ഇന്ത്യൻ സുപ്രീം കോടതി എന്ന നാണക്കേട്

ഭരണ / രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇന്ത്യൻ സുപ്രീം കോടതി ആദ്യമായി രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ കുനിഞ്ഞു നിന്നത് അടിയന്തിരാവസ്ഥക്കാലത്താണ്. 1971 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയോട് പരാജയപ്പെട്ട രാജ് നരേൻ എന്നൊരാൾ ഇന്ദിര ഗാന്ധി ഭരണ ദുരുപയോഗം ചെയ്താണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് എന്ന് കാണിച്ച് അലഹബാദ് ഹൈ കോടതിയിൽ കൊടുത്ത ഒരു കേസായിരുന്നു കാര്യങ്ങൾക്ക് തുടക്കം കുറിച്ചത്. ശാന്തി ഭൂഷൺ വാദിച്ച ആ കേസിൽ അലഹബാദ് ഹൈ കോടതി ഇന്ദിരാഗാന്ധിക്ക് എതിരായി വിധി പ്രഖ്യാപിച്ചു. അടുത്ത ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കുകയും ചെയ്തു.

ഇതിനെതിരെ ഇന്ദിര സുപ്രീം കോടതിയിൽ പോയി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ 1975 ജൂൺ 24 നു ഹൈ കോടതി വിധി ശരിവച്ചു. ഇന്ദിരാഗാന്ധിയുടെ എം പി എന്ന നിലയിലെ എല്ലാ ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു, വോട്ട് ചെയ്യാനുള്ള അവകാശം ഉൾപ്പെടെ. അന്ന് വൈകുന്നേരം പ്രസിഡന്റ് ഫക്രുതിന് അലി അഹമ്മദ് ഇന്ദിരയുടെ ആവശ്യപ്രകാരം ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാർ പോലും കാര്യമറിഞ്ഞത് പിറ്റേന്നാണ്‌.

അതിനു ശേഷം ഇന്ത്യൻ സുപ്രീം കോടതി കളം മാറിച്ചവിട്ടി. ആയിരങ്ങളെ ഒരു കാര്യവുമില്ലാതെ, വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിച്ച സമയത്ത് ആളുകൾ കോടതികളിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. അതുവരെ ഹേബിയസ് കോർപ്പസ് പരാതി കൊടുത്താൽ ആളെ കണ്ടെത്തേണ്ട ഭരണകൂടത്തിനായിരുന്നു. ഇന്ദിര ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാനുള്ള അവകാശം എടുത്തു കളഞ്ഞു.

ഇതിനെതിരെ ഉള്ള കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ നാലിൽ മൂന്നു ജഡ്‌ജികളും സർക്കാരിനെ പിന്തുണച്ചു. ജസ്റ്റിസ് എച് ആർ ഖന്ന മാത്രമാണ് വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയത്. “വ്യക്തിസ്വാതന്ത്രത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും വിചാരണ കൂടാതെയുള്ള തടവ് ഒരു ശാപമാണ്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് മറ്റു മൂന്നു ജഡ്ജിമാർ, തെറ്റാണെന്നു അറിഞ്ഞു കൊണ്ടുതന്നെ സർക്കാരിന്റെ കൂടെ നിന്നത്? കാരണം തങ്ങൾക്ക് ഇഷ്ടപെടാത്ത ജഡ്ജിമാരെ സ്ഥലം മാറ്റുന്ന ശിക്ഷ രീതി ഇന്ദിര ഗാന്ധി നടപ്പിലാക്കി തുടങ്ങിയിരുന്നു.

ജഡ്ജിമാരെ സ്ഥലം നിയമിക്കാനും സ്ഥലം മാറ്റാനും എല്ലാം ഉള്ള അധികാരം ആർട്ടിക്കിൾ 222 പ്രകാരം രാഷ്ട്രപതിക്കാണ്. രാഷ്ട്രീയത്തിന് അതീതൻ ആയ ഒരാൾ എന്നാണ് ഭരണഘടനാ രാഷ്‌ട്രപതി സ്ഥാനത്തെ കണ്ടത്, പക്ഷെ ഭൂരിപക്ഷം രാഷ്ട്രപതിമാരും രാഷ്ട്രീയപാർട്ടികളുടെ പാവകളായിരുന്നു. അതുകൊണ്ട് തന്നെ ഭരണ നേതൃത്വങ്ങൾക്ക് ജഡ്ജിമാരെ സ്വാധീനിക്കുന്നത് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയും.

ഇനി ഇന്നത്തെ കാര്യങ്ങൾ എടുത്താൽ ഒരു പെണ്ണുകേസ് ഉൾപ്പെടെ ഉള്ള ആരോപണങ്ങൾ വന്നയാളാണ് ഇപ്പോൾ ബിജെപി കലാകാരന്മാരുടെ പട്ടികയിൽ പെടുത്തി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ജസ്റ്റിസ് ഗോഗോയ്. പുള്ളിയുടെ പെണ്ണ് കേസ് അന്വേഷിച്ച സമിതിയിൽ ഒരാൾ പുള്ളി തന്നെയായിരുന്നു എന്നതാണ് തമാശ.

