1994ൽ PGDCA കഴിഞ്ഞു MCA എന്ട്രൻസ് എഴുതണം എന്നെല്ലാം വിചാരിച്ചു, നാട്ടിൽ കുറച്ചു ട്യുഷൻ എല്ലാം ആയി നടക്കുമ്പോഴാണ് എനിക്കൊരു പോസ്റ്റ് കാർഡ് കിട്ടുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്തിലെ അന്നത്തെ പ്രധാന communication അന്ന് 15 പൈസ വിലയുള്ള മഞ്ഞ പോസ്റ്റ് കാർഡ് ആണ്. അങ്ങിനെ ഒന്നാണെന്ന് കരുതി ആണ് നോക്കിയത്. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള വരികൾ.
പ്രിയപ്പെട്ട ബഷീറിന്,
“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു …
താവക വീഥിയിൽ എൻ മിഴി പക്ഷികൾ തൂവൽ വിരിച്ചു നിന്നൂ…”
എന്ന് സ്വന്തം നാരായണി.
അങ്ങിനെയാണ് എനിക്ക് ആദ്യത്തെ പ്രേമലേഖനം കിട്ടുന്നത്. എന്നെ ബഷീർ എന്നും ഞാൻ തിരിച്ചു നാരായണി എന്നും വിളിക്കുന്ന കോളേജിൽ കൂടെ പഠിച്ച കക്ഷിയെ മനസിലാക്കാൻ പ്രയാസം ഒട്ടും ഉണ്ടായില്ല.
അതിനു മറുപടി അയച്ചതിന് ശേഷം ഏതാണ്ട് അൻപതോളം പോസ്റ്റ് കാർഡുകൾ പോസ്റ്റ് മാനും എന്റെ ഉമ്മയും, ചിലപ്പോളെല്ലാം അയല്ക്കാരും വായിച്ചതിനു ശേഷം എന്റെ കയ്യിലെത്തി. ഇപ്പോഴും പഴയ സിനിമ ഗാനങ്ങൾ ആയിരുന്നു എഴുത്തിൽ. ഞാനിതു വരെ കേൾക്കാത്ത പഴയ പാട്ടുകൾ , ഇതുവരെ കാണാതെ പോയ അർഥങ്ങൾ ….. ഒരു പോസ്റ്റ് കാർഡ് പ്രണയം.
ഇത്രയും കഴിഞ്ഞപ്പോൾ നാരായണിയെ കാണണം എന്ന് ഉമ്മയ്ക്ക് ആഗ്രഹം. വീട്ടില് കൊണ്ട് വന്നു കാണിച്ചപ്പോൾ, ഉമ്മാക്ക് പെരുത്തിഷ്ടം. ഒരേ ഒരു പ്രശ്നം മാത്രം, എന്റെ ജോലി. അപ്പോഴേക്കും ഞാൻ MCA ഫസ്റ്റ് ഇയർ ആയിരുന്നിട്ടെ ഉള്ളു. വീട്ടില് അമ്മയോട് പറഞ്ഞു എന്ന് അവൾ എന്നോട് പറഞ്ഞു, അച്ഛനോട് പറയാൻ പേടി ആണെന്നും.
ഇത്രയും ആയ ഒരു ബന്ധത്തിൽ നിന്നുമാണ് ഒരു ദിവസം അവൾ ഒളിച്ചോടിയത്. പോസ്റ്റ് കാർഡുകൾ നിന്നു. കൂട്ടുകാരിൽ നിന്നും അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് ഞാനറിഞ്ഞു. സല്ലാപത്തിലെ ദിലീപിന്റെ അവസ്ഥയിലായിരുന്ന എനിക്ക് പോയി കാര്യങ്ങൾ ചോദിച്ചു ഇറക്കി കൊണ്ട് വരാനുള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല വീട്ടിലെ കാര്യങ്ങൾ. ഒരു പക്ഷെ വീട്ടുകാർ അവളുടെ മനസ് മാറ്റിക്കാനും എന്ന് ഞാൻ എന്നെ വിശ്വസിപ്പിച്ചു.
20 വർഷങ്ങൾക്കു ശേഷം ആണ് പിന്നീട് എറണാകുളത്തെ ഒരു മാളിൽ വച്ച് അവളെ കാണുന്നത്. പദ്മനാഭന്റെ ഗൌരി എന്ന കഥ ഓർമിപ്പിച്ചു അവളുടെ രൂപം. മുടികൾ നരച്ചിരുന്നു. ഒരു പക്ഷെ അവൾ അവളുടെ ചേച്ചിയോ അമ്മയോ ആണോ എന്ന് ഞാൻ ഒരു വേള സംശയിച്ചു.
