“നസീർക്ക, വിഷമം ആവില്ലെങ്കിൽ ഒരു ചോദ്യം ചോദിക്കട്ടെ? നിങ്ങൾ ഒരു മുസ്ലിം അല്ലെ, കല്യാണം കഴിച്ചിരിക്കുന്നത് ഒരു ഹിന്ദുവിനെ, അത് ഹദീസ് പ്രകാരം തെറ്റല്ലേ?” ഒരു പരിചയവും ഇല്ലാതെ ഇന്റെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു ഐഡിയിൽ നിന്ന് മെസ്സഞ്ചറിൽ വന്ന ചോദ്യമാണ്.
“സോറി ഞാൻ മുസ്ലിമല്ല , എന്റെ പേര് കണ്ട തെറ്റിദ്ധരിക്കണ്ട..” എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു..
“പക്ഷെ താങ്കൾ ജനിച്ചത് ഒരു മുസ്ലിമായല്ലേ..” പുള്ളി വിടാനുള്ള ഭാവമില്ല
“അല്ല, ഞാൻ ഒരു മനുഷ്യകുഞ്ഞായാണ് ജനിച്ചത്..”
“അപ്പോൾ ചെറുപ്പത്തിൽ മുസ്ലിം മതം പിന്തുടര്ന്നിട്ടെ ഇല്ലേ? “
“ചെറുപ്പത്തിലേ കാര്യം ഓർമയില്ല, ഒന്നുരണ്ടു മാസം മദ്രസയിൽ പോയിരുന്നു, ഒരുപക്ഷെ ഒന്ന് രണ്ടു തവണ പള്ളിയിലും പോയിട്ടുണ്ടാവണം, പക്ഷെ ബാപ്പ വേറെ കെട്ടിയതിന് ശേഷം പോയിട്ടില്ല”
“ബാപ്പ ചെയ്ത ഒരു തെറ്റിന് മതം എന്ത് പിഴച്ചു? “
“മത പ്രകാരം ബാപ്പ തെറ്റ് ചെയ്തിട്ടില്ല. അതാണ് പ്രശനം… “
“നിങ്ങൾ ഒരു നിരീശ്വരവാദിയാണോ?”
“അതെ”
“അപ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഏതു മതത്തിൽ വളർത്തും? അവർക്ക് എങ്ങിനെ സ്നേഹവും ധാർമിക ചിന്തകളും പഠിപ്പിക്കും. മതം ഇല്ലാതെ വളരുന്ന കുട്ടികൾക്ക് ധാർമികത ഉണ്ടാകുമോ?”
ആദ്യമായല്ല ഈ ചോദ്യം കേൾക്കുന്നത്. ഇതുപോലുള്ള പല സംഭാഷങ്ങളും ഇതിലാണ് വന്നു നിൽക്കുന്നത് മതമില്ലാതെ വളരുന്ന കുട്ടികൾ എങ്ങിനെ ധാർമികത പഠിക്കും.
ഒരുപക്ഷെ മതം പിന്തുടരുന്ന കുട്ടികളാണ് കൂടുതൽ സ്നേഹവും ധാർമികതയും പിന്തുടരുന്നത് എന്ന് നിങ്ങൾക്ക് തോന്നാം, എന്നാൽ ലോകത്തിലെ പല പഠനങ്ങളും തെളിയിക്കുന്നത് മതേതര കുടുംബത്തിൽ വളരുന്ന കുട്ടികൾക്ക് ധാർമികതയും, പരോപകാര സ്വഭാവങ്ങളും തീവ്ര മതകുടുംബങ്ങളിൽ വളരുന്ന കുട്ടികളേക്കാൾ കൂടുതലാണെന്നാണ്. ഇതിന്റെ കാരണങ്ങൾ അറിഞ്ഞ് കഴിയുമ്പോൾ ഇതിന്റെ കാരണം നിങ്ങൾക്ക് മനസിലാകും.
- മതരഹിത കുടുംബങ്ങൾക്ക് അവരുടേതായ ധാർമികത ഉണ്ട്. അതിൽ പ്രധാനം തന്നെപോലെ തന്നെ മറ്റുള്ളവരെ കാണുക എന്നതാണ്. പല മത കുടുംബങ്ങളിലും സ്വന്തം മതങ്ങളിൽ പെട്ടവരെ തന്നെപോലെ കാണുക എന്നതിലേക്ക് അത് ചുരുങ്ങും. ഉദാഹരണത്തിന് യൂണിവേഴ്സൽ സ്നേഹം വിളംബരം ചെയ്യുന്ന, ക്രിസ്ത്യൻ മതത്തിലെ ഒരു പെൺകുട്ടിയെ ഒരു മുസ്ലിം യുവാവ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്ന് വയ്ക്കുക, ശേഷം ചിന്ത്യം. എന്നാൽ ഇതേ സ്നേഹം ഒരു ക്രിസ്ത്യൻ യുവാവും ആയിട്ടാണെങ്കിൽ പോലും , നമ്മൾ കെവിൻ വധക്കേസിൽ കണ്ടപോലെ, ജാതി കൂടി നോക്കിയിട്ട് സ്നേഹം അംഗീകരിക്കപ്പെടൂ. മതങ്ങൾ പലപ്പോഴും പറയുന്നത് ഒന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്.
- പല മതങ്ങളിലെ കുട്ടികളും ഇപ്പോൾ വളരുന്നത് അവരുടെ മതത്തിലെ ആളുകളെ മാത്രം കണ്ടുകൊണ്ടാണ്. അവരവരുടെ മതത്തിൽ പെട്ട സ്കൂളുകൾ കൊളേജുകൾ എന്നിവ ഈ അന്യവൽക്കരണത്തിന് ആക്കം കൂട്ടുന്നു. എന്നാൽ മതേതര കുടുംബങ്ങളിലെ കുട്ടികൾ പലപ്പോഴും പൊതു വിദ്യാലയങ്ങളിൽ പഠിക്കുകയും പല തരത്തിൽ ഉള്ള കുട്ടികളും ആയി ഇടപഴകുകയും, എല്ലാവരെയും തങ്ങളെ പോലെ കരുതുകയും ചെയ്യുന്നു.
- മതരഹിത കുടുംബങ്ങളുടെ അടിത്തറ കാര്യങ്ങളെ യുക്തിസഹമായി സമീപിക്കുക എന്നതാണ്, കാരണം പലപ്പോഴും ഇത്തരം യുക്തിചിന്ത കൊണ്ടാണ് ഈ കുട്ടികളുടെ മാതാപിതാക്കൾ മതരഹിതരായത് തന്നെ.
- വ്യക്തി സ്വാതന്ത്ര്യം . പല മതേതര കുടുംബങ്ങളിലെ കുട്ടികളും കണ്ടുവളരുന്നത് അച്ഛനും അമ്മയും പരസ്പരബഹുമാനത്തോടെ യുക്തിപൂർവം കാര്യങ്ങൾ വിശകലനം ചെയ്യുന്നതാണ്. പല മതങ്ങളും സ്ത്രീവിരുദ്ധങ്ങൾ ആയതു കൊണ്ട് മതകുടുംബങ്ങളിൽ കുട്ടികൾ സ്ത്രീകളെ രണ്ടാം തരാം പൗരന്മാരായി കൊണ്ടായിരിക്കും വളരുന്നത്. ഉദാഹരണത്തിന് സ്ത്രീകൾ മുഷ്ടി ചുരുട്ടി മുദ്രവാക്യം മുഴക്കരുത് എന്ന് ഇന്നലെ പറഞ്ഞ ഉസ്താദിന്റെ വീട്ടിൽ വളർന്നു വരുന്ന പെൺകുട്ടികളുടെ കാര്യം ആലോചിച്ചു നോക്കൂ.
- എല്ലാത്തിനെയും ചോദ്യം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം. ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന് ഒരു മതരഹിത കുടുംബത്തിലെ കുട്ടിയോട് പറഞ്ഞാൽ എന്തുകൊണ്ട് എന്ന ചോദ്യം ഉടൻ വരും. കാന്തിക മണ്ഡലം, “എൻഡോമെട്രിയോസിസ്” എന്നൊക്കെ ഇവരുടെ അടുത്ത് തള്ളാൻ പറ്റില്ല.
മേല്പറഞ്ഞ കാര്യങ്ങളുടെ അർഥം മതേതര കുടുംബങ്ങളിലെ കുട്ടികൾ എല്ലാവരും മാലാഖമാരോ മറ്റുള്ളവർ ചെകുത്താന്മാരോ ആണെന്നല്ല. മതം ഇല്ലെങ്കിലും ഉണ്ടെങ്കിലും നല്ലവർ നല്ലത് പ്രവർത്തിക്കുകയും, മോശം സാഹചര്യങ്ങളിൽ വളർന്നു വന്നവർ, മോശം കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു, പക്ഷെ നല്ലൊരു കുട്ടിയെ കൊണ്ട് മോശം കാര്യം ചെയ്യിക്കാൻ അവരുടെ തലയിൽ മതം കയറ്റിയാൽ മതി. ഉത്തര ഇന്ത്യയിൽ കീഴ്ജാതിക്കാരുടെ വീട്ടിൽ തങ്ങൾ അശുദ്ധിയാകും എന്ന കാരണം കൊണ്ട് കയറാതെ നിൽക്കുന്ന കുട്ടികളുടെ വിഡിയോയും, പല മത തീവ്രവാദ സംഘടനകളും നടത്തുന്ന ഗോകുലങ്ങളിലെയും മറ്റും കുട്ടികൾ വാളുകൾ ഉയർത്തിപ്പിടിച്ചു നടത്തുന്ന ഘോഷയാത്രകളും ഇതിന് തെളിവാണ്. ഏറ്റവും കൂടുതൽ ആളുകൾ മതമില്ലാത്ത ജീവിതം നയിക്കുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ ഉള്ളത്.