ഗൊഗോയിയെ പോലുള്ള ജഡ്ജിമാർ റിട്ടയര്മെന്റിനു ശേഷം രാഷ്ട്രീയ നിയമനങ്ങൾക്ക് സാധ്യത ഉണ്ടെന്ന് കണ്ടാൽ സർക്കാർ ആഗ്രഹിക്കുന്ന വിധികൾ പുറപ്പെടുവിക്കാൻ തുടങ്ങും. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 എന്ന വളരെ ഉയർന്ന വയസായി വച്ചത് ഭരണഘടനാ ഉണ്ടാക്കിയവരെ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി ചെയ്തതാണ്. എന്നിട്ടും ഫലം തഥൈവ.

ഹൈ കോടതി, സുപ്രീം കോടതി ജഡ്ജിമാർ വിരമിച്ച് പത്തുകൊല്ലത്തേക്ക് വേറെ രാഷ്ട്രീയ സ്ഥാനമാനങ്ങൾ വഹിക്കാൻ പാടില്ല എന്നൊരു നിയമം കൊണ്ടുവരണം അല്ലെങ്കിൽ ഇതുപോലെ

ഡൽഹി നഗരം കത്തിച്ചാമ്പലാകുമ്പോൾ അതിനു വെടിമരുന്നിട്ട കപിൽ മിശ്രയെ പോലുള്ള ഒരാളെ അറസ്റ്റ് ചെയ്യാൻ രണ്ടാഴ്ച സമയം കൊടുക്കുന്ന

പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന അയോദ്ധ്യ വിധി പ്രഖ്യാപിക്കുന്ന (അതും ഒരു ജഡ്ജിപോലും എതിർപ്പ് പ്രകടിപ്പിക്കാതെ)

നിരപരാധിയാകാൻ സാധ്യതയുള്ള ഒരാളെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ തൂക്കിലേറ്റുന്ന

മതം ഒന്നുകൊണ്ട് മാത്രം ജസ്റ്റിസ് ഖുറൈഷിയെ മധ്യപ്രദേശ് ചീഫ് ജുസ്ടിസ് ആക്കാതെ സ്ഥലം മാറ്റിയ

അമിത് ഷായ്ക്കെതിരെ ഒരു കേസിൽ വാദിച്ചു എന്ന ഒരു കാരണം കൊണ്ട് ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജി ആക്കാൻ പരിഗണിക്കാത്ത

കശ്മീരിലെ തീർത്തും ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾക്ക് കേന്ദ്ര സർക്കാരിന് ഏറാൻ മൂളിയായി നിൽക്കുന്ന

ഭീമാ കോറിഗോൺ കേസിൽ മാവോയിസ്റ് ബന്ധം പറഞ്ഞ് ഒരു തങ്ങൾക്ക് ഇഷ്ടപെടാത്ത പ്രൊഫെസ്സർ സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്ന

മോദിക്കും അമിത് ഷായ്ക്കും എതിരെ തെളിവുകൾ നിരത്തിയതിനു ഇരയാക്കപ്പെട്ട സഞ്ജീബ് ഭട്ടിന് അനുകൂലമായി ഒന്നും സംസാരിക്കാത്ത

ജവഹർലാൽ സർവകലാശാലയിൽ അതിക്രമിച്ചു കയറി കുട്ടികളെ തള്ളിയ ഒരാളെ പോലും ശിക്ഷിക്കാത്ത

CAA പ്രതിഷേധത്തിൽ ഉത്തർപ്രദേശ് ഗവണ്മെന്റ് തല്ലിച്ചതച്ച ഒരാൾക്ക് പോലും നീതി കൊടുക്കാത്ത

സുപ്രീം കോടതി വിധി പോലും ധിക്കരിച്ച് തങ്ങൾക്ക് ഇഷ്ടപെടാത്ത അലോക് വർമയെ സിബിഐ നേതൃസ്ഥാനത്ത് നിന്നും മാറ്റിയ അലോക് വർമയെ തിരിച്ചെടുക്കാൻ പറയാത്ത

ഒരു നീതിന്യായ വ്യവസ്ഥ നമുക്ക് ലഭിക്കും…

ഇതെല്ലാം പറയാൻ പോയാൽ കോടതി അലക്ഷ്യമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കലും. ഇന്ത്യയിൽ മാത്രം കോടതിക്കെതിരെ പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ?

ഇന്ത്യൻ സുപ്രീം കോടതി എന്ന നാണക്കേടിനെ ഓർത്തു ഇപ്പോൾ ലജ്ജിക്കാതെ തരമില്ല…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: