
ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും? ന്യൂ യോർക്ക് നഗരത്തിലെ പ്ലംബിംഗ് അതോടെ തകരും, ന്യൂ യോർക്ക് നിശ്ചലമാകും.
കാരണം ഒരേ സമയം വരാൻ സാധ്യതയുള്ള ഒരു നിശ്ചിത അളവ് വേസ്റ്റും വെള്ളവും കൈകാര്യം ചെയ്യാനുള്ള ത്രാണിയിലാണ് ന്യൂ യോർക്കിലെ പ്ലംബിംഗ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം അതിനേക്കാൾ ഏറെ വെള്ളം വന്നാൽ ഒഴുകി പോകാൻ ബുദ്ധിമുട്ടുണ്ടായി, വെള്ളം ടോയ്‌ലെറ്റുകളിലൂടെ തന്നെ തിരിച്ച് പുറത്തേക്ക് ഒഴുകുന്ന സ്ഥിതിവിശേഷം ഉണ്ടാകും.
നമ്മുടെ നാട്ടിലെ ആശുപത്രികളും ഇന്റെൻസീവ് കെയർ യൂണിറ്റ് റൂമുകളും ഇതുപോലെ ഉണ്ടാകാൻ സാധ്യതയുള്ള മാക്സിമം കേസുകളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിട്ടുള്ളതാണ്. അതിലേറെ ആളുകൾ വന്നാൽ എന്ത് ചെയ്യും? വരുന്ന രോഗികളുടെ സീരിയസ്നെസ്സ് നോക്കി ചിലരെ ഓക്സിജൻ കൊടുത്ത് അകത്ത് കിടത്തും , മറ്റുള്ളവരെ വരാന്തയിലേക്ക് മാറ്റും. അതിലും കൂടുതൽ വന്നാൽ നമ്മുടെ ആരോഗ്യ രംഗം ഒരു പ്രതിസന്ധിയെ നേരിടും, ഒരു പക്ഷെ ഇതുവരെ ഉണ്ടായ നേട്ടങ്ങൾ എല്ലാം താറുമാറാക്കുന്ന സ്ഥിതിയിലേക്ക് മാറും, അതും പ്രത്യേകിച്ച് നഴ്‌സുമാർക്കും, ഡോക്ടർമാർക്കും രോഗം പടരാൻ സാധ്യത ഉള്ള കോറോണ പോലുള്ള കേസുകളിൽ.
എല്ലാ പകർച്ചവ്യാധികളും ഇത്തരമൊരു tipping point ഉണ്ട്. നമ്മുടെ സിസ്റ്റത്തിന് കൈകാര്യം ചെയ്യാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ കേസുകൾ വന്നാൽ സിസ്റ്റം മൊത്തം തകരുന്ന ഒരു പോയിന്റ്. ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽ സംഭവിച്ചതും, ഒരു പക്ഷെ അമേരിക്കയിൽ സംഭവിക്കാൻ സാധ്യത ഉള്ളതുമായ ഒരു കാര്യമാണിത്.
ഇന്നല്ലെങ്കിൽ നാളെ ഒരു പക്ഷെ നമുക്ക് എല്ലാവര്ക്കും കൊറോണ പിടിപെട്ടേക്കാം, പക്ഷെ നമ്മളായി എല്ലാവര്ക്കും കൂടി ഒരേ സമയത്ത് രോഗം ഉണ്ടാകുന്ന ഒരു സാഹചര്യം ഉണ്ടാക്കരുത്. ഒന്ന് രണ്ടു വർഷങ്ങൾക്കിടയിൽ നമ്മളിൽ 60% ആളുകൾക്കും കൊറോണ പിടിച്ചാൽ ഒരു പക്ഷെ നമ്മുടെ ആരോഗ്യ രംഗം അത് പ്രശ്നങ്ങൾ ഇല്ലാതെ കൈകാര്യം ചെയ്തേക്കാം, പക്ഷെ ഒരേ സമയത്ത് നമ്മളിൽ 5% ആളുകൾക്ക് അസുഖം വന്നാൽ പോലും നമ്മുടെ ആരോഗ്യ രംഗം തകരും. Flattening the curve എന്നാണ് ഇങ്ങിനെ കുറെ സമയം എടുത്ത് ഒരു പ്രശ്നം പരിഹരിക്കുന്നതിന് പറയുക ( ചിത്രം കാണുക. ബരാക്ക് ഒബാമ ഇതിനെക്കുറിച്ച് ഇട്ട ഒരു പോസ്റ്റിൽ നിന്ന് ചൂണ്ടിയതാണ്)
അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങില്ല എന്ന് കരുതുന്ന ഓരോരോരുത്തരും അസുഖം വരാൻ സാധ്യതയുള്ള മറ്റുള്ളവർക്ക് ചെയ്യുന്നത് ഒരു വലിയ സഹായമാണ്. സ്കൂളുകൾ, കുടുംബ യൂണിറ്റ് മീറ്റിംഗുകൾ, പള്ളികളിലെ പ്രാർത്ഥനകൾ തുടങ്ങിയവ ദയവായി ഒഴിവാക്കുക. ഞാൻ എന്റെ മലയാളം ക്ലാസ് ഇപ്പോൾ ഗൂഗിൾ ക്ലാസ് റൂം വഴിയാണ് നടത്തുന്നത്. എന്റെ മക്കളുടെ സ്കൂളുകളും അടുത്ത ആഴ്ച മുതൽ ഓൺലൈൻ ആയിരിക്കും. കേരളം ഗവണ്മെന്റ് ക്ലാസുകൾ ഓൺലൈൻ നടത്താൻ ഉള്ള സാഹചര്യം ഒരുക്കും എന്നാണെന്റെ പ്രതീക്ഷ.
പ്രായമായവർക്ക് മാത്രമേ ജീവഹാനി ഉണ്ടാകൂ എന്നുള്ളത് കൊണ്ട് കൊറോണയെ പേടിക്കാതെ പുറത്തിറങ്ങി നടക്കുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരോട് ഒരു വാക്ക്. നിങ്ങൾക്ക് കൊറോണ പിടിച്ചാൽ, നിങ്ങൾ പുറത്തിറങ്ങി നടക്കുന്നത് കൊണ്ട് അത് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ പടരുന്നവരിൽ പ്രായമുള്ളവരോ, മാറ്റ് അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഉണ്ടാകാം. അതുകൊണ്ട്, നിങ്ങളുടെ ജീവന് പ്രശ്നമില്ലെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ദയവായി വീട്ടിലിരിക്കുക. Herd immunity എന്നൊരു സംഭവമുണ്ട്, പല വാക്‌സിനുകളും നമ്മൾ എടുക്കുന്നത് പലപ്പോഴും നമുക്ക് വേണ്ടിയല്ല മറിച്ച് നമ്മൾ വഴി മറ്റുള്ളവർക്ക് അസുഖം വരാതിരിക്കാനാണ്. വാക്‌സിൻ എടുക്കാത്ത പലർക്കും അസുഖം വരാത്തതും ഇതുപോലെ herd immunity ഉള്ളതുകൊണ്ടാണ്.
കോറോണയ്ക്കെതിരെ അത് സംഭവിക്കുന്നത് വരെ നമുക്ക് കരുതലോടെയിരിക്കാം…
: നസീർ ഹുസ്സൈൻ
Leave a Reply