“നിനക്ക് മാത്രമെന്താണ് ഇത്രയും മാത്രം അനുഭവങ്ങൾ. ഇനി എഴുതാൻ വേണ്ടി ചില കാര്യങ്ങൾ നീ ഭാവനയിൽ നിന്ന് എടുത്തിടുകയാണോ?” കൂട്ടുകാരന്റെ ചോദ്യമാണ്.
സത്യം പറഞ്ഞാൽ എന്റെ അനുഭവങ്ങളിൽ പലതും പബ്ലിക് ആയി എഴുതാൻ കഴിയാത്തവയാണ്. പൗലോ കൊയ്‌ലോ പറഞ്ഞ പോലെ നമുക്ക് എല്ലാവർക്കും പബ്ലിക്, പ്രൈവറ്റ് , സീക്രെട്ട് എന്നിങ്ങനെ മൂന്നു ജീവിതങ്ങളുണ്ട്. പൊതു ജീവിതം എല്ലാവരും അറിയുമ്പോൾ, പേർസണൽ ജീവിതം കുടുംബത്തിൽ ഉളളവർ മാത്രം അറിയുന്നതും രഹസ്യ ജീവിതവും ഫാന്റസികളും നമ്മളുടെ ഉള്ളിൽ മാത്രം നിൽക്കുന്നതും ആയ ഒന്നുമാണ്.
ഉദാഹരണത്തിന് നിങ്ങളെ ആരെങ്കിലും നിങ്ങളറിയാതെ കൊന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ? എനിക്ക് ഉണ്ടായിട്ടുണ്ട്. പറയുമ്പോൾ ആളുകൾ വിശ്വസിക്കണം എന്നില്ല.
മൊബൈൽ ഫോൺ അത്ര പ്രചാരത്തിൽ ആയിട്ടില്ലാത്ത കാലത്ത് ജോലിയുടെ ഭാഗമായി സ്വീഡനിൽ ആറുമാസം പോകേണ്ടി വന്നു. എന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു, എന്റെ വീട്ടിൽ നിന്നും ആദ്യമായാണ് ഒരാൾ വിദേശത്തു പോകുന്നത്.
അത്യാവശ്യ കാര്യമില്ലാതെ, എനിക്ക് പൊതുവെ മറ്റുള്ളവരെ ഫോൺ ചെയ്തു സംസാരിക്കാൻ മടിയാണ്. സ്വീഡനിൽ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്യാൻ വലിയ പണച്ചിലവ് ഉള്ളത് കൊണ്ട് വല്ലപ്പോഴും മാത്രമായിരുന്നു ഫോൺ വിളിയൊക്കെ. തിരിച്ചു നാട്ടിൽ വരുന്ന കാര്യം ഉമ്മയെ വിളിച്ചു പറഞ്ഞപ്പോൾ ഒരു ചെറിയ ആശയകുഴപ്പം ഉണ്ടായി. ഞാൻ നാട്ടിലേക്ക് വരും എന്ന് മാത്രം പറഞ്ഞു, കൊച്ചിയിലേക്ക് വരും എന്ന് ഉമ്മ കരുതി, ഞാൻ ശരിക്കും ബാംഗ്ലൂരിലേക്ക് വരും എന്നായിരുന്നു ഉദ്ദേശിച്ചത്. ഞാൻ ബാംഗ്ലൂരിൽ വിമാനം ഇറങ്ങി അന്ന് വൈകുന്നേരം നാട്ടിലേക്ക് ബസിൽ കയറിയപ്പോഴേക്കും വീട്ടിൽ എന്നെ കാണാതെ ഉമ്മാക്ക് ആധിയായി തുടങ്ങിയിരുന്നു.
അപ്പോഴാണ് ടിവിയിൽ കോവളം ബീച്ചിൽ അടിഞ്ഞ ഒരു അജ്ഞാത മൃതദേഹത്തിന്റെ വാർത്തയും ചിത്രവും കാണിച്ചത്. വീട്ടിലുണ്ടായിരുന്ന എന്റെ പെങ്ങൾക്ക് ആ കാണിച്ച ഫോട്ടോയ്ക്ക് എന്റെ മുഖവും ആയി സാദൃശ്യം ഇല്ലേ എന്നൊരു സംശയം. അത് പറഞ്ഞതോടെ വീട്ടിൽ വലിയ നിലവിളിയായ്. “അവൻ തിരുവനന്തപുരത്തു പോകും എന്നോ മറ്റോ എന്നോട് പറഞ്ഞിരുന്നു” എന്ന് ഉമ്മയുടെ വക ഒരു നുണയും കൂടി ആയപ്പോൾ ആളുകൾ എന്റെ മരണം ഏതാണ്ട് ഉറപ്പിച്ചു. എന്റെ കമ്പനിയിൽ വിളിച്ചു ചോദിച്ചപ്പോൾ ഞാൻ കൊച്ചിയിലേക്ക് പോയല്ലോ എന്നൊരു മറുപടിയും കിട്ടി. കാരണം അപ്പോഴേക്കും ഞാൻ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള ബസിൽ കയറിയിരുന്നു. അതുകൊണ്ട് തന്നെ എന്നെ പിന്നീട് ഒരുതരത്തിലും ബന്ധപ്പെടാൻ ഉള്ള ഒരവസരം വീട്ടുകാർക്ക് ഉണ്ടായില്ല.
