്ട് നാൽപതു മിനിറ്റ് കാറിനു പോയാൽ ലോകപ്രശസ്തമായ പ്രിൻസ്ടൺ സർവ്വകലാശാലയിലെത്താം. ഐൻസ്റ്റീൻ പഠിപ്പിച്ച , ഫിസിക്സ് പഠനത്തിന് പേരുകേട്ട, “Thinking fast and slow” എന്ന വിഖ്യാതമായ പുസ്തകം എഴുതിയ, ഇക്കണോമിക്‌സിൽ നോബൽ കിട്ടിയ  ഡാനിയേൽ കാനിമൻ ഇപ്പോഴും മനഃശാസ്ത്രം പഠിപ്പിക്കുന്ന , ഐവി ലീഗ് സർവകാലാശാലയായ ഇവിടെ പ്രവേശനം നേടുക വളരെ കഠിനമാണ്. പക്ഷെ ഈ യൂണിവേഴ്സിറ്റി അടിമത്വത്തിനു ചൂട്ടു പിടിച്ചതിനും , കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചതിനും കൂടി കുപ്രസിദ്ധമാണ്. 

ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ പഠിച്ചത് ഈ യൂണിവേഴ്സിറ്റിയിലാണ്. കറുത്ത വർഗക്കാരിയായ മിഷേൽ ആണ് റൂം മേറ്റ് എന്നറിഞ്ഞപ്പോൾ ആ മുറിയിൽ താമസിച്ചിരുന്ന വെളുത്ത വർഗക്കാരി മുറി മാറി പോയി എന്ന് മിഷേൽ തന്റെ പുസ്തകത്തിൽ പറയുന്നു. ഓർക്കുക മിഷേൽ പ്രിൻസ്റ്റണിൽ പഠിച്ചത് 1980 കളിലാണ്. അത്ഭുതപ്പെടാനില്ല, കാരണം പ്രിൻസ്റ്റണിലെ പല പ്രൊഫെസ്സർമാർക്കും പണ്ട് അടിമകളായി കറുത്ത വർഗ്ഗക്കാരുണ്ടായിരുന്നു. ന്യൂ ജേഴ്സിയിലെ അടിമകച്ചവടത്തിന്റെ ഒരു കേന്ദ്രം കൂടിയായിരുന്നു പ്രിൻസ്ടൺ സർവകലാശാല പണ്ട്.

ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളുടെയും ഭരണഘടനകളുടെ  ആമുഖത്തിൽ സ്ഥാനം പിടിച്ച “സ്വാതന്ത്ര്യം, സമത്വം, നീതി” എന്നൊക്കെ ഇരുന്നൂറ് വർഷം മുൻപ് ഭരണഘടനയിൽ എഴുതിവച്ച, അമേരിക്കയിൽ കറുത്തവർക്കും വെളുത്തവർക്കും ഒരേ സ്കൂളിൽ ഇരിക്കാം എന്ന് കോടതി വിധി വന്നത് 1960 ൽ മാത്രമാണ്. അന്ന് പക്ഷെ ക്ലാസ്സിലേക്ക് പോയ റൂബി ബ്രിഡ്ജസ് എന്ന കുട്ടിക്ക് പട്ടാളക്കാരുടെ അകമ്പടിയോടെ ഒറ്റക്ക് ക്ലാസ്സിരിക്കേണ്ടി വന്നു, കാരണം വെളുത്ത കുട്ടികളെ അവരുടെ  മാതാപിതാക്കൾ സ്കൂളിൽ നിന്ന് പിൻവലിച്ചു. 

ഈ വർഷം, പഠനമികവിന്റെ അടിസ്ഥാനത്തിൽ  പ്രിൻസ്ടനിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി തിരഞ്ഞെടുത്തത് നിക്കോളാസ് ജോൺസൻ എന്ന  ഒരു കറുത്ത വർഗക്കാരനെയാണ്, 274 വർഷത്തെ ചരിത്രത്തിൽ ആദ്യം. ചരിത്രം വഴിമാറി നടക്കുന്ന ഈ വാർത്ത വായിച്ചപ്പോൾ എനിക്ക് കേരളത്തിലെ ശ്രീധന്യയെ ഓർമ വന്നു, അയ്യങ്കാളിയെയും. 

1914  ലാണ് താഴ്ന്ന ജാതിക്കാരിയാണ് എന്ന ഒറ്റകാരണത്താൽ ഊരൂട്ടമ്പലം ഗവണ്മെന്റ്  സ്കൂളിൽ പഞ്ചമിക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതും, സ്കൂൾ ഉയർന്ന ജാതിക്കാർ തീവച്ച് നശിപ്പിക്കുന്നതും. വിദ്യഭ്യാസ സമത്വം കിട്ടുന്ന വരെ കർഷകർ ജോലിക്ക് കയറില്ല  എന്ന സമരമുറയാണ് അയ്യൻ‌കാളി ഇതിനെതിരെ പ്രയോഗിച്ചത്.  വളരെ നാൾ നീണ്ടുനിന്ന ഈ സമരം ദളിത് വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം ഉറപ്പുവരുത്തിയാണ് അവസാനിച്ചത്. ആ സമരവിജയത്തിന്റെ ഒരു തുടർച്ചയയാണ് ശ്രീധന്യയുടെ വിജയത്തെ ഞാൻ കാണുന്നത്. 

ചൂട് വച്ച് വിരിയിച്ചെടുക്കുന്ന ചിലരുടെ വിജയങ്ങൾക്കിടയിൽ  പൊരുതി തന്നെ നേടേണ്ട വിജയങ്ങൾ ചിലതുണ്ട്, അതിന്റെ മധുരം ഒന്ന് വേറെ തന്നെയായിരിക്കും.  

അതിനിടയിൽ നമ്മൾ എവിടെ നിന്ന് വരുന്നു എന്ന കാര്യത്തെ പരോക്ഷമായി കളിയാക്കിക്കൊണ്ട്  “വനവാസി” എന്ന് വിളിക്കാൻ ചില “നഗരവാസി” രാഷ്ട്രീയക്കാരുണ്ടാവും. അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പിക്കൊണ്ട്, തലയുയർത്തി  മുന്നോട്ടുപോവുക .

നോട്ട് : അമേരിക്കയിലെ മറ്റൊരു പ്രശസ്ത സര്വകലാശാലയായ, 1701 ൽ സ്ഥാപിക്കപ്പെട്ട , Yale University , ഒരു കണക്കിൽ  കേരളത്തിന്റെ പണം കൊണ്ടുണ്ടാക്കിയതാണ്, അതിന്റെ കഥ പിന്നെ എഴുതാം.  

One thought on “ശ്രീധന്യ IAS

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: