വിവാഹതിരായ രണ്ട് മക്കളും അവരുടെ കുടുംബങ്ങളും അവരുടെ അച്ഛനുമമ്മയും ഉള്ള ഒരു കൂട്ടുകുടുംബം സങ്കൽപ്പിക്കുക. രണ്ട് മക്കളും അവർക്ക് കിട്ടുന്ന ശമ്പളം അച്ഛനെ ഏൽപ്പിക്കും. എല്ലാ മാസത്തിന്റെയും തുടക്കത്തിൽ അച്ഛൻ രണ്ടു മക്കൾക്കുമായി ഈ ശമ്പളങ്ങളിൽ നിന്ന് ഒരു തുക കൈമാറും എന്നും കരുതുക.
രണ്ട് മക്കൾക്കും ഒരേ ശമ്പളം കിട്ടുകയും, രണ്ടുപേരുടെ കുടുംബങ്ങൾക്കും ഒരേ ആവശ്യം ഉള്ളതുമായ ഒരു കൂട്ടുകുടുംബത്തിൽ അവർക്കുള്ള തുക തുല്യമായി വീതിച്ചു നൽകിയാൽ മതിയാകും. പക്ഷെ ഒരു മകൻ/മകൾ വേണ്ട സമയത്ത് പഠിക്കാതെ ഉഴപ്പി നടന്നു, കൂലി കുറഞ്ഞ ജോലി ചെയ്യുന്ന ഒരാളും, അയാൾക്ക് വിദ്യാഭ്യാസം കുറഞ്ഞത് കൊണ്ട് അഞ്ചു കുട്ടികൾ ഉള്ളതും , മറ്റൊരു മകൻ നല്ല തനിക്ക് കിട്ടിയ അവസരം ഉപയോഗിച്ച് നന്നായി പഠിക്കുകയും, അയാളുടെ ഭാര്യയും ജോലി നോക്കുകയും , വിദ്യാഭ്യാസത്തിന്റെ ഫലമായി അയാൾക്ക് രണ്ടു കുട്ടികൾ മാത്രം ഉള്ളതും ആയ ഒരു സന്ദർഭത്തിൽ പഠിത്തം കുറഞ്ഞ , കൂടുതൽ കുട്ടികൾ ഉള്ള മകന് ചെലവിനായി കൂടുതൽ തുക കൊടുക്കേണ്ടിവരും, അയാൾ മാസത്തിൽ സമ്പാദിക്കുന്ന തുക കുറവാണെങ്കിൽ പോലും. ഇത് ന്യായമാണോ എന്ന് പടിപ്പുള്ള മകന് സംശയം തോന്നിയാൽ അയാളെ കുറ്റം പറയാൻ കഴിയില്ല.
ഇനി ഈ രണ്ടു മക്കൾക്കും കാൻസർ പോലുള്ള മാരകമായ ഒരസുഖം പിടിച്ചു എന്ന് കരുതുക. വിദ്യാഭ്യാസം ഇല്ലാത്ത മകന് മാത്രം അച്ഛൻ ചികിത്സയ്ക്കു പണം നൽകുകയും, കൂടുതൽ സമ്പാദിക്കുന്ന മകന് അഞ്ചിന്റെ പൈസ കൊടുക്കാതിരിക്കുകയും ചെയ്താൽ അത് അന്യായം ആണെന്ന് തലയിൽ ചാണകം ഇല്ലാത്ത എല്ലാവര്ക്കും മനസിലാകും.
ഇതിന്റെ മുകളിൽ കാൻസർ പിടിച്ച , വിദ്യാഭ്യാസം കൂടുതൽ ഉള്ള മകന് അയാളുടെ അടുത്ത സുഹൃത്തായ ഒരാൾ ചികിത്സയ്ക്ക് പണം വെറുതെ നൽകാം എന്ന് പറയുമ്പോൾ, തങ്ങളുടെ അഭിമാനം രക്ഷിക്കാൻ വേണ്ടി ആ സഹായം വാങ്ങരുത് എന്ന് അച്ഛൻ ഉത്തരവിട്ടാൽ ആ അന്യായത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതല്ലേ ഉള്ളൂ?