എന്റെ മൃതദേഹം കണ്ട് ഉറപ്പിക്കാൻ പാവം ബാപ്പ വൈകുന്നേരം എറണാകുളത്ത് നിന്ന് കോവളത്തേക്ക് ബസിൽ യാത്ര തിരിച്ചു. എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ സീറ്റ് കിട്ടാതെ നിന്ന് യാത്ര ചെയ്തു എന്ന് എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. ബാപ്പ വെളുപ്പിന് തിരുവനന്തപുരത്തു എത്തി മൃതദേഹം കണ്ടു ഞാൻ ആണോ എന്നറിയാൻ കോവളം പോലീസ് സ്റ്റേഷനിലേക്ക് പോയി.
അപ്പോഴേക്കും ബാംഗ്ലൂരിൽ നിന്ന് എറണാകുളത്ത് ബസിറങ്ങി പള്ളുരുത്തിയിൽ എത്തിയ ഞാൻ ബാഗും തൂക്കി വീട്ടിലേക്ക് നടന്നു വരുന്ന എന്നെ കണ്ട ഒരയൽക്കാരൻ ഏതാണ്ട് ഒരു പ്രേതത്തെ കണ്ട പോലെ വിളറി വെളുത്തു. പിന്നീട് ഞാൻ തന്നെയാണ് എന്ന് ബോധ്യം വന്ന അയാൾ എന്നോട് വേഗം വീട്ടിലേക്ക് പോകാൻ പറഞ്ഞു. ഞാൻ വീട്ടിലെത്തിയപ്പോഴേക്കും കസേരകൾ ഒക്കെ നിരത്തി, അയൽക്കാരും ബന്ധുക്കളും ഒക്കെ കരഞ്ഞു കൊണ്ട് നിൽക്കുന്ന എന്റെ തന്നെ മരണവീടാണു കണ്ടത്.
ഞാൻ തിരുവനന്തപുരത്തേക്ക് പോകും എന്ന് എന്തിനാണ് നുണ പറഞ്ഞത് എന്ന് ഞാൻ ഉമ്മയോട് ചോദിച്ചു. അങ്ങിനെ പറഞ്ഞാൽ മാത്രമേ ആളുകൾ ഇത് സീരിയസ് ആയി എടുക്കൂ എന്നോ മറ്റോ എന്തോ മറുപടി കിട്ടി. പക്ഷെ അമിതമായി ഉത്കണ്ഠ ഉള്ള , അതൊരു മാനസിക രോഗത്തിന്റെ നിലയിലേക്ക് മാറുന്ന ഒരാളെയാണ് ഞാൻ ഉമ്മയിൽ കണ്ടത്. ഉമ്മാക്ക് മുൻപും അമിത ഉത്കണ്ഠ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഇത്രയും വലിയ പ്രശ്‌നമായി മാറും എന്ന് ഞങ്ങൾ ആരും കരുതിയില്ല.
ഉത്കണ്ഠ അനുഭവിക്കാത്ത മനുഷ്യരില്ല. ഒരു അപകടസാധ്യത അനുഭവപ്പെടുമ്പോഴാണ് (threat perception) ഉത്കണ്ഠ ഉണ്ടാവുന്നത്. പക്ഷെ അത് ഒരു സന്ദർഭം കൈകാര്യം ചെയ്യാൻ ശരീരത്തെ തയ്യാറാക്കുന്ന സ്വാഭാവികമായ ഒരു കാര്യമായി എടുക്കാൻ കഴിയണം. ആവശ്യത്തിൽ കൂടുതൽ ഉത്കണ്ഠ തോന്നുന്ന സന്ദർഭങ്ങളിൽ കൂട്ടുകാരോടോ മറ്റോ സംസാരിക്കുക. എന്നിട്ടും പ്രശനം ആണെങ്കിൽ വൈദ്യ സഹായം തേടുക.
ഇപ്പോൾ പറയുമ്പോൾ ആളുകൾക്ക് വിശ്വാസം വരില്ലെങ്കിലും ഇതൊക്കെ ശരിക്കും നടന്ന കഥയാണ്. ഈ കൊറോണക്കാലത്ത് അമിത ഉത്ക്കണ്ഠ അനുഭവിക്കുന്ന അനേകം ആളുകൾ ഉണ്ടാകും. ഓർക്കുക ഇതും നമ്മൾ മറികടക്കും. പിന്നീട് വേറെ എല്ലാ അനുഭവങ്ങളെയും പോലെ ഒന്നായി ഇതും മാറും. അമിതമായി ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല. പ്രത്യേകിച്ഛ് ലോകത്ത് കൊറോണക്കാലത്ത് ഏറ്റവും സുരക്ഷിതമായി ഇരിക്കാവുന്ന ഒരിടമായ കേരളത്തിൽ ഉള്ളവർ.
: നസീർ ഹുസ്സൈൻ
Crct ann ഈ കൊറോണയെയും നമ്മൾ അതിജീവിക്കും…… എന്നാലും പാവം ഉമ്മ കുറെ തീ തിന്നിട്ട് ഉണ്ടാകും………
LikeLike
ഇതും നമ്മൾ മറികടക്കും.
ശരിയാണ്.
ആ കഥ ഞെട്ടിച്ചു കളഞ്ഞു.
LikeLike