മൌനം മുറിച്ചത് അവളാണ്.
“നീ വിചാരിക്കുന്നുണ്ടാവും ഞാൻ നിന്നെ പറ്റിച്ചു എന്ന്”
“അതൊക്കെ ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ലലോ” ഞാൻ പറഞ്ഞു.
“പക്ഷെ നീ അറിയേണ്ട ഒരു കാര്യമുണ്ട്, നിന്നോട് ഇനി പറയാതെ വയ്യ”
സ്വരം താഴ്ത്തി ആണ് അവൾ സംസാരിച്ചത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമയുടെ കഥ ആണ് അവൾ പറഞ്ഞത്. അവിടെ രണ്ടാനച്ഛൻ ആണ് വില്ലൻ എങ്കിൽ ഇവിടെ ചേച്ചിയുടെ ഭർത്താവ്. ചേച്ചി വീട്ടില് ഇല്ലാത്ത സമയത്ത് സ്വന്തം ഏട്ടനെ പോലെ കരുതിയ ആൾ ബലമായി അനിയത്തിയെ പ്രാപിച്ചത്. ആരോടെങ്കിലും പറഞ്ഞാൽ ചേച്ചിയെ ഇട്ടിട്ടു പോവും എന്നാ ഭീഷണിപ്പെടുത്തിയത്. കല്യാണമേ വേണ്ട എന്ന് വാശി പിടിച്ചവളെ ഒരു ആത്മഹത്യാ ഭീഷണിയിലൂടെ അച്ഛനമ്മമാർ വേറെ ആർക്കോ കല്യാണം കഴിച്ചു കൊടുത്തത്. കല്യാണത്തിന് ശേഷവും വഴങ്ങിയില്ലെങ്കിൽ ആളുകളോട് പറയും എന്ന് ചേച്ചിയുടെ ഭർത്താവു ഭീഷണി മുഴക്കുന്നത്. ഇതെല്ലാം അറിഞ്ഞു അച്ഛൻ നെഞ്ച് പൊട്ടി മരിച്ചത്.
എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു.
ഇന്ത്യയിലെ ലൈംഗിക പീഡനങ്ങൾ ഭൂരിഭാഗവും നടക്കുന്നത് വീടുകളിലാണ്, അതും അടുത്ത ബന്ധുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ. തുറന്നു പറയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ലൈംഗിക അതിക്രമ ഇരകളോട് നാം കൂടുതൽ സ്നേഹവും കരുതലും കാട്ടേണ്ടിയിരിക്കുന്നു. മാധവിക്കുട്ടി പറഞ്ഞ പോലെ ശരീരം മാത്രമല്ല മനസുകളും ഡെറ്റോൾ ഇട്ടു വൃത്തി ആക്കേണ്ടിയിരിക്കുന്നു.
നാളെ ഇങ്ങിനെ സംഭവിച്ചാൽ ഉറക്കെ പ്രതികരിക്കാൻ നമുക്ക് നമ്മുടെ മക്കളെ പ്രാപ്തരാക്കാം. ഇനിയും ഇത് പോലെ നാരായണിമാർ ഉണ്ടാവാതിരിക്കട്ടെ.
ഓർക്കുക ബന്ധുക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും ഒക്കെയാണ് കുട്ടികളും കൗമാര പ്രായക്കാരും എല്ലാം കൂടുതൽ പീഡനം അനുഭവിക്കുന്നത്. ഇതിൽ ആൺകുട്ടികൾ എന്നോ പെൺകുട്ടികൾ എന്നോ വ്യത്യാസമില്ല.. നമ്മുടെ കുട്ടികൾ നമ്മളോട് പേടി ഇല്ലാതെ എല്ലാം തുറന്നു പറയാൻ ഉളളത്ര സൗഹൃദം എങ്കിലും നമ്മളും മക്കളും തമ്മിൽ വേണം. കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കാണപ്പെട്ടാൽ സ്നേഹത്തോടെ കര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക. ഒരുപക്ഷേ ആ ഒരു ചോദ്യത്തിനും ചേർത്ത് പിടിക്കലിനും നിങ്ങളുടെ കുട്ടിയുടെ ജീവിതം രക്ഷിക്കാൻ കഴിയും.
Leave a Reply