ചെറുപ്പത്തിൽ എന്റെ മൂക്കിന്റെ വലതുഭാഗത്ത് ഒരു വലിയ കറുത്ത മറുകുണ്ടായിരുന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം എനിക്ക് പരിചയമില്ലാത്ത എല്ലാവരും എന്റെ മറുകിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് കരുതുന്നത്ര അപകർഷതാബോധത്തിലൂടെയാണ് 23 വയസുവരെ ജീവിച്ചത്. പെൺകുട്ടികളുടെ അടുത്ത് പോലും പോകാൻ ഇൗ പ്രശ്നം സമ്മതിച്ചിട്ടില്ല. പക്ഷേ ചിലർ ഇങ്ങോട്ട് വന്നു സംസാരിക്കുകയും പ്രണയലേഖനങ്ങൾ തരികയും ചെയ്തപ്പോളാണ് ഇതെന്റെ മനസ്സിൽ ഞാൻ മാത്രം കരുതിയിരുന്ന ഒരു പ്രശ്നമാണെന്നെനിക്ക് മനസ്സിലായത്.
MCA രണ്ടാം വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റിൽ വച്ച് ചെവിയുടെ പിറകിൽ നിന്ന് ദശ എടുത്ത് വച്ച് ഇൗ മറുക് മാറ്റി. രണ്ടാം വർഷം വരുന്ന ജൂനിയർ പെൺകുട്ടികൾ ആരെങ്കിലും വളയും എന്ന ഒരു ദുരുദ്ദേശം കൂടാതെ മറുക് ചെറിയൊരു വളർച്ച കാണിച്ച പേടിയും ഉണ്ടായിരുന്നു ഇത് മാറ്റാൻ കാരണമായി.
അത് പക്ഷെ വിജയം ആയില്ല. ഒരിക്കൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ പിടിപ്പിച്ച ദശ താഴെ വീണു പോയി 🙂 പിന്നെ താടിയിൽ നിന്ന് connected graft ചെയ്തത് ആണ് ഇപ്പൊൾ ഉള്ളത്. ഒരേ ഒരു പ്രശ്നം മാത്രം, താടിയിൽ വളരുന്ന രോമം ഇപ്പൊൾ മൂക്കിന്റെ തുമ്പത്ത് വളരും, എല്ലാ ദിവസവും shave ചെയ്യണം. സമയം കിട്ടുമ്പോൾ ലേസർ ചെയ്തത് permanent ആയി ഇൗ പ്രശ്നം പരിഹരിക്കണം.
പക്ഷേ ഇൗ surgery ചെയ്തത് കൊണ്ട് ആളുകളുടെ എന്നോടുള്ള പെരുമാറ്റത്തിൽ ഒരു മാറ്റവും ഉണ്ടായില്ല, ഒരു ജൂനിയർ പെൺകുട്ടി പോലും വളഞ്ഞുമില്ല. കോഴി എന്ന പേര് വീണത് മാത്രം ബാക്കി. 😦
നമ്മളിൽ ചിലർ കരുതുന്നത് മറ്റുള്ളവർ നമുടെ , നമ്മൾ ഉണ്ടെന്ന് കരുതുന്ന കുറവുകൾ ഇപ്പോഴും ശ്രദ്ധിക്കുന്നു എന്നാണ്. യഥാർത്ഥത്തിൽ തെറ്റായ വിചാരമാണിത്. പലപ്പോഴും ആളുകൾ കൂട്ട് കൂടുന്നതും പ്രേമിക്കുന്നതും ഒക്കെ നമ്മുടെ സ്വഭാവവും പെരുമാറ്റവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ നമ്മുടെ കുറവുകൾ നോക്കികൊണ്ടിരിക്കാൻ നാട്ടുകാർക്ക് എവിടെ നേരം.. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരുണ്ടോ…
മറ്റുള്ളവർ നമ്മുടെ സന്തോഷങ്ങളെയും ദുഃഖങ്ങളെയും തീരുമാനിക്കാനും നിയന്ത്രിക്കാനും ഒരിക്കലും ഇടകൊടുക്കരുത്. ലോകത്തിലെ ഏറ്റവും നല്ല പ്രണയം സ്വയം പ്രണയം തന്നെയാണ്. അതുകഴിഞ്ഞ് മതി ബാക്കിയൊക്കെ..
Note : ഡോക്റ്റർ നെൽസൺ ചെയ്ത വീഡിയോയുടെ താഴെ വന്ന ബോഡി ഷേയ്മിങ് കമന്റിനു അദ്ദേഹം കൊടുത്ത ഒരു അടിപൊളി മറുപടി വായിച്ചപ്പോൾ എഴുതണം എന്ന് തോന്നിയത്.
Leave a Reply