നിങ്ങൾ ഒരുപക്ഷെ ഊഹിച്ചിരിക്കാവുന്ന പോലെ കേരളത്തിന് വെള്ളപ്പൊക്ക ദുരിതശ്വാസം നിഷേധിച്ചതിനെ കുറിച്ചുള്ള ഒരു കുറിപ്പാണിത്. പക്ഷെ ഇത് വെള്ളപ്പൊക്ക ദുരിതാശ്വാസ നിഷേധത്തിനേക്കാൾ ആഴത്തിലുള്ള ഒരു നീതി നിഷേധം കൂടിയാണ്. അത് വ്യക്തമായി മനസിലാക്കണം എങ്കിൽ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ കുറിച്ച് കുറച്ചറിയണം.
ഇന്ത്യ പരമാധികാരമായ ഒരു രാജ്യമാണെന്ന് (republic ) നേരിട്ട് പറയുന്ന നമ്മുടെ ഭരണഘടന ഫെഡറൽ എന്ന നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും , ഇന്ത്യ സംസഥാനങ്ങളുടെ ഒരു കൂട്ടമാണ് (union of states ) എന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ കൂട്ടത്തിനെ പരസ്പര പ്രശ്നങ്ങൾ ഇല്ലാതെ നിലനിർത്താൻ മൂന്നു തരത്തിലുള്ള അധികാരങ്ങൾ നിർവചിക്കുന്നുമുണ്ട്. ഒന്നാമത്തേത് കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന പ്രതിരോധം മുതലായ സെൻട്രൽ ലിസ്റ്റ്, പോലീസ്, ജയിൽ, ആഭ്യന്തര നിയമപരിപാലനം തുടങ്ങിയ സ്റ്റേറ്റ് ലിസ്റ്റ്, പിന്നെ നമ്മുടെ ശോഭ ചേച്ചി കുപ്രസിദ്ധമാക്കിയ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരേപോലെ അധികാരപരിധിയുള്ള ക്രിമിനൽ നിയമങ്ങൾ ഉൾപ്പെടുന്ന കൺകറൻറ് ലിസ്റ്റ് എന്നിവ.
സാമ്പത്തിക കാര്യങ്ങളിൽ ഇതേപോലെ ഒരു നീക്കുപോക്കുണ്ട്. കേന്ദ്രം നേരിട്ട് പിരിക്കുന്ന കേന്ദ്ര വരുമാന നികുതി, സംസ്ഥാനത്തിന് പിരിക്കാവുന്ന കൃഷിയിൽ നിന്നും മറ്റുമുള്ള നികുതികൾ, രണ്ടുപേർക്കും കൂടി വേണ്ടി പിരിക്കുന്ന സ്റ്റേറ്റ് / സെൻട്രൽ ജി എസ ടി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് സാമ്പത്തിക കാര്യങ്ങൾ വരുന്നത്. ഇതിൽ ഭൂരിപക്ഷം നികുതിയും കേന്ദ്രത്തിലേക്കാണ് പോകുന്നത്. പല സംസ്ഥാനങ്ങൾക്കും തങ്ങൾ പിരിക്കുന്ന സംസ്ഥാന നികുതി കൊണ്ടുമാത്രം തങ്ങളുടെ സംസ്ഥാനത്തിലെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാതെ വരും, അപ്പോൾ കേന്ദ്രം തങ്ങൾ പിരിച്ച നികുതിയിൽ നിന്ന് ഒരു ഭാഗം സംസ്ഥാങ്ങൾക്ക് വീതിച്ചു നൽകും.
ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, കേന്ദ്രം എന്നത് ഒരു അമൂർത്തമായ സങ്കൽപം മാത്രമാണ്. യഥാർത്ഥത്തിൽ ആളുകൾ ജോലി ചെയ്യുന്നതും, താമസിക്കുന്നതും, നികുതി കൊടുക്കേണ്ടി വരുന്ന ജോലി ചെയ്യുന്നതും എല്ലാം സംസ്ഥാനങ്ങളിൽ ആണ്. പലപ്പോഴും കേന്ദ്രത്തിന് നികുതി പിരിച്ചു നൽകുന്നത് പോലും സംസ്ഥാനങ്ങളാണ്. കേന്ദ്രത്തിനോടെ സംസ്ഥാനങ്ങൾ പണം ചോദിക്കുമ്പോൾ അത് കേന്ദ്രത്തിലെ നേതാക്കൾ വീട്ടിൽ നിന്നെടുത്തു കൊണ്ടുവരുന്ന പണമല്ല, മറിച്ച് ഓരോ സംസ്ഥാനത്തെയും ജനങ്ങൾ ചോര നീരാക്കി ഉണ്ടാക്കി കേന്ദ്രത്തിനു കൊടുക്കുന്ന നികുതിയിൽ നിന്ന് അവർക്കവകാശപെട്ട ഒരു ഭാഗമാണ് അവരാവശ്യപെടുന്നത്.
ഓരോ സംസ്ഥാനത്തിനും എത്ര പണം കേന്ദ്രം കൊടുക്കണം എന്നതിന് ഒരു ഫോര്മുലയുണ്ട്. പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ ശുപാർശ ചെയ്യുന്നത് കേന്ദ്രം പിരിക്കുന്ന നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് തിരികെ നൽകണം എന്നാണ്. 58 ശതമാനം കേന്ദ്രത്തിന് പ്രതിരോധം വാർത്താവിനിമയം തുടങ്ങിയ കേന്ദ്ര ലിസ്റ്റിലെ കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഈ 42 ശതമാനം വിതരണം ചെയ്യപ്പെടുന്നത് താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
1. ജനസംഖ്യ. കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാങ്ങൾക്ക് കൂടുതൽ പണം കിട്ടും. ഇത് ഒറ്റനോട്ടത്തിൽ ശരിയായ രീതിയാണെന്ന് തോന്നാമെങ്കിലും, ഒരു ചെറിയ പ്രശ്നമുണ്ട്. തങ്ങൾക്ക് കിട്ടുന്ന പണം മര്യാദയ്ക്ക് വിദ്യാഭ്യാസത്തിനും , പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ച് തങ്ങളുടെ ജനസംഖ്യ കുറച്ചു കൊണ്ടുവരുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഇത് വലിയ തിരിച്ചടിയാണ്. അതേസമയം തങ്ങൾക്ക് കിട്ടുന്ന പണം പശുക്കളെ പോറ്റാൻ ഉപയോഗിക്കുന്ന, അടിസ്ഥാന ജനവിഭാഗത്തിന്റെ ആരോഗ്യവും, വിദ്യാഭ്യാസവും രണ്ടാം തരമായി കണക്കാക്കുന്ന ഉത്തർപ്രദേശ് പോലുള്ള സംസ്ഥാങ്ങൾക്ക് ഇത് ലോട്ടറിയായി മാറുകയും ചെയ്യും. BIMARU സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന ബീഹാർ, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാങ്ങൾക്ക് ഇതുകൊണ്ട് അവർ കേന്ദ്രത്തിലേക്ക് കൊടുക്കുന്നതിന്റെ പല മടങ്ങ് പണം ലഭിക്കും. ജനസംഖ്യ നിയന്ത്രണത്തിലുള്ള കേരളം, തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യം ഗോവിന്ദ.
2. ഇൻകം ഡിസ്റ്റൻസ്. : സാമ്പത്തിക അസന്തുലിതാവസ്ഥ.
ഒരു സംസ്ഥാനത്തിന്റെ ജിഡിപി രാജ്യത്തിലെ ശരാശരി ജിഡിപി യിൽ നിന്നും എത്ര കുറവാണു എന്ന് നോക്കി, ജിഡിപി കുറഞ്ഞ സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകും. കേരളം ഒരു ചെറിയ സംസ്ഥാനം ആണെങ്കിലും നമ്മൾ കൊടുക്കുന്ന നികുതി വച്ച് നോക്കിയാൽ രാജ്യത്ത് പത്താം സ്ഥാനത്താണ്. ഹരിയാന, പഞ്ചാബ് , മധ്യപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബീഹാർ എന്നീ വലിയ സംസ്ഥാനങ്ങൾ എല്ലാം നമ്മളെക്കാൾ കുറവ് നികുതിയാണ് കൊടുക്കുന്നത്. മുകളിൽ പറഞ്ഞ അതെ പ്രശനമാണിവിടെയും. സംസ്ഥാനം സാമ്പത്തികമായി മുന്നോക്കം നിന്നാൽ കേന്ദ്രം പണം തരില്ല. അഴിമതി നടത്തി എന്നും ദരിദ്ര സംസ്ഥാനമാക്കി നിലനിർത്തിയാൽ കേന്ദ്രത്തിൽ നിന്നും ഇഷ്ടം പോലെ പണം ലഭിക്കും.
സംസ്ഥാനത്തിന്റെ വലിപ്പം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങി കുറെ കൂടി കാര്യങ്ങളുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഓരോ പൗരനും കേന്ദ്രത്തിന് കൊടുക്കുന്ന 100 രൂപ നികുതിയിൽ ഓരോ സംസ്ഥാനത്തിനും കിട്ടുന്ന പൈസയുടെ കണക്ക് താഴെ.