ചിക്കാഗോ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ലോകത്തിലെ പല സർവകലാശാലകളിലും നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് മതരഹിത കുടുംബങ്ങളിൽ വളർന്ന കുട്ടികൾ ആണ് കൂടുതൽ ദാനധർമങ്ങൾ ചെയുന്നത് എന്നാണ്. ആറു രാജ്യങ്ങളിലെ ഏതാണ്ട് ആയിരത്തോളം കുട്ടികളെ സാമ്പിൾ ആക്കി നടത്തിയ പഠനമാണിത്. ഇതുപോലെയുള്ള അനേകം പഠനങ്ങൾ വേറെയുണ്ട്.
അതുകൊണ്ട് മതം സ്നേഹം, ദാനം, ധർമം ഒക്കെ വളർത്തും , മതരഹിത കുട്ടികൾ ഇതൊന്നും ഇല്ലാതെ വളരും എന്ന വാദവുമായി ദയവായി അളിയൻ ഇനി ഈ വീട്ടിലേക്ക് വരരുത്.
നാട്ടിൽ ഞങ്ങളുടെ അയൽവാസിയും കാനഡയിൽ ഞങ്ങളുടെ മിത്രവും സാഹസഞ്ചാരിയുമായ ജോസെഫിന്റെ പിതാവ് മരിച്ചതിന്റെ ആണ്ടു കുർബാന എന്നെ അദ്ദേഹം ടോറോന്റോവിലെ പള്ളിയിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ ആരും സാധാരണ പള്ളിയിൽ പോകാറില്ല. സൈനിക ജീവിതത്തിൽ കൂടുതലും ഞങ്ങളുടെ ബറ്റാലിയനിലെ അമ്പലത്തിലാണ് പോയിരിക്കുന്നത് – അടുത്ത ബറ്റാലിയനിലെ ഗുരുദ്വാരയിലും മോസ്കിലും പള്ളിയിലും അവരുടെ വിശേഷ ദിനങ്ങളിൽ പോയിട്ടുണ്ട്.
പള്ളിയിൽ എത്തിയപ്പോൾ ഒരു വിശ്വാസി തിരക്കി “താങ്കൾ എന്താണ് ഞായർ ദിനം പള്ളിയിൽ വരാത്തത് ? കുട്ടികളെ കൂട്ടി കണിശം പള്ളിയിൽ വരണം.”
മറുപടിയായി ഞാൻ ചോദിച്ചു “മക്കളെ എന്തിനു പള്ളിയിൽ കൊണ്ടുവരണം? പള്ളിയിൽ പോകണമെങ്കിൽ വീടിനു അടുത്ത് സായിപ്പുപള്ളി ഇല്ലേ? അവിടെ പോയാൽ പോരെ?”
വിശ്വാസി പറഞ്ഞു “നമ്മുടെ കുട്ടികളെ നമ്മുടെ സംസ്കാരം പഠിപ്പിക്കണമെങ്കിൽ മലയാളം പള്ളിയിൽ തന്നെ കൊണ്ടു വരണം.”
ഞാൻ പറഞ്ഞു “താങ്കൾ എന്റെ വീട്ടിൽ അഞ്ചു തവണ സന്ദർശിച്ചിട്ടുണ്ട് – ഞാൻ താങ്കളുടെ വീട്ടിലും അഞ്ചു തവണ സന്ദർശിച്ചിട്ടുണ്ട്. താങ്കളുടെ വീട്ടിൽ എത്തിയപ്പോൾ എന്നെങ്കിലും താങ്കളുടെ മക്കൾ വന്നു എന്നോട് ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോ? താങ്കളുടെ വീട്ടിൽ മാത്രമല്ല കാനഡയിലെ മിക്ക മലയാളി കുടുംങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. താങ്കൾ ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ ഞങ്ങളുടെ മക്കൾ താങ്കളുമായി രണ്ടു മിനിറ്റെങ്കിലും സംസാരിക്കാതിരിന്നിട്ടുണ്ടോ? ഈ സംസ്കാരമാണോ ഞങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടത്?”
LikeLike