1. ബീഹാർ : 219 രൂപ. എന്നുവച്ചാൽ ഓരോ ബീഹാറിയും കൊടുക്കുന്ന 100 രൂപയ്ക്ക് കേന്ദ്രം ഇരട്ടിയിൽ അധികം പണം അവർക്ക് തിരികെ നൽകും, ഇത് മറ്റു സംസ്ഥാങ്ങൾ കേന്ദ്രത്തിനു കൊടുക്കുന്ന നികുതിയിൽ നിന്നെടുത്തു കൊടുക്കുനതാണ്.
2. ഉത്തർ പ്രദേശ് : 149
3. ഒറീസ : 142
4. മധ്യ പ്രദേശ് : 139
ഇനി ആരുടെ കയ്യിൽ നിന്നാണ് പണം പോകുന്നത് എന്ന് നോക്കാം. താഴെ കൊടുക്കുന്ന സംസ്ഥാനങ്ങൾക്ക് അവർ കൊടുക്കുന്ന നൂറു രൂപയിൽ കിട്ടുന്ന കണക്ക് താഴെ;
1. കേരളം : 52 രൂപ മാത്രം. 48 രൂപ മറ്റു സംസ്ഥാനങ്ങൾ കൊണ്ടുപോകും. ഓർക്കുക, കേന്ദ്രം എടുക്കുന്ന 58 ശതമാനത്തിന് പുറമെ നമുക്ക് നഷ്ടപെടുന്ന കണക്കാണിത്.
2. കർണാടക : 36 , സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പതിനഞ്ചാം സാമ്പത്തിക കമ്മീഷന് എതിരെ അദ്ദേഹം പ്രസ്താവന ഇറക്കാനുള്ള കാരണം ഇതാണ്.
3 .തമിഴ് നാട് : 29 : കരുണാനിധി ഇതേപ്പറ്റി കുറെ ഒച്ച വച്ച ഒരാളാണ്.
4, മഹാരാഷ്ട്ര : വെറും 13
കേരളത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസം വേണമെന്ന് പറയുമ്പോൾ കേരളത്തിലെ പല സംഘികളും വിചാരിക്കുന്നത് നമ്മൾ മോദിയും അമിത് ഷായും അവരുടെ വീട്ടിൽ നിന്നെടുത്തു കൊണ്ടുവരുന്ന പണത്തിന്റെ കാര്യമാണ് പറയുന്നതെന്നാണ്. നമ്മൾ ചോദിക്കുന്നത് നമ്മുടെ സംസ്ഥാനത്തു നിന്ന് കേന്ദ്രത്തിനു കൊടുത്ത പണത്തിൽ നമുക്ക് ഒരു പ്രശനം വരുമ്പോൾ അർഹതപ്പെട്ട നമ്മുടെ പണമാണ്. കേന്ദ്രത്തിന് സ്വന്തമായി വലിയ വരുമാനമില്ല, കേരളം പോലുള്ള സംസ്ഥാനങ്ങൾ കൊടുക്കുന്ന പണമാണ് നമുക്ക് തന്നെ തിരികെ തരുന്നത്. അതിൽ തന്നെ മേല്പറഞ്ഞ പോലെ പന്തിയിൽ പക്ഷഭേദം കഴിഞ്ഞിട്ട് കിട്ടുന്ന പണമാണ്. കേരളത്തിന് അവകാശപ്പെട്ട നമ്മുടെ പണമാണ്.
പൗരത്വ ബിൽ വിശദീകരിക്കാൻ ബിജെപി ക്കാർ നിങ്ങളുടെ വീട്ടിലേക്ക് വരും. അവരെ ഈ ഫെഡറൽ സംവിധാനം എന്താണെന്ന് പറഞ്ഞു മനസിലാക്കണം. കേരളത്തിന് ലഭിക്കേണ്ട ദുരിതാശ്വാസ സഹായം ലഭിക്കാൻ അവരെന്ത് ചെയ്തു എന്ന് ചോദിക്കണം. ആ പണം നൽകിയില്ല എന്നത് മാത്രമല്ല, അന്ന് കൊടുത്ത റേഷനരിയുടെ വില സംസ്ഥാനം തിരിച്ചടക്കണം എന്നും പറയുന്നതിന്റെ ലോജിക് കൂടി ചോദിക്കണം. കൃത്യമായ മറുപടി കിട്ടാതെ വീടിനു വെളിയിലേക്ക് വിടരുത്.
Leave a Reply